ഒഴിഞ്ഞ ബെഞ്ചില്‍ റീത്ത് സമര്‍പിച്ച് അവര്‍ പഠിക്കാന്‍ തുടങ്ങി
gza school openingഅവധി കഴിഞ്ഞ് തുറക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഉത്സവ പ്രതീതിയാണ്. നവസൌഹൃദത്തിന്റെയും സമാഗമത്തിന്റെയും ഊഷ്മളത, അവധിക്കാലത്ത് കണ്ടതും കേട്ടതും കളിച്ചല്ലസിച്ചതും തുടങ്ങി പങ്കുവെക്കാന്‍ ഒത്തിരി വിശേഷങ്ങള്‍, പുത്തുനുടുപ്പും പഠനസാമഗ്രികളും... അങ്ങിനെ നിറം പിടിച്ച പലതുമാണ് നമ്മുടെ വിദ്യാഭ്യാസ വര്‍ഷാരംഭങ്ങള്‍... പക്ഷെ, ഒരു ഭീകരയുദ്ധം ശരിക്കും കുടഞ്ഞെറിഞ്ഞ ഒരു പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിശേഷങ്ങള്‍ അത്ര സുഖകരമാവില്ല. വേനലവധി കഴിഞ്ഞ് മൂന്നാഴ്ചക്ക് ശേഷം ഗാസയിലെ അഞ്ച് ലക്ഷം കുരുന്നുകള്‍ പള്ളിക്കൂടത്തിലേക്ക് പോയിത്തുടങ്ങി, ഭീകര കാഴ്ചകള്‍ കീഴടക്കിയ മനസില്‍ പഴയത് പോലെ അക്ഷരങ്ങള്‍ക്ക് താളം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ. ഈ വേനലവധിക്ക് അവര്‍ക്ക് പട്ടം പറത്താന്‍ ആകാശമോ ഫുട്ബോള്‍ കളിക്കാന്‍ മൈതാനങ്ങളോ ശാന്തമായിരുന്നില്ല. നീന്തിത്തുടിക്കാന്‍ ഗാസ കടല്‍ത്തീരം അവര്‍ക്ക് വിലക്കപ്പെട്ടിരുന്നു. ഗാസയിലെ കുരുന്നുകള്‍ പട്ടം പറത്തുന്നത് സാമ്രാജ്യത്വ വിരുദ്ധ സന്ദേശവുമായിട്ടാണ്. തങ്ങളുടെ പതാകയുടെ നാല് നിറങ്ങള്‍(വെള്ള, കറുപ്പ്, പച്ച, ചുവപ്പ്) കൊണ്ടാണ് അവര്‍ പട്ടം നിര്‍മിക്കുന്നത്. മേഘങ്ങളെ തലോടിയ പട്ടം അവസാനം തൊട്ടടുത്തുള്ള ഇസ്രയേലീ ക്യാമ്പിന് സമീപം ചെന്ന് വീഴുമ്പോള്‍ അവരുടെ പട്ടം പറത്തല്‍ സഫലമാവുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2100-ലധികം പേരുടെ ജീവനെടുത്ത, 10000-ലധികം ജീവച്ഛവങ്ങളെ സൃഷ്ടിച്ച കുരുതിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഒരുപാട് കാണും. ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാട്, കളിക്കോപ്പ് മുതല്‍ വീട് വരെ തങ്ങളുടേതായിരുന്നതെല്ലാം നഷ്ടപ്പെടല്‍, ശത്രുസൈന്യത്തിന്‍റെ അതിക്രമങ്ങള്‍, ഭീതിയുടെ നിഴലിലുള്ള ജീവിതങ്ങള്‍ തുടങ്ങി ഗാസയിലെ ബാല്യങ്ങളുടെ ഉറക്കം കെടുത്തിയ പലതുമുണ്ടാകും അവര്‍ക്ക് പങ്കുവെക്കാന്‍. “ഉപ്പാ ഞാന്‍ താങ്കളോട് എന്ത് പറയും ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നു പറഞ്ഞാല്‍ അത് ഒന്നുമാവില്ല”- ഗാസയിലെ സ്കൂളിലെ നാലാം തരം വിദ്യാര്‍ഥിനി തന്‍റെ രക്തസാക്ഷിയായ പിതാവിനെ അനുസ്മരിച്ച് കൊണ്ട് സഹപാഠികള്‍ക്ക് മുന്നില്‍ പാടിയ വരികളാണ്. അസ്ഹറിനെയും അവളുടെ ഇളയ അഞ്ച് സഹോദരങ്ങളെയും അനാഥരാക്കിയിട്ടാണ് അവരുടെ പിതാവ് പോയിമറഞ്ഞത്. അസ്ഹറിന്റെ സതീര്‍ഥ്യ ഇസ്റക്ക് തന്റെ പിതാമഹന്റെയും അമ്മായിയുടെയും അന്ത്യം കണ്‍മുന്നില്‍ കാണേണ്ടി വന്നു. മറ്റൊരു സഹപാഠി ദുഹാക്ക് തന്റെ വീട് തകര്‍ന്നപ്പോള്‍ നഷ്ടപ്പെട്ട യൂനിഫോം ഓര്‍ത്താണ് സങ്കടം. “കുട്ടികളുടെ അവധിക്കാല വിശേഷങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ചിലതൊക്കെ ചിരിപ്പിക്കുന്നവ, പലതും കരയിപ്പിക്കുന്നവ. എല്ലാം പറഞ്ഞു തീരട്ടെ”-ക്ലാസ് ടീച്ച റിമ അബു ഖത്‍ലാ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. gaza school openinggaza school opening 2ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരില്‍ 500-ലധികം കുട്ടികളായിരുന്നു.(18 ലക്ഷം വരുന്ന ഗാസാ ജനസംഖ്യയില്‍ 45 ശതമാനം 14 വയസിനു താഴെ പ്രായമുള്ളവരാണ്) ശരീരഛേദം/മരാക അപായങ്ങള്‍ സംഭവിച്ചവര്‍ വേറെയുമൊരുപാടുണ്ട്. ക്ലാസ് മുറികളിലെ ചില അസാന്നിധ്യങ്ങള്‍ ആ ചെറുബാല്യങ്ങളെ തെല്ല് അസ്വസ്ഥമാക്കുന്നുണ്ടാവും. “പഴയതു പോലെ സ്കൂളില്‍ പോകാന്‍ താത്പര്യമില്ല. പലരും എന്നേന്നേക്കുമായി വിടപറഞ്ഞു. ഞാനിപ്പോള്‍ എന്റെ കൂട്ടുകാരെ അന്വേഷിക്കുകയാണ്. ചിലരൊക്കെ കൊല്ലപ്പെട്ടു. ചിലര്‍ മുറിവേറ്റ് കിടപ്പിലാണ്”- അല്‍ സൈതൂന്‍ പ്രൈമറി സ്കൂളിലെ സമര്‍ തൌസ എന്ന പതിനാന്നുകാരന്റെ കണ്ണീരണിയിപ്പിക്കുന്ന വാക്കുകള്‍. പ്രസ്തുത സ്കൂളില്‍ അടര്‍ന്ന് വീഴാത്ത മേല്‍ക്കൂരയുള്ള ഒരു ഹാളില്‍ വിദ്യാര്‍ഥികളെ ഒതുക്കാന്‍ പാടുപെടുകയാണ് അധ്യാപകര്‍. ചുമരും മേല്‍ക്കൂരയും തകര്‍ന്ന ക്ലാസ് മുറികളാണ് അവരെ വരവേറ്റത്. യുദ്ധം വിതച്ച ഭീതിയില്‍ നിന്ന് അധ്യാപകരും മുക്തരല്ല. “കുട്ടികളോടൊത്ത് ഞങ്ങളും ഒരേ തോണിയിലെ യാത്രക്കാരായിരുന്നു. വളരെ പ്രയാസകരമായ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്. ജീവിതം ഇവിടെ അവസാനിച്ചിട്ടെല്ലെന്നും, തുടരുകയാണെന്നും ഞങ്ങള്‍ പഠിപ്പിച്ചും അവര്‍ പഠിച്ചും തെളിയിക്കും” തിരിച്ചു വരവില്‍ ശുഭാപ്തി പ്രകടിപ്പിക്കുന്ന വാക്കുകള്‍, അക്റം അല്‍ഫാരിസിന്റേതാണ്. യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും മുക്തമാക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമുള്ള ശ്രമങ്ങളുമായി ഫലസ്ഥീന്‍ വിദ്യാഭ്യാസ മന്ത്രാലയവും ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ വിഭാഗം UNRWA(United Nations Relief and Works Agency)യും രംഗത്തുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദ്യവാരം മനശാസ്ത്ര കൌ‍ണ്‍സിലിംങും റിക്രിയേഷന്‍ ആക്ടീവിറ്റികളും മുഖേന കുട്ടികളെ പഠിക്കാന്‍ പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. അധ്യാപകര്‍ക്കും സ്ഥാപന മേധാവികള്‍ക്കും വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പ്രത്യേകം പരിശീലനം നല്‍കിക്കഴിഞ്ഞു. UNRWA ഇതിനായി 200 കൌണ്‍സിലര്‍മാരെ നിയമിച്ചിരുന്നു. 23 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും 235 സ്ഥാപനങ്ങള്‍ ഭാഗികമായും യുദ്ധം തകര്‍ത്തുകളഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മൂന്ന് സ്കൂളുകള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളായി തുടരുന്നതിനാല്‍ ഇവിടങ്ങളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ക്ലാസാരംഭിച്ചിട്ടില്ല. അര്‍ധവിരാമമിട്ട യുദ്ധത്തിന്‍റെ ഇടവേളയില്‍ പഠിക്കാനൊരുങ്ങുന്ന മക്കള്‍ക്ക് നല്ലനാളുകള്‍ ആശംസിക്കാം. അതിനായി പ്രാര്‍ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter