അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരി
  ഒരു ഭൂപ്രദേശത്തെ സംസ്‌കാരത്തിന്റെയും ഒരു ജനതയുടെ നവോത്ഥാനത്തിന്റെയും ആകെത്തുകയായിരിക്കും ചില വ്യക്തികള്‍. ചരിത്രത്തിന്റെ പോലും സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തി വഴിതിരിച്ചുവിടാന്‍ മാത്രം കരുത്തരാണവര്‍. എങ്ങനെയായിരിക്കണം ജീവിക്കേണ്ടതെന്ന പാഠം ഓരോ ജീവിതസന്ധിയിലും അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും. ചില സന്ദിഗ്ധഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്യക്തികളെ ചരിത്രപുരുഷന്മാര്‍ എന്നു വിളിക്കാമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഉത്തരാഫ്രിക്കയെ അടയാളപ്പെടുത്തിയ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി എന്തുകൊണ്ടും ആ വിളിക്കര്‍ഹനാണ്. പണ്ഡിതന്‍, സ്വൂഫി, വിപ്ലവനേതാവ് എന്നൊന്നും നമുക്കദ്ദേഹത്തെ വിളിക്കാനാവില്ല. അദ്ദേഹം ഒരേസമയം അതെല്ലാമായിരുന്നുവെന്നതു തന്നെ കാരണം. അല്‍ ജസാഇരി ഇല്ലായിരുന്നുവെങ്കില്‍ മുസ്‌ലിം അള്‍ജീരിയയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു; ഫ്രഞ്ച് അധീനതയില്‍ തലമുറകളുടെ ഇസ്‌ലാമിക സംസ്‌കാരം കുഴിച്ചുമൂടപ്പെടുകയും അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആത്മാവും ആവേശവുമാവാഹിക്കാന്‍ പിന്‍ഗാമികള്‍ക്കൊരു മാതൃകയില്ലാതാവുകയും ചെയ്യുമായിരുന്നു. അങ്ങനെ സ്‌പെയ്‌നിനും തുര്‍ക്കിക്കുമൊപ്പം മുസ്‌ലിമിന്റെ ഗൃഹാതുര ഓര്‍മകളില്‍ അള്‍ജീരിയയും ചേര്‍ത്തുവായിക്കപ്പെട്ടേനെ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഫ്രഞ്ച് ആധിപത്യത്തിനു കീഴില്‍വന്ന അള്‍ജീരിയയാണ് ജസാഇരിയുടെ കര്‍മമണ്ഡലം. അധിനിവേശ സേനയുടെ അരുതായ്മക്കെതിരെ ആദ്യംമുതലേ അദ്ദേഹം രംഗത്തുണ്ടായിരുന്നു. സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലാഭേച്ഛകളില്ലാതെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പുനഃസ്ഥാപനം എന്ന ഒരേയൊരു ലക്ഷ്യത്തിനുവേണ്ടി ജീവിതത്തിന്റെ നല്ലകാലം അദ്ദഹം മാറ്റിവെച്ചു. മുസ്‌ലിം ലോകം ദേശീയതയിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഉസ്മാനിയ്യാ ഖിലാഫത്തിനു കീഴിലുള്ള പ്രദേശങ്ങള്‍ പലതും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയോ നാമമാത്രമായ മേല്‍ക്കോയ്മയെ അംഗീകരിക്കുകയോ ചെയ്യുന്നു. രാഷ്ട്രീയം മതകീയതയെ കീഴ്‌പ്പെടുത്തുന്ന കാലത്ത് മതാധിഷ്ഠിത രാഷ്ട്രീയത്തിനുവേണ്ടി നടത്തപ്പെട്ടു എന്നതാണ് ജസാഇരിയുടെ പോരാട്ടങ്ങളെ സവിശേഷമാക്കുന്നത്. കോളനിവത്കരണത്തിനു മുന്നില്‍ ചകിതരും ഛിദ്രരുമാവുന്നതിനു പകരം സംഘടിതരും ധീരരുമായി നിലകൊള്ളാന്‍ അള്‍ജീരിയന്‍ മുസ്‌ലിംകളെ സജ്ജരാക്കി എന്നൊരു പ്രത്യേകത കൂടി അവക്കുണ്ട്. 1808 സെപ്തംബര്‍ 6ന് വടക്കുപടിഞ്ഞാറന്‍ അള്‍ജീയയിലെ ഖൈത്വമഃ എന്ന ഗ്രാമത്തിലാണ് അബ്ദുല്‍ഖാദിര്‍ അല്‍ ജസാഇരി ജനിച്ചത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ:സി)യുടെ വംശപരമ്പരയില്‍ പെട്ടതാണ് കുടുംബം. പിതാവ് ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ച മുഹ്‌യിദ്ദീനുല്‍ ഹസനി. സ്വേദശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം വഹ്‌റാന്‍, അര്‍സിയു എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ഖുര്‍ആന്‍ മനഃപാഠമാക്കുകയും ഇല്‍മുല്‍കലാമിലും ഭാഷയിലും അവഗാഹം നേടുകയും കായികാഭ്യാസം വശമാക്കുകയും ചെയ്തു. ചെറുപ്പത്തിലേ രാഷ്ട്രീയ കാര്യങ്ങളിലുള്ള അറിവും താല്‍പര്യവും ഇസ്‌ലാമിക നാഗരികതയെക്കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കിയിരുന്നു. ഇസ്‌ലാമിക ലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന പിതാവിന്റെ കൂടെയുള്ള യാത്രകള്‍ ഈ ബോധത്തെ കൂടുതല്‍ സജീവമാക്കി. ക്രി-670ല്‍ അമവി സൈന്യാധിപനായ ഉഖ്ബതുബ്‌നു നാഫിഇന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യം ബൈസാന്റിയന്‍ സൈന്യത്തെ തോല്‍പിച്ചതോടെയാണ് അള്‍ജീരിയയില്‍ ഇസ്‌ലാമെത്തുന്നത്. ആഫ്രിക്കയുടെ ഭരണച്ചുമതല മൂസബ്‌നു നുസൈ്വര്‍ ഏറ്റെടുത്തതോടെ രാജ്യം സമ്പൂര്‍ണമായും ഇസ്‌ലാമിനു കീഴിലായി. 160/776ല്‍ അബ്ബാസിയ്യാ ഭരണകൂടത്തിന് ക്ഷയം സംഭവിച്ചുതുടങ്ങിയപ്പോള്‍ അബ്ദുര്‍റഹ്മാനുബ്‌നു റുസ്തും ഈ ഭൂപ്രദേശം ഖിലാഫത്തില്‍ നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്ര ഭരണം സ്ഥാപിച്ചു. ഒന്നര നൂറ്റാണ്ടു കാലത്തെ റുസ്തുമിയ്യ ഭരണത്തിന് ശേഷം ഹിജ്‌റ 296ല്‍ ഫാത്വിമികള്‍ അള്‍ജീരിയ കീഴടക്കി. ഹിജ്‌റാബ്ദം 398ല്‍ ഫാത്വിമിയ്യ സ്വാധീനം അവസാനിക്കുകയും ബനൂ ഹമ്മാദ് ഭരണകൂടം സ്ഥാപിതമാവുകയും ചെയ്തു. തുടര്‍ന്ന് മുറാബിത്വുകളുടെയും മുവഹ്ഹിദുകളുടെയും സയ്യാന്‍ കുടുംബത്തിന്റെയും ആധിപത്യം മാറിമാറി വന്നു. 15-ാം നൂറ്റാണ്ടില്‍ സ്‌പെയ്ന്‍ കീഴടക്കിയ ക്രിസ്ത്യാനികള്‍ അള്‍ജീരിയയിലേക്ക് കടന്നാക്രമണം നടത്തി. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുര്‍ക്കി കമാന്റര്‍ അറൂജ് ക്രിസ്ത്യാനികളെ പുറത്താക്കുകയും അറബ് വംശജരുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. അള്‍ജിയേഴ്‌സും മറ്റുപല നഗരങ്ങളും പിടിച്ചെടുത്ത് അദ്ദേഹമവിടെ സ്വയം ഭരണാധികാരിയായി പ്രഖ്യാപിച്ചു. എ.സി 1518ല്‍ അധികാരമേറ്റെടുത്ത അദ്ദേഹത്തിന്റെ സഹോദരന്‍ ഖൈറുദ്ദീന്‍ ബാര്‍ബറൂസ് തന്റെ അധീനതയിലുള്ള മുഴുവന്‍ സ്ഥലങ്ങളും ഉസ്മാനിയ്യാ ഖിലാഫത്തിനു കീഴിലാക്കി. പിന്നീട് മൂന്നു നൂറ്റാണ്ടു കാലം(1518-1830) അള്‍ജീരിയ ഉസ്മാനിയ ഖിലാഫത്തിനു കീഴിലായിരുന്നു. ഫ്രഞ്ച് അധിനിവേശമാണ് അള്‍ജീരിയയുടെ സാമൂഹികാന്തരീക്ഷം മാറ്റിമറിച്ചത്. 1830 ജൂണ്‍ 14ന് അള്‍ജീരിയയിലെത്തിയ ഫ്രഞ്ച് സൈന്യം തുര്‍ക്കി ഗവര്‍ണറുടെ സൈന്യത്തെ പരാജയപ്പെടുത്തി. അവര്‍ ഖജനാവ് കൊള്ളയടിക്കുകയും സ്വര്‍ണവും വെള്ളിയും അപഹരിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. പലരെയും മതം മാറാന്‍ നിര്‍ബന്ധിച്ചു. പള്ളികള്‍ പൊളിക്കുകയോ ചര്‍ച്ചുകളാക്കി മാറ്റുകയോ ചെയ്തു. അധിനിവേശത്തിന്റെ സ്‌തോഭജനകമായ കാഴ്ചകളായിരുന്നു ഉത്തരാഫ്രിക്ക മുഴുക്കെ. ഇസ്‌ലാമിക നാഗരികതയെ പിഴുതുമാറ്റി ക്രിസ്ത്യാനിസം നട്ടുവളര്‍ത്തുന്നതിന് സാധ്യമായതെന്തും ഫ്രഞ്ച് സൈന്യം ചെയ്തു. വിദേശ ശക്തിയുടെ ഈ അധിനിവേശത്തിനെതിരെ ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് ജസാഇരിയുടെ പിതാവായ മുഹ്‌യിദ്ദീന്‍ ഹസനിയുടേതായിരുന്നു. ഫ്രഞ്ചുകാര്‍ക്കെതിരെ ധര്‍മയുദ്ധത്തിനിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 1832ല്‍ സമരത്തിന്റെ നേതൃത്വം മകന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരിക്ക് കൈമാറി. ഫ്രഞ്ച് സാമ്രാജ്യം മുസ്‌ലിം വിരുദ്ധ ശക്തിയായതിനാല്‍ അവരെ സഹായിക്കുന്നവരും പിന്തുണക്കുന്നവരും മതപരിത്യാഗികളാണെന്ന ജസാഇരിയുടെ പ്രഖ്യാപനം ലക്ഷ്യം കണ്ടു. ജനങ്ങള്‍ അദ്ദേഹത്തിനു പിന്നില്‍ സംഘടിച്ചു. 1248/1832 ന് അല്‍ മുഅസ്‌കറിലെയും വഹ്‌റാനിലെയും ചില ഗോത്രങ്ങള്‍ ബൈഅത്ത് ചെയ്യാന്‍ മുന്നോട്ടു വന്നു. മതപണ്ഡിതരും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചു. തുടര്‍ന്ന് അല്‍ മുഅസ്‌കര്‍ കേന്ദ്രീകരിച്ച് പതിനഞ്ച് വര്‍ഷത്തോളം നിരന്തര സമരമായിരുന്നു. ദര്‍ഖാവിയ്യ സൂഫി സരണിയുടെ വക്താവായിരുന്ന ജസാഇരി സമര്‍ത്ഥനായ നയതന്ത്രജ്ഞനും ധിഷണാശാലിയായ സൈനിക മേധാവിയുമായിരുന്നു. അദ്ദേഹം പ്രകടിപ്പിച്ച സ്ഥൈര്യവും പോരാട്ടവീര്യവും അള്‍ജീരിയന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യ സമരം ആവേശമുള്‍ക്കൊണ്ടത് ഈ പോരാട്ടങ്ങളില്‍ നിന്നായിരുന്നു. സമരം, സമരാന്ത്യം ജസാഇരി നയിച്ച ചെറുത്തുനില്‍പ് രണ്ടു ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്. 1832 മുതല്‍ 1839 വരെയാണ് ഒന്നാം ഘട്ടം. തുടര്‍ച്ചയായ സമരങ്ങള്‍ വിജയം കണ്ട കാലമായിരുന്നു ഇത്. 1832 മുതല്‍ 1834 വരെ നടന്ന യുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ പരാജിതരാവുകയും പശ്ചിമ അല്‍ജീരിയയുടെ അധിക ഭാഗവും വിട്ടുതരാമെന്ന് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ഒത്തുതീര്‍പ്പ് ലംഘിച്ച ഫ്രഞ്ച് ഭരണകൂടം അള്‍ജീരിയയെ കോളനിയായി പ്രഖ്യാപിച്ചു. ജസാഇരി പരമാവധി ശക്തിസംഭരിച്ച് പോരാട്ടം തുടര്‍ന്നു. 1837 മെയ് 30ന് വീണ്ടും സന്ധിയാവുകയും തീരപ്രദേശമൊഴികെയുള്ള ഭാഗങ്ങള്‍ വിട്ടുകൊടുക്കാന്‍ ഫ്രാന്‍സ് തയ്യാറാവുകയും ചെയ്തു. 1839ല്‍ തുര്‍ക്കികളുടെ അവസാന ശക്തികേന്ദ്രമായ കോണ്‍സ്റ്റന്റൈന്‍ ഫ്രഞ്ചുസേന പിടിച്ചടക്കിയതോടെ അന്തരീക്ഷം ഒന്നുകൂടി കലങ്ങി. ചെറുത്തു നില്‍പിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു. അറബികളുടെയും ബര്‍ബരികളുടെയും ഐക്യനിര കെട്ടിപ്പൊക്കിയ ജസാഇരി അന്തിമ യുദ്ധത്തിനിറങ്ങി. തുടര്‍ച്ചയായ സംഘട്ടനങ്ങള്‍ക്കിടയില്‍ 1844ല്‍ കിഴക്കന്‍ അള്‍ജീരിയ ഏറെക്കുറെ ഫ്രഞ്ച് അധീനതയിലായി. ജനറല്‍ ബ്യൂഗോഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ക്രൂരമായാണ് പെരുമാറിയത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും അവര്‍ നിഷ്‌കരുണം കൊന്നൊടുക്കി. നിരവധി അള്‍ജീരിയന്‍ ഗോത്രങ്ങള്‍ കൂറുമാറി ഫ്രഞ്ചുകാര്‍ക്കൊപ്പം ചേര്‍ന്നതോടെ ജസാഇരി മൊറോക്കോയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. സുരക്ഷിതമായ സ്ഥലത്തിരുന്ന് ശക്തി സംഭരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഫ്രഞ്ചു ഭീഷണിക്കു മുമ്പില്‍ ചകിതനായ മൊറോക്കോ ഭരണാധികാരി മൗലായെ അബ്ദുറഹ്മാന്‍ അഭയം പിന്‍വലിച്ചു. തിരിച്ചെത്തിയ ജസാഇരി പോരാട്ടം തുടര്‍ന്നെങ്കിലും സായുധവും സംഘടിതവുമായ ഒരു സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കുക ദുഷ്‌കരമായിരുന്നു. ഒടുവില്‍ തനിക്കും തന്നെ അനുഗമിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഏതെങ്കിലും കിഴക്കന്‍ പ്രദേശത്തേക്കു പോകാന്‍ അനുവാദം വേണമെന്ന വ്യവസ്ഥയില്‍ 1847 ഡിസംബറില്‍ ജസാഇരി കീഴടങ്ങി. കൂടെയുള്ളവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതൊഴിവാക്കാനായിരുന്നു ഇത്. ഒത്തുതീര്‍പ്പുവ്യവസ്ഥ ലംഘിച്ച ഫ്രാന്‍ സ് അദ്ദേഹത്തെ തടവിലാക്കി. വ്യവസ്ഥ ഒഴിവാക്കി ഫ്രാന്‍സിന് വഴങ്ങുകയാണെങ്കില്‍ തടവില്‍ നിന്ന് മോചിപ്പിച്ച് വിലപ്പെട്ട പാരിതോഷികങ്ങള്‍ നല്‍കാമെന്ന് ഫ്രഞ്ച് രാജാവിന്റെ വാഗ്ദാനമുണ്ടായിരുന്നു. അദ്ദേഹമത് നിരസിച്ചു. 'ഫ്രാന്‍സിന്റെ സമ്പത്ത് മുഴുവന്‍ നല്‍കാമെന്ന് വാക്കുതന്നാലും എന്റെ മുന്നിലവ കൊണ്ട് വന്ന് വെച്ചാലും ഞാനത് സ്വീകരിക്കില്ല. തിരമാലകള്‍ ഗര്‍ജിക്കുന്ന സമുദ്രത്തിലേക്ക് എന്നെ പിടിച്ച് തള്ളുന്നതാണ് നിങ്ങള്‍ പരസ്യമായും ഔദ്യോഗികമായും എന്നോട് ചെയ്ത കരാര്‍ ലംഘിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഇവിടെ ഞാന്‍ നിങ്ങളുടെ അതിഥിയാണ്. എന്നെ എത്രകാലം വേണമെങ്കിലും നിങ്ങള്‍ക്ക് തടവിലിടാം. അതിന്റെ അപമാനം എനിക്കല്ല; നിങ്ങള്‍ക്കു തന്നെയാണ്.' പോരാളിയുടെ ആയുധത്തെക്കാള്‍ പ്രഹരശേഷിയുള്ള ജസാഇരിയുടെ വാക്കുകള്‍. 1852ല്‍ ജയില്‍ മോചിതനായ ജസാഇരി സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ അതിഥിയായി ഇസ്തംബൂളില്‍ നാലു വര്‍ഷം കഴിഞ്ഞു. പിന്നീട് ഡമസ്‌കസില്‍ സ്ഥിരതാമസമാക്കി. 1300 റജബ് 9/1803 മെയ് 25നായിരുന്നു ഈ മഹാമനുഷ്യന്റെ മരണം. 1985ല്‍ ജസാഇരിയോടുള്ള ബഹുമാനസൂചകമായി അള്‍ജീരിയന്‍ ഗവണ്‍മെന്റ് കോണ്‍സ്റ്റന്റൈന്‍ നഗരത്തില്‍ ജംഇയ്യത്തുല്‍ അമീര്‍ അബ്ദുല്‍ ഖാദിരില്‍ ഇസ്‌ലാമിയ്യ എന്ന സര്‍വകലാശാല സ്ഥാപിച്ചിട്ടുണ്ട്. ഭരണം, ഭരണാനന്തരം അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആദ്യനാളുകളില്‍ ഫ്രഞ്ച് സൈന്യത്തെ തടഞ്ഞുനിര്‍ത്താന്‍ ജസാഇരിക്കു സാധിച്ചിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് വ്യവസ്ഥാപിതമായൊരു ഭരണകൂടം സ്ഥാപിച്ച് മാതൃക കാണിച്ചിട്ടുണ്ടദ്ദേഹം. തഖ്ദമഃ തലസ്ഥാനമാക്കി അധീനതയിലുള്ള പ്രവിശ്യകളില്‍ പ്രാദേശിക സ്വാധീനമുള്ള നേതാക്കളെ ഭരണാധികാരിയായി നിശ്ചയിച്ചു. പ്രക്ഷുബ്ധമായ ചുറ്റുപാടിലും നികുതി പിരിവുകള്‍ ക്രമപ്രകാരം നടത്തുകയും ഖുര്‍ആന്‍ സൂക്തങ്ങള്‍ മുദ്രണം ചെയ്ത് അല്‍മുഹമ്മദിയ്യ എന്ന പേരില്‍ നാണയങ്ങള്‍ അടിച്ചിറക്കുകയും ചെയ്തു. മുന്നൊരുക്കത്തിനു അവസരമൊക്കും മുമ്പെ യുദ്ധമുഖത്തേക്കെടുത്തെറിയപ്പെട്ടുവെങ്കിലും 8000 പേരുള്ള കാലാള്‍പ്പടയും 2000 പേരടങ്ങുന്ന കുതിരപ്പടയുമടക്കം മോശമല്ലാത്ത ഒരു സൈന്യവും സ്വന്തമായൊരു ആയുധ നിര്‍മാണശാലയും അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണപാടവം കൊണ്ടാവണം, സുല്‍ത്വാനുല്‍ അറബ് എന്ന സ്ഥാനം ജനങ്ങളദ്ദേഹത്തിനു കല്‍പിച്ച് കൊടുക്കുകയും അമീറുല്‍ മുഅ്മിനീന്‍ എന്ന് സംബോധന ചെയ്യുകയും ചെയ്തത്. ഫ്രഞ്ച് സൈന്യത്തിന്റെ തടവില്‍ കഴിയുന്ന കാലത്ത് 'അല്‍മവാഖിഫ്' എന്ന മൂന്ന് വാള്യങ്ങളുള്ള തസവ്വുഫ് സംബന്ധമായ ഒരു ഗ്രന്ഥവും 'ദിക്‌റുല്‍ ആഖില്‍' എന്ന ചെറുഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഒരു കവിതാ സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. കടുത്ത എതിരാളിയായ മാര്‍ഷല്‍ ജഗീദിന് ജയിലില്‍ വെച്ച് അദ്ദേഹമെഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്. ഖുര്‍ആനും ഹദീസും ഉച്ചരിച്ചുകൊണ്ടായിരുന്നു അവയിലേറെയും. 'പ്രത്യുല്‍പന്നമതിയായ ശത്രുവാണ് അദ്ദേഹം. തന്റെ ധൈഷണിക പ്രഭാവത്തിനും താന്‍ ഏറ്റെടുത്ത മഹാ കര്‍ത്തവ്യത്തിനും അറബ് ജനത നല്‍കിയ ആദരവും അംഗീകാരവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. അധികാരമോഹിയല്ല അബ്ദുല്‍ ഖാദിര്‍; ഒരു തരം പ്രവാചകനാണ്.' മാര്‍ഷല്‍ ബുഗീദിന്റെ സാക്ഷ്യപ്പെടുത്തല്‍. (എസ്.വി. കുനിത്തലക്കടവ്, തെളിച്ചം മാസിക, ജനുവരി, 2011)  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter