പ്രവാചകരുടെ കുടുംബജീവിതം

 തന്നെക്കാളും 15 വയസ്സ്‌ കൂടുതലുള്ള ഖദീജ(റ)യെ നബി(സ) വിവാഹം ചെയ്‌തു. അവരോടൊപ്പം നബി(സ) സന്തുഷ്ടവും ശാന്തവുമായ കുടുംബ ജീവിതമാണ്‌ നയിച്ചത്‌. തന്റെ മരണം വരെ നബി(സ) അവരെ അതിയായി സ്‌നേഹിക്കുകയും അവരുടെ മരണ ശേഷം അവരുടെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുകയും ചെയ്‌തു. ഒരു ഭര്‍ത്താവിന്‌ ഭാര്യ നല്‍കേണ്ട എല്ലാ നന്മകളും നബി(സ)ക്ക്‌ നല്‍കിയ ഖദീജ(റ) നല്ലവളായ മുസ്‌ലിം ഭാര്യക്ക്‌ ഒരുത്തമ മാതൃകയാണ്‌.

നബി(സ)യുടെ പ്രവാചക ലബ്‌ധിക്ക്‌ മുമ്പുള്ള വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും റമദാനിനിടയില്‍ സൃഷ്ടിപ്പിനെ കുറിച്ചും മറ്റും ചിന്തിക്കാന്‍ നബി(സ) ഏകാന്തവാസം നയിച്ചപ്പോള്‍ ഖദീജ ബീവി(റ) വൈമനസ്യം കാട്ടിയില്ലെന്ന്‌ മാത്രമല്ല അവരത്‌ സന്തോഷം സ്വീകരിക്കുകയായിരുന്നു. ഗുഹയിലിരിരുന്ന നബി(സ)തങ്ങള്‍ക്ക്‌ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നത്‌ ഖദീജ ബീവി(റ)യായിരുന്നു.

നബി(സ) തങ്ങള്‍ക്ക്‌ വഹ്‌യ്‌ ഇറങ്ങിയപ്പോള്‍ നബി(സ) ``എന്നെ പുതപ്പിടൂ.. എന്നെ പുതപ്പിടൂ..'' എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ ഖദീജ(റ)യുടെ അടുത്തേക്ക്‌ വിറച്ച്‌ കൊണ്ട്‌ ഓടിവന്നു. ബീവി(റ) നബി(സ)യെ പുതപ്പിടുകയും വിറയല്‍ മാറും വരെ നബി(സ)യെ ശുശ്രൂഷിക്കുകയും ചെയ്‌തു. ശേഷം നബിയവര്‍ക്ക്‌ സംഭവം വിശദീകരിച്ചു കൊടുത്തു.``എനിക്ക്‌ പേടിയാവുന്നു'' എന്ന്‌ നബി(സ) പറയുന്നുണ്ടായിരുന്നു. ബീവി(റ) നബി(സ)യെ ആശ്വസിപ്പിച്ചു. നബി(സ)യുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. അവര്‍ പറഞ്ഞു. ``ഇല്ല, താങ്കളെ അല്ലാഹു അപകടത്തിലാക്കുകയില്ല. താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു. അതിഥികളെ സത്‌കരിക്കുന്നു. ബുദ്ധിമുട്ടുകള്‍ സഹിക്കുന്നു. ഇല്ലാത്തവരെ സഹായിക്കുന്നു. സത്യത്തിനെ സഹായിക്കുന്നു.''(ബുഖാരി)

മാത്രമല്ല ഖദീജ ബീവി(റ) നബി(സ)യുടെ കാര്യങ്ങള്‍ ശരിയാക്കാനും, സംഭവത്തിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കാനും ഓടി നടന്നു. അങ്ങനെ ബീവി തന്റെ പിതൃസഹോദര പുത്രനും പുരോഹിതനും ദൈവാരധകനും നസ്രാണിയുമായ വറഖത്ത്‌ ബിന്‍ നൗഫലിന്റെ അടുത്ത് ചെന്നു പറഞ്ഞു. ``പിതൃവ്യ സഹോദര പുത്രാ.. നിന്റെ സഹോദരന്‍ പുത്രന്‍ പറയുന്നത്‌ കേള്‍ക്കുക. അങ്ങനെ നബിയവരോട്‌ സംഭവം വിശദീകരിച്ചുകൊടുത്തു. അപ്പോള്‍ വറഖ പറഞ്ഞു:'' ഇത്‌ മുമ്പ്‌ ഈസ(അ)മിനും മൂസ(അ)മിനും ഇറങ്ങിയ വഹ്‌യ്‌ ആണ്‌. ശേഷം നബി(സ)യെ പ്രവാചക ലബ്‌ധി കൊണ്ട്‌ സന്തോഷമറിയിക്കുകയും ചെയ്‌തു. ഖദീജ(റ) നബി(സ)യെ കൊണ്ട്‌ വിശ്വസിച്ച ആദ്യ വനിതയായിരുന്നു. ജനങ്ങളില്‍ നിന്നും നബി(സ) നേരിടുന്ന പ്രശ്‌നങ്ങള്‍ ബീവി(റ) തട്ടിമാറ്റുമായിരുന്നു. നബി(സ)യെ ഉറപ്പിച്ച്‌ നിര്‍ത്തുകയും നബി(സ)ക്ക്‌ ധൈര്യം പകരുകയും നബി(സ)യെ അല്ലാഹു സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന്‌  ഉറപ്പ്‌ കൊടുക്കുകയും ചെയ്‌തു. ഹിജ്‌റയുടെ മൂന്ന്‌ വര്‍ഷം മുമ്പ്‌ മഹതി മരിക്കും വരെ  നബി(സ)യുടെ പ്രബോധനത്തിന്‌ മനസ്സ്‌ കൊണ്ടും സമ്പത്ത്‌ കൊണ്ടും, ശക്തിപ്പെടുത്തുകയും, വേദന ലഘൂകരിക്കുകയും സഹായിക്കുകയും പിന്താങ്ങുകയും ചെയ്‌തുകൊണ്ടിരുന്നു.

ഖദീജ ബീവി(റ)യിലേക്ക്‌ ചേര്‍ത്ത്‌ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്‌, നബിയുടെയും സ്വഹാബാക്കളുടെയും ബുദ്ധിമുട്ട്‌ വര്‍ദ്ദിച്ചപ്പോള്‍ ഖുറൈശികള്‍ അവരുടെ മേല്‍‌ചുമത്തിയ ഉപരോധത്തിന്റെ കാലത്ത്‌ അവരുടെ നിലപാട്‌. ബീവി(റ) ഈ ബുദ്ധിമുട്ടിലും നബി(സ)യോടൊപ്പം നിന്നു. അവര്‍ക്ക്‌ ഉപരോധത്തെ ചെറുക്കാനും അതില്‍നിന്നും മാറി നില്‍ക്കാനും കഴിയുമായിരുന്നു. കാരണം ബീവി(റ) ഉന്നതകുലീനയും ധനാഢ്യയുമായ അറബീ വനിതയായിരുന്നു. ഇനിയവര്‍ ഉപരോധത്തില്‍ നിന്നും മാറി നിന്നാല്‍ പോലും ‌ വൃദ്ധയായിരുന്നുവെന്ന കാരണമുണ്ടായിരുന്നു.

നബി(സ) അവരെ അതിയായി സ്‌നേഹിച്ചു. മരണ ശേഷവും അത്‌ തുടര്‍ന്നു. നബിയവരുടെ ഓര്‍മകള്‍ വര്‍ദ്ധിപ്പിക്കുകയും അവരുടെ കുടുംബക്കാരെ ബഹുമാനിക്കുകയും അവരുടെ കൂട്ടുകാരികളോട്‌ നല്ലനിലയില്‍ പെരുമാറുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ നബി(സ) ബീവിയെ കുറിച്ച്‌ ആയിഷ ബീവി(റ)യോട്‌ പറയുകയുണ്ടായി. അപ്പോള്‍ ആയിഷ(റ) ദേഷ്യം പിടിച്ചു കൊണ്ട്‌ പറഞ്ഞുു. ``അവരൊരു വൃദ്ധയായിരുന്നില്ലേ, അവര്‍ക്കു പകരം അല്ലാഹു നല്ലത്‌ തന്നില്ലേ'' അപ്പോള്‍ നബി(സ) ദേഷ്യത്തോടെ പറഞ്ഞു. ``ഇല്ല, അവര്‍ക്കു പകരം നല്ലതൊന്നും അല്ലാഹു തന്നിട്ടില്ല. ജനങ്ങള്‍ അവിശ്വസിച്ചപ്പോഴും അവരെന്നില്‍ വിശ്വസിച്ചു. ജനങ്ങളെന്നെ കള്ളനാക്കിയപ്പോള്‍ അവരെന്നെ സത്യസന്ധനാക്കി. ജനങ്ങള്‍ എനിക്കെല്ലാം നിഷിദ്ധമാക്കിയപ്പോഴും അവര്‍ സമ്പത്തുമായി എന്നെ പിന്താങ്ങി. മറ്റുള്ളവരില്‍ നിന്നില്ലാത്ത സന്താനങ്ങള്‍ എനിക്ക് അവരില്‍ നിന്ന്‌ ലഭിച്ചു.'' ആയിഷ ബീവി(റ) സ്വയം പറഞ്ഞു. പിന്നീട്‌ ഞാനവരെ പറയാറുണ്ടായിരുന്നില്ല.(അഹ്‌മദ്‌)  

ഇതിനായി ഖദീജ(റ) അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതി നേടിയെടുത്തു. അങ്ങനെയവര്‍ നല്ല പ്രതിഫലം കരസ്ഥമാക്കി. അബൂഹുറൈറ(റ)നെ തൊട്ട്‌ നിവേദനം: ജിബ്‌രീല്‍(അ) നബി(സ)യുടെ അടുത്ത്‌ വന്നു. എന്നിട്ട്‌ പറഞ്ഞു. റസൂലേ ഇതാ ഖദീജ(റ) താങ്കളുടെ അടുത്ത്‌ വരുന്നു. അവരുടെ കൂടെ ഭക്ഷണമോ പാനീയമോ ഉള്ള ഒരു പാത്രമുണ്ട്‌. അവര്‍ അടുത്തേക്ക്‌ വന്നാല്‍ അവരോട്‌ അല്ലാഹുവിന്റെയും എന്റെയും സലാം പറയുക. സ്വര്‍ഗത്തില്‍ മുത്തിനാലുള്ള ഒരു കൊട്ടരത്തെ കൊണ്ട്‌ അവരോട്‌ സന്തോഷവാര്‍ത്തയറിയിക്കുക. അവിടെ ക്ഷീണമോ തളര്‍ച്ചയോയില്ല. (ബുഖാരി. മുസ്‌ലിം) ഇതാണ്‌ ഭര്‍ത്താവിന്റെ നന്മയുദ്ദേശിക്കുകയും അവരുടെ വേദന കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിം സ്‌ത്രീകളുടെയും അവസ്ഥ. ഭര്‍ത്താക്കന്മാരെ സേവിക്കുക വഴി അവരവരെ ഇഷ്ടപ്പെടുകയും അതുവഴി അല്ലാഹു അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഖദീജ(റ)യെപ്പോലെ തന്നെയായിരുന്നു നബി(സ)യുടെ മറ്റു ഭാര്യമാരും. നബി(സ) അവരോട്‌ നല്ല നിലയിലായിരുന്നു പെരുമാറിയിരുന്നത്‌. അവരെ നബി(സ) നേരിട്ടിരുന്നത്‌ സ്‌നേഹത്തോടെയായിരുന്നു. ഗാംഭീര്യത്തോടെ പെരുമാറിയ നബി(സ) ആവശ്യത്തിനല്ലാതെ സംസാരിച്ചിരുന്നില്ല. ജീവിത സൗഖ്യങ്ങളിലും ചെലവുകളിലും ഭാര്യമാര്‍ക്കിടയില്‍ വിവേചനം കാണിക്കാത്ത നീതിമാനായിരുന്നു. ദേഷ്യപ്പെടാത്ത പ്രസന്നവദനനായിരുന്നു.

രണ്ടു കാര്യങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുക്കാനവസരം ലഭിച്ചാല്‍ തെറ്റില്ലാത്ത എളുപ്പമായതിനെയാണ്‌ നബി(സ) തിരഞ്ഞെടുക്കുക. നബി(സ) ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിരുന്നില്ല. ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും ഇല്ലെങ്കില്‍ ഒഴിവാക്കും. നബി(സ) പത്തിരി ഒലിവെണ്ണ (സൈത്ത്‌) ഭക്ഷിക്കുമായിരുന്നു. ഒരു ഭക്ഷണവും ലഭിച്ചില്ലെങ്കില്‍ ഞാന്‍ നോമ്പ്‌കാരണെന്ന്‌ പറയും. വീട്ടില്‍ വെച്ച്‌ നബി(സ) ആടിനെ അറുക്കുകയും, ചെരിപ്പ്‌ തുന്നുകയും, വസ്‌ത്രം കഷ്‌ണം വെട്ടുകയും വീട്‌ അടിച്ച്‌ വാരുകയും ചെയ്യുമായിരുന്നു. നബി(സ) അങ്ങാടിയില്‍ നിന്ന്‌ സാധനങ്ങള്‍ ചുമന്ന്‌ വരുമായിരുന്നു. തന്റെ ഭാര്യയോട്‌ പെരുമാറേണ്ട വിധത്തില്‍ പെരുമാറിയ മുസ്‌ലിമായ ഒരു ഭര്‍ത്താവിന്റെ പൂര്‍ണ്ണമായ ഒരുദാഹരണമായിരുന്നു റസൂല്‍(സ).

നബി(സ)യുടെ ഭാര്യമാര്‍ വഴിപ്പെടുന്നവരും ആരാധിക്കുന്നവരുമായിരുന്നു. നബി(സ)യോടൊപ്പം കാലവിപത്തുകള്‍ അവര്‍ സഹിച്ചു. നബി(സ)യുടെ പ്രബൊധനത്തെ സഹായിച്ചു. ആവശ്യങ്ങള്‍ വീട്ടാനും മരണത്തെ തടയാനുമുള്ള ഭക്ഷണം കഴിച്ചവര്‍ ജീവിച്ചു. ഒരു ദിവസമവര്‍ സമുദായത്തിന്റെ നേതാവും നായകനുമായ നബി(സ)യുടെ ഭാര്യമാരായ തങ്ങളുടെ ദാരിദ്ര്യത്തെ കുറിച്ച്‌ അവര്‍ ചിന്തിച്ചു. അപ്പോഴവര്‍ അല്‍പം ആഢംബരവും സുഖവും ആഗ്രഹിച്ചു. ഇത്‌ നബി(സ)യറിഞ്ഞപ്പോള്‍ ഒരു മാസം അവരുമായി ബന്ധം വിഛേദിച്ചു. അപ്പോള്‍ ഖുര്‍ആനിറങ്ങി. ``നബിയേ, താങ്കള്‍ താങ്കളുടെ ഭാര്യമാരോട്‌ പറയുക. നിങ്ങള്‍ ഐഹിക ജീവിതവും അതിന്റെ സുഖ സൗകര്യങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ വരിക. നിങ്ങളെ അല്ലാഹു സുഖിപ്പിക്കുകയും നിങ്ങളെ സ്വതന്ത്രനായി വിടുകയും ചെയ്യും. നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ നിശ്ചയം അല്ലാഹു നിങ്ങളില്‍ നിന്ന്‌ നന്മ ചെയ്‌തവര്‍ക്ക്‌ ഉന്നതമായ പ്രതിഫലം ഒരുക്കിയിട്ടുണ്ട്‌. (അന്‍സാബ്‌ 28-29)

നബി(സ)യുടെ ഭാര്യമാരായി തുടരുകയും അതുവഴി സ്വര്‍ഗ്ഗപ്രവേശം സാധ്യമാക്കുകയും ചെയ്യുന്നതായി തുടരുന്നോ അതോ വിവാഹ മോചനം വേണോ എന്ന്‌ ചോദിച്ചു. അപ്പോഴവര്‍ അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും പരലോകത്തെയും തിരഞ്ഞെടുത്തു. ഇങ്ങനെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കും നിരോധനങ്ങള്‍ക്കും അനുസരിച്ച്‌ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു ദമ്പതിമാര്‍ക്ക്‌ ശാന്ത സുന്ദരവും സംതൃപ്‌തവുമായൊരു കുടുമ്പ ജീവിതം നല്‍കും. അതിനാല്‍ ലക്ഷ്യം അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പ്രീതിയായിരിക്കട്ടെ..  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter