ശശികലമാരാണ് രാജ്യത്തെ അഖണ്ഡത തകര്‍ക്കുന്നത്

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല നടത്തിയ പ്രസ്താവം വിവാദമായിരിക്കയാണ്. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തുക എന്നായിരുന്നു പറവൂരില്‍ നടന്ന ഒരു പരിപാടിയില്‍ ശശികല പറഞ്ഞത്. 

രാജ്യത്തെ ചിന്തകരും എഴുത്തുകാരുമായ ആക്ടിവിസ്റ്റുകളുടെ നിലനില്‍പ്പുപോലും ഭീഷണിയിലായ ഈ ഫാഷിസ്റ്റ് കാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ശശികല ചെയ്തിരിക്കുന്നത്. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പേര് പറഞ്ഞ് രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭരണകൂടം. തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെയെല്ലാം നാവരിഞ്ഞ് ഇല്ലാതാക്കുകയെന്നതാണ് അവരുടെ നിലപാട്. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം അനവധിയാളുകളാണ് സംഘി ഭീകരതക്ക് പാത്രമായത്. ആ നീണ്ട പട്ടികയിലെ ഏറ്റം അവസാനത്തെ അംഗം മാത്രമാണ് ഗൗരി ലങ്കേഷ്.

രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ വളരെ നിന്ദാപൂര്‍വ്വം സമീപിക്കുന്ന രീതിയാണ് ശശികലയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പ്രകോപനപരവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഇത്തരം പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുമെന്നതില്‍ സംശയമില്ല. 

മുമ്പും സമാനമായ തീവ്രാശയങ്ങള്‍ ഉള്‍കൊള്ളുന്ന പ്രസ്താവങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുണ്ട് ശശികല. വര്‍ഗീയ വിഷം തുപ്പുന്ന അവളുടെ പ്രസംഗങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മതേതര പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുക്കള്‍ക്കെതിരെ കളിച്ചാല്‍ ഇവിടെ ഒറ്റൊന്നിനെയും ബാക്കിയാക്കില്ലെന്ന് ധ്വനിപ്പിക്കുന്ന ഒരു പ്രസംഗം മുമ്പ് ഒരു ക്ഷേത്രമുറ്റത്തുനിന്നും ശശികല നടത്തിയത് ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. 

സമൂഹത്തിന്റെ അഖണ്ഡത തകര്‍ക്കുകയും മതസ്പര്‍ദ്ധ വിളമ്പുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് അന്ന് ചിലര്‍ അവള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ, അതൊന്ന് കേസ് എവിടെയുമെത്താതെ, വന്‍സ്രാവുകള്‍ പുറത്തുചാടുകയാണുണ്ടായത്. 

ഈ ഹുങ്കില്‍ ശശികല ഇപ്പോഴും തന്റെ പഴയ പല്ലവി തുടരുകയാണ്. വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളാണ് ഓരോ സ്‌റ്റേജിലും അവള്‍ നടത്തുന്നത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല, മതേതര ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും പോലും അവളുടെ പ്രസ്താവങ്ങള്‍ വളരെ അറപ്പോടെയാണ് രാജ്യം കേട്ടത്. ഇത്തരം വര്‍ഗീയവാദികളെ പിടിച്ചുകെട്ടിയാല്‍ തീരാവുന്നതേയുള്ളൂ മതേതര ഇന്ത്യയിലെ പ്രശ്‌നങ്ങള്‍. 

രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തകളും പ്രതികരണങ്ങളുമാണ് പുരോഗതിക്ക് ആവശ്യം. സംഹാരാത്മകവും അധിക്ഷേപകരവുമായ ഇടപെടലുകള്‍ രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുക. ശശികലമാര്‍ അത് ചെയ്തുകൊണ്ടിരിക്കുന്നത്. ശേഷിച്ച സൗഹാര്‍ദാന്തരീക്ഷവും തകര്‍ക്കാന്‍ മാത്രമേ അവരുടെ ഇത്തരം പ്രസ്താവങ്ങള്‍ സഹായിക്കൂ.

വര്‍ഗീയതയും ഭീഷണിയും നിറഞ്ഞ പ്രസ്താവനയില്‍ ശശികലക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിഡി ശതീശന്‍ എം.എല്‍.എ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ നിയമനടപടികളിലൂടെ ഇത്തരം വിഷബീജങ്ങളെ നുള്ളിക്കളയുകമാത്രമേ മതേതര ഇന്ത്യക്ക് കരണീയമായിട്ടുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter