യു.എ.പി.എ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കയാണോ?

ഒടുവില്‍ പുലി (യുഎപിഎ) എല്ലാവരുടെ മുറ്റത്തുമെത്തിയിരിക്കുന്നു.ഈ കാടന്‍ നിയമം പ്രയോഗിക്കപ്പെട്ടപ്പോള്‍ ഓരോരുത്തരും ചിരിക്കുകയായിരുന്നു. തങ്ങളുടെ ശത്രുക്കള്‍ക്കെതിരെയാണല്ലോ നിയമ പ്രയോഗം എന്നതോര്‍ത്ത്. പാനായിക്കുളം കേസില്‍ കോടിയേരി ബാലകൃഷ്ണന്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ യുഎപിഎ പ്രയോഗിച്ചപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. കൈവെട്ട് കേസിലും നാറാത്ത് കേസിലും പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ ഈ ഭീകര നിയമം വന്നപ്പോള്‍ പലരും അതിനെ അനുകൂലിച്ചു. മഅ്ദനിക്കെതിരെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ യുഎപിഎ പ്രയോഗിക്കപ്പെട്ടപ്പോഴും വലിയ പ്രതിഷേധങ്ങളുണ്ടായില്ല. പത്രപ്രവര്‍ത്തകയായ കെ കെ ഷാഹിന, ശാസ്ത്രജ്ഞനായ ഗോപാല്‍ മേനോന്‍ എന്നിവര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടപ്പോഴും സമൂഹത്തില്‍നിന്ന് എതിര്‍പ്പിന്റെ ശബ്ദമുയര്‍ന്നില്ല.പോസ്റ്റര്‍ ഒട്ടിച്ച കേസില്‍ ഗൗരിയെന്ന ആദിവാസി യുവതി അഞ്ചുമാസമായി ഈ നിയമത്തിന്റെ കരാളതകളില്‍പ്പെട്ട് ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഒടുവില്‍ ഷംസുദ്ദീന്‍ പാലത്ത് എ്ന്ന സലഫി മതപണ്ഡിതനെതിരെയും യുഎപിഎ ചുമത്തപ്പെട്ടിരിക്കുന്നു.

പീസ് സ്‌കൂളിന്റെ ഭാരവാഹികള്‍, മുജാഹിദ് ബാലുശ്ശേരി, സാക്കിര്‍നായിക്ക് അദ്ദേഹത്തിന്റെ സംഘടന എന്നിവയൊക്കെ യുഎപിഎ കാത്തിരിക്കുകയാണ്. നാറാത്ത് കേസില്‍ പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ യുഎപിഎ പ്രയോഗിക്കപ്പെട്ടപ്പോള്‍ അന്നത്തെ അവരുടെ സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടന യുഎപിഎയ്‌ക്കെതിരെ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് നടത്തിയ സമാപന സമ്മേളനത്തില്‍ പ്രഫ. അബ്ദുറഹിമാന്‍ ഗീലാനി അടക്കമുള്ളവര്‍ പങ്കെടുത്തു. പിന്നീട് സംഘടനയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നാട്ടിലുടനീളം യുഎപിഎ വിരുദ്ധ പ്രചാരണം നടന്നു. ആരെന്തുപറഞ്ഞാലും കേരളത്തിലുള്ളവരെ യുഎപിഎയുടെ കാര്യത്തില്‍ ബോധവാന്‍മാരാക്കിയത് പോപുലര്‍ ഫ്രണ്ടുകാരായിരുന്നു. അന്നൊന്നും യുഎപിഎ വകവയ്ക്കാതിരുന്നവര്‍ ഇന്നിപ്പോള്‍ ഈ നിയമത്തിനെതിരെ രംഗത്തുവരുന്നതു കാണുമ്പോള്‍ കൗതുകം തോന്നുന്നു. സലഫികള്‍ക്കെതിരെ യുഎപിഎ വന്നപ്പോള്‍ മുസ്‌ലിംലീഗും മറ്റ് മുസ്‌ലിം സംഘടനകളും സജീവമായി തന്നെ രംഗത്തുവന്നിരിക്കുന്നു. ഈ ഉണര്‍വ് നേരത്തെയുണ്ടായില്ലല്ലോ എന്നതാണ് സങ്കടകരം.

ആര്‍ക്കെതിരെയും യുഎപിഎ പാടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ടാഡ വന്നപ്പോഴും പോട്ടോ വന്നപ്പോഴും ജയിലിലായത് മുസ്‌ലിംകളും ആദിവാസികളും പിന്നാക്ക ദളിത് ന്യൂനപക്ഷങ്ങളുമായിരുന്നു. ലക്ഷങ്ങളുടെ പേരില്‍ കേസുകള്‍ വന്ന് വിചാരണയ്‌ക്കൊടുവില്‍ എല്ലാവരേയും നിരപരാധികളെന്നു കണ്ട് വിട്ടയയ്ക്കപ്പെട്ടു. പക്ഷേ, അവര്‍ അഞ്ചും ആറും വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. അവരുടെ നഷ്ടപ്പെട്ട ജീവിതം ആരു മടക്കിനല്‍കും എന്നതാണ് വളരെ പ്രസക്തമായ ചോദ്യം. ഇതുതന്നെയാണിപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്. 195 യുഎപിഎ പ്രതികളില്‍ 60 പേര്‍ മാത്രമാണ് ആദിവാസി, ദളിത് പിന്നാക്കക്കാര്‍. ബാക്കിയെല്ലാം മുസ്‌ലിംകള്‍ തന്നെ. നിസാരമായ കേസുകളില്‍ പോലും യുഎപിഎ ചുമത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനാണ് പതിനഞ്ചോളം ആദിവാസികളെ മാവോയിസ്റ്റ് മുദ്രകുത്തി ഈ നിയമം ചുമത്തി ജയിലിലാക്കിയത്. രൂപേഷിനുവേണ്ടി കോടതിവളപ്പില്‍ മുദ്രാവാക്യം വിളിച്ചുവെന്നാണ് രണ്ടുപേര്‍ക്കെതിരെ ഈ ഭീകര നിയമം ചുമത്താന്‍ കാരണം. യുഎപിഎയുടെ പുതിയ മുഖം കാണുമ്പോള്‍ ഈ നിയമം മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സിപിഎമ്മുകാരാണ് ഈ നിയമം സംസ്ഥാനത്ത് ആദ്യം പ്രയോഗിച്ചതെങ്കില്‍ അവര്‍ക്കെതിരെയും കതിരൂര്‍ മനോജ് വധക്കേസില്‍ ഈ നിയമം ചുമത്തപ്പെട്ടിരിക്കുന്നു.

വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന കെ പി ശശികല, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കൊന്നും യുഎപിഎ ഇല്ല. സംസ്ഥാനത്ത് പതിനഞ്ചോളം സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ പ്രകോപനപരമായി പ്രസംഗിച്ച പ്രവീണ്‍ തോഗാഡിയയ്‌ക്കെതിരെയും ഈ നിയമം പ്രയോഗിച്ചിട്ടില്ല. സവര്‍ണരെ തൊടാന്‍, ബിജെപിക്കാര്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കാന്‍ പിണറായിയും മടിക്കുകയാണ്. uapa1THE UNLAWFUL ACTIVITIES (PREVENTION) ACT, 1967 എന്ന നിയമമാണ് UAPA എന്ന് ചുരുക്കപേരില്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963 ല്‍ നല്‍കിയ ശുപാര്‍ശപ്രകാരമാണ് ഈ നിയമം അതേവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു. 1967 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2008 ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ UAPA വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെ ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ അതില്‍ തന്നെ ഏതാണ്ടെല്ലാവരും നിരപരാധികള്‍ ജയിലറക്കുള്ളില്‍ അടയ്ക്കപ്പെടുന്നതും.

എന്തായിരുന്നു 2008 ലെ ഭേദഗതി

1967 ല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷമടക്കം നല്ലൊരു വിഭാഗം ഈ നിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. പാര്‍ലമെന്റിനു പുറത്തും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമബോധമുള്ളവരുമായ നിരവധിയാളുകള്‍ ഇതിനെ ചെറുക്കാനുണ്ടായിരുന്നു. ആ എതിര്‍പ്പ് മറികടന്നാണ് അന്നു പാര്‍ലമെന്റില്‍ പാസായതെങ്കില്‍ 2008 ല്‍ ഇടതുപക്ഷമടക്കമുള്ളവരുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ എതിര്‍പ്പുപോലുമില്ലാതെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് കടുത്തതും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഭേദഗതികള്‍ പാസാക്കിയെടുക്കാനായത്. മുസ്‌ലിംലീഗ് അംഗങ്ങളും അന്ന് യുഎപിഎ ഭേദഗതിക്കുവേണ്ടി പാര്‍ലമെന്റില്‍ കൈ പൊക്കുകയുണ്ടായി. മുംബൈ ഭീകരാക്രമണമുണ്ടാകുന്നത് 2008 നവംബര്‍ 26നാണ്. അതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന ടാഡ, പോട്ട എന്നീ സമാന നിയമങ്ങള്‍ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ വികാരത്തെ മുതലാക്കിയാണ് എതിര്‍പ്പൊന്നുമില്ലാതെ 2008 ഡിസംബര്‍ 16 ന് പുതിയ ഭേദഗതികള്‍ അവതരിപ്പിക്കപ്പെടുന്നത്.

Also Read:ഈ രക്തത്തിൽ നമുക്കുമുണ്ട് പങ്ക്! 

സാധാരണ ഗതിയിലുള്ള മുന്‍ ചര്‍ച്ചകളോ അഭിപ്രായ രൂപീകരണമോ പോലും നടത്തിയില്ല. ഈ ഭേദഗതിയോടൊപ്പം തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഐഎയും രൂപപ്പെടുന്നത്. രാജ്യത്ത് നില നില്‍ക്കുന്ന എല്ലാ ക്രിമിനല്‍ നിയമങ്ങള്‍ക്കും എതിരാണ് യുഎപിഎയിലെ അധിക വ്യവസ്ഥകളും. യുഎപിഎ പ്രകാരം കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം വച്ചോ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരം അനുസരിച്ചോ ഏതൊരാളെയും തിരയാനും അയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്. സാധാരണഗതിയില്‍ ഇതിന് കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറന്റോ വേണ്ടിവരും. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അമിതാതിപ്രയോഗത്തിന് ഇത് വളം വച്ചുകൊടുക്കുന്നു. രാജ്യത്തെ പോലിസ് സേന എത്രമാത്രം നിഷ്പക്ഷമാണെന്ന് ഏവര്‍ക്കും ബോധ്യമുള്ളതാണല്ലോ. ആ സ്ഥിതിക്ക് ആര്‍ക്കെതിരെ ആയിരിക്കും ഇവ ഉപയോഗിക്കപ്പെടുക എന്നത് വ്യക്തമാണ്. ഒരു വ്യക്തിയെ തിരയാനോ അറസ്‌ററ് ചെയ്യാനോ വിധത്തില്‍ 'മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന' കാരണങ്ങളുണ്ടാവണമെന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡി(സിആര്‍പിസി)ന്റെ താല്‍പര്യത്തിനെതിരാണ് ഭേദഗതി വരുത്തിയ യുഎപിഎയിലെ വ്യവസ്ഥ. പുതിയ നിയമത്തില്‍ 'വിശ്വസനീയമായ കാരണം' എ ന്നാക്കി ഇതിനെ ലഘൂകരിച്ചിരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ അറിവുണ്ടെന്നു പറഞ്ഞാല്‍ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇതിനാല്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ വിരോധം കൊണ്ട് തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിയും. uapa2ഇനി, അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്ഥിതിയോ? യു.എ.പി.എയുടെ 43ഡി(2) വകുപ്പുപ്രകാരം പ്രാഥമിക തടങ്കലില്‍ വയ്ക്കാനുള്ള കാലയളവ് 180 ദിവസമാണ്. (ഇത് സാധാരണ നിയമത്തില്‍ 90 ദിവസമാണ്). എന്നാല്‍ 90 ദിവസത്തിനുശേഷം പ്രോസിക്യൂട്ടര്‍ കേസ് പുരോഗതിയിലാണെന്നും കൂടുതല്‍സമയം ആവശ്യമുണ്ടെന്നും കോടതിയെ ബോധിപ്പിക്കണം. ജഡ്ജിയെ സംബന്ധിച്ചിടത്തോളം കേസില്‍ പുരോഗതിയുണ്ടാ യെന്ന് പരിശോധിക്കുക മാത്രമാണിവിടെ വേണ്ടത്. തടവ് നീട്ടുന്നതിനാവശ്യമായ തെളിവുണ്ടോയെന്ന് നോക്കേണ്ടതില്ല. ഭീകരനെന്നാരോപിക്കപ്പെട്ടയാളുടെ പോലീസ് കസ്റ്റഡിയുടെ കാര്യത്തില്‍ മുപ്പത് ദിവസം വരെ കസ്റ്റഡിയില്‍ വയ്ക്കാവുന്നതാണ്. അതായത് ഒരാളെ പിടിച്ച് കൃത്രിമമായി തെളിവുകളുണ്ടാക്കാന്‍ പോലീസിന് വേണ്ടത്ര സമയം ലഭിക്കുമെന്നര്‍ത്ഥം. ഒരാള്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടാലും അയാള്‍ നിരപരാധി ആയാണ് രാജ്യത്തെ നിയമം കണക്കാക്കുന്നത്. അതനുസരിച്ച് കുറ്റാരോപിതന്‍ ചെയ്ത കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. എന്നാല്‍ യു.എ.പി.എ അനുസരിച്ച് കുറ്റാരോപിതന്‍ തന്നെ താന്‍ നിരപരാധിയാണെന്നു തെളിയിക്കണം. അതെങ്ങനെ ഒരാള്‍ക്കു സാധിക്കും. ഭീകരനെന്നോ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്നോ ഒരാളുടെ മേല്‍ ആരോപിച്ചാല്‍ അത് ചെയ്തിട്ടില്ലെന്നു ആ വ്യക്തിക്കു തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളൊന്നും ഇവിടെ വിതരണം ചെയ്യുന്നില്ലല്ലോ. കുറ്റം തെളിയിക്കുക എന്നതിന് പകരം നിരപരാധിത്വം തെളിയിക്കുക എന്നതിലേക്കു വഴിമാറുന്നതോടെ ആരെയും കുറ്റവാളിയാക്കാം. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് വിചാരണ നടത്തി നിരപരാധിയോ കുറ്റവാളിയോ എന്നു തീരുമാനിക്കുകയാണ് കോടതി നടപടി. യു.എ.പി.എ പ്രകാരമാണെങ്കില്‍ വിചാരണ നടപടികള്‍ക്കിടെ അഡീഷണലായി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അധികാരം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമുണ്ട്. ഇതുമൂലം വിചാരണ അനന്തമായി നീട്ടികൊണ്ടുപോകാനും സാധിക്കും. യു.എ.പി.എ. 43ഡി(5) പ്രകാരം പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല . കെട്ടിച്ചമക്കപ്പെട്ട കേസുകളാണ് മിക്കതും എന്നതിനാല്‍ തന്നെ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുവാന്‍ എതിര്‍ നില്‍ക്കുകയായിരിക്കും ചെയ്യുക,.

യു.എ.പി.എ കേസുകളൊക്കെ പരിശോധിച്ചാല്‍ സാക്ഷികളുടെ എണ്ണം വളരെ വലുതാണെന്നു കാണാം. ഇതും വിചാരണ ദീര്‍ഘിപ്പിക്കാനും, ജാമ്യം ലഭിക്കാത്തതിനാല്‍ വിചാരണ തടവുകാരനായി ദീര്‍ഘകാലം ജയിലിലടക്കപ്പെടാനും ഇടയാക്കും. സംഘടനകളെ നിരോധിക്കുന്നതിനും അതിലെ പ്രവര്‍ത്തകരെ ശിക്ഷിക്കുന്നതിനും യു.എ.പി.എ. ഭേദഗതി സര്‍ക്കാരിനെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത സംഘടനകളെ ഭീകരഗ്രൂപ്പ്, ഭീകര സംഘടന, നിയമവിരുദ്ധ സംഘടന എന്നെല്ലാം സര്‍ക്കാരിനു പ്രഖ്യാപിക്കാം. ഭീകരത ആരോപിക്കപ്പെട്ട സംഘത്തിന്റെയോ സംഘടനയുടെയോ പേരില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്താനും നിയമം അനുവദിക്കുന്നു. ഭീകരത, നിയമവിരുദ്ധത തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനം തികച്ചും അവ്യക്തമാണ്. നമ്മുടെ ഭരണഘടന ആശയ പ്രചരണത്തിനുള്ള സ്വാതന്ത്യവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന് അയാളുടെ വ്യക്തിപരമായ വീക്ഷണം വച്ച് ഒരു സംഘടനയേയോ ഗ്രൂപ്പിനെയോ ഇത്തരത്തില്‍ ഭീകര ഗ്രൂപ്പായി ആരോപിക്കാനുള്ള പഴുതുകളാണ് ഇതിലുള്ളത്.

ഒരു സംഘടനയെ ഈ അര്‍ത്ഥത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാന്‍ സാധിക്കും. അങ്ങനെ നിരോധിക്കപ്പെട്ടതിന് അതിനായി രൂപീകൃതമാകുന്ന ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ മുമ്പാകെ കാരണം കാണിക്കണം. uuaആറ് മാസ സമയം ആഭ്യന്തര മന്ത്രാലയത്തിന് ലഭിക്കും. അതായത് ട്രൈബ്യൂണലിനെ നിയമിക്കാന്‍ സര്‍ക്കാറിന് സാവകാശം കിട്ടുന്നതു കൂടാതെയാണ് പുറമെ ആറ് മാസം കൂടി ലഭിക്കുന്നത്. എന്നുമാത്രമല്ല എന്തുകാരണം മൂലമാണ് ആ സംഘടനയെ നിരോധിച്ചതെന്നു സര്‍ക്കാറിന് ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിക്കേണ്ടതുമില്ല. എന്നു മാത്രമല്ല സംഘടനയില്‍ അംഗത്വമുണ്ട് എന്നതു തന്നെ ഒരാള്‍ക്ക് രണ്ട് വര്‍ഷം ശിക്ഷ ലഭിക്കാന്‍ മതിയായ കുറ്റമാണ്. അതിന് ആ വ്യക്തി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം എന്നൊന്നും വേണ്ടതില്ല. ഈ വകുപ്പുപയോഗിച്ച് മാവോയിസ്റ്റ് ബന്ധം, സിമി ബന്ധം തുടങ്ങിയ പേരുകളില്‍ ആരെയും തടവില്‍ വെക്കാനുള്ള അധികാരം സര്‍ക്കാരിനു കൈവരുന്നു. ഇതിനൊക്കെ പുറമെ യു.എ.പി.എ യിലെ 51എ വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്നവരുടെ ഫണ്ടുകളും ആസ്തികളും മറ്റു ധനാഗമ മാര്‍ഗങ്ങളും മരവിപ്പിക്കാനോ പിടിച്ചെടുക്കാ നോ കണ്ടുകെട്ടാനോ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു. ഭീകരതയുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്താന്‍ വിലപ്പെട്ട തെളിവുകളുടെ ആവശ്യവുമില്ലാ എന്നു വരുന്നതോടെ ഏതൊരു നിരപരാധിയെയും അഴിക്കുള്ളിലാക്കാനും സാമ്പത്തികമായും മാനസികമാ യും തകര്‍ത്ത് അവരുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനുമുള്ള അവസരം പോലും ഇല്ലാതാക്കുകയാണിവിടെ.

യു.എ.പി.എ യെ എതിര്‍ക്കേണ്ടുന്നത് എന്തുകൊണ്ട്?

1. ഭരണഘടന ഉറപ്പുനല്‍കുന്ന 3 മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാണത് 2. ഭരണകൂടത്തിനോ ഒരു പോലീസ് ഉദ്യോഗസ്ഥനോ വിരോധം തോന്നുന്ന ആരെയും അനന്തകാലം ജയിലിലടക്കാന്‍ സാധിക്കും. 3. യാതൊരു തെളിവുകളുമില്ലെങ്കിലും സംശയം തോന്നുന്നതോ ഇഷ്ടമില്ലാത്തതോ ആയ സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു. 4. അങ്ങനെയുള്ള സംഘടനയില്‍ അംഗത്വമുള്ളതുപോലും കുറ്റകരമാക്കാനാവുന്നു. ഏതെങ്കിലും കുറ്റകൃത്യം ചെയ്യണമെന്നില്ല. 5. സര്‍ക്കാരിനെതിരെയുള്ള അക്രമരഹിത രാഷ്ട്രീയ സമരങ്ങള്‍പോലും ഭീകരതയുടെ പരിധിയിലാക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള അവ്യക്തമായ നിര്‍വചനങ്ങളാണ് നിയമത്തിലുള്ളത്. 6. കുറ്റപത്രം സമര്‍പ്പിക്കാതെ 180 ദിവസം തടവില്‍ വയ്ക്കാം. ഇതില്‍ 30 ദിവസത്തോളം പോലീസ് കസ്റ്റ ഡിയിലും വെയ്ക്കാവുന്നതാണ്. ഇത് ജാമ്യനിഷേ ധത്തിനു കാരണമായി മാറുന്നു. കുറ്റം ചെയ്യാനുള്ള ഉദ്ദേശം പോലുമില്ലാതെ കൈവശം വെച്ച നിത്യോ പയോഗ വസ്തുക്കളെ പോലും തെളിവാക്കി ഭീകരകേസില്‍ കുറ്റം ചാര്‍ത്താനാവും. 7. വാറന്റ് കൂടാതെയുള്ള തിരച്ചില്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, അറസ്റ്റ് തുടങ്ങിയവയ്ക്കും മൂന്നാംകക്ഷിയില്‍നിന്ന് കോടതി ഉത്തരവില്ലാതെ തന്നെ നിര്‍ബന്ധമായി വിവരം ശേഖരിക്കാനും അധികാരം നല്‍കുന്നു. 8. കുറ്റക്കാരനാണോ എന്നു പ്രോസിക്യൂഷനല്ല നിരപരാധിയാണോ എന്നു കുറ്റാരോപിതനാണ് തെളിയിക്കേണ്ടത്. 9. ഓപ്പണ്‍ കോടതിയിലെ പരസ്യ വിചാരണകള്‍ ഒഴിവാക്കാനും രഹസ്യ വിചാരണകള്‍ നടത്താനും ഇത് വഴിതെളിക്കുന്നു. ഇതോടെ നിയമ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാകുന്നു.

UAPA കേരളത്തില്‍

രാജ്യത്ത് പല ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകള്‍ നിര്‍മ്മിച്ച ഭീകര നിയമങ്ങളായ ടാഡ, പോട്ട തുടങ്ങിയവ കേരളത്തിലെ സര്‍ക്കാരുകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ UAPA യുടെ കാര്യത്തില്‍ കേരളത്തിലെ ഭരണകൂടം സ്വീകരിച്ച നിലപാട് അങ്ങനെയല്ല. ഇടതും വലതും മാറി ഭരിച്ചുകൊണ്ടിരുന്ന കാലങ്ങളില്‍ നിര്‍ലോഭം എവിടെയും UAPA പ്രയോഗിച്ചിരുന്നത് ആയി കാണാം. തുടക്കത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തെയും മാവോയിസ്റ്റ് എന്നു മുദ്രകുത്തപ്പെട്ടവരെയും ആയിരുന്നെങ്കില്‍ അതിപ്പോള്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ദീര്‍ഘകാലം ഭരിച്ച ആദ്യമായി UAPA നടപ്പാക്കിയ സി.പി.എംകാര്‍ക്കു നേരെ വരെ തിരിഞ്ഞിരിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ ആറു സിപിഎമ്മുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് അത് രാജ്യദ്രോഹ ഭീകര പ്രവര്‍ത്തനം ആയതുകൊണ്ടല്ല എന്നതു വ്യക്തമാണല്ലോ. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിലോ അരിയില്‍ ശുക്കൂര്‍ കൊലപാതകത്തിലോ ഫസല്‍ വധത്തിലോ ഒന്നും ചുമത്താതിരുന്ന യു.എ.പി.എ കതിരൂര്‍ മനോജ് വധത്തില്‍ മാത്രം എങ്ങനെ ചുമത്തപ്പെട്ടു. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും ഈ ഭീകര നിയമം പ്രയോഗിക്കാം എന്ന് പകല്‍പോലെ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പരസ്യമായി യോഗം ചേര്‍ന്നവര്‍ക്കെതിരെ ചുമത്തിയ പാനായിക്കുളം കേസ്, ഒരു ക്രിമിനല്‍ കേസായി രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട മുവാറ്റുപുഴയിലെ കൈവെട്ട് കേസ്, മാവേലിക്കരയില്‍ യോഗം ചേര്‍ന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ കേസ്, പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, നാറാത്ത് 21 ചെറുപ്പക്കാര്‍ക്കെതിരെ ചുമത്തിയ കേസ് തുടങ്ങി 2014 സെപ്തംബര്‍ വരെ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നു പോലിസിന്റെ ക്രൈം റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയും കേസുകളിലൂടെ 200നടുത്ത് വ്യക്തികളെയാണ് കുറ്റവാളികളായി ഭരണകൂടവും മാധ്യമങ്ങളും മുദ്രയടിച്ചിട്ടുള്ളത്. നമ്മെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത് 2013, 2014 വര്‍ഷങ്ങളിലാണ് മുപ്പത്തിരണ്ടില്‍ ഇരുപത്തിയേഴു കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്നതാണ്. 2014 സെപ്തംബറിന് ശേഷം കതിരൂര്‍ കേസടക്കം 3 കേസുകള്‍കൂടി ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. മഅ്ദനി കേസടക്കം മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവകളില്‍ കുറ്റാരോപിതരായ വേറേയും നിരവധി മലയാളികളുണ്ട്. ഈ പട്ടിക ഇനിയും വലുതാകാനാണിട.

കേരളത്തിലെ യു.എ.പി.എ കേസുകള്‍

വര്‍ഷം കേസുകളുടെ എണ്ണം 2008 3 2009 0 2010 1 2011 0 2012 1 2013 13 2014 (സെപ്തംബര്‍ വരെ) 15 (* ഈ കണക്ക് കേരള പോലീസിന്റെ Monthly Crime Review അനുസരിച്ചാണ്.) 2014 സെപ്തംബറിന് ശേഷം മൂന്നിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം ഭീകര നിയമങ്ങളുടെ പട്ടികയില്‍ ആദ്യത്തേതല്ല യു.എ.പി.എ. അവസാനത്തേതുമല്ല. കശ്മീരിലും മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും (സര്‍ക്കാറിന്റെ ഭാഷയില്‍ ശല്യ പ്രദേശങ്ങള്‍) അറുപത് വര്‍ഷമായി തുടര്‍ന്നു വരുന്ന AFSPA ( Armed Forces (Special Powers) Act) രാജ്യത്തെ ഭീകര നിയമങ്ങളുടെ തലതൊട്ടപ്പനാണ്. എത്രയോ മുമ്പ് തന്നെ നടപ്പാക്കി തുടര്‍ന്നു വരുന്നുവെങ്കിലും ഇറോം ശര്‍മ്മിളയുടെ സഹന സമരത്തോടെയാണ് ഒരു പക്ഷേ രാജ്യത്ത് ഇതിന്റെ ഭവിഷ്യത്തുകള്‍ ചര്‍ച്ചയാകുന്നത്. വെറും 6 വകുപ്പുകള്‍ മാത്രമുള്ള ഈ നിയമം രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും ഇല്ലാതാക്കുന്നതിനും നീതിന്യായ സംവിധാനവും നിയമപാലന സംവിധാനവും അടക്കമുള്ളതിനെ സൈന്യത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനും പര്യാപ്തമാണ്. 1958 ല്‍ പാസാക്കിയെടുത്ത ഈ നിയമം വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്ന പേരിലാണ് പാകപ്പെടുത്തിയെടുത്തത്. വെറും ആറ് മാസമാണ് ഒരു സ്ഥലത്ത് ഇത് നടപ്പാക്കാനുള്ള കാലവധി. പക്ഷേ, ഓരോ ആറു മാസം കൂടുമ്പോഴും പുതുക്കിക്കൊണ്ട് അറുപത് വര്‍ഷമായി കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതു തുടരുകയാണ്.

സായുധ സേനക്ക് ഏത് സമയവും ആരുടെയും വീടുകളിലടക്കം കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന AFSPA വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. സൈനികര്‍ നിരപരാധികളെ കൊല്ലുകയും സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും നിത്യസംഭവമാണ്. സഹികെട്ട മണിപ്പൂരിലെ സ്ത്രീകള്‍ നഗ്‌നരായി ആസാം റൈഫിള്‍സ് എന്ന സായുധ സേനയുടെ ബാരക്കിലേക്ക് മാര്‍ച്ച് നടത്തിയത് ഒരു പക്ഷേ നാം മറന്നിട്ടുണ്ടാവും. വിചിത്രമായ കാര്യം വര്‍ഷം അറുപത് കഴിഞ്ഞിട്ടും സായുധ സേനക്കു വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. AFSPA പിന്‍വലിക്കുകയും സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യ ഭരണകൂടങ്ങള്‍ രൂപപ്പെടുകയുമാണ് യഥാര്‍ത്ഥത്തില്‍ വിഘടനവാദം അവസാനിപ്പിക്കാനുള്ള വഴി മഹാരാഷ്ട്രയിലെ ങഇഛഇഅ, ഝാര്‍ഖണ്ഡിലെ ഇഇഅ തുടങ്ങി രാജ്യത്ത് വേറെയും നിരവധി ഭീകര നിയമങ്ങള്‍ (ഉൃമരീിശമി ഘമം)െ നിലവിലുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും മറ്റ് നിയമ സംവിധാനങ്ങളെയും നോക്കു കുത്തിയാക്കി ഇവ തുടരുന്നത് അത്യന്തം അപകടകരമാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇവിടെ നിയമങ്ങളുണ്ട്. അതു കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെ ശരിയാക്കിയെടുക്കുകയാണ് വേണ്ടത്. ഭരണകൂടത്തിന്റെ താത്പര്യം പക്ഷേ അതല്ല. തങ്ങളുടെ അധികാരം ശക്തിപ്പെടുത്താന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണിവിടെ. uuuaഅതുകൊണ്ടാണ് രാഷ്ട്രീയ എതിരാളികള്‍ക്കു മേല്‍ യു.എ.പി.എ ഉപയോഗിക്കുന്നത്. യു.എ.പി.എ ഭേദഗതികളെ പിന്തുണക്കുകയും ഭരിച്ചുകൊണ്ടിരിക്കെ തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ മേല്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത സി.പി.എമ്മിന് കേരളത്തിലും ബംഗാളിലും തങ്ങളുടെ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികള്‍ അതേ നിയമത്തില്‍ കുരുക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്നു.

യു.എ.പി.എയെ അകമഴിഞ്ഞ് പിന്തുണക്കുന്ന കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗിനും അതുപോലെയുള്ള എല്ലാവര്‍ക്കും ഇതേഗതി വന്നു ചേരാന്‍ സാദ്ധ്യതയുണ്ട്. ഫാസിസം ശക്തിപ്പെടുന്ന കാലത്ത് ഫാസിസ്റ്റുകളല്ലാത്ത ഏവരും ഭരണകൂട ഭീകരതയുെട കരാളദൃഷ്ടിയില്‍പെടും. ജനാധിപത്യ ബോധത്തോടെ കൂട്ടായ പ്രതിരോധങ്ങളാണ് ഇവയെ തടഞ്ഞു നിര്‍ത്താനുള്ള ഏക പോംവഴി. നിയമം ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹ്യ നീതിക്കും വേണ്ടിയാകണം. ഭരണകൂടത്തെ സംരക്ഷിക്കാനും അവയുടെ അധികാരത്തെ ശക്തിപ്പടുത്താനുമല്ല; ജനങ്ങളെ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുമാണ് നിയമങ്ങള്‍ എന്ന തിരിച്ചറിവുണ്ടാകണം. ഒരുകാലത്ത് യുഎപിഎ ഭേദഗതിക്ക് അനുകൂലമായി പാര്‍ലമെന്റില്‍ സംസാരിച്ച ലീഗ് നേതാക്കള്‍ ഇപ്പോള്‍ വാര്‍ത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും ഈ നിയമത്തിനെതിരെ സംസാരിക്കുന്നുണ്ട്. ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കാന്‍ പാടില്ല. ടാഡ വന്നപ്പോള്‍ പ്രതികളാക്കപ്പെട്ടത് രാജ്യത്തെ ഒരുലക്ഷത്തിലേറെ മുസ്‌ലിംകളായിരുന്നു. ഗുജറാത്തിലായിരുന്നു ഇവരില്‍ എഴുപത്തയ്യായിരം പേരും. ഇവരില്‍ കേവലം 250 പേര്‍ മാത്രമാണ് വിചാരണയ്‌ക്കൊടുവില്‍ ഒരു വര്‍ഷത്തില്‍ താഴേയുള്ള കാലത്തേയ്ക്കു ജയിലിലടയ്ക്കാന്‍ വിധിക്കപ്പെട്ടത്. അപ്പോഴേയ്ക്കും ഈ പ്ര തികളെല്ലാം അഞ്ചുമുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പോട്ടോ നിയമപ്രകാരം ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട അരലക്ഷം പേരില്‍ 40,000 പേരും മഹാരാഷ്ട്രയില്‍നിന്നുള്ള മുസ്‌ലിംകളായിരുന്നു. അവരില്‍ 38,000 പേരേയും കോടതികള്‍ വേറുതെ വിട്ടു. ഇനിയും യുഎപിഎ പോലുള്ള നിയമങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷാധികളെ വരുതിയില്‍ നിര്‍ത്താന്‍ ഭരണകൂടം കൊണ്ടുവരും. അതിനെയെല്ലാം എതിര്‍ക്കാനാണ് നാം പഠിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter