ഇസ്‍ലാമിക ചരിത്രനഗരങ്ങള്‍ - 07 ഗോര്‍-മാല്‍ഡ : ബംഗാളിലെ ഷാഹി രാജവംശങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ ബംഗാള്‍ ജീവിതത്തിനിടക്ക് പലവട്ടം ഗോര്‍-മാല്‍ഡ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം സാം ഡാരിംബിള്‍ ഇസ്‌ററഗ്രാമില്‍ പങ്കുവെച്ച പഴയ 'ഗോര്‍' പട്ടണത്തിലേക്കുള്ള ബംഗ്ലാദേശ് സൈഡില്‍ നിന്നെടുത്ത ഒരു ഫോട്ടോയാണ് നഗരത്തെ കുറിച്ച് ആഴത്തിലുള്ള ചിന്തയിലേക്ക് എന്നെ എടുത്തെറിയുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു-കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗൗര്‍-മാള്‍ഡ ദീര്‍ഘകാലം നീണ്ടു നിന്ന മുസ്‍ലിം ഭരണത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും തെളിവായി  ഇന്നും നിലകൊള്ളുന്ന നഗരമാണ്. ആധുനികതയെ പുല്‍കി കൊണ്ടിരിക്കുന്നെങ്കിലും പഴമയുടെയും പാരമ്പര്യത്തിന്റെയും ചരിത്ര സ്മാരകങ്ങള്‍ ഗോറിന്റെ ഓരോ തെരുവിലും ചുവന്ന ഇഷ്ടികക്കൂട്ടങ്ങള്‍ കണക്കെ ഇന്നും കണ്ടെത്താനാവും. ഗോറിന്റെ ചരിത്രവും വര്‍ത്തമാനവുമാണ് ഇന്നത്തെ കുറിപ്പില്‍.. 

പഴയ ഗംഗയുടെയും മഹാനന്ദ നദിയുടെയും സംഗമസ്ഥാനമായിരുന്ന ഗൗറിന്റെ അവശിഷ്ടങ്ങള്‍ ഇന്നത്തെ പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയ്ക്കും ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിനും ഇടയിലാണ് കിടക്കുന്നത്. ഒരുകാലത്ത് സമ്പല്‍ സമൃദ്ധിപൂണ്ട തലസ്ഥാന നഗരിയും ഇസ്‍ലാമിക നാഗരികതയുടെ കേന്ദ്രവുമായിരുന്ന ഈ പുരാതന നഗരം, അനവധി രാജവംശങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്കും ശ്രദ്ധേയരായ രാജാക്കന്മാരുടെ ഭരണങ്ങള്‍ക്കും വിസ്മയിപ്പിക്കുന്ന സ്മാരകങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 

ഗോര്‍ (മുസ്‌ലിം പേര് ലക്‌നോത്തി) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നഗരം പത്താം നൂറ്റാണ്ടിന് ശേഷം ഒട്ടനേകം മുസ്‌ലിം രാജവംശങ്ങളുടെ തലസ്ഥാനമായിട്ടുണ്ട്. ആറാം നൂറ്റാണ്ടു മുതലാണ് ഗൗറിന്റെ ചരിത്രം ആരംഭിക്കുന്നത്. ഗോര്‍ എന്നതിന് പകരമായി 'ഗൗഡ' എന്നു വിളിക്കപ്പെട്ടിരുന്ന ആ കാലത്ത് സന്‍സക രാജാവാണ് ആദ്യമായി തന്റെ തലസ്ഥാനം ഇവിടെ സ്ഥാപിക്കുന്നത്. പിന്നീട് ബുദ്ധമതക്കാരായ പാല രാജവംശം ഈ പ്രേദശങ്ങള്‍ കീഴകടക്കുയും തങ്ങളുടെ കേന്ദ്രമാക്കുയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്തനേറ്റിന്റെ കാലത്താണ് പാല രാജവംശത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഗോര്‍ പ്രവിശ്യയില്‍ ആദ്യമായി മുസ്‌ലിം ഭരണം സ്ഥാപിതമാവുന്നത്. ഇന്നത്തെ ബരിഷാല്‍ എന്ന പ്രദേശത്തിന്റെ ചുറ്റിലുമുള്ള സ്ഥലങ്ങളെയായിരുന്നു (വംഗനാട്/ Vanga Kindom) പണ്ടുകാലത്ത് 'ബൊംഗോ' എന്നു വിളിച്ചിരുന്നത്. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ബംഗാളിലെ ഏറ്റവും പ്രമുഖരായ മുസ്‌ലിം രാജവംശമായിരുന്ന ഇല്‍യാസ് ഷാഹി രാജാക്കാന്മാരുടെ കാലത്താണ് ഹൂഗ്ലിമുതല്‍ ചിറ്റഗോംഗ് വരെയുള്ള പ്രദേശത്തിനൊട്ടാകെ ബംഗാള്‍ എന്ന പേരുവരുന്നതും അവിടത്തെ താമസക്കാര്‍ ബംഗാളികള്‍ എന്നു വിളിക്കപ്പെടുന്നതും. 

ഗോര്‍-മാല്‍ഡ മുസ്‌ലിം ഭരണത്തിന് കീഴില്‍ 

1. ഡല്‍ഹി സുല്‍ത്താനേറ്റ്

ഗോറിന്റെ മുസ്‌ലിം ചരിത്രം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ (1204) ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുതുബുദ്ദീന്‍ ഐബക്കിന്റെ കമാന്‍ഡറായിരുന്ന ബക്തിയാര്‍ ഖില്‍ജിയുടെ സൈന്യം ബംഗാള്‍ കീഴടക്കുന്നതോടെയാണ്. ഡല്‍ഹിയില്‍ നിന്നും ദൂരെ സ്ഥിതിചെയ്യുന്ന ബംഗാള്‍ പ്രോവിന്‍സില്‍ സുല്‍ത്താന് വേണ്ടി വാലികളും (ഗവര്‍ണര്‍) നവാബുമാരുമാണ് ഭരണം നടത്തികൊണ്ടിരുന്നത്. ഫലഭൂയിഷ്ഠമായ ഭൂമിയും ബംഗാള്‍ ഉള്‍ക്കടലിന്റെ സാമീപ്യവും മൂലം  ഡല്‍ഹി സുല്‍ത്താനേറ്റിന്റെ സുപ്രധാന സാമ്പത്തിക സ്രോതസായിരുന്നു ബംഗാള്‍. ഉപഭൂഖണ്ഡത്തിനകത്തും വിദേശരാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ഈ പ്രദേശം സുപ്രധാനമായ പങ്ക് വഹിച്ചുപോന്നു. നെല്‍ക്കൃഷിയും ചണ ഉല്‍പ്പാദനവും ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല ബംഗാളിന്റെ സമൃദ്ധിക്ക് ആക്കം കൂട്ടി. പേര്‍ഷ്യന്‍ അറബിക് ഭാഷകളെ പോലത്തന്നെ ബംഗാളി ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെും വളര്‍ത്തുന്നതിലും സുല്‍ത്തനേറ്റിലെ രാജാക്കന്മാര്‍ ശ്രദ്ധ ചെലുത്തിയിരുന്നു. 

സുല്ത്താനേറ്റിന്റെ കാലത്തു തന്നെ തദ്ദേശീയരായ രാജാക്കാന്മാര്‍ ചെറിയരീതില്‍ ശക്തിപ്രാപിക്കാനും സ്വതന്ത്ര ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും ശ്രമം നടത്തി തുടങ്ങിയിരുന്നു. ഒടുവില്‍ 1338 ല്‍ മുഹമ്മ്ദ് തുഗ്ലക്കിന്റെ കാലത്താണ് ബംഗാള്‍ ഡല്‍ഹി സുല്‍ത്തനേറ്റില്‍ നിന്നും സ്വതന്ത്രമാവുന്നത്. പൂര്‍വ, ഉത്തര, പശ്ചിമ ബംഗാള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പ്രവിശ്യകളിലെ ഭരണകര്‍ത്താക്കള്‍ തങ്ങളുടെ പ്രദേശങ്ങളിലെ സ്വാധീനം വെച്ച് മൂന്ന് സ്വതന്ത്ര ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. ഫഖ്‌റുദ്ദീന്‍ മുബാറക് ഷായാണ് പൂര്‍വ ബംഗാളിലെ ഭരണകൂടം സ്ഥാപിക്കുന്നത്. അത്തരത്തില്‍ പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളിലായി ഉത്തര പശ്ചിമ ബംഗാളില്‍ ഉദയം കൊണ്ട രണ്ട് പ്രമുഖ രാജവംശങ്ങളാണ് ഇല്‍യാസ് ഷാഹികളും ഹുസൈന്‍ ഷാഹികളും. ബംഗാളിന്റെ, പ്രത്യേകിച്ചും ഗോര്‍-മാല്‍ഡയുടെ, ഛായ തന്നെ മാറ്റുന്നതില്‍ ഈ രണ്ട് ഭരണകൂടങ്ങള്‍ വഹിച്ച് പങ്ക് വലുതാണ്. 

2. ഇല്‍യാസ് ഷാഹി രാജാക്കന്മാര്‍

പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്തനേറ്റില്‍ നിന്നും സ്വതന്ത്രമായി ശംസുദ്ദീന്‍ ഇല്‍യാസ് ഷാ (AD1342-1358) സ്ഥാപിച്ച ഭരണകൂടമാണ് ഇല്‍യാസ് ഷാഹി രാജവംശം. ബംഗാളിന്റെ ചരിത്രത്തില്‍ ഈ രാജവംശം വലിയ പങ്ക് വഹിക്കുകയും പ്രദേശത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ വളര്‍ച്ചക്ക് സുപ്രധാനമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ വെസ്റ്റ് ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗോറിലാണ് ഷാഹികള്‍ തങ്ങളുടെ തലസ്ഥാനം സ്ഥാപിക്കുന്നത്. ശംസുദ്ദീന്‍ ഇല്യാസ് ഷായുടെയും അദ്ദേഹത്തിന്റെ  പിന്‍ഗാമികളായ സികന്ദര്‍ ഷാ, ഗിയാസുദ്ദീന്‍ ഷാ, സുല്‍ത്താന്‍ ജലാലുദ്ദീന്‍ തുടങ്ങിയവരുടെ  ഭരണത്തിന് കീഴില്‍ രാജവംശം വികസിക്കുകയും ബംഗാളിലെ അനിഷേധ്യ ശക്തിയായി വളരുകയും ചെയ്തു. 

തദ്ദേശീയ ബംഗാളി വാസ്തുവിദ്യയുടെ ഘടകങ്ങളും ഇസ്‍ലാമിക വാസ്തുവിദ്യാ ശൈലികളും സമന്വയിപ്പിച്ച വാസ്തുവിദ്യാ വിസ്മയങ്ങളുടെ നിര്‍മാണത്തിന്  പേരുകേട്ടവരാണ് ഇല്യാസ് ഷാഹി ഭരണാധികാരികള്‍. ഈ സമന്വയത്തിന്റെ ഫലമായി  സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ അലങ്കരിച്ച താഴികക്കുടങ്ങളുള്ള മസ്ജിദുകളും നിരവധി കെട്ടികങ്ങളും പണികഴിക്കപ്പെട്ടു. ഇത്തരം വാസ്തുവിദ്യാ സംയോജനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങള്‍ അവരുടെ ഭരണകാലത്ത് നിര്‍മ്മിച്ച ശവകുടീരങ്ങളിലും മിനാരങ്ങളിലും ഇന്നും കാണാം. സുല്‍ത്താന്‍ സികന്ദര്‍ ഷാ കമ്മീഷന്‍ ചെയ്ത അദീന മസ്ജിദും (1375) സുല്‍ത്താന്‍ ജലാലുദ്ദീന്‍ ഷായുടെയും ഭാര്യ-മക്കളുടെയും ശവകുടീരമായ എക്‌ലാകി മൊസോളിയവും (1425) ഈ രാജവംശത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാസ്തുവിദ്യാ വിസ്മയങ്ങളാണ്. ശംസുദ്ദീന്‍ അഹ്മദ് ഷാ ആയിരുന്നു ഇല്‍യാസ് ഷാഹികളിലെ അവസാനത്തെ രാജാവ്. ഇദ്ദേഹത്തിന്റെ അവസാന കാലത്ത് കൊട്ടാരത്തിലെ ഏത്യോപ്യന്‍ അടിമവംശജര്‍ ഭരണം കയ്യാളുകയും അടുത്ത ഇരുപത് വര്‍ഷത്തോളം ബംഗാളില്‍ ഭരണം നടത്തുകയും ചെയ്തു. പിന്നീട് ഇവരില്‍ നിന്ന് ഭരണചക്രം ചെന്നെത്തുന്നത് ഹുസൈന്‍ ഷാഹി രാജവംശത്തിലേക്കാണ്.  

3. ഹുസൈന്‍ ഷാഹി രാജാക്കന്മാര്‍ 

ഇല്യാസ് ഷാഹികള്‍ക്ക് ശേഷം ഇന്ത്യന്‍ ഉപഭൂഗണ്ഡം കണ്ട മികച്ച ഭരണകൂടമായിരുന്നു പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളില്‍ ഗോര്‍ കേന്ദ്രീകരിച്ച് ഭരണം നടത്തിയ ഹുസൈന്‍ ഷാഹികള്‍. 1494 ല്‍ അലാവുദ്ദീന്‍ ഹുസൈന്‍ ഷായാണ് ഈ ഭരണകൂടത്തിന് ആരംഭം കുറിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഷാഹികള്‍ തങ്ങളുടെ പ്രദേശം വികസിപ്പിക്കുകയും ഗോറിലാകമാനം സ്ഥിരതയും സമൃദ്ധിയും വിളയാടുകയും ചെയ്തു. നുസ്രത്ത് ഷാ, അലാവുദ്ദീന്‍ ഫിറോസ്, ഗിയാസുദ്ദീന്‍ മഹ്മൂദ് തുടങ്ങി പ്രബലരായ രാജാക്കന്മാര്‍ അദ്ദേഹത്തെ തുടര്‍ന്ന് ഗോറില്‍ ഭരണം നടത്തി. ഇന്നത്തെ ബീഹാര്‍, ഒറിസ, ആസാം തുടങ്ങിയ പ്രദേശങ്ങളൊക്കെ തങ്ങളുടെ ഭരണത്തിന് കീഴില്‍ കൊണ്ടുവരാന്‍ ഈ രാജാക്കന്മാര്‍ക്ക് സാധിച്ചു. ഗോര്‍ ആയിരുന്നു ഹുസൈന്‍ ഷാഹികളുടെയും ഭരണ തലസ്ഥാനം. 

ഹുസൈന്‍ ഷാഹി ഭരണാധികാരികള്‍ കലയുടെയും വാസ്തുവിദ്യയുടെയും സംരക്ഷണത്തിന് പേരുകേട്ടവരായിരുന്നു. ഇല്യാസ് ഷാഹികളെ പോലെത്തന്നെ തദ്ദേശീയ ബംഗാളി, ഇസ്‍ലാമിക വാസ്തുവിദ്യാ ശൈലികളെ സമന്വയിപ്പിച്ച് നിരവധി മസ്ജിദുകളും ശവകുടീരങ്ങളും മറ്റു വാസ്തുവിദ്യാ അത്ഭുതങ്ങളും അവരും നിര്‍മ്മിച്ചു. വാലി മുഹമ്മദ് പണികഴിപ്പിച്ച ഛോട്ടാ സോന മസ്ജിദ് (ഇന്നത്തെ ബംഗ്ലാദേശ് ഗോറില്‍) ഇവരുടെ വാസ്തുവിദ്യ താല്‍പര്യങ്ങളുടെ മകുടോദാഹരണമാണ്.

അലാവുദ്ദീന്‍ ഹുസൈന്‍ ഷായുടെ ഭരണകാലത്താണ് ബംഗാളി സാഹിത്യം നിസ്തുലമായ വികാസം പ്രാപിക്കുന്നത്. സാഹിത്യപ്രേമിയായിരുന്ന ഹുസൈന്‍ ഷായുടെ ഗവര്‍ണര്‍ പരഗല്‍ ഖാന്‍ ബംഗാളി സാഹിത്യത്തെ പരിപോഷിക്കുന്നതില്‍ വലിയ സംഭാവനകളര്‍പ്പിച്ചു. മഹാഭാരതത്തിന്റെ ബംഗാളി വിവര്‍ത്തനം ഈ കാലഘട്ടത്തില്‍ കബീന്ദ്ര പരമേശ്വരന്‍ 'പാണ്ഡബിജയ്' എന്ന പേരില്‍ എഴുതി പ്രസിദ്ദീകരിച്ചു. പരഗല്‍ ഖാന്റെ മകനായ ഛുട്ടി ഖാന്റെ രക്ഷാകര്‍തൃത്വത്തില്‍ പിന്നീട് ശ്രീകര്‍ നന്ദി ഇതിന്റെ മറ്റൊരു ബംഗാളി അഡാപ്‌റ്റേഷനും എഴുതുകയുണ്ടായി. മത സഹിഷ്ണുതയുടെ കാര്യത്തിലും ഹുസൈന്‍ ഷാ പ്രശസ്തനായിരുന്നു. ഈ കാലത്തെ പ്രശസ്തനായ സന്യാസിയായിരുന്ന ചൈതന്യ മഹാപ്രഭു തന്റെ അനുയായികളോടൊപ്പം ബംഗാളിലെമ്പാടും ഭക്തി ആരാധന പ്രചാരണം ആരംഭിച്ചു. ചൈതന്യ മഹാപ്രഭുവിന്റെ പ്രശസ്തിയെക്കുറിച്ച് അറിഞ്ഞ ഹുസൈന്‍ ഷാ, അദ്ദേഹത്തെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്ന് തന്റെ ഖാളികളോട് കല്‍പ്പിക്കുകയും അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ചൈതന്യ മഹാപ്രഭുവിന്റെ അനുയായികളായ രണ്ട് ഉയര്‍ന്ന ഹിന്ദു ഉദ്യോഗസ്ഥരും ഷായുടെ കൊട്ടാരത്തിലുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ അടുത്ത മന്ത്രിയായ സനാതന ഗോസ്വാമിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ രൂപ ഗോസ്വാമിയും. 

പതിമൂന്ന് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ നീണ്ടു കിടക്കുന്ന ബംഗാല്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട, ഇന്നും ഗോറ്-മാല്‍ഡയില്‍ അവശേഷിക്കുന്ന സുപ്രധാന ചരിത്ര സ്മാരകങ്ങള്‍ കൂടി പരിചയപ്പെടാം.

1. അദീന മസ്ജിദ്
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട, അക്കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായിരുന്നു അദീന മസ്ജിദ്. ഇല്യാസ് ഷാഹി രാജവംശത്തിലെ സുല്‍ത്താന്‍ സിക്കന്ദര്‍ ഷായുടെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ പള്ളി ഇന്ത്യന്‍ ഇസ്‍ലാമിക ശൈലികളുടെ സമന്വയം എടുത്തുകാണിക്കുന്ന ഒരു വാസ്തുവിദ്യാ വിസ്മയമാണ്. ഈയടുത്ത കാലത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അമ്പലങ്ങള്‍ പൊളിച്ചു പണിയപ്പെട്ട പള്ളികളുടെ ലിസ്റ്റില്‍ അദീന ഇടം പിടിച്ചത് ബാബരിയാനന്തരം ഈ ചരിത്ര സ്മാരകത്തെ തട്ടിയെടുക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളായി മനസിലാക്കാം. എന്റെ അവസാനത്തെ സന്ദര്‍ശന വേളയിലും അസാധാരണമാം വിധം അതിന്റെ കല്ലുകളില്‍ ചില കൊത്തുപണികള്‍ കടന്നു കൂടുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. 

2. ഏക്‌ലാഖി മൊസോളിയം:

സുല്‍ത്താന്‍ സിക്കന്ദര്‍ ഷായുടെ ഭരണകാലത്താണ് ഏക്‌ലാഖി ശവകുടീരം നിര്‍മിക്കപ്പെടുന്നത്. ഇഷ്ടികകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്കും അതിമനോഹരമായ കരകൗശലത്തിനും പേരുകേട്ട മനോഹരമായ നിര്‍മ്മിതിയാണ് ഇത്.

3. ബറോദുവാരി (പന്ത്രണ്ട്-വാതില്‍) മസ്ജിദ്:

പന്ത്രണ്ട് പ്രവേശന കവാടങ്ങള്‍ കൊണ്ട് പ്രശസ്തമായ ഗൗര്‍-മാള്‍ഡയിലെ മറ്റൊരു പ്രധാന പള്ളിയാണ് ബരോദുവാരി മസ്ജിദ്. മധ്യകാല ഇസ്‍ലാമിക വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങള്‍ ഈ പള്ളിയിലും കാണാം. 

4. ഫിറോസ് മിനാര്‍:

സുല്‍ത്താന്‍ സൈഫുദ്ദീന്‍ ഫിറൂസ് ഷായുടെ ഭരണകാലത്ത് പണി തുടങ്ങി, പൂര്‍ത്തിയാകാത്ത ഗോപുരമാണ് ഫിറോസ് മിനാര്‍. ഇന്നും അപൂര്‍ണ്ണമായി നിലകൊള്ളുന്ന ഈ ഇഷ്ടികാ ഗോപുരം അക്കാലത്തെ കൗതുകകരമായ വാസ്തുവിദ്യാ തൃഷ്ണയെ എടുത്തു കാണിക്കുന്നു. 

5. ദഖില്‍ ദര്‍വാസ (സൗത്ത് ഗേറ്റ്):

സൗത്ത് ഗേറ്റ് എന്നറിയപ്പെടുന്ന ദഖില്‍ ദര്‍വാസ ലക്‌നോത്തിയിലെ (ഗൗറിന്റെ മുസ്‍ലിം നാമം) കോട്ടയിലേക്കുള്ള പ്രധാന കവാടമായിരുന്നു. സുല്‍ത്താന്‍ നസിറുദ്ദീന്‍ മുഹമ്മദ് ഷാ നിര്‍മിച്ച സങ്കീര്‍ണ്ണമായ കൊത്തുപണികളുള്ള ഈ കവാടം മധ്യകാല വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി കാണാം. ബംഗാളില്‍ ഇതുവരെ സ്ഥാപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൃഢവും മനോഹരവുമായ പ്രവേശന കവാടമാണിത്. 

6. ഖദം റസൂല്‍ മസ്ജിദ്:

പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാടുള്ളതു കൊണ്ടാണ് ഗൗറിലെ ഈ പള്ളിക്ക് ഖദം റസൂല്‍ മസ്ജിദ് എന്നു പേരുവന്നത്. സുല്‍ത്താന്‍ നുസ്‌റത്ത് ഷായാണ് മനോഹരമായ ഈ മസ്ജിദ് പണികഴിപ്പിക്കുന്നത്. മതപരമായ പ്രാധാന്യം കണക്കിലെടുത്ത് അനവധി തീര്‍ത്ഥാടകര്‍ ഈ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നു. ഔറംഗസേബിന്റെ സേനനായകനായിരുന്ന ഫതേഹ് ഖാന്റെ മഖ്ബറയും ഇതിന്റെ മുന്‍വശത്തായി കാണാം.

പാണ്ടുവ ശരീഫും മഖ്ദൂമി സൂഫികളും 

നമ്മുടെ കേരളത്തിലെ മമ്പുറം മഖാം പോലെ ബംഗാളില്‍, പ്രത്യേകിച്ച് ഗോര്‍-മാല്‍ഡയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ദര്‍ഗ്ഗാ ശരീഫാണ് ഛോട്ടി ദര്‍ഗ എന്നറിയപ്പെടുന്ന ഗോറിലെ ഹസ്രത്ത് മഖ്ദൂം ആലം ശൈഖ് അലാവുല്‍ ഹഖ് റഹ്മത്തുള്ളയുടെ മഖാം ശരീഫ്. എഡി 1301-ല്‍ മാല്‍ഡയിലെ പാണ്ഡുവയിലാണ് ഷെയ്ഖ് അലാവുല്‍ ഹഖ് (റ) ജനിക്കുന്നത്. ലാഹോറില്‍ നിന്ന് പാണ്ഡുവയിലെത്തിയ അദ്ദേഹത്തിന്റെ പിതാവ് അസദ് ഖാലിദി ബംഗാള്‍ സുല്‍ത്താനേറ്റിലെ ധനകാര്യ മന്ത്രിയായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ സഹചാരിയായിരുന്ന ഖാലിദ് ബിന്‍ വലീദിന്റെ (റ) പിന്മുറക്കാരാണ് ഈ സൂഫികള്‍. 

നിസാം-ഉല്‍-ഹഖ് സര്‍ഫിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന അദ്ദേഹം പിന്നീട് സൂഫിസത്തിലേക്ക് തിരിഞ്ഞു. പിതാവിന്റെ മരണശേഷം നിസാമുദ്ദീന്‍ ഔലിയയുടെ (റ) പ്രധാന ശിഷ്യനും ചിഷ്തിയ ത്വരീഖത്തിലെ സൂഫിവര്യനുമായിരുന്ന ഹസ്രത്ത് അഖി സിറാജ്(റ)ന്റെ ശിഷ്യത്വം സ്വീകരിച്ചു. ബംഗാള്‍ സുല്‍ത്താനേറ്റില്‍ രാജകീയ പണ്ഡിത പദവിയുണ്ടായിരുന്നു അഖി സിറാജിന് (റ). തന്റെ ആത്മീയവും മതപരവുമായ ആചാര്യനായി അലാവുല്‍ ഹഖ് (റ) അഖി സിറാജ് (റ) വിനെ കണ്ടു. അഖി സിറാജ് (റ) അദ്ദേഹത്തെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
അഖി സിറാജിന്റെ(റ) മരണശേഷം, സ്വതന്ത്ര ബംഗാളിലെ സുല്‍ത്താന്മാരായ ഇല്യാസ് ഷായുടെയും സിക്കന്ദര്‍ ഷായുടെയും കൊട്ടാരത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹം  നിയമിക്കപ്പെട്ടു. ഖജനാവിന്റെ ചുമതല അദ്ദേഹത്തെയാണ് ഏല്‍പിച്ചിരുന്നത്.

അലാവുല്‍ ഹഖ് (റ) ആത്മീയവും മതപരവുമായ കൂടികാഴ്ചകള്‍ക്കായി ഒരു ഖാന്‍ഖാഹ് സ്ഥാപിച്ചു, അവിടെ സൂഫികളും സാധാരണക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ ആത്മീയവും മതപരവുമായ അധ്യാപനങ്ങള്‍ക്കായി ഒത്തുകൂടിയിരുന്നു. അദ്ദേഹത്തിന്റെ ഉറൂസ് എല്ലാ വര്‍ഷവും ഹിജ്റി കലണ്ടറിലെ റജബ് മാസം 23 മുതല്‍ 25 വരെ ആത്മീയ പിന്‍ഗാമികളുടെ നേതൃത്വത്തില്‍ ഇന്നും ഗോറിലെ പാണ്ഡുവയില്‍ ആഘോഷിക്കപ്പെടുന്നു.

ഡല്‍ഹിയില്‍ മുഗള്‍ ഭരണത്തിന്റെ പ്രാരംഭകാലത്ത് ഷേര്‍ഷാ സൂരിയുടെ (1538) ആഗമനത്തോടെയാണ് ബംഗാളിലെ ഷാഹി ഭരണകൂടത്തിന് അന്ത്യം കുറിക്കപ്പെടുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച്-ബ്രിട്ടീഷ് സേനകളുടെ ആഗമനം വരെ മുഗളരുടെ കീഴിലെ ഒരു സൗബയായിരുന്നു (പ്രവിശ്യ) ബംഗാള്‍. 1757 ലെ പ്ലാസി യുദ്ധത്തില്‍ ബംഗാളിലെ അവസാന നവാബായ സിറാജുദൗലയെ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തുകയും 1764 ലെ ബുക്‌സര്‍ യുദ്ധത്തോടെ പൂര്‍ണമായും ബംഗാള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് കീഴിലാവുകയും ചെയ്തു. 

ഗോറിന്റെയും ഇന്നത്തെ മാല്‍ഡയുടെയും ഓരോ ഇടവഴികളിലൂടെയും സഞ്ചരിക്കുമ്പോള്‍ ഗതകാല സ്മരണകളുണര്‍ത്തി പല വലുപ്പത്തിലുള്ള ഇഷ്ടികക്കൂടാരങ്ങള്‍ ഇന്നും കാണാം. ഷാഹി രാജവംശകാലത്ത് നിര്‍മിച്ച ഏതെങ്കിലുമൊരു പള്ളിയോ മദ്രസയോ കോട്ടകൊട്ടാരങ്ങളോ ആവാമത്. തലമുറകളുടെ ഓര്‍മകളയവിറക്കി അവ നിശബ്ദമായി നിലകൊള്ളുകയാണ്, ഒരു വീണ്ടെടുപ്പിനായുള്ള അടങ്ങാത്ത മോഹത്തോടെ... നഷ്ടപ്രതാപത്തിലേക്ക് തിരിച്ച് നടക്കാനുള്ളെ ഉല്‍ക്കടമായ വെമ്പലോടെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter