സംഗീതം, പാട്ട്, മുസ്‌ലിം
സാലിം ഹുദവി ഇരിങ്ങാട്ടിരിMusic
സ്ലം ഡോഗ് മില്യണയര്‍ എന്ന നാമം ഒരു പക്ഷേ, ഹോളിവുഡിലെ ഒരു പേരുകേട്ട സിനിമയായിരിക്കാം. സംവിധാനം കൊണ്ടും ഇതിവൃത്തംകൊണ്ടും അഭിനയത്തികവു കൊണ്ടും ലോകമറിയപ്പെട്ട, ഇന്ത്യയിലെ മുംബൈ പശ്ചാത്തലമൊരുക്കുന്ന ആക്ഷന്‍ഹിറ്റ് തന്നെയാവാം. എന്നാല്‍, ഈ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അതിന് ലഭിച്ച ഓസ്‌കാര്‍ നോമിനേഷനുകള്‍ നിമിത്തമായിരുന്നുവെന്നു പറഞ്ഞാല്‍ നൂറു ശതമാനം തെറ്റാവുകയില്ല. അതിലേറെ, ഇന്ത്യയില്‍ ഈ സിനിമക്ക് ജനഹൃദയങ്ങളില്‍ ഇടംനേടിക്കൊടുത്തത് അല്ലാ രഖാ റഹ്മാന്‍ എന്ന സംഗീത സാമ്രാട്ടിന് ഈ ചിത്രം വഴി ഹോളിവുഡിലെ (ലോകത്തിലെ) ഏറ്റവും മികച്ച സംഗീതജ്ഞനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചുവെന്ന സംഗതിയാണ്. ഇന്ന് ഒരു മുസ്‌ലിം പെണ്‍കുട്ടി ശാസ്ത്രീയസംഗീതം അഭ്യസിക്കാന്‍ ഒരുമ്പെട്ടാല്‍ അത് നാടാകെ നൊടിയട കൊണ്ട് വാര്‍ത്തയാകും. യാഥാസ്ഥിക വിരുദ്ധതയുടെ മേമ്പൊടി ചേര്‍ത്ത് മാധ്യമങ്ങള്‍ അത് ആഘോഷിക്കും. ഇക്കഴിഞ്ഞ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി നൃത്തവേദിയില്‍ പുരാണേതിഹാസഖണ്ഡങ്ങള്‍ ആടിത്തിമിര്‍ത്ത് ഗ്രേഡ് നേടിയിരുന്നു. പക്ഷേ, വാര്‍ത്തയായത് അവള്‍ക്കു ലഭിച്ച ഗ്രേഡോ അവള്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ചടുല താള ലയങ്ങളോ ആയിരുന്നില്ല. പ്രത്യുത, അവളുടെ പേരും അവളുടെ കുടുംബവും മാതാവിന്റെ നടക്കാതെപോയ ആഗ്രഹവും, പുറമെ, മതയാഥാസ്ഥിതികതയോടുള്ള അവളുടെ തിരുത്തല്‍വാദവുമെല്ലാമായിരുന്നു. വീണവായനയില്‍ ഒരുത്തി ഗ്രേഡ് നേടിയപ്പോള്‍ അന്നും കേട്ടു ഇതേ വാചകമടികള്‍. എന്തുകൊണ്ടിങ്ങനെയെല്ലാം സംഭവിക്കുന്നു? ഇന്ത്യ പോലൊരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഭരണഘടനാനുസൃതമായി ഒരു വ്യക്തിക്ക് വൈയക്തികമായി എങ്ങനെയുമാകാമെന്നിരിക്കെ ഒരു മുസ്‌ലിം നാമധാരിയില്‍നിന്ന്, തന്റെ മതശാസനകള്‍ക്ക് വിരുദ്ധമായ, ഒറ്റപ്പെട്ട ചില നീക്കങ്ങളുണ്ടാകുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ അത് യാഥാസ്ഥിക വിരുദ്ധതയായി വെണ്ടക്ക നിരത്തുന്നതെന്തുകൊണ്ടാണ്? അല്ലാ രഖാ റഹ്മാന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ച മാത്രയില്‍ അയാള്‍ തന്റെ സംസാരത്തിനിടയില്‍ അല്ലാഹു തന്ന ശബ്ദമാധുരി എന്ന് പറഞ്ഞത് എല്ലാ മാധ്യമങ്ങളിലും എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്തുകൊണ്ടായിരുന്നു. ഉത്തരം മറ്റൊന്നുമല്ല, എന്നും പൊരുതി പുറത്താകാന്‍ മാത്രം റാക്കറ്റേന്തുന്ന സാനിയാമിര്‍സ എന്ന പെണ്ണൊരുത്തി കോര്‍ട്ടിനകത്ത് നിന്ന് ഇസ്‌ലാമിനു നേരെ ഫോര്‍ഹാന്റ് ഷോട്ടുകളുതിര്‍ത്തപ്പോള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ച അതേ മാധ്യമപക്ഷപാതിത്വമാണിതിനെല്ലാം പിന്നില്‍ എന്നേ പറയേണ്ടൂ. ആകട്ടെ, വിനോദങ്ങള്‍ ഇസ്‌ലാമിക ദൃഷ്ട്യാ എക്കാലത്തും നിരുത്സാഹപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. സംഗീതവും പാട്ടും കൂത്തും വാദ്യോപകരണങ്ങളുമൊന്നും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് ഒരിക്കലും അത്രമേല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, ഭൗതികാനന്ദങ്ങളേക്കാളുപരി ആത്മീയ നിര്‍വൃതിയാണ് ഇസ്‌ലാമിലൂടെ ലക്ഷീകരിക്കപ്പെടുന്നത് എന്നതുതന്നെ. ആത്മീയ ഇതിവൃത്തങ്ങളുള്ള കാവ്യശീലുകളും മദ്ഹ് ഗീതങ്ങളും ഇസ്‌ലാമില്‍ ശ്രദ്ധേയ സ്ഥാനമര്‍ഹിക്കുന്നവയല്ലേ എന്നൊരു മറുചോദ്യം ഇവിടെ ഉന്നയിതമാകാനിടയുണ്ട്. എന്നാല്‍ അത് തികച്ചും അപ്രസക്തമാണ്. കാരണം, മനുഷ്യന്റെ ആത്മീയമായ ഉയര്‍ച്ചക്ക് ഉതകുന്ന നല്ല ചിന്തകള്‍ മനസ്സുകളില്‍ ഉയിരെടുക്കാന്‍ ഇത്തരം കാവ്യങ്ങള്‍ ഉത്തമമായ പ്രേരകങ്ങളാകുന്നുവെന്നതാണ് വസ്തുത. പാട്ടില്‍ മയങ്ങുന്ന സമൂഹം നാട്ടില്‍ മൊത്തം പാട്ടാക്കി മാറ്റുന്ന റേഡിയോ മാങ്ങ(1)കളുടെ ഈ കാലത്ത് വിനോദങ്ങളുടെ കലാപകാല ദൃശ്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനടിമപ്പെട്ടവരില്‍ മുക്കാല്‍ പങ്കും മുസ്‌ലിം നാമധാരികളായ ചെറുപ്പക്കാരാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. മൊബൈല്‍ ഫോണ്‍ സാര്‍വത്രികമാകുക കൂടി ചെയ്തതോടെ സംഗീതാസ്വാദനം കൂടുതല്‍ ജനകീയമാകുന്ന സ്ഥിതി വിശേഷമുണ്ടായിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ മൊബൈല്‍ എന്ന സംജ്ഞയോടുകൂടി ഫോണ്‍ എന്ന പദം ഉപയോഗിക്കുന്നത് ഒട്ടും യുക്തിസഹമല്ലെന്നു തോന്നിപ്പോകുന്നു. ഫോണിന്റെ അടിസ്ഥാനപരമായ ആശയവിനിമയ സംവിധാനമുള്ള ഒരു പാം തിയേറ്ററെന്നോ മറ്റോ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. കമ്പോളവത്കരിക്കപ്പെട്ട വിനോദരംഗമാണല്ലോ ഇന്ന് നിലവിലുള്ളത്. പാട്ടുത്സവങ്ങളും മ്യൂസിക്കല്‍ നൈറ്റുകളും സ്റ്റാര്‍ സിംഗറുകളുമെല്ലാം അവതരിപ്പിച്ച് കുത്തക കമ്പനികള്‍ പണം വാരുമ്പോള്‍ സംഗീത ലഹരിയില്‍ എല്ലാം തുലച്ച്കളയുന്ന പ്രേക്ഷകവൃന്ദം മറുവശത്ത് അവശേഷിക്കുന്നു. പാമ്പാട്ടിയുടെ മകുടിയിലൂടെ വഴിഞ്ഞൊഴുകുന്ന സ്വരരാഗസുധയില്‍ മതിമറന്ന് പത്തിവിടര്‍ത്തിയാടുന്ന ഉഗ്രവിഷമുള്ള കരിനാഗങ്ങള്‍ വരെ ഒടുവില്‍ പാമ്പാട്ടിയുടെ കുട്ടയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു ചുരുണ്ടുകൂടേണ്ടിവരുമ്പോള്‍ സംഗീതമൊരു ലഹരിയാണെന്ന് വിധിയെഴുതാന്‍ ഇതില്‍ കവിഞ്ഞൊരു തെളിവ് ആവശ്യമില്ല. സപ്തസ്വരങ്ങളില്‍ സ്വയം മറക്കുന്ന സംഗീതപ്രേമികളുടെ ഇരുകാലിക്കൂട്ടങ്ങളും ഈ പാമ്പുകളും തമ്മില്‍ തത്വത്തില്‍ ഒരു അന്തരവുമില്ലതന്നെ. ആകാശവാണിയിലിരുന്ന് പ്രിയഗീത-ഗാനതരംഗിണി - ഹലോ ഇഷ്ടഗാന വേദികളിലിരിക്കുന്ന പൂവാലന്മാരോടും പൂവാലിമാരോടും ഉളുപ്പില്ലാതെ കിന്നരിക്കുന്ന മണ്ടശിരോമണികള്‍ പലപ്പോഴും തട്ടിവിടുന്ന വാചകമടികള്‍ കേട്ടാല്‍ നേരേ ചൊവ്വേ ചിന്തിക്കുന്നൊരാള്‍ക്ക് ഈ ആസ്വാദന രീതികളോടൊരുനിലക്കും രാജിയാകാന്‍ കഴിയില്ല. അവതാരകര്‍ കാടുകയറുമ്പോള്‍ അവര്‍ക്കൊപ്പം കയറുന്ന പ്രേക്ഷകര്‍ പലപ്പോഴും പരിസര ബോധം നഷ്ടപ്പെട്ട പ്രതീതിയുളവാക്കിക്കൊണ്ടാണ് സംവദിക്കാറുള്ളത്. ആസ്വാദക രംഗത്തെ മുസ്‌ലിമിനെ വായിക്കുകയോ ഉള്ളത് വെട്ടിത്തുറന്ന് പറയുകയോ ചെയ്യുമ്പോള്‍ പലരുടെയും നെറ്റി ചുളിയുക സ്വാഭാവികമാണ്. മുമ്പൊക്കെ രാത്രികാലങ്ങളില്‍ മുസ്‌ലിം വീടുകളില്‍ നിന്ന് ഉയര്‍ന്നുകേട്ടിരുന്ന വിശുദ്ധ സൂക്തികള്‍ ഇന്നത്തെ സമൂഹത്തില്‍നിന്ന് അന്യം നിന്നുപോയിട്ടുണ്ടെന്നു മാത്രമല്ല, പല അശ്ലീലങ്ങളും തല്‍സ്ഥാനത്ത് സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ടെന്നുകൂടിപ്പറയുമ്പോഴാണ് സമൂഹത്തിന്റെ സാംസ്‌കാരിക അപചയം പൂര്‍ണമാകുന്നത്. റിയാലിറ്റി ഷോകളുടെ കൊഴുപ്പന്‍ രംഗങ്ങളുമായി ചാനലുകള്‍ മത്സരിക്കുമ്പോള്‍ അതേറ്റുപിടിക്കാന്‍ ഏറെയും ഔത്സുക്യം കാണിക്കുന്നത് നമ്മുടെ സമൂഹമാണെന്ന് പറയാതെ വയ്യ. സംഗീതത്തിനും വാദ്യോപകരണങ്ങളില്‍ നിന്നു നിര്‍ഗളിക്കുന്ന ശബ്ദ പ്രവാഹത്തിനും ശ്രോതാവിന്റെ മനസ്സിനെ പൂര്‍ണാര്‍ത്ഥത്തില്‍ കീഴടക്കാനും പരിവര്‍ത്തന വിധേയമാക്കാനും കഴിയുമെന്നതൊരു അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. എത്ര ലോലമായ മനസ്സിനും കരിങ്കല്ലിന്റെ കാഠിന്യമേകാന്‍ വാദ്യോപകരണങ്ങള്‍ക്ക് സാധിക്കുമെന്നതാണു പണ്ഡിതമതം. ഈ വസ്തുതയോടൊപ്പം ഇന്നു കേള്‍ക്കുന്ന രീതിയിലുള്ള പൈങ്കിളി സംഗീതങ്ങളുടെയും അശ്ലീല ഗാനങ്ങളുടെയുമൊക്കെ പൊരുളുകളെക്കൂട്ടിവായിക്കുമ്പോള്‍ സമൂഹത്തില്‍ അസാംസ്‌കാരികതയും ജീര്‍ണതയും സൃഷ്ടിക്കാന്‍ പര്യാപ്തമായൊരു ഏകകമാണ് സംഗീത നൃത്തനാട്യങ്ങളെന്ന തിരിച്ചറിവിലേക്ക് നമുക്കെത്തിച്ചേരാന്‍ സാധിക്കുന്നു. അന്ത്യദിനത്തിന്റെ അടയാളങ്ങളായി പുണ്യപ്രവാചകര്‍ എണ്ണിയ പതിനഞ്ച് കാര്യങ്ങളില്‍ പാട്ടുകാരികളുടെയും വാദ്യോപകരണങ്ങളുടെയും രംഗപ്രവേശത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇശലുകളുടെ ദിശ മാറുമ്പോള്‍ കേരളീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ കവിയരങ്ങുകളും ഗാനമേളകളും ഇശല്‍സന്ധ്യകളും പാട്ടുത്സവങ്ങളും സംഗീതക്കച്ചേരികളും സംഗീതോത്സവങ്ങളും മറ്റും മുറക്ക് അരങ്ങേറുന്ന ഒരു ബഹുസ്വര സമൂഹത്തിനെയാണ് വിശകലനം ചെയ്യേണ്ടത്. ഇതര മതസ്ഥരുടെ കാര്യം ഇവിടെ വിഷയീഭവിക്കേണ്ടതില്ല. മുസ്‌ലിം സമുദായത്തിന് ഇശലുകളെ നെഞ്ചേറ്റിയ വലിയൊരു സമൂഹത്തിന്റെ മഹത്തായൊരു പാരമ്പര്യമാണ് കേരളത്തിലുള്ളത്. മാപ്പിള കലയുടെ അടയാള വാക്യമായ മാപ്പിളപ്പാട്ടുകളും കെസ്സുപാട്ടുകളും ഒരു കാലത്തും സമൂഹം അവഗണിച്ചിട്ടില്ലാത്ത കലാപാരമ്പര്യങ്ങളാണ്. ഇമ്പമാര്‍ന്ന ഇശലുകള്‍കൊത്ത് കൊട്ടിപ്പാടുന്ന അറബന മേളങ്ങളും ദഫ് മുട്ടുകളും ഇന്ന് പക്ഷേ നിലനില്‍പ്പിനു വേണ്ടിയുള്ള തിടുക്കമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സര്‍വമേഖലകളിലും മായം കലര്‍ന്നിരിക്കുന്ന ഇക്കാലത്ത് കലാരൂപങ്ങളും മായംചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക ഗാനങ്ങളെന്ന ലേബലില്‍ ഇന്ന് വിപണി കീഴടക്കുന്ന ആല്‍ബങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനിസ്‌ലാമികത തുടിച്ച് കേള്‍ക്കുന്ന അശുദ്ധ ഗീതങ്ങളാണെന്ന പരമാര്‍ത്ഥം സമൂഹമറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതെന്തുകൊണ്ടെന്നാണ് മനസ്സിലാകാത്തത്. നീലച്ചിത്രങ്ങളെപ്പോലും കവച്ചുവെക്കുന്ന രീതിയില്‍ അശ്ലീല നൃത്തങ്ങള്‍ കൊണ്ട് പശ്ചാത്തലമൊരുക്കി അവതരിപ്പിക്കപ്പെടുന്ന 'ഇസ്‌ലാമിക'(?) ഗാനങ്ങള്‍ കണ്ടുകേള്‍ക്കാന്‍ സദാചാര ബോധമുള്ളവര്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. നബിതിരുമേനി(സ)യുടെ പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അറബി - ഉറുദു ഭാഷകളില്‍ രചിക്കപ്പെട്ട നഅത്തുകള്‍ക്കുപോലും ഇത്തരം അശ്ലീല നൃത്തങ്ങളുടെ പശ്ചാത്തലമൊരുക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമാണ്. അശ്ലീല സംഗീതങ്ങളോട് ആധുനിക മുസ്‌ലിം മനസ്സുകള്‍ അമിതമായ അഭിനിവേശം പ്രകടിപ്പിക്കുന്നുവെന്നാണ് ഇത്തരം സാഹചര്യങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നത്. പ്രേക്ഷകസാന്നിധ്യം കൊണ്ട് അവതാരകര്‍ക്കും വിപണിയിലെ ഡിമാന്റുകൊണ്ട് വിപണനക്കാര്‍ക്കും വന്‍നേട്ടം ലഭിക്കുമ്പോഴാണല്ലോ ഒരു കലാരൂപം (ഇന്നത്തെ രീതിയില്‍) വിജയം വരിക്കുന്നത്. ഇത്തരം മാപ്പിള അശ്ലീലങ്ങള്‍ക്ക് ഇന്നു വര്‍ദ്ധിച്ചുവരുന്ന മാര്‍ക്കറ്റും അവതരണ വേദികളില്‍ ഇവ നേടിയെടുക്കുന്ന പ്രേക്ഷകാധിക്യവും യഥാര്‍ത്ഥത്തില്‍ തനിമയാര്‍ന്ന കലക്കു നേരെ കൊലവിളിയുയര്‍ത്തുകയല്ലേ ചെയ്യുന്നത്? അസാംസ്‌കാരികതയുടെ ഈടുവെപ്പുകള്‍ സാംസ്‌കാരിക രംഗം കൈയടക്കിയിരിക്കുന്ന പുതുസാഹചര്യത്തില്‍ ഇവയ്‌ക്കെതിരില്‍ ശബ്ദമുയര്‍ത്തുന്ന ജിഹ്വകളും ചലിക്കുന്ന തൂലികകളുമെല്ലാം ഒരുപക്ഷേ, തെറിയഭിഷേകം ചെയ്യപ്പെട്ടേക്കാം. പാട്ടിന്റെ ഇസ്‌ലാമികത ഭക്തിഗീതങ്ങളും ആത്മീയത തുടിച്ചുനില്‍ക്കുന്ന കാവ്യമാലകളും  ഒന്നും അനുവദനീയമല്ലെന്നോ പ്രോത്സാഹനാര്‍ഹമല്ലെന്നോ ഈ പറഞ്ഞതിനര്‍ത്ഥമില്ല. അറേബ്യന്‍ സാഹചര്യത്തില്‍ ഈമാനിലേക്കുള്ള വിളിയാളവുമായി ഇസ്‌ലാമിന്റെ പ്രവാചകര്‍ അവതരിച്ചപ്പോള്‍ അറേബ്യ പാടിപ്പതിഞ്ഞ കവിപ്രവരന്മാരുടെ സംഗമകേന്ദ്രമായിരുന്നു. സപ്തകവികളില്‍ അഗ്രേസരനായിരുന്ന ലബീദും കാവ്യങ്ങളിലൂടെ ഒരുപാട് തത്വങ്ങള്‍ സഹൃദയ ലോകത്തിന് കൈമാറിയ അലി(റ)വും തന്റെ കാവ്യങ്ങള്‍ കൊണ്ട് പ്രവാചകവിമര്‍ശകരുടെ വായ മൂടിക്കെട്ടിയ ഹസ്സാനുബ്‌നു സാബിതും(റ) പ്രവാചകാനുരാഗത്തിന്റെ നിറഞ്ഞുതുളുമ്പുന്ന ഒരുപാട് ശീലുകള്‍ പാടി തിരുസന്നധിയില്‍ പ്രശംസനീയനായ കഅ്ബുബ്‌നു സുഹൈറു(റ)മെല്ലാം ആത്മീയ കാവ്യങ്ങളുടെ ആശാന്മാരായിരുന്നല്ലോ. എന്നാലിവരൊന്നും തങ്ങളുടെ സവിശേഷമായ ആ സിദ്ധി അനാവശ്യമായി ഉപയോഗിച്ചിട്ടില്ലെന്ന വസ്തുത നിസ്തര്‍ക്കിതമാണ്. ഇസ്‌ലാമാശ്ലേഷണത്തിനു ശേഷം തൗഹീദിന്റെ അന്തഃസത്ത ഇതിവൃത്തമാക്കിയുള്ള ഒരേയൊരു കവിതാശകലം മാത്രമേ മഹാനായ ലബീദ്(റ) പാടിയിട്ടുള്ളൂ എന്ന് മനസ്സിലാക്കുമ്പോള്‍ അനാവശ്യമായ കവനങ്ങള്‍ എന്തുമാത്രം പ്രോത്സാഹനാര്‍ഹമല്ല എന്നുകൂടി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. മാത്രവുമല്ല, സ്വരമാധുരിയും മറ്റും നല്ല രീതിയില്‍ ഉപയോഗിക്കപ്പെട്ടാല്‍ അതേറ്റവും പ്രോത്സാഹനാര്‍ഹവും സ്വീകാര്യവുമാണെന്നും ഇസ്‌ലാം നിരീക്ഷിക്കുന്നുണ്ട്. സ്വഹാബി ശ്രേഷ്ഠനായ ഇബ്‌നു മസ്ഊദ്(റ) ഒരു ദിവസം കൂഫയുടെ പ്രാന്തത്തിലൂടെ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഏതാനും തെമ്മാടികള്‍ അവിടെ ഒത്തുകൂടി കള്ളുകുടിക്കുന്നത് കാണാനിടവന്നു. കൂട്ടത്തില്‍ റാദാന്‍ എന്നു പേരുള്ള ഒരു ഗായകന്‍ തന്റെ ശ്രവണസുന്ദരമായസ്വരത്തില്‍ താളം പിടിച്ച് പാടുന്നത് മഹാനവര്‍കള്‍ ശ്രദ്ധിച്ചു. ഇത്ര സുന്ദരമായ ഈ സ്വരം ഖുര്‍ആനോതാനുണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞ് ആ സ്വഹാബിവര്യന്‍ തന്റെ മേല്‍തട്ടം തലയിലിട്ട് നടന്നകന്നു. യാദൃഛികമെന്നോണം, സ്വഹാബിയുടെ വാക്കു കേട്ട റാദാന്‍, അദ്ദേഹത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തന്റെ സുന്ദരമായ ശബ്ദത്തെക്കുറിച്ച് ഇബ്‌നു മസ്ഊദ്(റ) ഇങ്ങനെ പറഞ്ഞെന്നു കേട്ടമാത്രയില്‍ അയാളുടെ മനസ്സില്‍ ഭയം കടന്നുകൂടി. ഉടന്‍തന്നെ കൈവശമുണ്ടായിരുന്ന ചെണ്ടയും കോലും നിലത്തെറിഞ്ഞുടച്ച് ഇബ്‌നു മസ്ഊദി(റ)നെ തേടിപ്പിടിച്ച് ആലിംഗനം ചെയ്ത് പശ്ചാതാപവിവശമായ മനസ്സുമായി പൊട്ടിക്കരഞ്ഞു റാദാന്‍. തന്റെ തെറ്റുകളില്‍ നിന്ന് പശ്ചാത്തപിച്ച് ഇബ്‌നു മസ്ഊദി(റ)ന്റെ കൂടെക്കൂടി റാദാന്‍ ഖുര്‍ആന്‍ പഠിക്കുകയും ശിഷ്ടകാലം ഖുര്‍ആന്‍ പണ്ഡിതനായി ജീവിക്കുകയും ചെയ്തുവെന്നതാണ് ചരിത്രം. പുണ്യനബി(സ)യെ ശത്രുക്കള്‍ പരിഹസിച്ചു പാടിയപ്പോള്‍ പ്രതിരോധകാവ്യം ആലപിച്ച ഹസ്സാനുബ്‌നു സാബിതി(റ)ന് മദീനാപള്ളിയില്‍ തയ്യാര്‍ ചെയ്തുകൊടുത്ത പീഠവും കീര്‍ത്തനകാവ്യമാലപിച്ച കഅ്ബുബ്‌നു സുഹൈറി(റ)നു ലഭിച്ച പുതപ്പും ഇമാം ബൂസ്വീരി(റ)ക്ക് ലഭിച്ച അത്ഭുതകരമായ രോഗമുക്തിയുമെല്ലാം സ്വരമാധുരിയുടെയും കവന ശേഷിയുടെയും സ്തുത്യര്‍ഹമായ ഉപയോഗത്തിനു ലഭിച്ച അംഗീകാരങ്ങളായി വേണം വിലയിരുത്തപ്പെടാന്‍. ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാര്‍ നാമനിര്‍ദേശവുമൊക്കെ ലഭിച്ച എ.ആര്‍. റഹ്മാന്‍ റസൂല്‍ പൂക്കുട്ടിമാരും ഗ്രാമി അവാര്‍ഡു ലഭിച്ച സാക്കിര്‍ ഹുസൈനുമാരുമെല്ലാം ഈ വസ്തുതകളാണ് സുവ്യക്തമായി മനസ്സിലാക്കേണ്ടത്. യാഥാസ്ഥികതയെന്നോ മറ്റെന്തെന്നോ വിളിച്ചാലും വിശേഷിപ്പിച്ചാലും ശരി, കാലില്‍ ചിലങ്കകളണിഞ്ഞ് ചിലമ്പൊലിതീര്‍ത്ത്, ഖണ്ഡകാവ്യങ്ങള്‍ ആടിത്തിമിര്‍ത്ത് ആരോടോ കണക്കു തീര്‍ക്കാനെന്നോണം അഭിനവ അല്‍പബുദ്ധികള്‍ വിമര്‍ശിക്കുന്നത് സംശുദ്ധമായ ജീവിത സംസ്‌കൃതിയെ തന്നെയാണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. കലകള്‍ ഒരിക്കലും സമൂഹത്തില്‍ നിന്നും തിരോഭവിക്കാന്‍ പാടില്ല. കലാകാരന്മാര്‍ അനാദരിക്കപ്പെടേണ്ടവരുമല്ല. എന്നുവെച്ച് കലയുടെ ആത്മാവില്‍ മായം ചേര്‍ക്കപ്പെടുന്ന അവസ്ഥ ഒരിക്കലുമുണ്ടായിക്കൂടാ. കലയെ കൊലക്കു കൊടുക്കുന്നവരാണ് തനിമയാര്‍ന്ന കലാസംസ്‌കാരത്തെ തിരസ്‌കരിക്കുന്നത്. പഴമയുടെ തനിമയാര്‍ന്ന പൈതൃകങ്ങളെ അവഗണിച്ചുകൊണ്ട് പുതുമയുടെ ഗോസിപ്പുകളെ ക്രമരഹിതമായി നിരത്തി ചിലര്‍ കലയുടെ സൃഷ്ടിക്ക് ഒരുങ്ങിയപ്പോഴാണ് ഒരുപാട് വ്യാജനിര്‍മിതികള്‍ മാപ്പിളപ്പാട്ടിന്റെ രൂപത്തിലും മറ്റും രംഗം കൈയടക്കിയതെന്നുപറഞ്ഞാല്‍ അതൊരിക്കലും തെറ്റാവില്ല. ഐഹിക ജീവിതം കളിയും വിനോദവും അലങ്കാരവും അന്യോന്യമുള്ള ദുരഭിമാനവും സമ്പദ്-സന്താനങ്ങളിലെ ആധിക്യവും മാത്രമാണെന്നും ഐഹിക ജീവിതം വഞ്ചനയുടെ വിഭവമാണെന്നുമെല്ലാം വ്യക്തമാക്കിത്തരുന്ന ഖുര്‍ആനിക സൂക്തമാണ് ഇന്നത്തെ ആസ്വാദകസമൂഹത്തിന് തിരുത്താവേണ്ടത്. യഥാര്‍ത്ഥ ജീവിതലക്ഷ്യം മുന്‍നിര്‍ത്തി ജീവിക്കുന്ന ഒരു മുസ്‌ലിമിന് അതിരുവിട്ട ആസ്വാദനവും വിനോദങ്ങളും ഒരുവിധേനയും അംഗീകരിക്കാനാവില്ല. അശ്ലീലതയും അനിസ്‌ലാമികതയും കടന്നുകൂടിയ അഭിനവ സംഗീതവിരുന്നുകളോട് ഒരിക്കലും ഒരു വിശ്വാസി രാജിയാകുകയില്ല. അവന്റെ കൈയില്‍ തൂങ്ങിയാടുന്ന ജപമാലക്കു മുന്നില്‍ തംബുരുവും വീണയും ഗിത്താറും മൂകമായിരിക്കും. അവന്റെ അധരങ്ങള്‍ മന്ത്രിക്കുന്ന ദിവ്യസൂക്തികളില്‍ സപ്തസ്വരങ്ങള്‍ക്ക് സ്ഥാനമുണ്ടാകുകയില്ല. ആത്മീയ ചിന്തകളാല്‍ ലോലമായ അവന്റെ മനസ്സില്‍ ഭൗതികതക്ക് കാഠിന്യം സൃഷ്ടിക്കാന്‍ കഴിയില്ല. അവനു മുമ്പില്‍ ഗോള്‍ഡന്‍ ഗ്ലോബുകളും ഓസ്‌കാറുകളും കേവല മണ്‍കട്ടകള്‍ മാത്രമായിരിക്കും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter