സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍: വിവരക്കേടിന്‍റെ സംഘര്‍ഷം
 width='നാഗരികതകളുടെ സംഘട്ടനം' (clash of civilizations)  എന്ന ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിദ്ധാന്തത്തിന്റെ പേരില്‍ ജീവിത കാലത്തു തന്നെ നിഷ്പക്ഷമതികളുടെ വിമര്‍ശന ശരങ്ങളും അത്ര കണ്ട് മുസ്‌ലിം വിരുദ്ധരുടെ അനുമോദനങ്ങളും ഏറ്റുവാങ്ങിയ സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ മരണ ശേഷം കൂടുതല്‍ വിശകലന വിധേയമാവുകയാണ്. പാശ്ചാത്യവും പൗരസ്ത്യവും - തെളിയിച്ചു പറഞ്ഞാല്‍, ഇസ്‌ലാമും ക്രൈസ്തവതയും - തമ്മിലുള്ള സംഘട്ടനത്തെ അനിവാര്യവത്കരിക്കുകയും അതിനു സൈദ്ധാന്തിക പിന്‍ബലമുണ്ടാക്കുകയും ചെയ്ത ഹണ്ടിംഗ്ടണ്‍ ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി) യുടെ കറകളഞ്ഞ വക്താവായിരുന്നു.  ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും പേടിക്കണമെന്നും അന്യതാബോധത്തോടെ മാത്രമേ രണ്ടിനെയും കൈകാര്യം ചെയ്യാവൂ എന്നുമായിരുന്നു ആത്യന്തികമായി ഹണ്ടിംഗ്ടണ്‍ മുന്നോട്ടു വെച്ചത്.
ശീതയുദ്ധാനന്തരം ലോകത്ത് അസമാധാനം വിതക്കുക രാഷ്ട്രങ്ങളോ രാഷ്ട്രീയ സിദ്ധാന്തങ്ങളോ അല്ലെന്നും മതവും സംസ്‌കാരവുമായിരിക്കും സംഘര്‍ഷം വിതക്കുക എന്നുമാണ് ഹണ്ടിംഗ്ടണ്‍ 'കണ്ടെത്തിയത്'. ലോകത്തെ ഏറ്റവും പ്രബല സംസ്‌കാരങ്ങള്‍ എന്ന നിലയില്‍ പാശ്ചാത്യ - പൗരസ്ത്യ നാഗരികതകള്‍ ഏറ്റുമുട്ടുകയും അതു വഴി ഇസ്‌ലാമും ക്രൈസ്തവതയും  അനിവാര്യമായും സംഘട്ടനത്തിലേര്‍പ്പെടുമെന്നും പ്രവചനാത്മകതയോടെ ഹണ്ടിംഗ്ടണ്‍ നിര്‍ബാധം തട്ടിവിട്ടു. പടിഞ്ഞാറിനും കിഴക്കിനും ഇടയില്‍ സംഘര്‍ഷവും മാത്സര്യവും അടിസ്ഥാനപരവും അനിവാര്യവുമാണ് എന്ന വാദം സ്ഥിരപ്പെടുത്തി ഓറിയന്റലിസത്തെയും ഇസ്‌ലാമോഫോബിയയെയും സ്ഥാപനവത്കരിക്കാനാണ് ഹണ്ടിംഗ്ടണ്‍ ശ്രമിച്ചത്. ഇക്കാരണത്താല്‍ തന്നെ മുഴുവന്‍ അറബ്-മുസ്‌ലിം വിരുദ്ധരുടെയും കൈയടി വാങ്ങാന്‍ ഹണ്ടിംഗ്ടന് കഴിഞ്ഞു. മരിക്കുന്നതിനു മുമ്പ് തന്നെ മുപ്പത്തൊമ്പത് ഭാഷകളില്‍ 'നാഗരികതകളുടെ സംഘട്ടനം' വിവര്‍ത്തിതമാവാനുള്ള പ്രധാന കാരണവും ഇതായിരുന്നു.
1993-ലാണ്  'നാഗരികതകളുടെ സംഘട്ടനം' എന്ന പേരില്‍ ഹണ്ടിംഗ്ടന്റെ ആദ്യ ലേഖനം പുറത്തു വരുന്നത് ; 'ഫോറിന്‍ അഫയേഴ്‌സി'ല്‍. പിന്നീട് വലിയൊരു ഗ്രന്ഥമായി 1997 - ല്‍ അതു പുറത്തു വന്നു. പുസ്തകം വാദിക്കുന്നതു പ്രകാരം ലോക ജനതയെ എട്ടോളം നാഗരികതകളായി വേര്‍തിരിക്കാമെങ്കിലും അവയിലേറ്റവും ഉയര്‍ന്നു നില്‍ക്കുന്ന പടിഞ്ഞാറന്‍ നാഗരികതയെ നേരിടാന്‍ കെല്‍പുള്ളത് ഇസ്‌ലാമിക / മുസ്‌ലിം നാഗരികതക്കു മാത്രമാണ്. സംഘര്‍ഷത്തെ അനിവാര്യവത്കരിക്കുകയും സിദ്ധാന്തീകരിക്കുകയും ചെയ്ത ഹണ്ടിംഗ്ടണ്‍ പക്ഷേ, നാഗരികത എന്ന സംജ്ഞയുടെ വിവക്ഷ വിശദീകരിച്ചിട്ടില്ല. വംശവും മതവും അതിപ്രധാനമായ പങ്കു വഹിക്കുന്ന രീതിയിലാണ് ഹണ്ടിംഗ്ടണ്‍ 'ലോക ക്രമത്തിന്റെ പുനര്‍നിര്‍മാണം' (റീമേക്കിങ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍) നടത്തിയത്. ജെര്‍മാനിക് വംശീയതയും ക്രൈസ്തവ സമൂഹവും സമന്വയിക്കുമ്പോള്‍ അതിജീവനത്തിന് ഏറ്റവും അര്‍ഹതയുള്ളത് (സര്‍വൈവ്ല്‍ ഓഫ് ദി ഫിറ്റസ്റ്റ്) ക്രൈസ്തവ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പടിഞ്ഞാറിനാണ് എന്നു വ്യക്തം. പടിഞ്ഞാറിന്റെ അപ്രമാദിത്വവും അതു വഴി കിഴക്കിന്റെ മൂല്യ രാഹിത്യവും നിലവാരത്തകര്‍ച്ചയും നിര്‍ണയിക്കാനാണ് ആത്യന്തികമായി ഹണ്ടിംഗ്ടണ്‍ ശ്രമിച്ചത്.
നാഗരികതകളുടെ സംഘട്ടന സിദ്ധാന്ത പ്രകാരം ജനങ്ങള്‍ സ്വന്തത്തെ വേര്‍തിരിക്കുന്നത് ഗോത്രം, വംശം, മതം, ദേശം, നാഗരികത തുടങ്ങിയ സാംസ്‌കാരിക വിനിമയോപാധികളിലൂടെയാണ്. സ്വന്തം സ്വത്വത്തെ രൂഢമൂലമാക്കുവാന്‍ വേണ്ടി അപരതയില്‍ നിന്ന് വിഭിന്നമാവാനുള്ള വാഞ്ച മനുഷ്യ സഹജമാണ്. നമ്മള്‍ ആരല്ല എന്ന് അറിയുമ്പോഴും പലപ്പോഴും നമ്മള്‍ ആര്‍ക്കെതിരാണ് എന്ന് അറിയുമ്പോഴും മാത്രമാണ് നമ്മള്‍ ആരാണ് എന്ന് നാം തിരിച്ചറിയുക - ഹണ്ടിംഗ്ടണ്‍ എഴുതി. ഭൗമോപരിതലത്തില്‍ ചരിത്രത്തിലിന്നേ വരെ നടന്ന യുദ്ധങ്ങളെയെല്ലാം നിലനില്‍പിനടിസ്ഥാനമാക്കി പുനര്‍നിര്‍ണയിച്ച് മനുഷ്യചരിത്രത്തെ അവലംബമാക്കിയാണ് ഹണ്ടിംഗ്ടണ്‍ ഇക്കാര്യങ്ങളെല്ലാം സമര്‍ത്ഥിച്ചത്.
ഇസ്‌ലാമോഫോബിയ അഥവാ, ഇസ്‌ലാംഭീതി എന്ന മാരക രോഗത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് ക്ലാഷ് ഓഫ് സിവിലൈസേഷന്റെ അടിവേരുകള്‍ നീണ്ടു പോകുന്നത്. ഹ്രസ്വമായ കാലത്തെ മുന്‍ചരിത്രമേ ഈ വാക്കിനവകാശപ്പെടാനാകൂ എങ്കിലും ( 1991-ല്‍ മാത്രമാണ് ഇസ്‌ലാമോഫോബിയ എന്ന വാക്ക് ആദ്യമായി അച്ചടിക്കപ്പെടുന്നത്.) ഇസ്‌ലാം മതത്തോളം തന്നെ പഴക്കമുണ്ട് ഈ ഒരു തരം അസൂയ രോഗത്തിന്. തങ്ങളുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ബലഹീനതകളും കഴിവുകേടുകളും ബോധ്യപ്പെട്ട പടിഞ്ഞാറന്‍ ജനതയുടെ നൈരാശ്യം കലര്‍ന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണ് ഇസ്‌ലാമോഫോബിയ പടിഞ്ഞാറിനെ കൂടുതല്‍ ഗ്രസിച്ചു തുടങ്ങിയത്. നിരാശ കലര്‍ന്ന ഈ ധാര്‍ഷ്ട്യത്തിനു ഹണ്ടിംഗ്ടണ്‍ സൈദ്ധാന്തിക അടിത്തറ കൂടി കെട്ടിയതോടെ ഒരു പ്രതിഭാസം എന്നതില്‍ ഉപരിയായി ഒരു സ്ഥാപനമായി അത് വളര്‍ന്നു പന്തലിച്ചു. പടിഞ്ഞാറിന്റെ ചരിത്രപരമായ സവിശേഷതകളില്‍ ഒന്നായ അപരവത്കരണത്തിന് നല്ലൊരു ഇരയായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലഭിച്ചതോടെ പാശ്ചാത്യന്‍ നാഗരികതയുടെ അനേകം ഭയങ്ങളും ഇസ്‌ലാമിക നാഗരികതയുടെ സഹജമായ നിര്‍ഭയത്വവും തുറന്ന ഏറ്റുമുട്ടലിനു വിധേയമാക്കി മീഡിയയുടെയും ഭരണ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ പടിഞ്ഞാറിന്റെ അപ്രാദിത്വം സ്ഥിരപ്പെടുത്തുകയും അതു കൊട്ടിഘോഷിക്കുകയുമായിരുന്നു നാഗരികതകള്‍ തമ്മിലുള്ള പോരാട്ടത്തിലൂടെ ഹണ്ടിംഗ്ടണും ഇതര മുസ്‌ലിം വിരുദ്ധരും സ്വപ്നം കണ്ടിരുന്നത്.
കീഴാളപക്ഷ പ്രബുദ്ധതയുടെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെ ഉത്ഥാനത്തിന്റെയും ശക്തിസ്രോതസ് ആയി ഇസ്‌ലാമിനെ തിരിച്ചറിഞ്ഞതു മുതലാണ് ഇസ്‌ലാമോഫോബിയ കൂടുതല്‍ കരുത്തോടെ പടിഞ്ഞാറില്‍ ആഞ്ഞടിക്കുന്നത്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം കോടിക്കണക്കിണ് മില്യണ്‍ ഡോളര്‍ പ്രതി വര്‍ഷം ചെലവഴിച്ചിട്ടും മൂന്നാം ലോക ജനവിഭാഗങ്ങളുടെ ആശാകേന്ദ്രമായി മാറാന്‍ ഒരു പ്രത്യയശാസ്ത്രം എന്ന നിലക്കു ക്രൈസ്തവതക്കു സാധിക്കാത്തത് പടിഞ്ഞാറിനെ സംബന്ധിച്ചേടത്തോളം കയ്‌പേറിയ ദുരനുഭവമായിരുന്നു. നീഗ്രോ വര്‍ഗക്കാരുടെയും ആദിവാസികളുടെയും ഇതര ദലിത് - പിന്നാക്ക വിഭാഗങ്ങളുടെയും ഇടയില്‍ ഇസ്‌ലാം മതാശ്ലേഷണം ഒരു തരംഗമായി മാറിയിട്ടും ഇസ്‌ലാമിനെക്കാളേറെ എന്തുകൊണ്ടും (പടിഞ്ഞാറിന്റെ വീക്ഷണത്തില്‍ ) യോഗ്യതയുള്ള ക്രൈസ്തവ മതം കൂടുതല്‍ വികാസം പ്രാപിക്കാത്തത് പാശ്ചാത്യന്‍ കുടില മസ്തിഷ്‌കത്തെ കൂടുതല്‍ അസ്വസ്ഥമാക്കി മാറ്റി. ഇസ്‌ലാമിനെ ആശയ പരമായി നേരിടുന്നതിനു പകരം ഇതര ശാസ്ത്രീയ സിദ്ധാന്തങ്ങളുടെയും നരവംശ ശാസ്ത്ര കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നേരിടുന്നതാണ് കൂടുതല്‍ കരണീയം എന്ന തിരിച്ചറിവിലേക്ക് ഇത്തരം അനുഭവങ്ങള്‍ വഴിനടത്തുകയും പിന്നെപ്പിന്നെ ഇസ്‌ലാമോഫോബിയ എന്ന ആഗോളപ്രതിഭാസമായി അത് പരിണാമം പ്രാപിക്കുകയും ചെയ്തു.
'നാഗരികതകളുടെ സംഘട്ടന' സിദ്ധാന്തത്തെ അസംബന്ധങ്ങളുടെ സമാഹാരമായി ഒട്ടേറെ നിഷ്പക്ഷ ചിന്തകര്‍ നിരീക്ഷിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍ വിവിധ കാലാവസ്ഥകളിലും ചരിത്ര പശ്ചാത്തലത്തിലുമായി ജീവിക്കുന്ന മാനവ സമൂഹത്തിന്റെ സാംസ്‌കാരിക വ്യതിയാനങ്ങളെ അനിവാര്യമായ സംഘര്‍ഷ സാധ്യത ആയി ഗണിക്കുന്നത് തന്നെ യുക്തി രാഹിത്യമാണ്. തീര്‍ത്തും സ്വാഭാവികവും പ്രവചനാതീതവുമാണ് ഇത്തരം സാംസ്‌കാരിക വ്യതിയാനങ്ങള്‍ എന്നതിനു പുറമെ, ചിതറിക്കിടക്കുന്ന ഒരു ജീവിവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികവും ആയിരുന്നു.
നാഗരികതകളുടെ സംഘട്ടന സിദ്ധാന്തത്തിന് ശ്രദ്ധേയമായ മറ്റൊരു വശം കൂടിയുണ്ട്. 'നാഗരികതകളുടെ സംഘട്ടനം' പുസ്തക രൂപത്തില്‍ വെളിച്ചം കാണുന്നതിനും നാലു വര്‍ഷം മുമ്പ് പുറത്തു വന്ന ഇതേ തലക്കെട്ടിലുള്ള ഹണ്ടിംഗ്ടന്റെ ലേഖനത്തില്‍ 'നാഗരികതകളുടെ സംഘട്ടനം' എന്നതിന് ശേഷം ഒരു ചോദ്യചിഹ്നവുമുണ്ടായിരുന്നു. എന്നാല്‍ 1997 - ല്‍ പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ ചോദ്യചിഹ്നം ഒഴിവാക്കി പ്രസ്തുത ആശയം സ്ഥാപിച്ചു കഴിഞ്ഞിരുന്നു എന്നതാണ് അത്. 'വിവരക്കേടിന്റെ  സംഘര്‍ഷം' (ക്ലാഷ് ഓഫ് ഇഗ്‌നൊറെന്‍സ് ) എന്നാണ് നാഗരികതകളുടെ സംഘട്ടനത്തെ വിശ്വവിഖ്യാത ബുദ്ധി ജീവി ഡോ. എഡ്വേര്‍ഡ് സെയ്ദ് 'പ്രശംസിച്ചത്'! ഇസ്‌ലാം/ മുസ്‌ലിം വിരോധം തലക്കുകയറാത്ത ആരും ഇതില്‍ കവിഞ്ഞൊന്നും പ്രശംസിക്കാന്‍ വഴിയില്ല.
സുഹൈല്‍ ഹിദായ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter