മക്ക: ഇത് ഗ്രാമങ്ങളുടെ മാതാവ് തന്നെ
വന്യത തുടികൊള്ളുന്ന താഴ്‌വാരങ്ങൾ... മണൽ കാറ്റടിക്കുന്ന സൈകതക്കാടുകൾ... പ്രകൃതിയുടെ നിംനോന്നതങ്ങളിൽ മുളച്ചു പൊന്തി, ചിതറി നിൽക്കുന്ന മരതകക്കുന്നുകൾ... കല്ലുമലകളും മുൾച്ചെടിപ്പടർപ്പുകളും എഴുന്നു നിൽക്കുന്ന ഊഷര ഭൂമിക...
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ പൗരാണിക മരുപ്രദേശത്തെയാണ് വിശുദ്ധ ഖുർആൻ 'ബക്ക' എന്ന് പേര് വിളിച്ചത്.
മക്ക, ഉമ്മുൽ ഖുറാ, എന്നിങ്ങനെ നിരവധി വിളിപ്പേരുകളുള്ള ഇതേ ഭൂമികയാണ് നാഗരികതകളുടെ വിളനിലമായി ചരിത്രത്തിൽ ഇടം പിടിച്ചതും.
അതെ വിശുദ്ധ മക്ക.
ഭൂമിയിൽ ദൈവിക ധർമം പ്രബോധിപ്പിക്കാൻ നാഥൻ കരുതിവെച്ച ഈ ഊഷര ഭൂമിക്ക് പറയാനുണ്ട്, ഇന്നലെകളെ ഉർവരമാക്കി നിർത്തിയ ഒട്ടനേകം കഥകൾ...
ഈ മണൽ കാറ്റിന്റെ വന്യചാരുതയിലാണ് ചരിത്രം വേരുകളാഴ്ത്തി, ലോകത്തേക്ക് ചില്ലകൾ പടർത്തിയത്.
വരണ്ടുണങ്ങിയ ഈ മരുക്കാട്ടിൽ നിന്നായിരുന്നു മാനവിക സംസ്‌കൃതിയെ പുഷ്കലമാക്കിയ അനവധി സുവർത്തമാനങ്ങൾ തളിർത്തു പുഷ്പിച്ചത്.
വിശ്വാസിയുടെ ഖൽബകം തിരിച്ചുവച്ച ഖിബ്‌ലയാണ് മക്ക. അതിലുപരി, തിരുദൂതർ ജനിച്ചു വീണ നാടും പിച്ച വെച്ച് വളര്‍ന്ന മണ്ണുമാണ് അത്..
ചെറുപ്പത്തിലേ കേട്ടും ദിവസേന അഞ്ച് നേരം തിരിഞ്ഞുനിന്നും മനസ്സിൽ ധ്യാനിച്ചുകൊണ്ടേയിരിക്കുന്ന ഈ പുണ്യലോകത്തെ ജീവിതത്തിലൊരിക്കലെങ്കിലും വാരിപുണരാനും തൊട്ടനുഭവിക്കാനുമുള്ള പ്രാർത്ഥനകളിലാണ് വിശ്വാസിയുടെ ഓരോ യാമങ്ങളും.
ചിര പുരാതന കാലം മുതൽക്കേ പരശ്ശതം ഖാഫിലക്കൂട്ടങ്ങൾ പാഥേയമൊരുക്കി ലക്ഷ്യം വെച്ചത് ഈ ചരിത്ര ഭൂമികയെയായിരുന്നു. എത്ര തവണ സന്ദർശിച്ചാലും വീണ്ടും വീണ്ടും മടക്കി വിളിക്കുന്ന കാന്തിക വലയമാണ് മക്ക.
സമുദ്രനിരപ്പിൽ നിന്നും 277 മീറ്റർ ഉയർന്നാണ് മക്ക സ്ഥിതി ചെയ്യുന്നത്. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ നിന്നും 80 കി. മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. 430 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ വിശുദ്ധ റസൂൽ അന്തിയുറങ്ങുന്ന മദീനയിലും എത്തിച്ചേരാം.
മാനം മുട്ടെ നിൽക്കുന്ന പർവത നിരകളാണ്, മക്കയുടെ അതിര്‍ത്തികളില്‍ കാവലൊരുക്കുന്നത്. ഏക ദൈവ വിശ്വാസത്തിന്റെ സത്യശീലുകൾ പ്രഘോഷണം ചെയ്യപ്പെട്ട അബൂഖുബൈസ് മലയും, മാനവികതയുടെ മഹത്വം വിളംബരം ചെയ്യപ്പെട്ട അറഫാ മലമുകൾപരപ്പും, ദാഹിച്ചു വാവിട്ട് കരഞ്ഞ കുഞ്ഞു ഇസ്മായിലിനു ദാഹജലം തേടി ഹാജറയെന്ന മാതൃഹൃദയം നെഞ്ചു പൊട്ടിയോടിയ സ്വഫാ-മർവ മല മടക്കുകളും, നോവുറഞ്ഞ മനസ്സുകളിലേക്ക് തീർത്ഥജലമായി വിശുദ്ധ ഖുർആൻ പെയ്തിറങ്ങിയ ജബലുന്നൂറും ഈ വിശുദ്ധ ഭൂമികക്കൊപ്പം തണുപ്പും ഉഷ്ണവും മാറിമാറി പുണർന്ന പർവത നിരകളാണ്.
സ്വർഗാവരോഹണത്തിനു ശേഷം ആദിമ പിതാവും മാതാവും കണ്ട് മുട്ടുന്നത് മക്കയിലാണ്. എന്നാല്‍ അതിനും മുമ്പേ വിശുദ്ധ കഅ്ബാലയം അവിടെ പണികഴിപ്പിക്കപ്പെട്ടിരുന്നു. ഏതാനു ചില പുനരുദ്ധീകരണ പ്രവര്‍ത്തനങ്ങളേ അതുമായി ബന്ധപ്പെട്ട് ആദ്യ പ്രവാചകന് ചെയ്യാനുണ്ടായിരുന്നുള്ളൂ. ശേഷം പലപ്പോഴായി തുടര്‍ന്ന ആ പ്രക്രിയയിൽ പിൽക്കാലത്തു വന്ന ചില പ്രവാചകന്മാരും അമാലിക്, ജുർഹും, ഖുസയ്, ഖുറൈശ് തുടങ്ങിയ ഗോത്രങ്ങളും ചില ഭരണകർത്താക്കളും പങ്കാളികളായി. പുനർ നിര്മ്മാണത്തിന്റെ പതിനൊന്നു ഘട്ടങ്ങൾ പിന്നിട്ട കഅ്ബയുടെ ഇന്നത്തെ രൂപത്തിന് നാലു നൂറ്റാണ്ട് പഴക്കമുണ്ട്.
പ്രവാചകരായ ഇബ്റാഹീമും കുടുംബവുമാണ് മക്കയെ സജീവമാക്കിയത്. നൂഹ് നബിയുടെ കാലത്തെ മഹാപ്രളയം സൃഷ്‌ടിച്ച ശൂന്യതയിൽ നിന്നും മക്കയെ പുനരാവിഷ്കരിച്ചത് അവരാണ്. ബാബിലോണിയയിലെ കുളിരു പെയ്യുന്ന പച്ചപ്പിൽ നിന്നും നിരാർദ്രമായ വിജനതയിൽ തന്റെ പ്രാണപ്രേയസിയെയും പിഞ്ചു പൈതലിനെയും ദൈവഹിത പ്രകാരം ഇട്ടേച്ചു പോയതും, തപിച്ചു കിടന്ന മരുഭൂവിന്റെ വിരിമാറിൽ സംസം അണപൊട്ടിയൊഴുകിയതും, മൂർച്ച തിളക്കുന്ന പിച്ചാത്തിയുമായി മിനായിൽ ചെന്ന് തന്റെ അരുമ പുത്രനെ ബലി കഴിക്കാൻ ഒരുങ്ങിയതുമൊക്കെ മക്കയുടെ ചരിത്ര പാതയിൽ ഇന്നും തളം കെട്ടി നിൽക്കുന്ന ഇബ്രാഹീമീ സ്മരണകളാണ്.
പ്രിയ പുത്രനൊപ്പം ഇബ്രാഹീം നബി കല്ലുപെറുക്കി തൗഹീദിന്റെ മണിമന്ദിരം പണിത്, അഷ്ടദിക്കുകളിൽ നിന്നും ലോകജനതയോട് ഹജ്ജിനായി വിളംബരം ചെയ്തത് മക്കയിലെ ആകാശങ്ങളിൽ ഇന്നും മുഴങ്ങി കേൾക്കുന്നുണ്ട്. ഇബ്രാഹീമി സരണിയുടെ മഹിത പാരമ്പര്യത്തെ കൈമോശം വരാതെ ഓരോ ആണ്ടിലും ഹജ്ജിലൂടെ ലോകത്തിനു ഇന്നും കൈമാറിക്കൊണ്ടേയിരിക്കുകയാണ് മക്ക.
സംസം വഴിയാണ് ആ മരുപ്രദേശം ഉർവ്വരത പ്രാപിച്ചതും ലോകത്തേക് മിഴി തുറന്നതും. സജലമായതോടെ സസ്യലതാദികൾ കിളിര്ത്തു മുളപൊട്ടാൻ തുടങ്ങി, മക്കയുടെ ആകാശത്തു പറവകൾ വട്ടമിട്ടു പറന്നു, ക്രമേണ പുതിയൊരു നാഗരികത അവിടെ പിറവിയെടുക്കുകയിരുന്നു.
അക്കാലത്തു മധ്യധരണ്യാഴിയിൽ നിന്നും കിഴക്കൻ ആഫ്രിക്ക, ദക്ഷിണേഷ്യ, ദക്ഷിണ അറേബ്യ എന്നിവടങ്ങളിലേക്കു യാത്രാ സംഘങ്ങള്‍ പോയിരുന്നത് ഹിജാസ് വഴിയായിരുന്നു. മക്കയിലെ പ്രത്യേക ജലസാന്നിധ്യം അവരെ കഅ്ബക്കു ചുറ്റും തമ്പടിക്കാൻ പ്രേരിപ്പിച്ചു. ജുർഹും ഗോത്രത്തിൽ നിന്നും വന്ന വാണിജ്യ സംഘമായിരുന്നു ആദ്യമായി മക്കയിൽ കുടിൽ കെട്ടി താമസമാക്കിയത്. വാണിജ്യത്തിന്റെ ഇടത്താവളമായി ഹിജാസ് മാറുന്ന കാഴ്ചയായിരുന്നു പിന്നീട് ലോകം കണ്ടത്. അതോടെ, പൗരസ്ത്യ ദേശങ്ങള്‍ക്ക്, ഈജിപ്ത്, സിറിയ എന്നിവയുമായുള്ള വ്യാപാര ബന്ധം സുദൃഢമായി.
ഗോത്രങ്ങള്‍ക്കിടയില്‍ വികേന്ദ്രീകൃതമായിരുന്ന മക്കയുടെ വാണിജ്യ രംഗത്തെ ഒരേ ചരടിൽ കോർത്തിണക്കി, ഒരു ഗോത്ര ഭരണ രീതി രൂപപ്പെടുത്തിയത് ഖുസയ്യുബ്‌നു കിലാബെന്ന ഗോത്ര മുഖ്യനായിരുന്നു. തുടർന്ന് മക്കയുടെ അധികാരം ഖുറൈശികളിൽ വന്നു ചേരുകയും കഅ്ബയുടെ പരിചരണം അവര്‍ ഏറ്റെടുക്കുകയും ചെയ്തു. ഉമ്മുല്‍ ഖുറാ എന്നു വിളിക്കപ്പെട്ട മക്ക പതിയെ ഒരു തലസ്ഥാന നഗരിയുടെ പദവി കൈവരിക്കുകയായിരുന്നു.
വാണിജ്യത്തിനു പുറമെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുടെ വേദി കൂടിയായി മക്ക ചിരപ്രതിഷ്ഠ നേടി. കച്ചവടത്തിനും സർഗാത്മതക്കും കേളികേട്ട ഉക്കാള്, ദുല്‍മിജന്ന, ദുല്‍മജാസ് എന്നീ സൂഖുകളുടെ പേരും പ്രശസ്തിയും കടലുകള്‍ കടന്ന് വന്‍കരകളില്‍ പോലും എത്തിയിരുന്നു. സിറിയയിലെ ഗസ്സാന്‍ രാജാവിനോടും അബ്‌സീനിയയിലെ നജാശി രാജാവിനോടും യമനി നാടുവാഴികളോടും ഇറാന്‍-ഇറാഖ് ഭരണാധികാരികളോടും കരാറുകളില്‍ ഏര്‍പ്പെട്ട അബ്ദുമനാഫിന്റെ മക്കള്‍, വ്യാപാര വളര്‍ച്ച നേടി, 'വണിക്കുകള്‍' എന്ന പേരില്‍ വിശ്രുതരായി. ശൈത്യകാലത്തും ഉഷ്ണകാലത്തും അവരുടെ കച്ചവട യാത്രകള്‍ക്ക് രണ്ട് ദിശകളുണ്ടായിരുന്നു. സിറിയയിലേക്കും ഫലസ്ത്വീനിലേക്കുമായിരുന്നു ഉഷ്ണകാല യാത്രകള്‍. ദക്ഷിണ അറേബ്യയിലേക്കായിരുന്നു ശൈത്യകാല സഞ്ചാരം. ഇസ്മായീൽ നബിക്കു ശേഷം ജുർഹും-ഖുസായീ ഗോത്രവും ശേഷം ഖുറൈശികകളും മക്കയുടെ നാട്ടു പ്രഭുക്കളായി.
ഇതിനിടയിൽ ദൗർഭാഗ്യകരമെന്നോണം, മക്കക്കാരുടെ വിശ്വാസത്തിലും വ്യതിചലനം സംഭിവിച്ചിരുന്നു. ഇസ്മായീൽ നബി പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസ ധാരയിൽ നിന്നകന്ന മക്കക്കാരിൽ ബഹുദൈവാരാധന അരിച്ചു കയറി. അംറ് ബിൻ ലുഹയ്യ് എന്ന ഖുസായീ ഗോത്രക്കാരനാണ് ശാമിൽ നിന്നും ബിംബങ്ങളെ ആദ്യമായി കൊണ്ട് വന്നു മക്കയിൽ പ്രതിഷ്ഠിച്ചത്. ക്രമേണ കഅ്ബാലയം മുഴുക്കെ വിഗ്രഹങ്ങൾ കൊണ്ട് നിബിഢമായി. വിഗ്രഹാരാധനയും ഗോത്ര മഹിമയുടെ ആഢ്യതയും കാരണം ജാഹിലിയ്യത്തിന്റെ അന്ധകാര ചുഴിയിലായിരുന്നു പിന്നീടങ്ങോട്ടുള്ള നിരവധി വർഷങ്ങൾ ഈ പുണ്യഭൂമി.
ക്രി 570 ഓഗസ്റ്റ് ഇരുപത്തിയൊമ്പത്, (റബീഉൽ അവ്വൽ പന്ത്രണ്ട്).
അറബികളുടെ ഒട്ടക ഖാഫിലകള്‍ പുതിയൊരു സംഗീതത്തിന്റെ ഈണത്തിന് കാതോര്‍ത്ത ദിനമായിരുന്നു അത്. ഇരുളിന്റെ ആഴക്കടലിൽ നിന്ന് വെളിച്ചത്തിന്റെ പവിഴദ്വീപുയർത്താൻ ഇസ്മായീൽ നബിയുടെ താവഴിയിൽ പുണ്യ റസൂൽ (സ്വ) പിറവിയെടുത്തത് അന്നായിരുന്നു. കുഞ്ഞു റസൂൽ നടത്തം പഠിച്ചതും, സത്യസന്ധയുടെ ദീപ്ത സാന്നിധ്യമായി ആ ജീവിതം നാൽപതാണ്ടു താണ്ടിയതും, കാലികളെ നോക്കിയതും, വാണിഭം നടത്തിയതും, ധ്യാന മിരുന്നതുമെല്ലാം ഈ നന്മയുടെ ഭൂമിയിലും അതിന്റെ പ്രാന്തങ്ങളിലുമായിരുന്നു.
മക്കയിൽ പലപ്പോഴും അനുചരന്മാർക്കൊപ്പം റസൂലിന് സംഘർഷങ്ങളും പീഢനങ്ങളും അനുഭവിക്കേണ്ടി വന്നു, ‘ശിഅ്ബു അബൂ താലിബി’ൽ കാലങ്ങളോളം പട്ടിണി കിടന്നു പുണ്യ റസൂൽ (സ്വ). മക്കയിലെ ബഹുദൈവാരാധകരുടെ അക്രമം സഹിക്കവയ്യാതെ ഒരു വേള ദേശത്യാഗത്തിനു പോലും നിർബന്ധിതരായി. അവസാനം ഗത്യന്തരമില്ലാതെ മക്കയോട് വിട പറയേണ്ടിവന്നപ്പോള്‍, പ്രവാചകരേക്കാള്‍, മക്കയുടെ മണൽ തരികളാകും കണ്ണീർ പൊഴിച്ചിട്ടുണ്ടാവുക. മക്കയുടെ അതിർത്തി കടന്ന റസൂൽ ഈ പുണ്യ ഭൂമികയെ നോക്കി പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രത്തിൽ ദുഃഖസാന്ദ്രമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നു.
"ലോകത്തു നാഥന് ഏറ്റം പ്രിയപ്പെട്ട നഗരമാണ് നീ. ഞാൻ മറ്റേതു നാടിനേക്കാളും നിന്നെ സ്നേഹിക്കുന്നു; വിഗ്രഹാരാധകർ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ വിട്ട് പോകുമായിരുന്നില്ല"
ആ വാക്കുകള്‍ വേദനയോടെ കേട്ട മക്ക, ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും റസൂലിനെ തിരിച്ചു വിളിച്ചു, വിജയഭേരി മുഴക്കി തിരിച്ചെത്തിയ റസൂലും സ്വഹാബികളും ഈ വിശുദ്ധ ഭൂമികയുടെ തിരുനെറ്റിയിൽ ചുംബിച്ചാണ് മക്കക്കകത്തു പ്രവേശിച്ചത്. പിന്നീടങ്ങോട്ട് ഇന്ന് വരെ മക്ക തൌഹീദിന്റെ ബാങ്കൊലികളാല്‍ മുഖരിതമാണ്.
മക്ക ദേശത്തെ പുനർ നിർമിക്കുന്ന വേളയിൽ പ്രധാനമായും രണ്ടു സ്വപ്നങ്ങളാണ് ഇബ്രാഹീം നബി നാഥനോട് തേടിയത്, സമാധാനവും ക്ഷേമവുമുള്ള നാട്. അശാന്തിയും പട്ടിണിയുമാണ് ഒരു ദേശത്തിന്റെ സ്വാസ്ഥ്യ-അസ്വാസ്ഥ്യങ്ങളെ നിർണയിക്കുന്നതെന്ന ഉൾപ്രേരണ കൊണ്ടായിരിക്കണം സമാധാനത്തിന്റെ വിളവെടുപ്പ് ഭൂമിയാക്കണമെന്നു അന്ന് പ്രാർഥിച്ചത്. ദേശ സുരക്ഷയിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് മക്കയും സമീപ പ്രദേശങ്ങളും. മാറി മാറി വന്ന ഭരണ കർത്താക്കളൊക്കെയും സർവ കാലത്തും മക്കയുടെ സുരക്ഷക്ക് അതീവ ഗൗരവം നൽകിയിരുന്നു. ഈ പ്രദേശത്തെ സുരക്ഷ കണക്കിലെടുത്തു മധ്യ കാലത്തു മക്കയെ മൂന്ന് കവാടങ്ങൾക്കുള്ളിലാക്കി സംരക്ഷിച്ചിരുന്നതായും ചരിത്രത്തിൽ കാണാം. മുകൾ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ബാബുൽ മുഅല്ലയും, താഴ് ഭാഗത്തുണ്ടായിരുന്ന ബാബു ശബീകയും കൂടാതെ ദക്ഷിണ ദിശയിൽ സ്ഥാപിച്ചിരുന്ന ബാബു മിസ്ഫലുമായിരുന്നുവത്. പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ബാബു ശബീക്ക വഴിയായിരുന്നു ഈജിപ്ത്, ശാം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്.
പ്രവാചകൻ മക്ക ജയിച്ചടക്കിയ ദിവസം പ്രമുഖ സ്വഹാബി വര്യൻ ഖാലിദ് ബിൻ വലീദും(റ) സംഘവും ബാബുൽ മിസ്ഫൽ വഴിയായിരുന്നു മക്കയിലേക്ക് പ്രവേശിച്ചത്. നൂറ്റാണ്ടുകളോളം ഭരിച്ച ഇസ്‍ലാമിക ഭരണ കൂടങ്ങളുടെ സിരാ കേന്ദ്രമായി ഒരിക്കലും മക്ക വരാത്തതിന്റെ ചരിത്ര തീരുമാനവും ഇതിനു പിന്നിലുണ്ടായിരിക്കാം.
പക്ഷെ ദൗര്ഭാഗ്യകരമെന്ന് പറയട്ടെ ചരിത്രത്തിന്റെ ദശാസന്ധ്യകളിൽ പലരും ഈ പവിത്ര സങ്കേതത്തിനെതിരെ പടനയിച്ചതായും താളുകളില്‍ വായിച്ചെടുക്കാനാകും. നജാശി രാജാവിന്റെ യമനിലെ ഗവർണർ ആയിരുന്ന അബ്റഹ അൽ അഷ്റം ആയിരുന്നു ആദ്യമായി മക്കക്കെതിരെ പടനയിച്ചത്. മക്കയുടെ അതിർത്തി എത്തും മുമ്പ് തന്നെ ആകാശത്ത് നിന്നും പറന്നെത്തിയ അബാബീൽ പക്ഷികൾ അഗ്നി സ്ഫുരിക്കുന്ന കൽ ചീളുകൾ എറിഞ്ഞ് സര്‍വ്വരെയും നശിപ്പിച്ചത് പ്രവാചക ജനനത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പായിരുന്നു.
തന്റെ ഭരണം അംഗീകരിക്കാതെ കഅ്ബയില്‍ അഭയം തേടിയ അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെതിരെ യസീദ് ബിൻ മുആവിയ നടത്തിയ ആക്രമണത്തിലും കഅ്ബക്ക് സാരമായ പരുക്കുകള്‍ പറ്റി. ഹിജ്‌റ അറുപത്തിനാലിലായിരുന്നു ഇത്. ശേഷം കേട് പാടുകള്‍ തീര്‍ത്ത് പൂർണമായും പുതുക്കി പണിത് അബ്ദുല്ലാഹിബിന് സുബൈർ(റ)ന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. ശേഷം ഹിജ്‌റ എഴുപത്തി മൂന്നില്‍ ഹജ്ജാജ് ബിന്‍ യൂസുഫ് നടത്തിയ ആക്രമണത്തിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മക്കയുടെ പരിപാവനതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഹിജ്‌റ മുന്നൂറ്റി പതിനേഴിൽ ഖറാമിത്വികൾ നടത്തിയ കിരാത അക്രമ സംഭവം. അബ്ബാസി ഭരണകൂടത്തെ ശക്തമായി എതിർത്ത ശീഈ ആശയ ധാര അനുധാവനം ചെയ്യുന്നവരായിരുന്നു ഖറാമിത്വികൾ. ഹജ് വേളയിൽ വൻ സൈന്യവുമായി ഇരച്ചു കയറി രക്തരൂക്ഷിത അക്രമം അഴിച്ചിവിട്ടതോടെ ഹജ് നിർവ്വഹിക്കാനെത്തിയ മുപ്പതിനായിരം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് ചരിത്രം. അക്രമത്തിനു ശേഷം ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് നിന്ന് പിഴ തെടുക്കുകയും ഇന്നത്തെ സൗദി അറബിയയുടെ തെക്കൻ പ്രവിശ്യയായ അൽ ഇഹ്സായിലേക് കൊണ്ടുപോകുകയും ചെയ്തുവത്രെ.
ശേഷം ഇരുപത്തിരണ്ടു വര്ഷം ഹജറുൽ അസ്‍വദിന്റെ അസാന്നിധ്യത്തിലായിരുന്നു ഹജ്ജ് കര്മങ്ങളടക്കം മക്കയിൽ അരങ്ങേറിയിരുന്നത്. ഹിജ്‌റ 339 ലാണ് പിന്നീട് ഫാഥിമി ഭരണാധിപരുടെ ശക്തമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഖറാമിത്വികൾ ഹജറുൽ അസ്‍വദ് തിരികെ കൊണ്ട് വന്ന് തൽസ്ഥാനത്ത് സ്ഥാപിക്കുന്നത്.
ശേഷമിങ്ങോട്ട് പറയത്തക്ക അസ്വസ്ഥതകളൊന്നുമില്ലാതെയാണ് നഗരം മുന്നേറിയത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള ഭൂമികയാണ് മക്ക. ആരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ സജ്ജമാണ് സദാസമയവും ഈ വിശുദ്ധ നഗരം.
വരൂ, നമുക്കൊന്നിറങ്ങി നടന്നുനോക്കാം.. ചക്രവാളങ്ങളോളം തലയുയർത്തി നിൽക്കുന്ന ഹറം മിനാരങ്ങൾക്കടിയിലൂടെ നടന്നാൽ ബാബ് അബ്ദുൽ അസീസ് വഴി മസ്ജിദുൽ ഹറമിനകത്തെത്താം.. കഅ്ബാലയത്തെ വലയം ചെയ്തു നിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ വിശാലമായ പള്ളിയാണ് ഇന്നത്തെ മസ്ജിദുൽ ഹറാം. മക്കാ ഹറം ശരീഫിനുള്ളിൽ വെച്ച് നിർവഹിക്കപ്പെടുന്ന പുണ്യ കർമങ്ങൾക്ക് ഒരു ലക്ഷം സൽകർമ്മങ്ങളുടെ പ്രതിഫലമുണ്ടെന്നാണ് നബി വചനം. അത് മസ്ജിദുല്‍ ഹറാമിലാവുമ്പോള്‍ വീണ്ടും ശതഗുണീഭവിക്കുകയും ചെയ്യുന്നു.
നൂറ്റി എഴുപതുകളിലധികം പ്രവേശന കമാനങ്ങളുള്ള മസ്ജിദുൽ ഹറാമിന്റെ മധ്യത്തിലാണ് കറുത്ത പട്ടിൽ പൊതിഞ്ഞ വിശുദ്ധ കഅ്ബ സ്ഥിതി ചെയ്യുന്നത്. പതിനഞ്ചു മീറ്റർ ഉയരവും പന്ത്രണ്ടു മീറ്റർ വീതിയുമുള്ള ഈ വശ്യ മനോഹര മണിമന്ദിരം ചതുരാകൃതിയിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിനു ഭൂമിയിൽ ഒരുങ്ങിയ ആദിമ ഭവനമായ കഅ്ബയുടെ സാന്നിധ്യം തന്നെയാണ് മക്കയുടെ ഗരിമയും പ്രൗഢിയും. വാനലോകത്തു മാലാഖമാർ വലയം വെക്കുന്ന 'ബൈത്തുൽ മഅ്മൂറി'നു സമാന്തരമായി ഭൂമിയിൽ സംവിധാനിക്കപ്പെട്ട കഅ്ബയുടെ പ്രഥമ ശില്പികളും മലക്കുകൾ തന്നെയായിരുന്നു.
മസ്ജിദുൽ ഹറാമിന്റെയും വിശുദ്ധ കഅ്ബയുടെയും ഇടയിലായി വിശ്വോത്തര മാർബിളുകൾ പതിച്ച വിശാല തളം, മത്വാഫ് സംവിധാനിക്കപ്പെട്ടിരിക്കുന്നു. വൈരുധ്യങ്ങളെയും വൈവിധ്യങ്ങളെയും ഒരേ ചരടിൽ മനോഹരമായി കോർത്തിണക്കി വിശ്വാസി ലക്ഷങ്ങൾ ഇവിടെയാണ് കഅ്ബയെ പരിരംഭണം ചെയ്യുന്നത്, മഹാത്മാക്കളുടെ പാദപാംസുകങ്ങൾ കൊണ്ട് പരിപാവനമായ വഴിത്താരകൾ, എത്ര എത്ര സദ് വൃത്തരാണ് ഈ ചരിത്രപാതയെ ധന്യമാക്കി കടന്നു പോയത്.
സ്വർഗീയ ലോകത്തു നിന്നും ഭൂമിയിലവതീര്ണമായ ‘ഹജറുൽ അസ്‌വദും’ ‘മഖാമു ഇബ്രാഹീമും’ വിതാനിച്ചിരിക്കുന്നതും കഅ്ബക്ക് സമീപം തന്നെയാണ്, ഭൂമിയിൽ നിന്നും ഒന്നര മീറ്റർ പൊക്കത്തിൽ കഅ്ബയുടെ തെക്കുകിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന ഹജറുൽ അസ്‌വദിലാണ് ഓരോ തവാഫും ആരംഭിക്കുന്നതും അവസാനിക്കുന്നതും. കഅ്ബയുടെ വാതിലിനു തൊട്ടുമുമ്പിൽ പതിനൊന്നു മീറ്റർ അകലെയായി മഖാമു ഇബ്രാഹീമും സ്ഥിതി ചെയ്യുന്നു.
അനേകം പണ്ഡിതരുടെ അധ്യാപന തട്ടകം കൂടിയാണ് മസ്ജിദുല്‍ ഹറാം. ഒട്ടനേകം സ്വഹാബി-താബിഈ പണ്ഡിത മഹത്തുക്കള്‍ക്ക് പുറമെ, ഇമാം ശാഫിഈ മുതല്‍, ഇമാമുല്‍ ഹറമൈന്‍ എന്ന പേരിലറിയപ്പെടുന്ന ഇമാം ജുവൈനി, അഹ്മദുത്ത്വബ്‍രി, മുഹമ്മദുല്‍ യാഫിഈ, മുഹമ്മദുല്‍ ഖസ്ത്വല്ലാനി, ഇബ്നുഹജറുല്‍ ഹൈതമി, ഇബ്റാഹീമുല്‍ ഹള്റമി, സൈനി ദഹ്‍ലാന്‍, സയ്യിദ് അലവി അല്‍മാലികി തുടങ്ങി അനേകം പണ്ഡിതര്‍ വിജ്ഞാനത്തിന്റെ സുധ നുകര്‍ന്നതും പകര്‍ന്നതും ഇവിടെയായിരുന്നു. ഇന്നും അത്തരം വിജ്ഞാന സദസ്സുകള്‍ മസ്ജിദുല്‍ ഹറാമിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതായി കാണാം.
മസ്ജിദുല്‍ഹറാമില്‍നിന്ന് പുറത്തും സന്ദര്‍ശപ്രധാനമായ അനേകം പള്ളികളും സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മക്ക. ജിന്നുകളുടെ ഇസ്‍ലാമാശ്ലേഷണത്തിന് വേദിയായ മസ്ജിദുല്‍ ജിന്നും മദീനയില്‍നിന്നെത്തിയ സംഘം പ്രവാചകരോട് ഉടമ്പടി നടത്തിയ മസ്ജിദുല്‍ബൈഅയും അറഫാ സംഗമങ്ങള്‍ക്ക് വേദിയാവുന്ന മസ്ജിദുന്നമിറയും ജംറകളോട് ചേര്‍ന്ന് നില്‍ക്കുന്ന മസ്ജിദുല്‍ഖൈഫും പ്രവാചകരുടെ ജന്മവീടുമെല്ലാം ഇവയില്‍ പ്രധാനങ്ങളാണ്.
അനേകം മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രമായ ജന്നതുല്‍ മുഅല്ലയാണ് മറ്റൊന്ന്. നൂറ്റാണ്ടുകൾക്ക് മുമ്പ് മരണപ്പെട്ട പല ഉന്നത ശീർഷരെയും അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. മുന്നൂറിൽ പരം അമ്പിയാക്കൾ മക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടത്രേ. ഖുറൈശികളിൽ പ്രമുഖരായിരുന്ന ഖുസയ് ബിൻ കിലാബ്, അബ്ദു മനാഫ്, അബ്ദുൽ മുത്തലിബ്, ഹാഷിം എന്നിവരും പുണ്യ പ്രവാചകരുടെ പ്രഥമ സഹധർമിണി ഖദീജ ബീവിയും (റ) മക്കളായ ഖാസിം, അബ്ദുല്ലാഹ്, എന്നിവരും അസ്മ ബിൻത് അമ്മാർ, അബ്ദുല്ലാഹ് ബിൻ സുബൈറും അടങ്ങുന്ന വലിയൊരു സ്വഹാബി നിരയും ഈ മണ്ണിലാണ് അന്തിയുറങ്ങുന്നത്. കേരള മുസ്‍ലിംകളുടെ കിരീടം വെക്കാത്ത സുല്‍താന്‍ ആയിരുന്ന ബാഫഖീ തങ്ങളും കിടന്നുറങ്ങുന്നത് ഈ സ്വര്‍ഗ്ഗീയാരാമത്തില്‍ തന്നെയാണ്. ചരിത്രങ്ങളുടെ സംഗമ ഭൂമിയായിട്ടു പോലും വേണ്ടത്ര പരിരക്ഷ കിട്ടാത്തതിനാൽ പല തിരു ശേഷിപ്പുകളും ഇന്ന് മക്കയിൽ നാമാവശേഷമായിരിക്കുന്നു എന്നത് കൂടി പറയാതെ വയ്യ.
ലോകത്തിന്റെ നാനാ തുറകളിൽ നിന്നും എത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാനും ആതിഥ്യമരുളാനും ആധുനിക മക്കയും പരിസരവും ഇന്ന് സുസജ്ജമാണ്. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ സമയ ഗോപുരം മക്കയിൽ വിശുദ്ധ ഹറം മസ്ജിദിനോട് തൊട്ടുരുമ്മി നിൽക്കുന്നത് വിസ്മയ കാഴ്ചയാണ്.
ജലവിതരണം, പൊതുമരാമത്ത്, ഗതാഗതം, നഗര വികസനം, ചികിത്സാ രംഗം, നഗര ശുചീകരണം പ്ലാനിംഗ് തുടങ്ങിയ വിവിധ രംഗങ്ങളിൽ മറ്റു വികസിത രാജ്യങ്ങളെ പോലും ആശ്ചര്യപെടുത്തുന്ന ആധുനിങ്ക സൗകര്യങ്ങളാണ്, ഏറ്റവും ജനത്തിരക്കേറിയ ഈ പ്രദേശത്ത് സജ്ജീകരിച്ചിട്ടുള്ളത്. വരുന്നവരെയെല്ലാം, ഇബ്റാഹീം പ്രവാചകന്റെ വിളിക്കുത്തരം നല്കിയെത്തുന്ന അല്ലാഹുവിന്റെ അതിഥികളായി കാണുന്നതാണ് ഇന്നും മക്കയുടെ പ്രകൃതം. അവരെ സ്വീകരിക്കാനായി എന്ത് ചെയ്യാനും ഈ മണ്ണും പ്രദേശവം സദാ സജ്ജമാണ്. ഈ ഭൂമികയുടെ വിശുദ്ധിയും പ്രതാപവും എന്നെന്നും നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment