ആസ്സാം കൂട്ടക്കൊല നല്‍കുന്ന പാഠങ്ങള്‍
ആസ്സാമിലെ ബോഡോലാന്റ് ടെറിറ്റോറിയല്‍ ഏരിയ ഡിസ്ട്രിക്ട് (ബി.ടി.എ.ഡി) പ്രദേശത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30ലേറെ മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം ഈ മേഖലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശീയ തുടച്ചു നീക്കല്‍ ലാക്കാക്കിയുള്ള കുടില യത്‌നങ്ങളിലേക്കുള്ള സുവ്യക്തമായ ചൂണ്ടു പലകയാണ്. ആസ്സാം സംസ്ഥാനത്തിനകത്ത് ഒരു പരമാധികാര ബോഡോലാന്റ് സംസ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ പോരാടിക്കൊണ്ടിരിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്റ് (എന്‍.ഡി.എഫ്.ബി) എന്ന സംഘടനയിലെ സോംഗ്ബിജിത് വിഭാഗം സ്വാഭാവികമെന്നോണം ഈ സമൂഹ ഹത്യയുടെ മുഖ്യ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. 2012 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നൂറിലേറെ പേര്‍ക്ക് ജീവനഷ്ടം സംഭവിക്കാനും 4.85 ലക്ഷത്തിലേറെ പേര്‍ കുടിയിറക്കപ്പെടാനും കാരണമായ വിധത്തില്‍ ബോഡോ സമുദായവും ഉറുദു സംസാരിക്കുന്ന ന്യൂനപക്ഷങ്ങളും തമ്മില്‍ അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ഈ സംഘടനയായുടെ കരങ്ങളായിരുന്നു. പക്ഷേ ഇത്തവണത്തെ വ്യത്യാസമെന്തെന്നു വെച്ചാല്‍, തെരഞ്ഞെടുപ്പിന്റെ സാഹചര്യമായത് കൊണ്ട് സാഹചര്യം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ കലുഷിതമാണ്. ഈ ഏപ്രിലില്‍ ആസ്സാം സംസ്ഥാനത്തിനായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍, സംസ്ഥാനത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാരെയെല്ലാം തിരഞ്ഞു പിടിച്ച് രാജ്യത്തു നിന്ന് പുറത്താക്കുമെന്ന വിവാദ പൂര്‍ണ്ണവും വിദ്വേഷ ജനകവുമായ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പ്രകടന പത്രികയുടെ ഭാഷയില്‍, ബംഗ്ലാദേശിലെ മതകീയ, രാഷ്ട്രീയ, സാമൂഹ്യ പീഢനങ്ങളെത്തുടര്‍ന്ന് അവിടം വിടേണ്ടി വന്ന ഹിന്ദു, ബുദ്ധ, സിഖ് മതസ്ഥര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും സംരക്ഷണമേര്‍പ്പെടുത്തുമെന്നും അവരെ നിയമ വിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കില്ലെന്നും പാര്‍ട്ടി ജനങ്ങള്‍ക്ക് ഉറപ്പു കൊടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ ഈ വിവാദ വിഷയത്തിലുള്ള ബി.ജെ.പിയുടെ നിലപാടും മേഖലയില്‍ സംഘര്‍ഷങ്ങളുടെ പുനരാവര്‍ത്തനവും തമ്മിലെ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന രീതിയില്‍ പ്രത്യക്ഷവും പരോക്ഷവുമായ പ്രസ്താവനകള്‍ ഇറക്കിയതില്‍ അദ്ഭുതത്തിന് വകയില്ല.
ആസ്സാം പോലീസ് സംഭവത്തില്‍ എന്‍.ഡി.എഫ്.ബിയെയാണ് പഴി ചാരുന്നത്. അതേ സമയം, കലാപം അതിജീവിച്ച ഇരകളില്‍ ചിലര്‍ തങ്ങളെ അക്രമിച്ചത് പഴയ ബോഡോ ലിബറേഷന്‍ ടൈഗേഴ്‌സിലെ കീഴടങ്ങിയ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞതായി അവകാശപ്പെടുന്നു.
ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ അധികാരം കയ്യാളുന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടി(ബി.പി.എഫ്)ന് രൂപം നല്‍കിയത് ഈ ലിബറേഷന്‍ ടൈഗേഴ്‌സിന്റെ മുന്‍ നേതാക്കള്‍ ചേര്‍ന്നാണ്. നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ ഇവര്‍ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. ബി.പി.എഫ് സാമാജികയായ പ്രമീള റാണി ബ്രഹ്മ കൂട്ടക്കൊല നടന്ന കോക്രജാര്‍ ലോക്‌സഭാ മണ്ഢലത്തില്‍ മുസ്ലിംകള്‍ വോട്ടു ചെയ്യാത്തതു കൊണ്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ഈയിടെ ആരോപണമുന്നയിച്ചതും ഈ സന്ദര്‍ഭത്തില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. കോക്രജാര്‍ മണ്ഢലത്തില്‍ ഏകദേശം ആറ് ലക്ഷം ബോഡോ വോട്ടര്‍മാരും ഒമ്പത് ലക്ഷം ബോഡോയിതര വോട്ടര്‍മാരും നാല് ലക്ഷം മുസ്ലിം വോട്ടര്‍മാരുമാണുള്ളത്.
സങ്കുചിത തെരഞ്ഞെടുപ്പു താല്‍പര്യങ്ങള്‍ സാഹചര്യം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ടെങ്കിലും കുറ്റവാളികളെ തിരച്ചറിഞ്ഞ് നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് തെളിയിക്കലും കുടിയേറ്റ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു കൊടുക്കലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. അവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ത്വരിതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. രാജ്യത്തിനു മേല്‍ തീവ്രവാദ ഭീഷണി സജീവമായി നിലനിന്നിട്ടും കലാപങ്ങള്‍ക്ക് തടയിടുന്ന വിഷയത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് തരുണ്‍ ഗോഗോയ് മന്ത്രിസഭ മാത്രമാണ് ഉത്തരവാദികള്‍. ഒരു തുടക്കമെന്നോണം, ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ കലാപത്തിന് തടയിടാനുള്ള കരുതല്‍ നടപടികള്‍ക്ക് മുന്‍കയ്യെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.



Leave A Comment