ഉവൈസിമാരുടെ പ്രസംഗത്തിന് കൈയടിക്കാന്‍ ആളെ കൂട്ടിയത് മതേതരത്വത്തിന്‍റെ പൊള്ളത്തരമാണ്
അക്ബറുദ്ദീന് ‍ഉവൈസിയുടെ വിവാദമായ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ കുല്‍ദീപ് നയാര്‍ പാകിസ്താന്‍ ടുഡെയിലെഴുതിയ കുറിപ്പ്. രാജ്യത്തിന്‍റെ മതേതരത്വത്തിന് കളങ്കമാണ് പ്രസംഗമെന്നഭിപ്രായപ്പെടുമ്പോഴും അതുണ്ടായതിന്‍റെ കാരണം വിശദീകരിക്കുകയാണ് ലേഖകന്‍. കേരളത്തിലെ വരെ സാമുദായികചിന്താജ്വരം ബാധിച്ച രാഷ്ട്രീയം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.  width=സാമുദായിക ചിന്ത നിയമപരമായി അംഗീകാരം നേടുന്നുവോയെന്ന ഭയം അടുത്തകാലത്തായി എനിക്കുണ്ട്. ശരിയാണ്, ബി.ജെ.പി ഇപ്പോള്‍ പഴയതു പോലെ മുസ്‌ലിം വിരുദ്ധ പരമാര്‍ശങ്ങള് ‍നടത്താറില്ല. അതിന് പക്ഷേ, ഒന്നു രണ്ടു കാരണങ്ങളുമുണ്ട്. ഒന്ന്, 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാമെന്ന തോന്നല്‍ പാര്‍ട്ടിക്കുണ്ടെന്നത് തന്നെ. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചു ഇനിയും പ്രസ്താവന തുടര്‍ന്നാല്‍ മതേതര കക്ഷികളുടെ പിന്തുണ എന്‍.ഡി.എ മുന്നണിക്ക് ലഭിക്കില്ലെന്ന് പാര്‍ട്ടി ഭയക്കുന്നു. അതു കൊണ്ട് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് മുന്നില് ‍കണ്ട് വിടുതി നല്കിയിരിക്കുന്നു. രണ്ട്, ഇടതുപക്ഷങ്ങള് ‍വരെ ഹിന്ദുത്വവാദം പുലമ്പിക്കൊണ്ടിരിക്കുന്ന കാലമാണിത്. തത്കലാം ഒരു ലിബറല്‍ പാര്‍ട്ടിയായി തുടരാമെന്ന് ബി.ജെ.പിക്ക് തോന്നുന്നുവെങ്കില്‍ അതില് ‍തെറ്റില്ല. കോണ്‍ഗ്രസിന് തങ്ങളുടെ മതേതരമുഖം നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് പ്രത്യേകിച്ചും. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് അക്കാര്യം കൂടുതല്‍ വ്യക്തമാക്കിയതുമാണ്. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് സംസാരിച്ചാല് തങ്ങള്‍ക്ക് സാധ്യതയുള്ള ചില ഹിന്ദുവോട്ടുകള്‍ നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. തത്വത്തില്‍ മതേതരത്വത്തെ അവര്‍ വിട്ടു, ഹിന്ദുത്വത്തെ പുണര്‍ന്നു. കാലങ്ങളായി കോണ്‍ഗ്രസിന് വോട്ടു കുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മുസ്‌ലിംകളെ ഇത് ഏറെ അത്ഭുതപ്പെടുത്തിക്കാണണം. ലിബറലായ പാര്‍ട്ടികളെ തേടിയുള്ള ദേശീയ മുസ്‌ലിംകളുടെ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരമില്ലാതായിരിക്കുന്നു. സ്വാഭാവികമായും ദേശീയതലത്തില്‍ തന്നെ അവര് റാഡിക്കലൈസ് ചെയ്യപ്പെടുന്നു, അതൊന്നിനും പരിഹാരമല്ലെങ്കിലും. കാലങ്ങളായ സമുദായം പേറുന്ന നിരവധി ചാപ്പകളുടെ തുടര്‍ച്ചക്ക് മാത്രമെ ഈ റാഡിക്കലൈസേഷനും കൊണ്ടെത്തിക്കുകയെന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിന്ദു ഭീകര/തീവ്രവാദങ്ങള്‍ക്ക് മുസ്‌ലിം ഭീകര/തീവ്രവാദങ്ങള്‍ കൊണ്ട് മറുപടിയാവില്ലെന്നാണ് എന്‍റെ അഭിപ്രായം. മുസ്‌ലിംകളുടെ അംഗസംഖ്യ രാജ്യത്ത് ഹിന്ദുക്കളോളം വരില്ലെന്നത് തന്നെ പ്രധാനകാരണം. രാജ്യത്തിന്റെ ഗതികെട്ട ഈ പോക്കില്‍ നിരാശരായ ചില മുസ്‌ലിംകള്‍ ‍അറിയാതെ അക്രമത്തിന്‍റെ പാതയിലേക്ക് തിരിയുന്നുണ്ട്. ബജ്റംഗ്, വി.എച്ച്.പി അടക്കമുള്ള ഹിന്ദുസംഘടനകള്‍ക്ക് വേണ്ടതും അതാണ്. പേരിന് മാത്രമുള്ള ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സമുദായത്തിന്‍റെ ഭാവിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം ആത്മഹത്യാപരമാണെന്ന് അജ്മീരിലും ഹൈദരാബാദിലുമെല്ലാം നടന്ന ബോംബ്സ്ഫോടനങ്ങള് ‍തെളിയിച്ചു കഴിഞ്ഞതാണ്. എല്ലാത്തിലും ആദ്യമേ പിടിക്കപ്പെട്ടത് മുസ്‌ലിംകള്‍. ഹൈദരാബാദില്‍ അവര്‍ അക്രമിക്കപ്പെട്ടു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അതിന്‍റെയെല്ലാം പിന്നില്‍ ഹിന്ദുസംഘടനകളായിരുന്നുവെന്ന് തെളിയുകയും ചെയ്തു. ഇത്തരത്തില്‍ മുസ്‌ലിംയുവാക്കള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അറസ്റ്റുകള് ‍സമുദായത്തിന് ഇന്ന് വലിയൊരു തലവേദനയായി മാറിയിട്ടുണ്ട്. ഹിന്ദുക്കള്‍ വരെയടങ്ങുന്ന ഒരു സംഘം ഇവ്വിഷയകമായി സംസാരിക്കുന്നതിന് ഈയടുത്ത് പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ഇടപെടല്‍ വഴി ചെറിയ തോതില് ‍അറസ്റ്റുകള്‍ക്ക് കുറവു വന്നിട്ടുണ്ടെങ്കിലും സമുദായത്തിന് സമാധാനത്തോടെയുള്ള ജീവിതം ഏറെ അകലെയാണ്. തങ്ങളുടെ വിചാരണ പോലും തുടങ്ങാതെ എത്രയോ മുസ്‌ലിം യുവാക്കള്‍ ഇന്നും രാജ്യത്തെ ജയിലുകളില്‍ അഴിയെണ്ണിക്കൊണ്ടിരിക്കുന്നു. അന്വേഷണസംഘത്തിന് സത്യസന്ധതയുണ്ടായിരുന്നുവെങ്കില് ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഏറെ കാലം ജയില്‍വാസം അനുഭവിച്ച ശേഷവും മുസ്‌ലിം യുവാക്കളെ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി വിടുന്നത് രാജ്യത്ത് പലേടത്തും നാം കണ്ടു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. ആരാണിതിന് ഉത്തരവാദി. തങ്ങളെ ഒരു തെളിവുമില്ലാതെ തന്നെ അറസ്റ്റുചെയ്യുകയാണെന്ന തോന്നല് ‍രാജ്യത്തെ മുസ്‌ലിംകള്‍ക്കുണ്ട്. അത് മാറണമെങ്കില്‍ ഇത്തരം കുറ്റങ്ങള് ‍ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കേണ്ടിയിരിക്കുന്നു. ഹിന്ദു-മുസ്‌ലിം ‍സാമുദായിക ബന്ധം ഏറെ ശുഷ്കിച്ചു വരുന്നുവെന്ന തിരിച്ചറിവ് ഏറെ വേദനിപ്പിക്കുന്നു. ഗുജറാത്തിന് ശേഷം അത്ര വരുന്ന മറ്റൊരു സാമുദായി സംഘര്‍ഷമുണ്ടായില്ലെന്ന വസ്തുത സന്തോഷം തരുന്നത് തന്നെ. എന്നാല്‍ രാജ്യത്ത് സാമുദായിക സംഘര്‍ഷം കുറഞ്ഞുവെന്ന് അത് അര്‍ഥമാക്കുന്നില്ല. ആസാമാണ് അതിന്റെ ഏറ്റവും അവസാനത്തെ തെളിവ്. ഈ അടുത്ത് ഞാന് കേരളത്തില് ‍പോയിരുന്നു. അവിടെ പോലും ഇടതുപക്ഷ പാര്‍ട്ടികള് ‍സാമുദായിക ചിന്തകള്‍ക്കടിപ്പെട്ട് കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്ര്സ് നേതാക്കളായിരുന്ന അബുല്‍ കലാം ആസാദിനെയും ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനെയും പേലെ സാമുദായികത ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നാണ് എന്‍റെ വിശ്വാസം. അവരുടെ പോക്കോടെ അതും നാടുനീങ്ങുമെന്നാണ് കരുതിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. വിഭജനത്തിന് തൊട്ടുമുമ്പ് ഞാന്‍ കണ്ട സാമുദായികഭ്രാന്ത് ഇപ്പോഴുമെനിക്ക് കാണാനാകുന്നു. തങ്ങള്‍ക്ക് അനുഗുണമെന്ന് തോന്നുമ്പോള് ‍രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഈ സാമുദായികബോധത്തിന്‍റെ വയലുകളില്‍ വിത്തിറക്കുന്നു. അതുവഴി ബാലറ്റുപേപ്പറിലെ വിള കൊയ്യുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറരപതിറ്റാണ്ട് പിന്നിട്ടിട്ടും മതേതരത്വത്തിന് ഇന്ത്യന്‍ ഭൂമികയില്‍ വേരൂന്നാനായില്ല. പലപ്പോഴുമതിനെ ഉള്‍ക്കൊള്ളാനാകാത്ത വിധത്തില്‍  മാനസികമായി നാം വരണ്ടുപോയിരിക്കുന്നു.  width=പാടിപ്പഴകിയ മതേതരത്വത്തിന് ഇനിയും ഒരവസരം നല്കാനുള്ള വഴികളിലൊന്ന് അതിനെ തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കുകയെന്നതാണ്. അത് പക്ഷേ, ഇന്ത്യയില്‍ നടപ്പാകുന്നില്ല. ബാബരിമസ്ജിദ് തകര്‍ത്തവരെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ക്കായില്ല. 3,000ത്തിലധികം ജീവനുകളെ അപഹരിച്ചിട്ടും മോഡിക്കെതിരെയും ഒരു നിയമവുമുണ്ടായില്ല. എല്ലാവരുടെ അവനവന്‍റെ സൌകര്യം മാത്രം നോക്കുമ്പോള്‍ കുറ്റവാളികള്‍ നിയമങ്ങളോടുള്ള വെല്ലുവിളി തുടരുന്നു. 1984 സിഖ് കലാപത്തെ തത്കാലം മറവിയുടെ മണ്ണിട്ട് മൂടുക കോണ്‍ഗ്രസിന് ആവശ്യമാണ്. പ്രതിഫലമായി ഗുജറാത്തിലെ നരഹത്യയെ മറന്നുകളയാമെന്ന് അവര്‍ ബി.ജെ.പിക്ക് വാക്കുകൊടുക്കുന്നു, തിരിച്ചും. സാമുദായിക ചിന്ത നിയമപരമായി അംഗീകാരം നേടുന്നുവോയെന്ന ഭയം അടുത്തകാലത്തായി എനിക്കുണ്ട്. പോലീസും ഇതര സുരക്ഷാസേനയുമടക്കം രാജ്യത്തെ എല്ലാ മെഷിനറികളിലും ഈ അര്ബുദം പിടിപെട്ടിട്ടുണ്ട്. വിവിധ ചിന്താധാരകളും ശബ്ദങ്ങളുമാണ് ജനാധിപത്യത്തിന്റെ മൂലക്കല്ലെന്ന അടിസ്ഥാനബോധം പോലും പലരിലും ഇല്ലാതായിരിക്കുന്നു. പക്ഷപാത രാഷ്ട്രീയത്തിന്റെ ഉന്മൂലനത്തിലൂടെ മാത്രമെ ജനാധിപത്യം യാഥാര്‍ഥ്യമാകൂ. ഹൈദരാബാദിലെ അക്ബറുദ്ദീന്‍ ഉവൈസിയുടെ പ്രസംഗം എന്നെ ഏറെ അത്ഭുതപ്പെടുത്തി. കേട്ടുനിന്നവര്‍ അദ്ദേഹത്തിന് വേണ്ടി കൈയടിച്ചത് അതിലേറെ അത്ഭുപ്പെടുത്തി. മതേതരത്വത്തിന്റെ മൂലക്കല്ലിളക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ സ്ഥാനമില്ലെന്ന വിശ്വാസക്കാരനാണ് ഞാന്‍. എന്തൊക്കെ സംഭവിച്ചാലും മതേതരത്വമാണല്ലോ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. അതിന് ഇളക്കം തട്ടരുതല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter