മൈമൂന (റ)

പിതാവ് ഹാരിസ്. മാതാവ് ഹിന്ദ്. (ഈ ഹിന്ദ് (റ) ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മായിയമ്മയായി അറിയപ്പെടുന്നു. പ്രവാചകന്‍ (സ്വ), അബൂബക്ര്‍ (റ), ഹംസ (റ), അബ്ബാസ് (റ), അലി (റ), ജഅഫര്‍ (റ) തുടങ്ങിയവര്‍ അവരുടെ മരുമക്കളാണ്.) പ്രവാചകപത്‌നി എന്ന പദവിയിലേക്ക് ഏറ്റവും അവസാനമായി കടന്നുവന്ന മഹതി. ബര്‍റ എന്നായിരുന്നു യഥാര്‍ത്ഥ നാമം. പ്രവാചകന്‍ മൈമൂന എന്നു മാറ്റുകയായിരുന്നു.

മസ്ഊദ് ബിന്‍ അംറ്, അബൂ ഹറം എന്നിവരുമായുള്ള വിവാഹബന്ധത്തിനുശേഷം വിധവയായി കഴിയുകയായിരുന്നു മൈമൂന (റ). ആദ്യഭര്‍ത്താവിന്റെ വിവാഹമോചനവും രണ്ടാം ഭര്‍ത്താവിന്റെ മരണവും  മഹതിയെ വല്ലാത്ത വ്യസനത്തിലാഴ്ത്തി. ആയിടെ തന്റെ ബന്ധുവായ അബ്ബാസ് (റ) വിനെ അവര്‍ തന്റെ വിവാഹക്കാര്യം ഏല്‍പ്പിക്കുകയായിരുന്നു. ഹിജ്‌റയുടെ ഏഴാംവര്‍ഷം, പ്രവാചകരും അനുയായികളും മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍വേണ്ടി വന്ന സമയം. അബ്ബാസ് (റ) പ്രവാചകരുമായി സംസാരിച്ച് വിവാഹ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്തി. വിശുദ്ധ ഹറമില്‍വെച്ച് തന്നെ അദ്ദേഹം മഹതിയെ പ്രവാചകന് വിവാഹം ചെയ്തുകൊടുത്തു. ശേഷം, പ്രവാചകന്‍ മക്കയില്‍നിന്നും പത്തുമൈല്‍ അകലെയുള്ള സറഫിലേക്കു പോയി. അവിടെവെച്ചായിരുന്നു മൈമൂന ബീവിയുമായി വീട് കൂടിയത്.

പ്രവാചകരെ അക്ഷരംപ്രതി അനുസരിക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു മൈമൂന ബീവി. സ്വഭാവഗുണങ്ങളുടെയും അറിവിന്റെയും കാര്യത്തില്‍ അവര്‍ എല്ലാനിലക്കും മികവ് പുലര്‍ത്തിയിരുന്നു. ഞങ്ങള്‍ക്കിടിയില്‍ ഏറ്റവും കൂടുതല്‍ തഖ്‌വയുള്ളത് മൈമൂനക്കാണെന്ന് ആഇശ ബീവി ഒരിക്കല്‍ പറയുകയുണ്ടായി. ഹിജ്‌റ അമ്പതില്‍ സറഫില്‍വെച്ചുതന്നെ മഹതി ലോകത്തോട് വിടപറഞ്ഞു. അവിടെത്തന്നെ മറമാടുകയും ചെയ്തു.

മൈമൂനയെ വിവാഹം കഴിക്കുകവഴി ആ കുടുംബത്തിലെ പലരും ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രവാചകന്‍ വിശ്വസിച്ചിരുന്നു. കാര്യം അതുപോലെത്തന്നെ സംഭവിച്ചു. ഇതിനെത്തുടര്‍ന്ന് ഹിലാലിയ്യാ ഗോത്രം ഒന്നടങ്കം ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവര്‍ പ്രവാചകരുടെ ഇഷ്ട തോഴന്മാരും ഇസ്‌ലാമിന്റെ കരുത്തരായ പോരാളികളുമായി മാറി. പ്രവാചകരുടെ വിവാഹലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

ഈ പതിനൊന്നു ഭാര്യമാര്‍ക്കു പുറമെയും പ്രവാചകര്‍ക്ക് ചില ഭാര്യമാരുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ഖൗല ബിന്‍തു ഹകീം, ഉംറത്ത്, ഉമൈമ ബിന്‍ത് നൂമാന്‍ എന്നിവരാണവര്‍.   പക്ഷെ, ഇവരുമായി വീട് കൂടിയിരുന്നില്ല. മാരിയത്തുല്‍ ഖിബ്ഥിയ്യയാണ് മറ്റൊരാള്‍. ഇതൊരു അടിമസ്ത്രീയായിരുന്നു. ഇതില്‍നിന്നാണ് പ്രവാചകന് ഇബ്‌റാഹീം എന്ന കുഞ്ഞ് ജനിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter