വിജ്ഞാനത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിച്ചത് മദ്റസകളിലൂടെയായിരുന്നു
വിജ്ഞാനകൈമാറ്റത്തിന്റെ ആദ്യപടിയായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്‍ലാമിക ലോകത്ത് പടര്‍ന്ന് പന്തലിച്ച മദ്രസാ സംവിധാനം. ഒരു നിലക്ക് നിലവിലെ ഇസ്‍ലാമിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഒരു പരിധി വരെ അത് കാരണമാണെന്ന് വിശ്വസിക്കുന്നതിലും തരക്കേടില്ല.
പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇസ്‍ലാമിക രാജ്യങ്ങളില്‍ മദ്രസാ സംവിധാനം വ്യാപകമായി ഇടപെടുന്നതെന്ന് ചരിത്ര രേഖകളില്‍ കാണാം. ഇറാന്‍, ഇറാഖ്, ഈജിപ്‌ത്, എന്നീ രാജ്യങ്ങളിലായാണ് ആദ്യമായി ഈ സംവിധാനം രൂപപ്പെട്ടതെങ്കിലും പിന്നീടതിധ്രുതം മറ്റു ഇസ്‍ലാമിക ഭരണപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയും നമുക്ക് ചരിത്ര പഠനങ്ങളില്‍ കാണാനാകും. മംഗോളിയന്‍ അധിനിവേശത്തിനു ശേഷം പലവിധ രൂപാന്തരങ്ങള്‍ക്കും മദ്രസാ സംവിധാനം കീഴ്‌പ്പെടുന്നുണ്ടെങ്കിലും ഒട്ടോമന്‍സിന്റെയും മുഗള്‍ രാജവംശത്തിന്റെയും കീഴില്‍ മദ്ധേഷ്യയിലുടനീളം വിജ്ഞാനകൈമാറ്റത്തിന്റെ ഈ പുത്തന്‍ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.
ആദ്യമൊക്കെ പാരമ്പര്യശാസ്‌ത്രത്തിന് മാത്രം പ്രാധാന്യം കല്‍പിച്ചിരുന്ന ഇസ്‍ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ മറാഗയില്‍ ജീവിച്ച നാസിറുദ്ദീന്‍ തൂസിയുടെയും സമര്‍ഖന്ദിലെ ജുര്‍ജാനി ഇമാമിന്റെയും കടന്നുവരവോടു കൂടെയാണ് ഭൗതികശാസ്‌ത്രത്തിന് പഠനകേന്ദ്രങ്ങളില്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയത്. പിന്നീടത് മദ്രസാസംവിധാനത്തിലെ വലിയൊരു മാറ്റത്തിന് തന്നെ തിരികൊളുത്തുകയും ചെയ്‌തു. മതപരവും വിശ്വാസപരവുമായ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇതു വഴി മദ്രസാ സംവിധാനങ്ങള്‍ക്ക് സാധിച്ചുവെന്നുവേണം മനസ്സിലാക്കാന്‍.
മദ്ധേഷ്യ അടക്കിഭരിച്ച തിമുര്‍ ഭരണകൂടമാണ് ആദ്യമായി ഈ സംവിധാനങ്ങളുടെയെല്ലാം തലസ്ഥാന നഗരിയായി സമര്‍ഖന്ദിനെയും ഹെറാതിനെയും പരിവര്‍ത്തിപ്പിക്കുന്നത്. അതിനാല്‍ തന്നെ പല പണ്ഡിതരും പിന്നീടങ്ങോട്ട് സമര്‍ഖന്ദിലേക്കും ഹെറാതിലേക്കും പറിച്ചുനടുന്നത് നമുക്ക് ചരിത്രത്തിലുടനീളം കാണാം. ഈ കാലഘട്ടത്തിലൊക്കെ മദ്രസാ സംവിധാനം നല്ല നിലയില്‍ തന്നെ കഴിഞ്ഞുപോകുന്നുണ്ടെങ്കിലും ഓട്ടോമന്‍സിന്റെ കാലമാണതിന്റെ സുവര്‍ണ്ണ ഘട്ടമെന്ന് പറയാം. അക്കാലത്തെ പ്രധാന നഗരങ്ങളായ ഡമസ്‌കസിലേക്കും കൈറോയിലേക്കും പല പണ്ഡിതരും അവരുടെ വിജ്ഞാനപൂര്‍ത്തീകരണത്തിന് കടന്നുവന്നതായും അവിടം സ്ഥിരതാമസമാക്കിയതായും കാണാം. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഓട്ടോമന്‍സിന് കീഴില്‍ മദ്രസാ സംവിധാനം അതിന്റെ പൂര്‍ണ്ണതയിലെത്തുകയും ചെയ്‌തു.
മദ്രസാ കേന്ദ്രങ്ങള്‍ നിലനിന്നു പോന്നിരുന്നത് പ്രധാനമായും രണ്ട് രീതിയിലായിരുന്നു. ബാഹ്യ മദ്രസ സംവിധാനങ്ങളും (Exterior madrasa system) ആന്തരിക മദ്രസാ സംവിധാനങ്ങളും (Interior madrasa system). ഭൗതിക ശാസ്‌ത്രവുമായി ഇടപഴകി കഴിയുന്ന മദ്രസാ സംവിധാനങ്ങളെയാണ് ബാഹ്യ മദ്രസകളായി കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍, ആന്തരിക മദ്രസാ സംവിധാനത്തിലധികവും പാരമ്പര്യശാസ്‌ത്രവുമായി ബന്ധപ്പെട്ടവയായിരുന്നു. താരതമ്യേന ഈ രണ്ടു പഠനരീതികള്‍ക്കും ഇസ്‍ലാമിക ലോകത്ത് ഏറെ സ്വീകാര്യതയുണ്ടായിരുന്നു. ഈ സംവിധാനത്തിലധികവും വായിക്കപ്പെട്ടത് ജുര്‍ജാനി ഇമാമിന്റെ മഖാവിഫും ഇമാം തഫ്‌താസാനിയുടെ മുഖ്‌തസറുമായിരുന്നു. ഈ രണ്ടു കാതാബുകള്‍ക്കു പുറമെ ഇതിന്റെ ശറഹുകളും പരക്കെ പഠിക്കപ്പെട്ടുകൊണ്ടിരുന്നു.
ഇത്രയും വലിയൊരു സംവിധാനമായതിനാല്‍ തന്നെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും ഒരു പരിധിവരെ കാര്‍ക്കശ്യപൂര്‍ണ്ണമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായ കണക്കുകൂട്ടലുകളുടെ ആകെത്തുകയായിരുന്നു അവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ഇത്തരമൊരു സംവിധാനത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഭാവികമായും നിയമസംവിധാനത്തിലും രാജസദസ്സുകളിലും സ്ഥാനമനങ്ങള്‍ കല്‍പിക്കപ്പെട്ടു. ഇതെല്ലാം വലിയ രീതിയില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ജ്ഞാന ശാക്തീകരണത്തിന് വഴിയൊരുക്കി.
ഓട്ടോമന്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് രണ്ടാമന്റെ വരവോടെയാണ് ഭൗതികശാസ്‌ത്രത്തിന് വിജ്ഞാന സദസ്സുകളില്‍ പ്രാധാന്യം ലഭിക്കുന്നത്. അതിന് മുമ്പ് പാരമ്പര്യ ശാസ്‌ത്രത്തിന് മാത്രം നല്‍കപ്പെട്ടിരുന്ന പ്രാധാന്യം ഭൗതികശാസ്‌ത്ര മേഖലകളിലേര്‍പ്പെടുന്നവര്‍ക്കും നല്‍കപ്പെട്ടു.
എന്നിരുന്നാലും പഠന കേന്ദ്രങ്ങളില്‍ നിലനിന്നുപോന്ന ഭൗതികശാസ്‌ത്രത്തിന്റെയും പാരമ്പര്യശാസ്‌ത്രത്തിന്റെയും സന്തുലിതാവസ്ഥ അധികം വൈകാതെ തന്നെ തകര്‍ന്നടിഞ്ഞു. പല പണ്ഡിതരും ഭൗതിക ശാസ്‌ത്രത്തിനെതിരെ തിരിഞ്ഞുതുടങ്ങി. വൈകാതെ, വിജ്ഞാനമേഖലയില്‍ വലിയൊരു ഭിന്നിപ്പിന് തന്നെ അത് കാരണമാവുകയും ചെയ്‌തു. ഭൗതികശാസ്‌ത്രത്തിനോടുള്ള എതിര്‍പ്പുമൂലം 1580-ല്‍, പ്രമുഖ പണ്ഡിതനായിരുന്ന തഖിയുദ്ദീന്‍ എന്നവരുടെ വാനനിരീക്ഷണ കേന്ദ്രം തകര്‍ക്കപ്പെട്ടതായി ചരിത്ര രേഖകളില്‍ കാണാം. അത്രമേല്‍ ഭൗതികശാസ്‌ത്രം ഇസ്‍ലാമിക ലോകത്ത് തഴയപ്പെട്ടു.
മുഗള്‍ കാലഘട്ടത്തിലെ വിജ്ഞാന പ്രസരണം
മദ്ധേഷ്യയുടെ വിജ്ഞാനരീതികളുമായി വലിയൊരന്തരം തന്നെ മുഗള്‍ കാലഘട്ടത്തെ ജ്ഞാന സമ്പ്രദായങ്ങള്‍ക്കുള്ളതായി നമുക്ക് കാണാം. പ്രധാനമായും അത് നിഴലിച്ചു നിന്നത് മദ്രസാസംവിധാനങ്ങളില്‍ തന്നെയായിരുന്നു. അവലംബനീയമായ രേഖകള്‍ പ്രകാരം അന്ന് കാലത്ത് മുഗളന്മാര്‍ക്ക് കീഴില്‍ കൃത്യമായൊരു മദ്രസാ സംവിധാനം നിലനിന്നിരുന്നതായി നമുക്ക് കാണാനാകില്ല. ഒരു കൃത്യമായ ഏകീകൃത സംവിധാനത്തിന് കീഴിലല്ലാതെ പലിയടങ്ങളിലായി, പ്രാദേശിക പണ്ഡിതരുടെ വ്യക്തിപരമായിട്ടുള്ള പഠനശാലകളായിരുന്നു അവയിലധികവും. പണ്ഡിതരുടെ സ്വേഷ്ടപ്രകാരം അവര്‍ സ്വയം നടത്തിപ്പോന്നിരുന്ന വിജ്ഞാന സദസ്സുകളായിരുന്നു അവ.
അതിലെല്ലാമുപരി മദ്ധേഷ്യയിലേയും ഇറാനിലേയും പല ഗ്രന്ഥങ്ങളും ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നത് മുഗള്‍ ഭരണകാലത്തെ വലിയ വിജ്ഞാനവിപ്ലവമായി കണക്കാക്കപ്പെടാറുണ്ട്. ഇതില്‍ പിന്നീടാണ്, അക്‌ബറിന്റെ കോടതിയിലേക്ക് കടന്നുവന്ന വിശ്വപണ്ഡിതന്‍ ഫദ്‌ലുല്ലാഹി ശീറാസി അടക്കം പല പണ്ഡിതരും ഇന്ത്യയുടെ വടക്കന്‍ മേഖലകളിലേക്ക് കുടിയേറിപ്പാര്‍ത്തത്. ഇദ്ദേഹത്തെ പ്രതിയാണ് പിന്നീട് ജലാലുദ്ദീന്‍ ദവാനിയുടെയും ഗിയാസുദ്ദീന്‍ മന്‍സൂറിന്റെയും കൃതികള്‍ ഇന്ത്യയിലേക്കെത്തുന്നത്. ഇതേതുടര്‍ന്നുള്ള രണ്ട് നൂറ്റാണ്ട് കാലയളവില്‍ ഇന്ത്യയുടെ വൈജ്ഞാനികമേഖല കൈവരിച്ച നേട്ടങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.
ഈയൊരു കാലഘട്ടത്തിലാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വൈജ്ഞാനികവിപ്ലവമായ ദര്‍സേ നിസാമിക്ക് പ്രാരംഭം കുറിക്കപ്പെടുന്നത്.
ഈ വിപ്ലവത്തിന് തിരികൊളുത്തിയത് 1691- ല്‍ സംഭവിച്ച പ്രശസ്‌ത പണ്ഡിതന്‍ ഖുതുബുദ്ദീന്‍ സിഹാലിയുടെ കൊലപാതകമായിരുന്നു. അന്നത്തെ രാഷ്ട്രീയ സാമൂഹിക മേഖലയെ ഏറെ പിടിച്ചുലച്ച ഈയൊരു സംഭവത്തിനോട് അന്നത്തെ മുഗള്‍ ഭരണാധികാരികൂടിയായ ഔറന്‍ഗസീബ് വലിയ രീതിയില്‍ തന്നെ പ്രതികരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ഔറന്‍ഗസീബിന്റെ കല്‍പനപ്രകാരം ഒരു ഫ്രഞ്ച് കച്ചവടക്കാരനില്‍ നിന്നും കൊട്ടാരസ്വത്തിലേക്ക് കണ്ടുകെട്ടിയിരുന്ന സ്ഥലം ഖുതുബുദ്ദീന്‍ സിഹാലിയുടെ നാലു മക്കള്‍ക്കായി വീതം വെച്ചു നല്‍കുകയുണ്ടായി. സിഹാലിയുടെ നാലു മക്കളില്‍ ഒരുവനായ മുല്ല നിസാമി ഈ സ്ഥലത്ത് 1748-ല്‍ ദര്‍സേ നിസാമിയെന്ന സംവിധാനം തുടങ്ങുകയും ചെയ്‌തു. ഈ ദര്‍സേ നിസാമിയാണ് പിന്നീട് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ വലിയൊരു വിപ്ലവജ്വാലയായി ആളിപ്പടര്‍ന്നത്. പിന്നീട് മദ്ധേഷ്യയിലും ഇറാനിലുമെല്ലാം നൂതന വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തിയ നിസാമി സംവിധാനം ഒടുവില്‍ അധിനിവേശ ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കല്‍ക്കട്ടയില്‍ തുടക്കം കുറിച്ച മദ്രസാ സംവിധാനത്തില്‍ വരെ സ്വീകരിക്കപ്പെട്ടുവെന്നുള്ളത് ഇന്ത്യന്‍ ചരിത്രത്തിലുടനീളം ദര്‍സേ നിസാമി വഹിക്കുന്ന പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നുണ്ട്.
ഭൗതികശാസ്‌ത്രത്തിന്റെ വളര്‍ച്ചക്ക് ഒരു പരിധിവരെ തടയിട്ടത് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ കടന്നുപോയ വിശ്വപണ്ഡിതന്‍ ശാഹ് വലിയുല്ലാഹ് ദഹ്ലവിയുടെയും കുടുംബത്തിന്റേയും കൃത്യമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയാണെന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യം. ഇതേ സമയത്താണ് ദര്‍സ് നിസാമിയുടെ കടന്നുവരവും ഭൗതികശാസ്‌ത്രമേഖലയിലേക്കുള്ള ദര്‍സ് നിസാമിയുടെ ഇടപെടലും നടക്കുന്നത്. ഒരു പരിധിവരെ ഭൗതികശാസ്‌ത്രത്തെ കാത്തുസൂക്ഷിച്ചത് ദര്‍സ് നിസാമിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് നമുക്ക് മനസ്സിലാക്കാം.
ചുരുക്കത്തില്‍ ഇസ്‍ലാമിക ലോകത്തോളം വിജ്ഞാനസമ്പാദനത്തിനും പ്രസരണത്തിനും പ്രാധാന്യം നല്കിയ മറ്റാരെയും കാണാനാവില്ല. ലോകത്ത് തന്നെ വിജ്ഞാനത്തിന്റെ കെടാവിളക്ക് കെടാതെ സൂക്ഷിച്ചത് അതിലൂടെ കാലാകാലങ്ങളില്‍ ഇരുട്ടിനെ അകറ്റി നിര്‍ത്തിയതും മുസ്‍ലിം ഭരണകൂടങ്ങളായിരുന്നു. അതിന്റെ ഏതാനും ചെറിയ ചില ചിത്രങ്ങള്‍ മാത്രമാണ് ഇവിടെ ഉദ്ധരിക്കപ്പെട്ടത്.
Leave A Comment