മുത്വലാഖ്: മതത്തില്‍ സ്റ്റേറ്റിന് എന്തുണ്ട് കാര്യം?
ത്വലാഖ് (വിവാഹമോചനം) തന്നെ ഇസ്‌ലാമില്‍ പുണ്യമുള്ള കാര്യമല്ല. എന്നിട്ടല്ലേ മുത്വലാഖ്? പക്ഷെ, ഇന്നത്തെ പൊതു ചര്‍ച്ചകളും മാധ്യമ വ്യവഹാരങ്ങളും കേട്ടാല്‍ തോന്നും ഇന്ന് മുസ്‌ലിം സ്ത്രീ ഏറ്റവും കൂടുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം മുത്വലാഖ് ആണെന്ന്. എന്നാല്‍, മുസ്‌ലിംകള്‍ക്കിടയിലെ എല്ലാ തരത്തിലുള്ള വിവാഹമോചനങ്ങള്‍ കണക്കിലെടുത്താലും അതില്‍ 0.37 ശതമാനം മാത്രമാണ് മുത്വലാഖ് വഴി സംഭവിക്കുന്നത് എന്നാണ് കണക്ക്. കഴിഞ്ഞ ദിവസം പേഴ്‌സണല്‍ ലോ ബോഡ് അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയില്‍ പറഞ്ഞതാണ് ഇക്കാര്യം.
മുത്വലാഖ് നിരുത്സാഹപ്പെടുത്തേണ്ടതും അതിനു തുനിയുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കേണ്ടതുമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. കേന്ദ്ര സര്‍ക്കാറിന്റെ മറുപക്ഷം നിന്നുവാദിക്കുന്ന വ്യക്തിനിയമ ബോഡ്തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന് കോപമുള്ള കാര്യം എന്നാണ് മുസ്‌ലിംകള്‍ തന്നെ വിവാഹമോചനത്തെ മനസ്സിലാക്കുന്നത്. അപ്പോള്‍ മുത്വലാഖിന്റെ കാര്യം അതിലും ഗൗരവമായിരിക്കും.
പിന്നെ, പ്രശ്‌നം കിടക്കുന്നത് രാജ്യത്ത് നിയമം വഴി മുത്വലാഖ് നിരോധിക്കണം എന്നു പറയുന്നിടത്താണ്. കാരണം, ഇത് മതത്തിലുള്ള ഒരു വഴിയാണ്. അനിവാര്യ ഘട്ടം വരുമ്പോള്‍ മാത്രം എടുത്തുപയോഗിക്കാനുള്ള ഒരു വഴി. ആ വഴി അടച്ചുകളയാന്‍ ആര്‍ക്കും അവകാശമില്ല. ഒരു മുസ്‌ലിമിനും അവകാശമില്ല. ഒരു രാജ്യത്തിനും അവകാശമില്ല.
പകരം, ഈ വഴി ചൂഷണം ചെയ്യപ്പെടുകയും അതുമൂലം ചില സ്ത്രീ ജീവിതം കണ്ണീര് കുടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഈ ചൂഷണങ്ങളെയാണ് നിയമംകൊണ്ട് പൂട്ടിടേണ്ടത്. അത് ചെയ്യുന്നവരെ (അവരുടെ ചെയ്തിയില്‍ ഇസ്‌ലാമികമായി യാതൊരു ന്യായവുമില്ലെന്ന് ബോധ്യപ്പെട്ടാല്‍) നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും വേണം. അവിടെയാണ് സ്റ്റേറ്റും നിയമങ്ങളും ഇടപെടേണ്ടത്. അല്ലാതെ, ഏതെങ്കിലും ഒന്നോ രണ്ടോ പത്തോ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്നും ഈ നിയമം രാജ്യത്ത് നിരോധിക്കണമെന്നും പറയുന്നത് മതേതര ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണ്.
അതുകൊണ്ടാണ് മുത്വലാഖിനു വേണ്ടി മുസ്‌ലിംകള്‍ വാദിക്കുന്നത്. അത് മതത്തിലെ ഒരു സാധ്യതയാണ്. അതിനെ അങ്ങനെത്തന്നെ നിലനിര്‍ത്തണം എന്നു മാത്രമാണ് അവര്‍ പറയുന്നത്. അല്ലാതെ, അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം നടത്തുകയോ ചെയ്യുന്നില്ല. അതേസമയം, ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയും അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്.
മതത്തിനു മേല്‍ കൈവെക്കാന്‍ ഹിന്ദുത്വ ഫാസിസം കാണുന്ന ഒരു പിടിവള്ളിയായിട്ടാണ് ഇവിടെ മുത്വലാഖിനെ മനസ്സിലാക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ന്യൂനാല്‍ ന്യൂനപക്ഷം മാത്രം നടക്കുന്ന ഈയൊരു സംഭവത്തെ പൊലിപ്പിച്ചുകാട്ടി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും താറടിക്കാനും അതിനെതിരെ വാളെടുക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഇതൊരിക്കലും ഭരണഘടനയുള്ള മതേതര ഇന്ത്യയില്‍ അനുവദിക്കപ്പെട്ടുകൂടാ എന്നാണ് മുസ്‌ലിംകള്‍ പറയുന്നത്.
ഈയൊരു പരിസരത്തില്‍ വേണം ഇന്നു നടക്കുന്ന മുത്വലാഖ് വിവാദങ്ങളെയും ചര്‍ച്ചകളെയും വായിക്കാന്‍. വിവിധ തലങ്ങളും മുഖങ്ങളുമുള്ള ഒരു വിഷയമാണിത്. ഇതില്‍ ഏതെങ്കിലും ഒരു ഭാഗം മാത്രം മനസ്സിലാക്കി അതിനു വേണ്ടി വാദിക്കുന്നത് വങ്കത്തമാണ്. സത്യം സത്യമായി ഉള്‍ക്കൊണ്ട് അതിനുവേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.
Leave A Comment