ഇസ്‌ലാമിക ലൈബ്രറികളുടെ കഥ

‘ഗ്രന്ഥപ്പുരകള്‍’ ഇസ്‌ലാമിക ചരിത്രത്തിലെ അനിഷേധ്യ സാന്നിധ്യമാണ്. ഇസ്‌ലാമിക ലോകത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ജ്ഞാനവ്യാപനത്തിന് കുതുബ്ഖാനകള്‍ മുഖ്യ പങ്ക്‌വഹിച്ചിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


ഇസ്‌ലാമില്‍ പള്ളികളുടെ ഉത്ഭവം ഗ്രന്ഥശാലകളുടെ ആരംഭത്തിന് അകമ്പടിയായി. പള്ളികള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ അച്ചുതണ്ടും ഭരണസിരാകേന്ദ്രവുമാണെന്ന് ചരിത്രം തെളിയിക്കുന്നു. മതവിജ്ഞാന സദസ്സുകളും ഭാഷ-സാഹിത്യ വേദികളും മസ്ജിദുകളില്‍ നിരന്തരം നടന്നുകൊണ്ടിരുന്നു.


ഹിജ്‌റ രണ്ടാം വര്‍ഷാന്ത്യത്തോടുകൂടി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പുരോഗമിക്കുകയും ഗ്രന്ഥപ്പുരകള്‍ വ്യാപിക്കുകയും ചെയ്തു. ഖലീഫമാരും, ഭരണാധികാരികളും പ്രത്യേകം പരിഗണന നല്‍കിയത് അവയുടെ വ്യാപനത്തെ സഹായിച്ചു. ഗ്രന്ഥങ്ങള്‍ വാള്യങ്ങളാക്കുന്നതിനും ബൈന്റിംഗിനും ആവശ്യമായ ഉപകരണങ്ങളും എഴുത്തുസാമഗ്രികളും മറ്റ് രേഖകളും ഗ്രന്ഥശാലകളില്‍ അവര്‍ ലഭ്യമാക്കി. അതിനെത്തുടര്‍ന്ന് ഇസ്‌ലാമിക ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യാപിച്ച ഒരു കലയായി ഇത് രൂപാന്തരപ്പെടുകയായിരുന്നു. പേപ്പര്‍ നിര്‍മ്മാണവും അവയുടെ കേന്ദ്രങ്ങളും വര്‍ധിച്ചത് ഗ്രന്ഥശാലയുടെ അഭിവൃദ്ധിക്ക് മറ്റൊരു കാരണമായി. അക്കാലത്തെ ഏറ്റവും മെച്ചപ്പെട്ട കടലാസ്‌നിര്‍മ്മാണം സപെയിനിലായിരുന്നു. പ്രത്യേകിച്ച് അന്‍കറ, ബലന്‍സിയ എന്നീ പ്രദേശങ്ങളില്‍.


ബൈതുല്‍ ഹിക്മ
അബ്ബാസി ഭരണാധികാരി ഹാറൂണ്‍ റഷീദാണ് ബൈത്തുല്‍ ഹിക്മ സ്ഥാപിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മറ്റുചിലര്‍ അദ്ദേഹത്തിന്റെ മകന്‍ മഅ്മൂന്‍ രാജാവാണെന്നും പറയുന്നു. അബ്ബാസിയ്യ ഭരണകാലത്ത് അരമനകള്‍ വൈജ്ഞാനിക വേദികളും സാഹിത്യ സദസ്സുകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. വിശിഷ്യാ മഅ്മൂനിന്റെ ഭരണകാലത്ത്. വിവിധ നാടുകളില്‍ നിന്ന് അനേകായിരം കിതാബുകളും കൈയെഴുത്ത് പ്രതികളും സമാഹരിച്ച് ബൈത്തുല്‍ ഹിക്മ വിപുലീകരിക്കാന്‍ ഖലീഫ മഅ്മൂന്‍ തീരുമാനിച്ചു. അതുകാരണം അക്കാലത്തെ ഏറ്റവും ബൃഹത്തായ ഒരു ഗ്രന്ഥപ്പുരയായി ബൈത്തുല്‍ ഹിക്മ മാറി. ഹിജ്‌റ 655-ലെ മംഗളീയരുടെ ബഗ്ദാദ് അധിനിവേശക്കാലംവരെ അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശഗോപുരമായിരുന്നു ബൈതുല്‍ ഹിക്മ.


അപരിഷ്‌കൃതരായ സാമ്രാജ്യത്വ ശക്തികള്‍ ഒരു സമൂഹത്തിന്റെ സംസ്‌കാരിക ചിഹ്നമായിരുന്ന പ്രസ്തുത കുതുബ്ഖാനയും അറിവിന്റെ അക്ഷയ ഖനികളായ ഗ്രന്ഥങ്ങളും കൈയെഴുത്ത് പ്രതികളും കരിച്ചുകളയുകയും ടൈഗ്രീസ് നദീതീരത്തേക്ക് വലിച്ചെറിയുകയും ചെയ്തു.


ഹാറൂണ്‍ റഷീദിന്റെ കാലത്താണ് അബ്ബാസിയ്യ ഭരണകൂടം രാഷ്ട്രീയമായി വികസിച്ചത്. റോമന്‍ സാമ്രാജ്യത്വശക്തികളെ കീഴ്‌പ്പെടുത്തണമെന്നതിനപ്പുറം വ്യത്യസ്ത വൈജ്ഞാനിക മേഖലകളിലെ ധാരാളം ഗ്രന്ഥങ്ങളും കൈയെഴുത്ത് പ്രതികളും കരഗതമാക്കുക എന്ന ലക്ഷ്യം കൂടി ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു. ഗ്രീക്ക് സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്ന അന്‍കറ, ഉമൂറിയ്യ പോലെയുള്ള പ്രസിദ്ധ പട്ടണങ്ങളിലേക്ക് ഹാറൂണ്‍ റഷീദ് യുദ്ധം നയിച്ചു. പുതിയ പുസ്തക പ്രതികള്‍ ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ സമാധാന സന്ധി നിബന്ധനകളിലൊന്നായിരുന്നു. സുരിയാനി പുരോഹിതനും മുതിര്‍ന്ന പരിഭാഷകനുമായ യോഹന്നാന് ബ്‌നു മാസമിഹിനോട് ഈ അമൂല്യശേഖരങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഉടമ്പടി ചെയ്യുകയുണ്ടായി.


ഫാത്വിമിയ്യ ഭരണകാലത്ത് ഇസ്‌ലാമിക ലോകത്തിന്റെ പ്രബോധന കേന്ദ്രം കൈറോയായിരുന്നു. ദാറുല്‍ ഇല്‍മ്, ദാറുല്‍ അസ്ഹര്‍ എന്നിവയായിരുന്നു അക്കാലത്തെ പ്രബോധന പ്രഭവ കേന്ദ്രം. ദാറുല്‍ ഇല്‍മ് ഗ്രന്ഥശാലക്ക് ദാറുല്‍ ഹിക്മ എന്നും പേരുണ്ട്. ഖലീഫ ഹാക്കിം ബി അംറില്ലായാണ് ഇതിന്റെ സ്ഥാപകന്‍. ഹി. 393 ജമാദുല്‍ ആഖിറി (ക്രിസ്. 1005, ഏപ്രില്‍)ലാണ് ദാറുല്‍ ഇല്‍മ് ഔദ്യോഗികമായി തുറന്നത്. ധാരാളം അറിവും, സാഹിത്യവും ഉള്‍ക്കൊള്ളുന്ന അരമനകളിലെ ആയിരം ഗ്രന്ഥങ്ങള്‍ കൊണ്ട് അതിനെ വികസിപ്പിച്ചു. പഠന കുതുകികള്‍ക്ക് പ്രത്യേകം അനുമതി നല്‍കുകയും ആവശ്യമുള്ളവര്‍ അവിടെനിന്ന് കയ്യെഴുത്ത് പ്രതികള്‍ ശേഖരിക്കുകയും ചെയ്തു. സാധാരണക്കാരെ വിവിധ വിജ്ഞാനശാഖകള്‍ പഠിപ്പിക്കാന്‍ ഭാഷാപടുക്കള്‍, വ്യാകരണ പണ്ഡിതര്‍, വായനക്കാര്‍, ജ്യോതിശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്നൊരു വിഭാഗത്തെ ദാറുല്‍ ഇല്‍മില്‍ പ്രത്യേകം നിയമിച്ചിരുന്നു. പണ്ഡിതന്മാര്‍ കര്‍മശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും അവിടെ സന്നിഹിതരാവുന്നവര്‍ക്കും വേണ്ട വിഭവങ്ങള്‍ തയ്യാര്‍ ചെയ്തു. വായനക്കാര്‍ക്കാവശ്യമായ പേന, മഷി, കടലാസ്, മഷിക്കുപ്പി തുടങ്ങിയവും തയ്യാറാക്കി നല്‍കി.


ആ കാലഘട്ടത്തിലെ പൊതുലൈബ്രറിയായിരുന്ന ദാറുല്‍ ഇല്‍മ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി നിലകൊണ്ടു. ഫാത്വിമിയ്യ ഗ്രന്ഥാലയങ്ങള്‍ ലോകാത്ഭുതങ്ങളിലൊന്നാണെന്നും കൈറോയിലെ കൊട്ടാര കുതുബ് ഖാനയായിരുന്നു ഏറ്റവും വലിയ ഗ്രന്ഥപ്പുരയെന്നും ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറുപത് ലക്ഷം കിതാബുകള്‍ അടങ്ങിയതാണ് ദാറുല്‍ ഹിക്മ. അക്കാലത്തെ അതിപ്രധാന സംഭവങ്ങളുടെ എഴുത്ത് പ്രതികള്‍ അതിലുണ്ടായിരുന്നു. റഷീദ്ബ്‌നുസ്സുബൈര്‍ അദഖാഇനുവതുഹഫ് എന്ന തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു: പൗരസ്ത്യ ദേശത്തെ ഒരു വലിയ കൊട്ടാരത്തില്‍ നാല്‍പതോളം ചെറു ഗ്രന്ഥാലയങ്ങള്‍ ഉണ്ടായിരുന്നു. ഖലീഫ മുന്‍തസ്വിര്‍ ബില്ലയുടെ കാലത്തുണ്ടായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് നേതാക്കന്മാര്‍ അദ്ദേഹത്തിനെതിരെ നടത്തിയ നീക്കത്തില്‍ ആ ഗ്രന്ഥശാലകള്‍ കൊള്ളയടിക്കപ്പെട്ടു. മുഖ്‌റീസി പറയുന്നു: ”ഖാളി അല്‍ഫാളില്‍ കൊട്ടാര ഗ്രന്ഥപ്പുരയില്‍ നിന്നെടുത്ത ആയിരം വാള്യങ്ങളുള്ള താബിഉകള്‍ ഉള്‍പ്പെടുത്തി ഒരു ലൈബ്രറി നിര്‍മ്മിക്കുകയും ഔഖാഫിന് കീഴിലെ മദ്‌റസക്ക് അത് വഖ്ഫ് ചെയ്യുകയും ചെയ്തു.


ഇബ്‌നുത്ത്വവീര്‍ ഈ ഗ്രന്ഥശാലയുടെ ക്രമീകരണത്തെയും വ്യവസ്ഥിതിയെയും കുറിച്ച് നിരീക്ഷിക്കുന്നതിങ്ങനെയാണ്: ഓരോ വിജ്ഞാന ശാഖകള്‍ക്കും പ്രത്യേക സ്ഥാനവും പ്രത്യേകം ഷെല്‍ഫുകളുമുണ്ട്. ഓരോ ഷെല്‍ഫുകളും പ്രത്യേകം അറകളും പൂട്ടുകളും കൊളുത്തുകളുമുള്ളതാണ്. രണ്ടു ലക്ഷത്തിലധികം ഗ്രന്ഥങ്ങള്‍ ദാറുല്‍ ഹിക്മയിലുണ്ട്. സര്‍വ്വ മദ്ഹബുകളിലെയും കര്‍മശാസ്ത്രം, വ്യാകരണം, ഭാഷാ, ഹദീസ് ചരിത്രം, രാജാക്കന്മാരുടെ ചരിത്രം, ആത്മീയശാസ്ത്രം, കെമിസ്ട്രി തുടങ്ങിയ മുഴുവന്‍ വൈജ്ഞാനിക ശാഖകളിലെയും ഗ്രന്ഥങ്ങള്‍ അതിലുണ്ട്. ഓരോ ശാഖകളിലെയും ഗ്രന്ഥങ്ങളുടെ കാറ്റലോഗ് പുറത്ത് ആലേഖനം ചെയ്തിരുന്നു. പരിശുദ്ധ മുസ്ഹഫുകള്‍ക്ക് മുകളില്‍ പ്രത്യേകം സ്ഥലം സജ്ജമാക്കിയിരുന്നു. അതിലെ കൈയെഴുത്ത് പ്രതികള്‍ അക്കാലത്തെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരുടെ ലിപികളാണ്. ഇബ്‌നുമുകല്ല, ഇബ്‌നുല്‍ ഖവ്വാസ് എന്നിവര്‍ അവരില്‍ പ്രധാനികളായിരുന്നു.


കോര്‍ഡോവയിലെ ഗ്രന്ഥശാലകള്‍
വൈജ്ഞാനിക നവോത്ഥാനം സ്‌പെയിനില്‍ കുതുബ്ഖാനകളുടെ വികാസത്തിന് മുഖ്യ പങ്ക്‌വഹിച്ചു. എഴുപതിലേറെ സ്വകാര്യ ഗ്രന്ഥാലയങ്ങള്‍ നിലവിലുണ്ടായിരുന്നു. ബനൂ ഉമയ്യ ഭരണാധികാരികള്‍ കുതുബ് ഖാനകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കി. അവയില്‍ അവസാന കുതുബാണ് ഏറ്റവും പ്രസിദ്ധമായത്. ഖലീഫ മുന്‍തസിറിന്റെ (ഹി. 354-366) കാലത്താണ് ഈ സ്ഥാപനം പ്രശസ്തിയുടെയും പുരോഗതിയുടെയും പാരമ്യതയിലെത്തുന്നത്. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ ഇസ്‌ലാമിക ലോകത്തെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി സമൂഹത്തിന്റെ ധൈഷണിക മുന്നേറ്റത്തിന് സഹായകമാകുന്ന ഗ്രന്ഥങ്ങള്‍ പ്രത്യേകം സംഘടിപ്പിച്ച് ഖസാനത് കുതുബില്‍ എത്തിക്കുമായിരുന്നു. ആയിരത്തി നാനൂറിലേറെ ഗ്രന്ഥങ്ങള്‍ അതിലുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.


ഇറാഖിലെ ഗ്രന്ഥശാലകള്‍
നജ്ഫിലെ മക്തബതുല്‍ ഹൈദരിയ്യയാണ് ഇറാഖിലെ പ്രശസ്തമായ ഗ്രന്ഥാലയം. ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും പ്രത്യേകം പരിഗണന നല്‍കിയ ഈ ഗ്രന്ഥശാലയുടെ സ്ഥാപകന്‍ സഈദുദൗല അല്‍ ബുഹൈവി (ഹി. 372) ആണ്. മുഴുവന്‍ പട്ടണങ്ങളിലെയും ഏറ്റവും പുതിയ കൈയെഴുത്ത് പ്രതികളും കിതാബുകളും ലഭ്യമാക്കി അതു അഭിവൃദ്ധിപ്പെടുത്തി അദ്ദേഹം. ഇബ്‌നുസിവാറാണ് രണ്ടാമത്തെ അറിയപ്പെട്ട ഗ്രന്ഥപ്പുര. ബസറയിലാണിത് സ്ഥിതിചെയ്യുന്നത്. അമൂല്യങ്ങളായ അനവധി കിതാബുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു ഇബ്‌നുസിവാര്‍. സാബൂറുബ്‌നു അര്‍ദശേര്‍ സ്ഥാപിച്ച കുര്‍ഹ് പ്രവിശ്യയിലെ  ഖസാനതു സാബൂറാണ് പ്രശസ്തമായ മറ്റൊരു ഗ്രന്ഥാലയം. ദാറുല്‍ ഇല്‍മ് എന്ന പേരില്‍ ഇതിനോടനുബന്ധിച്ച് വേറൊരു ഗ്രന്ഥപ്പുരയുമുണ്ട്. പലതരം വിജ്ഞാനശാഖകളില്‍ പതിനായിരക്കണക്കിന് സാംസ്‌കാരിക കേന്ദ്രവും പണ്ഡിത പ്രഭുക്കളുടെയും വായനക്കാരുടെയും നിരീക്ഷകരുടെയും കൂടിക്കാഴ്ചാവേദിയുമായിരുന്നു അവ. അബുല്‍ അലാ അല്‍ മഅറി എന്ന പ്രശസ്ത പണ്ഡിതന്‍ അതില്‍ ഒരാളായിരുന്നു.


പാഠശാലകളിലെ ലൈബ്രറികള്‍
ഇസ്‌ലാമിക ലോകത്തെ വിവിധ പ്രദേശങ്ങളിലെ മസ്ജിദുകളോടനുബന്ധിച്ചുള്ള പാഠശാലകളും അനുബന്ധ ഗ്രന്ഥശാലകളും ഗ്രന്ഥപ്പുരകളുടെ വളര്‍ച്ചക്ക് ഹേതുവായിട്ടുണ്ട്. നിളാമുല്‍ മുല്‍ക്ക് സ്ഥാപിച്ച (ഹി. 457, ക്രി. 1065) മക്തബതു മദ്‌റസതുന്നിളാമിയ്യയാണ് അവയില്‍ പ്രശസ്തമായത്. ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി അവിടെ പഠിച്ച് ബിരുദം കരസ്ഥമാക്കിയ പണ്ഡിത പ്രമുഖരില്‍ പ്രശസ്തനാണ്.


ബഗ്ദാദിലെ തന്നെ മദ്‌റസതുല്‍ മുസ്തന്‍സ്വരിയ്യ മറ്റൊരു പ്രധാന ഗ്രന്ഥശാലയാണ്. അബ്ബാസി ഭരണാധികാരി മുന്‍തസ്വിര്‍ ബില്ലയാണ് സ്ഥാപകന്‍.


കൈറോയിലും ഡമസ്‌കസിലും പാഠശാലകള്‍ ഉയര്‍ന്നുനിന്നു. അനുബന്ധമായി ഗ്രന്ഥപ്പുരകളും മസ്ജിദുകളും നിര്‍മിതമായി. മസ്ജിദുല്‍ അമവിയ്യയുടെ വടക്ക് ഭാഗത്തുള്ള അല്‍ മദ്‌റസത്തുല്‍ ആദിലിയ്യയുടെ പ്രശസ്തി ചക്രവാളങ്ങള്‍ ഭേദിച്ചു മുന്നേറി. അമവിയ്യ ഭരണകാലത്താണ് ഈ പാഠശാല സ്ഥാപിച്ചത്. സുല്‍ത്താന്‍ ളാഹിര്‍ ബൈറസ് നിര്‍മിച്ച ളാഹിരിയ്യാ മദ്‌റസയിലെ ദാറുല്‍ കുതുബുള്ളാഹിരിയ്യ രണ്ടാമത്തെ പ്രസിദ്ധ ഗ്രന്ഥശാലയാണ്. അപൂര്‍വ്വമായ അനവധി അറബി ലിപികളും പതിനായിരത്തോളം വരുന്ന ഗ്രന്ഥങ്ങളുമാണതിന്റെ സമ്പത്തുകള്‍. ഹി. 1879-ല്‍ നിര്‍മിതമായ ദാറുല്‍ കുതുബുല്‍ വത്വനിയ്യ നൂറുദ്ദീന്‍ അശഹീദ് എന്നിവയും ഡമസ്‌കസിലെ പ്രധാന ഗ്രന്ഥശാലകളാണ്.


സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നിര്‍മ്മിച്ച അല്‍ മദ്‌റസത്തുല്‍ വാളിലിയ്യ കൈറോയിലെ പ്രശസ്ത ഗ്രന്ഥപ്പുരയാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പാഠശാലകളോടനുബന്ധിച്ച് സ്ഥാപിച്ച പാഠശാലകള്‍ മുഴുവനും പ്രസിദ്ധി നേടി. മദ്‌റസതു സുല്‍ത്താന്‍, ഹസന്‍ മദ്‌റസതു ള്ളാഹിരിയ്യ, മദ്‌റസത്തുല്‍ ജമാലുദ്ദീന്‍ ഉസ്താദ് നാര്‍, അല്‍ മദ്‌റസത്തുല്‍ കാമിലിയ്യ, മദ്‌റസത്തു ഇബ്‌നു ഹജറുല്‍ അസ്ഖലാനി, മദ്‌റസതുല്‍ ബര്‍ദീനി തുടങ്ങിയവ അവയില്‍ ചിലതു മാത്രം.


പാഠശാല, മക്കയിലും മദീനയിലും
ഇസ്‌ലാമിക ലോകത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളായി പാഠശാലകള്‍ ഉയര്‍ന്നപ്പോഴൊക്കെ പരിശുദ്ധ മക്കയും മദീനയും അവയുടെ ഭാഗധേയം വഹിച്ചിട്ടുണ്ട്. ബാബുസ്സലാമിന്റെ സമീപത്തെ മദ്‌റസ നിര്‍മാണത്തെയും (ഹി. 641 – ക്രി. 1233) അതിനു കീഴിലെ ശറഫുദ്ദീന്‍ ഇഖ്ബാല്‍ അശ്ശറാബി സ്ഥാപിച്ച വലിയ ഗ്രന്ഥപ്പുരയെയും കുറിച്ച് കുതുബി തന്റെ ചരിത്രത്തില്‍ എടുത്തുപറയുന്നുണ്ട്. സുല്‍ത്താന്‍ മംമ്‌ലൂക്കി അഷ്‌റഫ് കായ്തബാനി ഹി. 1882 ക്രി. 1477-ല്‍ ബാബുസ്സലാമിനടുത്ത് പുതിയൊരു മക്തബ കൂടി നിര്‍മിക്കാന്‍ ഉത്തരവിട്ടു. ഒരു സന്ദര്‍ശകഹാളും തഫ്‌സീര്‍, ഹദീസ്, നാല് മദ്ഹബുകളിലെയും ശറഈ വിജ്ഞാനം, ഭാഷ തുടങ്ങി വിവിധ മേഖലകളിലായി ബൃഹത്തായ കുതുബ്ഖാനയും ഉള്‍ക്കൊള്ളുന്നതാണ് കായ്തബായുടെ മദ്‌റസ. സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂന്‍ നാല് മദ്‌റസകള്‍ കൂടി സ്ഥാപിക്കുകയും (ഹി. 972 ക്രി. 1565) ഗ്രന്ഥപ്പുരകള്‍ കൊണ്ടവയെ വികസിപ്പിക്കുകയും ചെയ്തു.


ധാരാളം യൂറോപ്യന്‍ പര്യവേഷകര്‍ മക്കയുടെ സാംസ്‌കാരിക ജീവിത മോഡല്‍ രേഖപ്പെടുത്താന്‍ താല്‍പര്യപ്പെട്ടിരുന്നു. അവരില്‍ പ്രമുഖനായ ഓറിയന്റലിസ്റ്റ് സനോക് ഹോര്‍ജറോനിഹ് പറയുന്നു: ‘മക്കയിലെ ചിരപുരാതന യൂണിവേഴ്‌സിറ്റിയാണ് ഹറം ശരീഫ്. മക്കയിലെ പഠന വ്യവസ്ഥിതിയെയും സുബ്ഹി നമസ്‌കാരാനന്തരമുള്ള ഹല്‍ഖയെ സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. പുരോഗതിയുടെ പാരമ്യതയിെലത്തിയ സാംസ്‌കാരിക ജീവിതത്തെയും പ്രതിപാദിക്കുന്നു. ഇസ്‌ലാമിക ലോകത്ത് മക്ക നടത്തിയ ചിന്താസ്വാധീനവും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും സാംസ്‌കാരിക ജീവിതവും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ കാരണമായി അന്നും ഇന്നും ഒരുപോലെ ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനിക സിരാകേന്ദ്രമായി അത്.


ഡോക്ടര്‍ സുഹൈസ്വാഖാന്‍ തന്റെ ഗ്രന്ഥമായ നുബൂബുല്‍ ഉസ്മാനിയ്യയില്‍ വിവരിക്കുന്നു: ”മക്കയിലെ ഭരണാധികാരികള്‍ കുതുബ്ഖാനകള്‍ നിര്‍മിക്കാനും അതിന് പ്രത്യേകം പണം നീക്കിവെക്കാനും പ്രാമുഖ്യം നല്‍കി.”


‘സംസം’ കിണറിന് ചാരെയാണ് ആ ഗ്രന്ഥശാലകള്‍. കുതുബ്ഖാനയില്‍ ഷെല്‍ഫുകളും വ്യത്യസ്ത ശാഖകള്‍ക്ക് പ്രത്യേകം സ്ഥലവും സൗകര്യവുമുണ്ടായിരുന്നു. ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഗ്രന്ഥശാലാ വികസനമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഗ്രന്ഥങ്ങളുടെ കാറ്റലോഗുകള്‍ അതിന്റെ തൂണുകളില്‍ പ്രത്യേകം ആലേഖനം ചെയ്തിരുന്നു. പകര്‍പ്പെഴുത്തുകാരെയും ബൈന്റിംഗ് തൊഴിലാളികളെയും അവിടെ തയ്യാറാക്കിയിരുന്നു.


മദീനയിലെ ഗ്രന്ഥശാലകളും അങ്ങനെതന്നെ. ഹറം അല്‍മദീനി (ഹി. 1255. ക്രി. 1223)) സുല്‍ത്താന്‍ മഹ്മൂദ് ഷാ നിര്‍മ്മിച്ച മക്തബതുല്‍ മുഹമ്മദിയ്യ മക്തബതുല്‍ ബഷീര്‍ തുടങ്ങിയവ മദീനയിലെ പ്രശസ്തവും പ്രധാനവുമായ ഗ്രന്ഥപ്പുരകളാണ്. പണ്ഡിതനും സാഹിത്യകാരനുമായ ആരിഫ് ഹിക്മത് സ്ഥാപിച്ച (1270 ഹി.) മക്തബതു ആരിഫ് ഹിക്മ മദീനയിലെ ബൃഹത്തായൊരു ലൈബ്രറിയാണ്. ശൈഖുല്‍ ഇസ്‌ലാം എന്ന നാമധേയത്തിലാണ് ആരിഫ് ഹിക്മത് അറിയപ്പെടുന്നത്. ഈ ഗ്രന്ഥാലയത്തെ പ്രത്യേകം എടുത്തുപറയാന്‍ കാരണം, വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ പതിനായിരത്തിലധികം കിതാബുകളും 4718 പ്രിന്റുകളും നിലവിലുള്ളതുകൊണ്ടും മസ്ജിദുന്നബവിയുടെ ഹറമിനടുത്ത് സ്ഥിതിചെയ്യുന്നു എന്നതുകൊണ്ടുമാണ്. രണ്ടാം നിലയില്‍ മക്തബുല്‍ മുഹമ്മദിയ്യയും മൂന്നാം നിലയില്‍ മുക്തബതുല്‍ ഹറമും സ്ഥിതിചെയ്യുന്നു. പബ്ലിക് സ്ഥാപനമായ മക്തബതുല്‍ അല്‍ മാലിക് അബ്ദുല്‍ അസീസ് ആണ് ആസ്ഥാനം.


ഖുദ്‌സിലെ ഗ്രന്ഥപ്പുരകള്‍
സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഖുദ്‌സ് വിമോചനം (ഹി. 583, ക്രി. 1187) ശാം വരെ വ്യാപിച്ചതോടെ വൈജ്ഞാനിക നവോത്ഥാനത്തിന് തുടക്കമായി. പ്രത്യേകിച്ച് പരിശുദ്ധ ഖുദുസ് പ്രവിശ്യയില്‍. അറിവിനും അതിന്റെ വക്താക്കള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കി. കുരിശ് പോരാളികളും താര്‍ത്താരികളും മംഗോളിയരും മലീമസമാക്കിയ വൈജ്ഞാനിക പരിസ്ഥിതിയും അവര്‍ കരിച്ചുകളഞ്ഞ ഗ്രന്ഥശാലകളും തകര്‍ത്ത് തരിപ്പണമാക്കിയ ഇസ്‌ലാമിക പൈതൃകങ്ങളും തിരിച്ചുപിടിക്കാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് സാധിച്ചു. മസ്ജിദുല്‍ അഖ്‌സയുടെയും മസ്ജിദു ഖുബതു സഹ്‌റയുടെയും പുനര്‍നിര്‍മാണത്തിന് അദ്ദേഹം വലിയ പരിഗണന നല്‍കി. ഫുര്‍സാന്‍ ഇസ്തിബാതിരിയ്യ നിര്‍മിച്ച വീടിനെ ശാഫിഈ മദ്ഹബ് പഠിപ്പിക്കുന്ന ഒരു വലിയ പാഠശാലയാക്കി പരിവര്‍ത്തിച്ചാണ് സ്വലാഹുദ്ദീന്‍ അയ്യൂബി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുജീറുദ്ദീന്‍ അലീമി പറയുന്നു: ”കുരിശ് പോരാളികള്‍ സ്വഖ്‌റയില്‍ സ്ഥാപിച്ച കെട്ടിടം പൊളിക്കാനും പഴയ പള്ളിയായി പുനര്‍നിര്‍മിക്കാനും സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ആവശ്യപ്പെട്ടു.”


പൊതുമേഖല-സ്വകാര്യ ഗ്രന്ഥശാലകള്‍ ഖുദ്‌സ് പ്രവിശ്യയില്‍ വ്യാപകമായിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ഖസാനതുല്‍ മസ്ജിദുല്‍ അഖ്‌സാ. പ്രിന്റ് ചെയ്ത പതിനായിരക്കണക്കിന് ഗ്രന്ഥങ്ങളും ആയിരം കൈയെഴുത്ത് പ്രതികളും അടങ്ങിയതാണ് ഗ്രന്ഥശാല. ഭാഷാ, സാഹിത്യം, കര്‍മശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഭൂമിശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിലായിരുന്നു കൂടുതല്‍ ഗ്രന്ഥങ്ങളും.


ഖസാനതു ആലു അബീലുതുഫ്, ഖസാനതു ആലു ബദിറി, ഖസാനത്തു ആലുത്തര്‍ജുമാന്‍, ഖസാനത്തു ആലു ഖുവൈസിനി, ആലുല്‍ ഖലീലി, ആലു ദാവദി, അബ്ദുല്ലാ മഹ്മസ്, ആലു ഖുത്‌നിയ്യ, അസ്ആഫന്നാഷാസിമി, മഹ്മൂദുല്ലിഹാം, ആലുല്‍ ഫഹ്‌രി, ആലുല്‍ മുവഖ എന്നിവയാണ് ഖുദുസിലെ സ്വകാര്യ ഗ്രന്ഥശാലകള്‍. പതിനായിരത്തിലധികം വാള്യങ്ങള്‍ കയ്യെഴുത്ത് പ്രതികളുണ്ടായിരുന്നു. സ്വകാര്യ ഗ്രന്ഥശാലകളില്‍ പ്രശസ്തിയും പ്രാധാന്യവുമുള്ള മക്തബതു ഖാലിദിയ്യയും ഖുദ്‌സിലെ ദാറുല്‍ കുതുബും ഫലസ്തീനിലെ പബ്ലിക് ലൈബ്രറിയാണ്.


പരിശുദ്ധ ഖുദ്‌സിന്റെ ചാരത്ത് വലിയൊരു കെട്ടിടം നിര്‍മിക്കാന്‍ ഉന്നത കുടുംബങ്ങളുടെ സഹായത്തില്‍ റാഇബ് ആഫര്‍ദി അല്‍ ഖാലിദിയ്യക്കാണ് ആ സൗഭാഗ്യമുണ്ടായത്. പ്രപിതാക്കളുടെ തിരുശേഷിപ്പുകളില്‍ നിന്ന് വലിയൊരളവ് ഗ്രന്ഥങ്ങള്‍ അതിലവര്‍ നിക്ഷേപിച്ചു. ഗവേഷണമാഗ്രഹിക്കുന്നവര്‍ പ്രസ്തുത ഗ്രന്ഥശാലയില്‍ വരികയും അതിനെ ഒരു പൊതുവിജ്ഞാന കേന്ദ്രമാക്കുകയും ചെയ്തു. വിശ്വസ്തനായ സൂക്ഷിപ്പുകാരനായിരുന്നു അതിന്റെ മേല്‍നോട്ടം. മക്തബതു ഖാലിദിയ്യ ഒരു പാഠശാലയായി പരിണമിക്കുകയും അതിന്റെ ഉടമസ്ഥത ഖദീജ ഖാലിദിയ്യയില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ലോകോര്‍ട്ടിലെ ജസ്റ്റിസും മകനുമായ റാഇബ് ഖാലിദിനോട് കുടുംബഗ്രന്ഥങ്ങള്‍ മുഴുവനും മദ്‌റസയിലേക്ക് നീക്കം ചെയ്യാനും അത് വഖ്ഫ് സ്ഥാപനമാക്കാനും മഹതി വസിയ്യത്ത് ചെയ്തു. ഹി. 1318 (ക്രി. 1900)ല്‍ അദ്ദേഹം ആ വസ്വിയ്യത്ത് നടപ്പിലാക്കി.


കൈറോയിലെ ഗ്രന്ഥാലയങ്ങള്‍
അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ മക്തബതുല്‍ അസ്ഹരിയ്യ ഇസ്‌ലാമിക ലോകത്തെ ഏറ്റവും  ബൃഹത്തായ ലൈബ്രറിയാണ്. പ്രാരംഭ കാലം മുതല്‍ ഇന്നും വൈജ്ഞാനിക സന്ദേശം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ് അസ്ഹരിയ്യ. കര്‍മശാസ്ത്രം, ഭാഷ, സാഹിത്യം, ഇസ്‌ലാമിക ശരീഅത്ത് തുടങ്ങിയ വിജ്ഞാന ശാഖകളിലെ ഗ്രന്ഥങ്ങള്‍ കൊണ്ടും കൈയെഴുത്ത് പ്രതികളാലും ബൃഹത്തായതാണീ ഗ്രന്ഥശാല. മക്തബതു ജാമിഉല്‍ അസ്ഹരിയ്യയും, മക്തബതുല്‍ അഅ്‌ലാമും ഇതിനോടനുബന്ധിച്ചുള്ള ഗ്രന്ഥശാലയാണ്. ദാറുല്‍ കുതുബില്‍ മിസ്വരിയ്യ സമകാലിക ഗ്രന്ഥശാലകളില്‍ സര്‍വ്വര്‍ക്കും സുപരിചിതമാണ്.


ഇസ്മാഈല്‍ ഹുദൈവിയുടെ കാലത്തെ സാംസ്‌കാരിക മന്ദിരങ്ങളുടെയും ഗ്രന്ഥശാലകളുടെയും നിര്‍മാണത്തിന്റെ എല്ലാ ചരടും ആധുനിക നവോത്ഥാനത്തിന്റെ പിതാവും മിസ്‌റിലെ അറിവിന്റെ അപ്പോസ്തലനുമായ അലി പാഷാ മുബാറക്കിന്റെ കയ്യിലായിരുന്നു. ഹി. 1286-ല്‍ ഇസ്മാഈല്‍ പാഷാ ഖജനാവ് സൂക്ഷിപ്പുകാരനോട് കുതുബ് ഖാന നിര്‍മിക്കാന്‍ മാത്രം മുവ്വായിരം ഡോളര്‍ നീക്കിവെക്കാന്‍ ആവശ്യപ്പെട്ടു. ഹിജ്‌റ 1286 ദുല്‍ഹിജ്ജ മാസത്തില്‍ ഇസ്മാഈല്‍ ഹുദൈവി പ്രസ്തുത ഗ്രന്ഥാലയം പൊതുപ്രവര്‍ത്തന മേഖലയാക്കാനും ഔഖാഫ് രജിസ്റ്റര്‍ ചെയ്യാനും അലി പാഷാ മുബാറക്കിന്റെ കീഴിലാക്കാനും കല്‍പിച്ചു. ഹി. 1287 റജബ് (1870 സെപ്തംബര്‍)ലാണ് കുതുബ്ഖാന തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. മുഷ്ഹദ് ഹുസൈന്റെ ഭരണകാലത്ത് ബൈത്തുല്‍ മാലിന്റെ കീഴില്‍ അലി പാഷാ നിര്‍മിച്ച മക്തബയും പ്രസ്തുത കുതുബ്ഖാനയോട് ചേര്‍ക്കാന്‍ അനുമതി നല്‍കി. സഹോദരന്‍ മുസ്തഫാ അലി പാഷയുടെ  ഖുതുബ് ഖാന വിലയ്ക്ക് വാങ്ങുകയും ചെയ്തു. അപൂര്‍വ്വമായ പകര്‍പ്പെഴുത്തുകളും നിരവധി ഗ്രന്ഥങ്ങളും ശേഖരിച്ച് ദാറുല്‍ കുതുബുല്‍ മിസ്വരിയ്യക്ക് അദ്ദേഹം നല്‍കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ പള്ളികളിലും മദ്രസകളിലും പണ്ഡിതന്മാര്‍ തടഞ്ഞുവെച്ച മുവ്വായിരത്തോളം ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്തി പ്രസ്തുത ഗ്രന്ഥാലയത്തിലെത്തിച്ചു. ഇന്‍ഫാതിയാത് എന്ന പേരില്‍ സന്ദര്‍ശകര്‍ക്ക് ഒരു ഹാളും നിര്‍മ്മിച്ചിരുന്നു.


1904-ല്‍ ഖുദൈവി അബ്ബാസ ഹില്‍മിയാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഒരു അറേബ്യന്‍ ശില്‍പ്പിയുടെ മോഡലായതുകൊണ്ട് ദാറുല്‍ കുതുബുല്‍ ഖുദൈവി എന്ന കെട്ടിടം മിസറിന്റെ സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നായിത്തീര്‍ന്നു. അതിന്റെ തിരുമുറ്റത്തേക്ക് വരുന്നവരെ മുഴുവനും ഭക്തിയും ഔന്നത്യവും ഗ്രസിക്കും. വ്യത്യസ്ത ഇസ്‌ലാമിക ദേശങ്ങളിലെ പണ്ഡിതനും പാമരനും ഗ്രാമീണനും നഗരവാസിയും വായനക്കാരും ഗവേഷകരും ഇങ്ങനെ നാനാതുറകളിലുള്ളവരുടെ സംഗമ കേന്ദ്രമാണ് കുതുബ്ഖാന. ഒരുപാട് സ്വകാര്യ ഗ്രന്ഥശാലകള്‍ ദാറുല്‍ കുതുബില്‍ ഖുദൈവിയ്യക്ക് കീഴിലുണ്ട്. മക്തബതുല്‍ ഔല, ഖലീല്‍ അഖാ, ഇബ്രാഹീം ഹലീം, അഹ്മദ് തൈമൂര്‍ ബാഷാ, അഹ്മദ് ബാഷാ ഇവയില്‍ ചിലതാണ്. പൊതു ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും നിരവധി ഗ്രന്ഥശാലകളുണ്ട്. കമാലുദ്ദീന്‍ ഹുസൈന്‍, യൂസുഫ് കമാല്‍, ഉമര്‍ തോസോണ്‍ എന്നിവയാണവ. അറുപതിനായിരം അമൂല്യമായ കയ്യെഴുത്ത് പ്രതികളും പ്രിന്റുകളും ദാറുല്‍ കുതുബില്‍ ഉണ്ടായിരുന്നു. മുസ്‌ലിംകളുടെ കലാചിഹ്നമായ തൂവല്‍കൊണ്ട് എഴുതിയ അഭൂത പൂര്‍വ്വമായ പ്രതികള്‍ അതിലുണ്ട്. അഹ്മദ് ലുതുഫി സയ്യിദ്, മന്‍സൂര്‍ ഫഹ്മീ ബാഷ, തൗഫീഖുല്‍ ഹക്കീം എന്നിവര്‍ ദാറുല്‍ കുതുബിന്റെ നിയന്ത്രണമേറ്റെടുത്തവരില്‍ പ്രമുഖരാണ്. നൈലിന്റെ കവി ഹാഫിള് ഇബ്‌റാഹീം അവിടത്തെ ഉദ്യോഗസ്ഥനും പഠിതാവുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter