വാഗാതിര്‍ത്തിയില്‍ ഒരുമയുടെ ഗീതം ഉയരാന്‍
പാകിസ്താന്‍ ഒരിക്കലൂടെ ഇന്ത്യയുടെ മുമ്പിലെ ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുന്നു. സൈനികപരമായും നയതന്ത്രപരമായും പാകിസ്താനെ ഒറ്റപ്പെടുത്താനും സാര്‍ക് ഉച്ചക്കോടിയില്‍നിന്നും മാറിനില്‍ക്കുകവഴി പാകിസ്താന്റെ ഭീകര മുഖത്തെ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാനും ഇന്ത്യ ശ്രമിക്കുന്നു.
പക്ഷെ, പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ഈ നിലപാടിനോട് ലോകത്തെ പല പ്രമുഖ രാജ്യങ്ങളും കൈകോര്‍ക്കുന്നില്ലെന്നതാണ് സത്യം. ഇന്ത്യയുടെ എന്നത്തെയും സുഹൃദ് രാജ്യമായി കരുതപ്പെടുന്ന റഷ്യപോലും പാകിസ്താനുമായുള്ള സൈനിക ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. ചൈന അതേസമയം, ഇന്ത്യയോടൊപ്പം നില്‍ക്കുന്നില്ലായെന്നു മാത്രമല്ല, പാകിസ്താനോടൊപ്പമാണ് നില്‍ക്കുന്നതെന്ന് തുറന്നുപറയുകകൂടി ചെയ്തിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയുമായി പ്രധാനമന്ത്രി ഇതുവരെ 15 തവണ കൂടിക്കാഴ്ച്ച നടത്തുകയുണ്ടായി. അതില്‍ 3 തവണ ഈ വര്‍ഷം തന്നെയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇന്ത്യക്ക് അനുകൂലമായൊരു നിലപാട് സ്വരൂപിച്ചെടുക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. ഇതുപോലെത്തന്നെയാണ് മറ്റു രാഷ്ട്രങ്ങളുടെയും അവസ്ഥ. ഇന്ത്യ എടുത്ത തീരുമാനത്തെ അപ്പടി സപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം ഇരു രാജ്യവും പ്രശ്‌നം ചര്‍ച്ച ചെയ്തു തീരുമാനിക്കുകയെന്നതാണ് എല്ലാവരും ഊന്നിപ്പറയുന്നത്.
പക്ഷെ, ഇന്ത്യക്ക് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹാരത്തിലെത്തുക എന്ന ഒരു അജണ്ടയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ലതാനും. അധിനിവിഷ്ട കശ്മീരില്‍നിന്നും പാകിസ്താന്‍ പിന്‍വലിഞ്ഞ് ഈ നാട് പൂര്‍ണമായും ഇന്ത്യന്‍ ഉപഭൂഖണ്ഠത്തിന്റെ ഭാഗമാവണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. പാകിസ്താന്‍ ഒരിക്കലും ഇതിനു തയ്യാറാകില്ലതാനും. അധിനിവിഷ്ട കശ്മീര്‍ തങ്ങളുടെ അവകാശമാണെന്നതാണ് പാകിസ്താന്റെ ഭാഷ്യം.
ഇരു രാഷ്ട്രങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഇങ്ങനെ ഉറച്ചുനില്‍ക്കെ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമെന്നതാണ് ലോക രാഷ്ട്രങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഉത്കണ്ഠ.
ഇന്ത്യയുടെ കൂട്ടിലെ കുരക്കുന്ന ഒരു നായയെപ്പോലെയാണ് അവര്‍ ഇന്ത്യയുടെ അവസ്ഥ വിലയിരുത്തുന്നത്. ഒരു പോറ്റു ജീവി എന്ന നിലക്ക് വലിച്ചെറിയയാനും വയ്യ, ഇടക്കിടെ കുരച്ചുചാടുന്നതിനാല്‍ ചേര്‍ത്തുപിടിക്കാനും വയ്യാത്ത അവസ്ഥ. ഇങ്ങനെയൊരവസ്ഥയില്‍ സമാധാനം പുലരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മൂന്നു കക്ഷികളും ചില നീക്കുപോക്കുകള്‍ക്ക് തയ്യാറാവണം എന്നതാണ് പൊതുവെ ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയും പാകിസ്താനും പിന്നെ കശ്മീര്‍ നിവാസികളുമെല്ലാം.
സാധിക്കുമെങ്കില്‍ ഓരോ രാജ്യവും തങ്ങളുടെ ഈഗോ മാറ്റിവെച്ച് ഒരു സമ്പൂര്‍ണ പരിഹാരത്തിന് ശ്രമിക്കുകയെന്നതുതന്നെയാണ് സമാധാനത്തിലേക്കുള്ള പ്രധാന വഴി. അതിനായി, ഇരു രാജ്യങ്ങളും കശ്മീര്‍ പ്രവിശ്യയില്‍ പ്രശ്‌നം നിലനില്‍ക്കുന്നയിടങ്ങളില്‍ തങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുകയും അവയെ സ്വതന്ത്രമായി വിടുകയും ചെയ്യുകയെന്നതാണത്. ശേഷം, ഒരു സ്വതന്ത്ര പ്രദേശം എന്നപോലെ യു.എന്‍ നേരിട്ട് അതിനെ നിയന്ത്രിക്കുന്ന അവസ്ഥ വരണം. സ്വിറ്റ്‌സര്‍ലാന്റിനെപ്പോലെ ഭാഗികമായി സതന്ത്രമായ ഒരു രാജ്യത്തെപ്പോലെ അപ്പോഴത് പ്രവര്‍ത്തിച്ചു തുടങ്ങും.
ഒരു രാജ്യത്തിനും ഇതിലൂടെ നഷ്ടപ്പെടാനായി ഒന്നുമില്ല. പകരം, കശ്മീരിന്റെ മറ്റുപ്രദേശങ്ങളില്‍ ഭീതിയേതുമില്ലാത്ത, നല്ല ഭരണം തുടരാന്‍ സാധിക്കും ഇന്ത്യക്ക്. അവിടത്തെ നിവാസികള്‍ക്ക് നല്ല ജീവിതാവസ്ഥ കൈവരും. ഇടക്കിടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാതാവുമ്പോള്‍ സൈനിക നഷ്ടവും സാമ്പത്തിക നഷ്ടവും ഇല്ലാതാവും. പാകിസ്താന്റെ അവസ്ഥയും ഇതുപോലെത്തന്നെ. ഇതുവഴി ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കും.
കശ്മീരികള്‍ക്കും ഇത് സ്വരമായ ജീവിതത്തിലേക്കുള്ളൊരു വാതില്‍ തുറന്നു നല്‍കും. പട്ടാള ഭീതിയും മിസൈല്‍ ഭയവുമില്ലാത്ത സാധാരണ ജീവിതം അവര്‍ക്കു കൈവരും.
എന്നും പോരാട്ടങ്ങളും വീരമൃത്യുകളും ആവര്‍ത്തിക്കുന്നതിനു പകരം ഈ പ്രശ്‌നത്തിന് ശാശ്വതമായൊരു പരിഹാരം കാണുന്നതു തന്നെയാവും ഇരു രാജ്യങ്ങള്‍ക്കും ഉചിതം. അനവധി സൈന്യങ്ങളുടെ ജീവനും സമ്പത്തും സാധാരണക്കാരുടെ സ്വച്ഛന്തമായ ജീവിതവും ഇതിലൂടെ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നതാണ് ഇതിലൂടെ കൈവരുന്ന ഏറ്റവും വലിയ കാര്യം. ഓരോ രാജ്യവും അതിനായി തയ്യാറാവുക എന്നതാണ് ഇവിടെ ആദ്യമായി വേണ്ടത്. അങ്ങനെയൊരു വിട്ടുവീഴ്ച്ചക്കു തയ്യാറാകുന്നപക്ഷം ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തിയില്‍ പ്രതീക്ഷുടെ ഒരു പ്രഭാതം പുലരും, തീര്‍ച്ച.
വിവ. ഖുര്‍റതുല്‍ ഐന്‍



Leave A Comment