അമേരിക്കയുടെ അംഗീകാരം, രാജ്യസുരക്ഷ, നാലുമാസത്തെ ഭരണം: സോമാലിയയിലെ പ്രസിഡണ്ട് ശൈഖ് മഹ്മൂദുമായി അഭിമുഖം
സോമാലിയയിലെ ഭരണകൂടത്തെ ഔദ്യോഗികമായി അമേരിക്ക അംഗീകരിച്ചത് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ്. 1991 ന് ശേഷം സോമാലിയയുടെ ചക്രം തിരിച്ച ഒരു ഭരണകൂടത്തെയും അമേരിക്ക അംഗീകരിച്ചിരുന്നില്ല. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയുടെ അംഗീകാരം തേടിയെത്തുമ്പോള്‍ ഹസന്‍ ശൈഖ് മഹ്മൂദ് ആണ് രാജ്യത്തിന്‍റെ പ്രിസിഡണ്ട്. ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 'വോയ്സ് ഓഫ് അമേരിക്ക' ശൈഖ് മഹ്മൂദുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളുടെ മൊഴിമാറ്റം.
മണിക്കൂറുകള്‍ക്കകം അമേരിക്ക താങ്കളുടെ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ പോകുന്നു. രാജ്യത്തിന്‍റെ പ്രസിഡണ്ടെനിലയില്‍ ഇപ്പോള്‍ എന്ത് തോന്നുന്നു?
പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഈ അംഗീകാരത്തിലേക്ക് നയച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്ന്, രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പരിണാമഘട്ടം അത് വിജയകരമായി കടന്നുകഴിഞ്ഞിരിക്കുന്നു. രണ്ട്, ഭരണത്തിലേറിയതു മുതലുള്ള ഇക്കഴിഞ്ഞ നാലുമാസങ്ങളിലായി ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. ഒരു ഭരണകൂടത്തിന് നിലനില്‍ക്കാന്‍ ആവശ്യമായ പ്രാഥമിക നടപടികളെല്ലാം ചെയ്തുകഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ അംഗീകാരം എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. സോമാലിയ എന്ന രാജ്യത്തിലുപരി എന്‍റെ ഭരണകൂടത്തിനു കൂടെയുള്ള നയതന്ത്രപരമായ ഒരു അംഗീകാരമായി ഞാനീ നീക്കത്തെ കാണുന്നു.
ഇതുവഴി അന്താരാഷ്ട്രവേദികളില്ലാം ഇനി സോമാലിയയുടെ ശബ്ദം കേള്‍ക്കാനാകും. ഇതുവരെ അത്തരം വേദികളിലെല്ലാം ഞങ്ങള്‍ക്ക് പ്രവേശം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. അതിനെല്ലാം പുറമെ, ഞങ്ങളുടെ രാജ്യത്തെ പുനര്‍നിര്‍മിക്കുന്നതിന് ആഗോളതലത്തില്‍ ഈ അംഗീകാരം ഏറെ സഹായകരമാകുമെന്നതില്‍ ഒരു സംശയവുമില്ല.
നിങ്ങളുടെ ഭരണകൂടം കഴിഞ്ഞ മാസങ്ങളില്‍ നടപ്പാക്കി പദ്ധതികളെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഏതെല്ലാം മേഖലകളിലാണ് കേന്ദ്രീകരിച്ചത്?
ഇക്കാലമത്രയും അമേരിക്കയുടെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നതിനുള്ള നിരന്തര ശ്രമത്തിലായിരുനു എന്‍റെ ഭരണകൂടം. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് സത്യത്തിലീ അംഗീകാരം സോമാലിയയെ തേടിയെത്തിയിരിക്കുന്നത്. അതിനുപുറമെ, പൊതുവെ ആഗോളസമൂഹത്തിന് മുന്നില്‍ സോമാലിയ ചോദ്യം ചെയ്യപ്പെട്ടിരുന്ന ചില മേഖലകളുണ്ടായിരുന്നു. സുരക്ഷാരംഗം, നീതിവ്യവസ്ഥ, സാമ്പത്തിക വ്യവസ്ഥ തുടങ്ങി പലതും. അത്തരം രംഗങ്ങളിലെല്ലാം ഈ ഭരണകൂടം ഉത്തരവാദിത്തബോധം കാണിച്ചുവെന്നാണ് എന്‍റെ വിശ്വാസം. അതിനുപുറമെ, 1991 ല്‍ അട്ടിമറിക്കപ്പട്ട ഭരണകൂടത്തിന് അമേരിക്കയുമായി ചില കരാറുകളുണ്ടായിരുന്നു. ഞങ്ങള്‍ അധികാരത്തില്‍ വന്ന ശേഷം അതുസംബന്ധമായും യു.എസുമായി ചര്‍ച്ച നടത്തി. അതു കൊണ്ട് തന്നെ പക്വവും ഉത്തരവാദിത്ത ബോധവുമുള്ള ഒരു ഭരണകൂടം തന്നെയാണ് സോമാലിയയില്‍ നിലവിലുള്ളതെന്ന് അമേരിക്കക്ക് ബോധ്യം വന്നുകാണണം.
അമേരിക്കയുമായി നയതന്ത്രപരമായ ഇടപാടുകള്‍ നടത്താന്‍ സോമാലിയക്ക് ആകുമെന്ന് തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന സ്ഥിതിക്ക് അത് സ്വാഭാവികമായും നടക്കും. മാര്‍ച്ച് മാസത്തോടെ തന്നെ തലസ്ഥാനമായ മൊഗാദിശുവില്‍ അമേരിക്കയുടെ എംബസി തുറക്കുമെന്നാണ് അറിയുന്നത്. അമേരിക്കയില്‍ ഞങ്ങളും എംബസി തുറക്കാനിരിക്കുകയാണ്. അതു സംബന്ധമായ പദ്ധതി രൂപീകരിക്കേണ്ട താമസം മാത്രമെ ഈ വിഷയത്തിലെടുക്കൂ.
അമേരിക്കയിലെ നിരവധി ആഗോള ഏജന്‍സികളുമായി താങ്കള് കൂടിക്കാഴ്ച നടത്തുകയുണ്ടായല്ലോ. എന്തായിരുന്നു ചര്‍ച്ചാവിഷയം.
USAID, World Bank തുടങ്ങിയ സാമ്പത്തിക ഏജന്‍സികളുടെ നേതൃത്വവുമായി ഇതിനകം തന്നെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. സോമാലിയയുടെ വികസനത്തിന് ഇവര്‍ക്കെല്ലാം ഇടപെടാവുന്ന മേഖലകളെ കുറിച്ചായിരുന്നു പ്രധാനമായും സംസാരിച്ചത്. മുമ്പത്തെതില്‍ നിന്ന് വിഭിന്നമായി ഇത്തരം ഏജന്‍സികളുമായെല്ലാം ക്രിയാത്മകമായ ബന്ധം സൂക്ഷിക്കാനും സോമാലിയയുടെ ഇനിയുള്ള വളര്‍ച്ചയില്‍ അവയുടെ പങ്ക് ഉറപ്പുവരുത്താനും ആകുമെന്ന് തന്നെയാണ് പ്രതീക്ഷ.
അഭ്യന്തര സുരക്ഷാരംഗത്ത് കാര്യമായി ചെയ്യുമെന്നായിരുന്ന തെരഞ്ഞെടുക്കപ്പെട്ട തൊട്ടുടനെ താങ്കള്‍ പ്രസ്താവിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട എന്തെല്ലാം പദ്ധതികള്‍ ഇതുവരെ കൈകൊള്ളാനായി?
തെരഞ്ഞെടുക്കപ്പെട്ട ഉടനെ എന്‍റെ ഭരണകൂടം ഒരു ആറിന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതില്‍ തന്നെ മൂന്നെണ്ണം അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതാണെന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ രാജ്യസുരക്ഷ തന്നെയാണവയില്‍ ഏറ്റവും പ്രധാനം. അതു കൊണ്ട് കാര്യമായി പൌരന്മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഭരണകൂടം ശ്രദ്ധിച്ചത്. നിരവധി പദ്ധതികള്‍ അത്തരത്തില്‍ നടപ്പാക്കുകയുമുണ്ടായി. ഭരണത്തിലെത്തുമ്പോള്‍ തലസ്ഥാന നഗരിയായ മൊഗാദിശുവില്‍ ചുരുങ്ങിയത് അറുപത് റോഡുപരോധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ദിനേന പലര്‍ക്കും ഇത്തരം ഉപരോധങ്ങള്‍ക്കിടെ ജീവഹാനി സംഭവിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും വധിക്കപ്പെടാതെ ഗവണ്‍മെന്റിന് ഉപരോധക്കാരെ പിന്‍വലിപ്പിക്കാനായത് വലിയൊരു വിജയം തന്നെയാണ്. സാധാരണക്കാരയ പൌരന്മാരുടെ നിത്യജീവിതത്തിന് ഏറെ തടസ്സം സൃഷ്ടിച്ചിരുന്ന ഉപരോധക്കാരെ അവരുടെ പൂര്‍ണ സഹകരണത്തോടെ തന്നെ വിജയകരമായി അവസാനിപ്പിക്കാന്‍ ഭരണകൂടത്തിനായി.
രാജ്യത്തിന്റെ ഔദ്യോഗിക പട്ടാളത്തെയും വിമതസൈന്യങ്ങളെയും പരസ്പരം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. എല്ലാവരും തോക്ക് പിടിച്ച് ഗവണ്‍മെന്‍റ് യൂനിഫോമും ധരിച്ച് തെരുവില്‍ ചുറ്റുന്ന കാഴ്ചയായിരുന്നു അന്ന്. ഇപ്പോള്‍ അതെല്ലാം ഏറെ മാറിയിട്ടുണ്ട്. ഔദ്യോഗിക സൈന്യത്തിന് പട്ടാളബാരക്കുകള്‍ പോലും ഉണ്ടായിരുന്നില്ല. നാല് ബാരക്കുകളാണ് പുതിയ ഭരണകൂടം ഇതിനകം നിര്‍മിച്ചത്.
എന്നിട്ടും ഇപ്പോഴും അക്രമവാര്‍ത്തകള്‍ പ്രേദശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ?
ശരിയാണ്. അരക്ഷിതാവസ്ഥ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍പോലും അതില്‍ കാര്യമായ കുറവുവരുത്താനായിട്ടുണ്ടെന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. കാരണം ഇത്തരം പ്രശ്നങ്ങളൊന്നും ഒരൊറ്റരാത്രി കൊണ്ട് തീര്‍ക്കാനാവില്ല. അതു പടിപാടിയായി നടപ്പാകേണ്ട പദ്ധതിയാണ്.
വിമതപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അശ്ശബാബുമായും അതിന്റെ പടയാളികളുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് താങ്കള്‍ ഇടക്ക് പ്രഖ്യാപിച്ചിരുന്നു?
അതെ. അശ്ശബാബില്‍ വിദേശികളായ പല പടയാളികളുമുണ്ട്. അവരെ ഈ ഭരണകൂടം വെച്ചുപൊറുപ്പിക്കില്ല. അശ്ശബാബ് വാദിക്കുന്നതു പോലെ, സമോലിയ മുസ്‌ലിംകളുടെത് തന്നെയാണ്. അതിനര്‍ഥം വിദേശികളായ ആളുകള്‍ക്കും അവിടെ കയറിക്കൂടി സംഘര്‍ഷമുണ്ടാക്കാമെന്നല്ല. അതെ സമയം, സോമാലിയക്കാരായ കുറച്ചധികം പേര്‍ അശ്ശബാബിലുണ്ട്. വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് അവര്‍ തയ്യാറാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ ഭരണകൂടവും ഒരുക്കമാണെന്നാണ് ഞാന്‍ പറയുന്നത്.
നാല് മാസത്തെ പ്രവര്‍ത്തനങ്ങളെ ലോകം നോക്കിക്കാണുന്നുണ്ടെങ്കിലും താങ്കളെ കുറിച്ചും ചില പരാതികളുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചില മുസ്‌ലിംവിഭാഗങ്ങളുടെ ഐഡിയോളജിയാണ് താങ്കള്‍ ഭരണമുപയോഗിച്ച് നടപ്പക്കുന്നതെന്ന തരത്തിലുള്ള ചില ആരോപണങ്ങള്‍?
അതെല്ലാം വെറും പ്രോപഗണ്ടയാണ്. ഞാന്‍ ഇപ്പറയുന്ന അല്‍ഇത്തിഹാദിലോ ഇല്‍ഇസ്ലാഹിലോ ഖാദിരിയ്യയിലോ സാലിഹിയ്യയിലോ മറ്റോ അംഗത്വമുള്ള ആളല്ല. ഞാനൊരു മുസ്‌ലിം മാത്രമാണ്. കൃത്യമായി മതനിഷ്ഠ പുലര്‍ത്തു ഒരു മുസ്‌ലിം. അതനുസരിച്ചാണ് എന്റെ തീരുമാനങ്ങളും സമീപനങ്ങളും. അതിനപ്പുറത്ത് വരുന്ന ആരോപണങ്ങളെല്ലാം ചിലരുടെ പ്രോപഗണ്ട മാത്രമാണ്.
Leave A Comment