ആത്മാവിന്റെ അന്തര്‍ഗതങ്ങള്‍
ദ്രഷ്ടാവിന് സ്രഷ്ടാവിനോടുള്ള വിധേയത്വമേറ്റുന്നവിധം സ്വന്തത്തെക്കുറിച്ച അവബോധം നല്‍കാന്‍ ശക്തമാണ് ഇസ്ലാമില്‍ കല. മനുഷ്യന്റെ ആത്മപരതയും ബുദ്ധിപരതയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത് ധിഷണാശാലികളായ ശില്‍പികള്‍ ദൈവത്തിലേക്ക് തീര്‍ത്ത നൂല്‍പാലങ്ങളാണ്. ആത്മസംഘര്‍ഷങ്ങളുടെ നടുത്തളത്തില്‍ വ്യഥപൂണ്ട് ഉഴറുന്ന മനുഷ്യനെ നിര്‍വൃതിയുടെ നിതാന്തതയിലേക്ക് ആനയിക്കുകയാണ് ഇവ ചെയ്യുന്നത്. നിരൂപണാത്മകത എന്നതിലുപരി സുകൃത്യബോധവും അനുസരണമനോഭാവവുമാണ് ഇവിടെ ഒരു വിശ്വാസിയുടെ കൈമുതല്‍. ഇസ്ലാമിക ദൃഷ്ട്യാ അല്ലാഹു സുന്ദരനാണെന്നും അവന്‍ സൗകുമാര്യത്തെ ഇഷ്ടപ്പെടുന്നുവെന്നുമുള്ള നബിവചനവും ‘അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടേത്). അവനേക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട്? അവനെയാണ് ഞങ്ങള്‍ ആരാധിക്കുന്നത്’ (വിശുദ്ധ ഖുര്‍ആന്‍ 2:138) എന്ന ഖുര്‍ആന്‍ വാക്യവുമാണ് ഇസ്ലാമിക കലയുടെ ആത്മാവ്. ഈ സമീപനം കണ്ടായിരുന്നു സ്വൂഫികളും ജ്ഞാനികളും ഈ രംഗത്തേക്ക് ആകൃഷ്ടരായത്. ജൈവസത്തയും അതിന്റെ ഗര്‍ഭരഹസ്യങ്ങളും അറിയലായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ഇസ്ലാമിക കലയുടെ ആന്തരിക തലം തേടി പഠനം നടത്തിയ ജ്ഞാനികള്‍ പറയുന്നത്, ദൈവബോധത്തിന്റെ തനിപ്പകര്‍പ്പാണ് കലകളെന്നാണ്. ഒരു ദൈവഭക്തനെ സംബന്ധിച്ചിടത്തോളം നിര്‍വൃതി നല്‍കുന്ന ഗുരു കണക്കെയാണിവിടെ കല. അത് ദ്രഷ്ടാവിലും കലാകാരനിലും ദിവ്യാനുഭൂതി പകര്‍ന്നു നല്‍കുന്നു. സയ്യിദ് ഹുസൈന്‍ നസ്റ് അഭിപ്രായപ്പെട്ട പോലെ ഇസ്‌ലാമിന്റെ അധ്യാത്മികതയാണിവിടെ കലയുടെ ഉറവിടം. അവിടെ നിന്നാണ് ലോകോത്തര തലങ്ങളിലേക്ക് മതാശയ നിബദ്ധമായ കലകള്‍ വ്യാപിച്ചത്. വിശിഷ്യ 19-ാം നൂറ്റാണ്ടോടെയാണ് ഇസ്ലാമിക കല യൂറോപ്യന്‍ സാംസ്കാരിക കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നത്. അതിനു മുമ്പും പലതും നടന്നിരുന്നുവെങ്കിലും ഇത്രമാത്രം നിരൂപണാത്മകവും കാര്‍ക്കശ്യപൂര്‍ണവുമായ ഒരു സമീപനമുണ്ടായിരുന്നില്ല. ഏതായിരുന്നാലും ഈ സമീക്ഷളിലൂടെ അവര്‍ തിരിച്ചറിഞ്ഞിരുന്നത് എവിടെയും വ്യതിരിക്ത ഭാവത്തോടെ തിളങ്ങിനില്‍ക്കുന്ന ഈ കലാരൂപങ്ങള്‍ക്ക് ഉജ്ജ്വലത നിവേദിക്കുന്നത് ഒരിക്കലും അവയുടെ നിര്‍മാണത്തിന് ഉപയോഗിക്കപ്പെട്ട പദാര്‍ഥങ്ങളല്ല, മറിച്ച് അവയില്‍ ഒളിഞ്ഞുകിടക്കുന്ന ഒരനിര്‍വചനീയ ശക്തിയാണ് എന്നാണ്.
ഇത് ഒരേ ഖനിയില്‍ നിന്നെടുത്ത പദാര്‍ഥങ്ങളുടെ അനന്തരഫലമായാലും അവസ്ഥ ഇതുതന്നെ. ഉദാഹരണത്തിന് ഒരേ കോറിയില്‍ നിന്നെടുത്ത പാറക്കഷ്ണങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ ഒരു ക്രൈസ്തവ മഠവും ഹൈന്ദവ ക്ഷേത്രവും വ്യത്യാസമുണ്ട്. അവയുടെ രൂപവും ഭാവവും വാസ്തുകലയും ശില്‍പഭംഗിയും പരസ്പരം താദാത്മ്യം പ്രാപിക്കുന്നതാണെങ്കിലും അവയെ ആന്തരികമായി വകതിരിക്കുന്ന ഒരു സത്ത അവയില്‍ അടങ്ങിയിരിക്കുന്നു. ഇസ്ലാമിക ദര്‍പ്പണത്തില്‍ ഈ സങ്കല്‍പത്തെ അനാവരണം ചെയ്യുമ്പോഴാണ് ഈ വസ്തുത ഏറെ പ്രകടമാകുന്നത്.
ഡമസ്കസിലെ അമീപ മസ്ജിദിനോ ഖൈറുവാനിലെ ജാമീ മസ്ജിദിനോ ലഭിക്കുന്ന അംഗീകാരവും ആദരവും ഒരുപക്ഷേ, ഏതെങ്കിലും അമുസ്ലിം ദേവാലയങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ഇത് ഒരേ ഖാനിയുടെ സൃഷ്ടിയാണെങ്കിലും ശരി. വ്യത്യസ്ത മതങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിശ്വാസങ്ങളുടെയും സത്യമതത്തിന്റെ വീക്ഷണങ്ങളുടെയും നിലപാടുകളാണിവ. അവ കേവല-ആപേക്ഷിക അനുമാനങ്ങളാണെങ്കിലും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരമ യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക കലയുടെ സ്വൂഫീസ്പര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നതനുസരിച്ച് വ്യക്തി ബാധ്യതകളായ ആരാധനകള്‍ പോലെ ദൈവവുമായി ബന്ധിച്ചിരിക്കുന്നതാണത്രെ ഈ കല. ഖുര്‍ആന്‍ അനുശാസിക്കുന്ന ധ്യാനത്തിനും ഇതിനോട് അഭേദ്യമായ ബന്ധമുണ്ട്. എന്നാല്‍ ചിലര്‍ ഈ രംഗത്തെ ന്യായീകരിക്കുന്നത് രാഷ്ട്രീയവും സാമൂഹികവുമായിട്ടാണ്. അവര്‍ പറയുന്നത് ഇസ്‌ലാമിക കല മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ സമീപന(ടീരശീുീഹശശേരമഹ മുുൃീമരവ)ത്തില്‍ നിന്ന് ഉടലെടുത്തത്താണെന്നത്രെ. ഈ ഇടപെടലുകളുടെ നൈരന്തര്യത്തില്‍ വന്നതാണത്രെ ഈ ശൈലികളും ആകാരങ്ങളും. എന്നാല്‍ വസ്തുത മറിച്ചാണ്.
മനുഷ്യന്റെ സൗന്ദര്യബോധവും ദൈവത്തിന്റെ കലാപ്രേമവുമാണ് ഇതിന് അസ്തിവാരമിട്ടത്. മതമാകട്ടെ, ഇതിനെ താളഭംഗങ്ങളില്‍ നിന്ന് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. യവനദാര്‍ശനികരുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ സര്‍ഗപ്രതിഭ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളാണ് കലകള്‍. അല്ലെങ്കില്‍, മനുഷ്യനു മുമ്പില്‍ വിസ്മയങ്ങളുടെ പരവതാനി വിരിച്ച് വിളങ്ങിനില്‍ക്കുന്ന ഭൂമിയുടെയും നീലാകാശത്തിന്റെയും പിന്നിലെ അദൃശ്യകരങ്ങളിലെ ഐന്ദ്രജാലികതയെ അനുകരിക്കാനുള്ള മനുഷ്യന്റെ വെമ്പലുകളാണിവ. ഏതായിരുന്നാലും ദൈവബോധമുള്ള വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവിക സിംഹാസനത്തിലേക്ക് തിരിച്ചുവെച്ച ഒരു ഭൗമിക കണ്ണാടിയാണ് ഇസ്ലാമിക കല. അത് വീക്ഷിക്കുമ്പോഴും കണ്ണില്‍ പെടുമ്പോഴും അവനറിയാതെ ദൈവിക സാന്നിധ്യത്തില്‍ ഉല്‍ബുദ്ധനാകുന്നു. ഇവിടെ മാനുഷിക ഹൃദയങ്ങളില്‍ ഉത്ഭൂതമാകുന്ന ദിവ്യസന്ദേശങ്ങളുടെയും സാക്ഷാല്‍ കലയുടെയും ഇടയിലെ ബന്ധമാണ് വ്യക്തമാവുന്നത്. മാനുഷിക ജീവിതത്തിന്റെ വഴിത്താരകളായ ത്രിരൂപങ്ങളുടെ (ശരീഅത്ത്, ഥരീഖത്ത്, ഹഖീഖത്ത്) സിദ്ധിയെന്നപോലെത്തന്നെ ഇവിടെയും ദൈവികതയിലൂടെയുള്ള ഒരു പലായനത്തിന്റെ ഒടുക്കമാണ് ഇസ്ലാമിക കല. ഇങ്ങനെ വരുമ്പോള്‍ ഒരു സ്വൂഫിയുടെ റോളാണ് ഒരു യഥാര്‍ഥ കലാകാരന്‍ (ഒരുവിധത്തില്‍) അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരന്തരമായി അവന്‍ ശില്‍പകല, അലങ്കാരവേല, ഛായാചിത്രങ്ങള്‍, ഉദ്യാന നിര്‍മാണം, കവിതാ രചന, കഥാഖ്യാനം എന്നിവയുമായി ആത്മികബോധത്തോടെ ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മനസ്സ് എന്തും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കൊള്ളാവുന്ന പരുവത്തിലാകുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കലാകാരന്റെ ആത്മാവ് പാകപ്പെടുത്താനുള്ള അല്ലാഹുവിന്റെ വിക്രിയകളാണവ. അഥവാ കലാകാരന്റെയും പ്രേക്ഷകരുടെയും മുമ്പില്‍ ആധ്യാത്മികതയിലേക്കുള്ള സോപാനങ്ങള്‍ ഒരുക്കപ്പെടുകയാണ്.
ഇവിടെ ഇസ്ലാമിക പാരമ്പര്യത്തിന്റെ ആന്തരിക മാനത്തിലും പ്രസ്തുത കലക്ക് ജന്മം നല്‍കുകയും കാലങ്ങളിലൂടെ അതിനെ നിലനിറുത്തുകയും അതിന് കണ്ണഞ്ചിപ്പിക്കുന്ന ഏകത്വവും മദിപ്പിക്കുന്ന ആന്തരപരതയും സുസാധ്യമാക്കുകയും ചെയ്ത ശക്തിവിശേഷത്തിലുമാണ് ഇസ്ലാമിന്റെ കലയുടെ പ്രഭവം അന്വേഷിക്കേണ്ടത്. ഖുര്‍ആനിന്റെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളും (ഹഖാഇഖ) പ്രവാചകരുടെ അനുഗ്രഹപ്രസരവു(ബറക)മാണ് ഇതില്‍ തെളിഞ്ഞുവരുന്നത്. അല്ലെങ്കില്‍ കലാരൂപങ്ങള്‍ ദൈവസൃഷ്ടികള്‍ തന്നെയാണ്. വൃഥാ അവയൊന്നും രൂപകല്‍പന ചെയ്യപ്പെടുകയില്ല. സദ്‌വൃത്തരുടെ വിശേഷണങ്ങള്‍ പറയവെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ഇതാണ്: നിന്നു കൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ (3:191). കലകളുടെ ബാഹ്യതയില്‍ നിന്ന് ആന്തരികതയിലേക്ക് മടങ്ങാനാണ് ഇത് നമ്മെ പ്രേരിപ്പിക്കുന്നത്. നമ്മുടെ കൈയകലത്തില്‍ വിസ്തരിച്ചുകിടക്കുന്ന ചരാചരങ്ങളില്‍ അന്തര്‍ലീനമായി നിലകൊള്ളുന്ന ഒരുണ്‍മയെ കണ്ടെത്തുന്നതിലേക്കാണ് ഇത് നമ്മെ വഴിനടത്തുക. കാലാന്തരത്തില്‍ എണ്ണമറ്റ സൃഷ്ടികള്‍ക്ക് സന്ദേശങ്ങളുടെ ഹാരമണിയിച്ച ഈ രൂപങ്ങള്‍ വ്യക്തിയിലും അതേ വികാരങ്ങള്‍ തന്നെയാണ് ഉളവാക്കുന്നത്. എല്ലാറ്റിന്റെയും മൂലമായ ഏകത്വത്തിന്റെ സർവ വ്യാപീസ്വഭാവമാണ് ഇതിന് കാരണം.
നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെ ദൈവസാന്നിധ്യമുണ്ടെന്ന ഖുര്‍ആനിക വചനത്തിന്റെ സാധൂകരണമാണിത്. നക്ഷത്രങ്ങളായാലും തരുലതാദികളായാലും കണ്ണെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്ന പാരാവാരങ്ങളായാലും ദൈവാസ്തിക്യത്തിന്റെ കലാപര സന്ദേങ്ങളാണ് അവയില്‍ കുമിഞ്ഞുകൊണ്ടിരിക്കുന്നത്. പ്രാചീന സംസ്കാരങ്ങളില്‍ അനുകരിക്കപ്പെട്ട പോലെ ഏതെങ്കിലും മിത്തുകളോ ഇതിഹാസങ്ങളോ അവയിലെ നായകന്മാരോ അല്ല ഇസ്ലാമിക കലയിലെ അവലംബങ്ങള്‍. മറിച്ച് ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും മുമ്പില്‍ വിരിയുന്ന ചില കാവ്യങ്ങളും സംഗീതങ്ങളുമാണ്. ഏത് ശിലാഹൃദയനെയും മുട്ടുകുത്തിക്കുന്നതാണിതിന്റെ ശൈലി. കാലിഗ്രാഫി, വാസ്തു ശിൽപങ്ങള്‍ പോലോത്തത്താകട്ടെ, കണ്ണുകള്‍ക്കും അവയവങ്ങള്‍ക്കും കരുത്തും ഓജസ്സും പകരുന്നതാണ്. മുഖ്യമായും പള്ളികളും കൊട്ടാരങ്ങളുമായിരുന്നു ആദ്യകാലം മുതലേ ഇസ്ലാമിക കലയുടെ സങ്കേത ഭൂമി. ന്യായമായും ഇതിന് ചില കാരണങ്ങളുണ്ട്. ഇവ കേന്ദ്രീകരിച്ചായിരുന്നു എന്നും ദീൻകാര്യങ്ങള്‍ പിടിച്ചു നിന്നിരുന്നത്. ഖുര്‍ആന്‍ പാരായണത്തിന്റെയും ദൈവിക സ്മരണകളുടെയും അനുയുക്ത സ്ഥലം പള്ളിയായപ്പോള്‍ അവിടെ കാലിഗ്രാഫിയും വാസ്തുകലയും തഴച്ചുവളര്‍ന്നു. അവയുടെ പരിപാലനവും സംരക്ഷണവും കൊട്ടാരവാസികളുടെ അടുത്തായതിനാല്‍ മിനിയേച്ചറുകള്‍, കാവ്യങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ അവിടെ പുഷ്ടിപ്പെട്ടു. ഇവിടെ രാജസദസ്സിന്റെ പ്രസക്തിയാണ് വർധിക്കുന്നത്. സ്വൂഫികളെക്കൊണ്ടും കവികളെക്കൊണ്ടും ധന്യമായിരുന്നു അത്. സുഭിക്ഷ ജീവിതമെന്നതിലുപരി അവിടെ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കലായിരുന്നു അവരുടെ ദൗത്യം. ഏതായിരുന്നാലും, ഇസ്ലാമിക നാഗരികതയില്‍ ഉരുവം പ്രാപിക്കുകയും അന്യ നാഗരികതകളില്‍ നിന്ന് പ്രതിഭാധനരായ മുസ്ലിം കലാകാരന്മാര്‍ സ്വാംശീകരിച്ച് സവിശേഷമായ ഒരു ഇസ്ലാമിക സ്പര്‍ശം നല്‍കിതയുമായ ഈ കലാരൂപങ്ങള്‍ ഒരു പൈതൃകധന്യമായ സമൂഹത്തിലെ ആത്മാഭിമാനത്തിന്റെ ഉള്‍വിളികളാണ്. ഈ പദം സൂചിപ്പിക്കുന്ന പോലെത്തന്നെ ഇസ്ലാമിക ആചാര സമ്പ്രദായങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടത് എന്നതിലുപരി മുസ്ലിംകള്‍ വസിച്ചിരുന്നതോ വസിക്കുന്നതോ ആയ നാട്ടിന്റെ പരിണതിയിലാണ് ഇസ്ലാമിക കല. ഇതിന്റെ ഇന്നത്തെ ദൗര്‍ലഭ്യതക്ക് കാരണം മനുഷ്യനിലെ ആധ്യാത്മിക ബോധത്തിന്റെ അപര്യപ്തതയാണ്.
Leave A Comment