അസദ് മാറേണ്ടത് തന്നെ, പക്ഷേ; സിറിയയിലെ പ്രക്ഷോഭത്തെ കുറിച്ച് താരിഖ് റമദാന്‍
സിറിയയില് തുടരുന്ന പ്രക്ഷോഭം അതിഭീകരമായ തരത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ താരിഖ്റമാദാന്‍ കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങളുടെ മൊഴിമാറ്റം.
സിറിയയിലെ മരണസംഖ്യ ഭീതിപ്പെടുത്തുന്ന തരത്തിലെത്തിയിരിക്കുന്നു. രണ്ടു വര്ഷങ്ങള്‍ക്കിടെ പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത് 60,000 ത്തിലേറെ ആളുകള്‍. കഴിഞ്ഞ ആഗസ്ത് മുതല്‍ 5000 ആളുകള്‍ക്കാണ് ഓരോ മാസവും ജീവഹാനി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ദിനേന 170 പേരെന്ന കണക്കില്‍. ഐക്യരാഷ്ട്രസഭ നിയമിച്ച ദൂതന്‍ പുതിയ പ്രപ്പോസലുകള്‍ മുന്നോട്ട് വെക്കുന്നു. വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും പ്രസിഡണ്ടുമാരും ഓരോ ദിവസവും പുതിയ പ്രസ്താവനകളിറക്കുന്നു. ആഗോളസമൂഹം സത്യത്തിലിതിന് മുന്നില് പകച്ചു നില്‍ക്കുകയാണ്. എന്നിട്ടും സിറിയയില് രകതച്ചൊരിച്ചില്‍ പഴയപടി തുടരുന്നു, പലപ്പോഴും മുമ്പത്തേക്കാളും ആശങ്കെപ്പെടുത്തുന്ന തരത്തില്‍. വിഷയത്തില് അടിസ്ഥാനപരമായി ചില കാര്യങ്ങള് മനസ്സിലാക്കിയിട്ടുവേണം അന്തിമതീരുമാനമെടുക്കാനെന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. ഇനിയും ചില ജല്‍പനങ്ങള് മുന്നോട്ട് വെച്ചായിക്കൂടാ സിറിയയിലെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം.
തന്നെ എതിര്‍ക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുക ബശാറുല് അസദിന്റെ രീതിയാണ്. അത് പത്തുകൊല്ലം ഭരണം നടത്തിയ അദ്ദേഹത്തിന്‍റെ പിതാവിന്റെ കാലം തൊട്ട് ശീലിച്ചുവന്ന നടപ്പുമാണ്. പൊതുജനത്തെ പേടിപ്പെടുത്തുക സിറിയയെ സംബന്ധിച്ചിടത്തോളം ഒരു അഭ്യന്തരനയമാണെന്ന് പറയാം. ഫല്സ്തീനിലെ പോരാളികളുടെ സഹായിയെന്ന പേര് ആഗോളതലത്തില് സിറിയക്കുണ്ടെങ്കിലും, പലപ്പോഴും ടെല്അവീവിലെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം സിറിയയുടെത് ഒരു ‘ഉപകാരിയായ ശത്രു’വിന്‍റെ റോളായിരുന്നു. ഇസ്രായേല്‍ വിരുദ്ധ ഭാഷണങ്ങള് പലപ്പോഴും സിറിയ നടത്തിയെന്നത് ശരി തന്നെ. അപ്പോഴും പ്രതികാരശേഷി നഷ്ടപ്പെട്ട രാജ്യമായി തുടരാനായിരുന്നു പൊതുവില്‍ സിറിയ ഇഷ്ടപ്പെട്ടത്.
സിറിയന് വിഷയത്തില്‍, അടുത്തകാലത്തായി അമേരിക്കയുടെയും യൂറോപ്പിന്റെയുമെല്ലാം നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. വിമതപ്രക്ഷോഭത്തെ അവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അവിടെ നടക്കുന്ന രാഷ്ട്രീയ-സൈനിക പ്രക്ഷോഭത്തില്‍ ഖത്തറും സുഊദിയും പങ്കുകൊള്ളുന്നുവെന്നാണ് കേള്‍വി. സാമ്പത്തികമായി തന്നെ അവരുടെ സഹായം ലഭിക്കുന്നുണ്ട് പ്രക്ഷോഭകാരികള്‍ക്ക്. ഡമസ്കസിലെ ഭരണം മാറണമെന്ന് തന്നെയാണ് അയല്‍പക്കങ്ങളുമായി പ്രശ്നത്തിന് പോകാത്ത തുര്‍ക്കിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെ സമയം, റഷ്യയും ചൈനയും ബശാറുല്‍ അസദിനുള്ള തങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുന്നു. സിറിയ എന്ന ചതുരംഗപ്പലകയില്‍ എല്ലാ കരുക്കളും ചേര്‍ന്ന് കളി കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. അടുത്ത ഭാവിയിലൊന്നും സൈനികമായോ രാഷ്ട്രീയമായോ ഉള്ള ഒരു പരിഹാരം സാധ്യമാകുമെന്ന് തോന്നുന്നില്ല. അത്രയും കാലം അവിടത്തെ സിവില്‍സമൂഹം യുദ്ധം അനുഭവിച്ചേ തീരൂ. അതാണവരുടെ വിധി.
മിഡിലീസ്റ്റ് പലനിലക്കും ഇന്നു അസ്ഥിരമാണിന്ന്, തീര്‍ത്തും വിഭജിതവും. മതേതവാദികളും ഇസ്‌ലാമിസ്റ്റുകളും തമ്മിലുള്ള സംഘര്‍ഷം ശക്തമാണിപ്പോള്‍. സുന്നികളിലെ തന്നെ പല വിഭാഗങ്ങളും തമ്മിലുള്ള അനൈക്യം ഏറെ പ്രകടമാണ്. സുന്നികള്‍ക്കും ശീയാക്കള്‍ക്കുമിടയിലെ സംഘര്‍ഷം മിഡിലീസ്റ്റിന്‍റെ മൊത്തം രാഷ്ട്രീയ സൂത്രവാക്യത്തെ മാറ്റിയെഴുതാന് മാത്രമായിരിക്കുന്നു.
പ്രകടമായ ഈ അസ്ഥിരതക്ക് പുറമെ പ്രദേശത്തെ രാഷ്ട്രീയ കൂട്ടുകെട്ടുകളെ കൂടി നാം ചേര്‍ത്തു വായിക്കണം. ജനാധിപത്യം മരീചികയായി തുടരുന്ന പാശ്ചാത്യഅനുകൂലികളായ ഗള്‍ഫുരാജ്യങ്ങള്, അധികാരമാറ്റം വഴിമധ്യേയായി തുടരുന്ന ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങള്‍, ഇറാഖിലേയും ലബനാനിലെയും അസ്ഥിരത.. പ്രതിസന്ധികളുടെ കരയണയാതെ തുടരുന്ന മിഡിലീസ്റ്റ് ഒരു ഭാഗത്ത്. മറുഭാഗത്ത് അവിടെ തങ്ങളുടെ സാമ്പത്തികവും നയതന്ത്രപരവുമായ താത്പര്യങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരാജ്യള്. രണ്ടിനും മധ്യേ അവരോട് മത്സരിക്കുന്ന റഷ്യയും ചൈനയുമടക്കമുള്ള പൂര്‍വരാഷ്ട്രങ്ങളും. ഇതുകൊണ്ടെല്ലാം കൂടുതല് മെച്ചമുണ്ടാക്കാന് പോകുന്നത് ഇസ്രായേലാണ്. ഫല്സ്തീനിലെ ഭൂമി വെട്ടിപ്പിടിക്കുകയെന്ന ലക്ഷ്യം ശക്തമായ ഒരു പ്രതിരോധം നേരിടാനില്ലാത്ത സാഹചര്യത്തില്‍ സുഗമമായി നടപ്പാക്കാനാകും.
ബശാറുല്‍ അസദിന്റെ ഏതാധിപത്യഭരണത്തെ നാം എതിര്‍ക്കേണ്ടത് തന്നെ. അത് പക്ഷെ പ്രക്ഷോഭാകരികളെയും വിമതരെയും അന്തമായി പിന്താങ്ങിയാകരുതെന്ന് ഓര്‍ക്കുക. സിറിയയിലെ വിമതഗ്രൂപ്പുകളൊന്നും ആത്മബോധം പകരാന് പോന്നവയല്ലെന്നതിലുപരി, പലതും ഭീകരവും അപകടകരവുമായ പശ്ചാത്തലങ്ങളുടെ സൃഷ്ടികളുമാണ്. വിഷയത്തില്‍ അതുകൊണ്ട് തന്നെ നാം നയപരമായ നിലപാട് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഏകാധിത്യത്തെ എതിര്‍ക്കേണ്ടത് തന്നെ. എന്നാല്‍ വിമതവിഭാഗങ്ങളെ അന്തമായി വിശ്വസിക്കുകയുമരുത്.
പ്രായോഗികമായ പരിഹാരങ്ങളൊന്നും കണ്‍വട്ടത്ത് തെളിയുന്നില്ലെന്നത് ഏറെ വേദനിപ്പിക്കുന്നു. പ്രക്ഷോഭം ഇനിയും തുടരുമായിരിക്കും. ആയിരങ്ങള്‍ മരിക്കുകയും. സ്വേഛാധിപത്യത്തില്‍ നിന്ന് മുക്തരായാല്‍ സിറിയയിലെ ജനങ്ങള്‍ പാശ്ചാത്യ ശക്തികളില്‍ നിന്ന് കൂടി രക്ഷപ്പെടുമെന്നതിന് ഒരുറപ്പുമില്ല. എന്നുമാത്രമല്ല, നേരെ തിരിച്ചാവാനാണ് സാധ്യത കൂടുതലും.



Leave A Comment