സാക്കിര്‍ നായിക് സംഭവം: കാവി മാധ്യമങ്ങളുടെ ഇസ്‌ലാംഭീതിയാണ് പിന്നില്‍ കളിക്കുന്നത്
zaakirകഴിഞ്ഞ ജൂണ്‍ 24 ന് ധാക്കയില്‍ 20 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ രണ്ടു പേര്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാല്‍ പ്രചോതിതരായിരുന്നുവെന്നതാണ് ഇന്ന് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നത്. ബംഗ്ലാദേശ് ഭരണാധികാരികളും ധാക്ക കേന്ദ്രമായി പുറത്തിറങ്ങുന്ന ഡൈലി സ്റ്റാര്‍ എന്ന പത്രവും ഇതിന് സാക്കിര്‍ നായിക്കുമായുള്ള ബന്ധം പരസ്യമായി നിഷേധിച്ചിരിക്കെയാണ് ഇന്ത്യയിലെ ചില മഞ്ഞ പത്രങ്ങളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഈ ആരോപണം. ജനങ്ങളിലേക്ക് സത്യം പകര്‍ന്നുകൊടുക്കുകയെന്നതിലപ്പുറം അവര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ ഇമേജിനെ കളങ്കപ്പെടുത്താനും തങ്ങളുടെ മതപരിവര്‍ത്തന പദ്ധതികള്‍ക്കുമുമ്പിലെ ഏറ്റവും വലിയ തടസ്സമായി മാറിയ സാക്കിര്‍ നായിക്കിനെ തകര്‍ക്കാനുമാണ് കാവി സ്വാധീനമുള്ള ഈ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. തന്റെ ഏതു മതസംവാദ പരിപാടികളിലും ശ്രോതാക്കള്‍ക്ക് മത സംബന്ധിയായ സംശയങ്ങള്‍ തീര്‍ക്കാനുള്ള ചോദ്യോത്തര സെഷനുകള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. ഇതുവഴി സത്യം ബോധ്യപ്പെട്ട് പലരും വിശുദ്ധ മതത്തിലേക്ക് കടന്നുവരാറുമുണ്ട്. ഇത്തരം സ്വയം താല്‍പര്യമെടുത്തുള്ള മതം മാറ്റങ്ങള്‍ പരസ്യമായി സംപ്രക്ഷേണം ചെയ്യപ്പെടുന്നതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ ശത്രുക്കളെ ചെറുതായൊന്നുമല്ല ഇത് ചൊടിപ്പിക്കുന്നത്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സാധാരണക്കാരെ മാത്രമല്ല സ്വാധീനിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ബുദ്ധിജീവികള്‍, പ്രൊഫഷണല്‍സ്, എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, മറ്റു മതസ്ഥരായ പ്രഭാഷകര്‍ തുടങ്ങി പലരെയും ഇത് ആവേശിക്കുകയും അവര്‍ സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. ഒരു വലിയ മത പണ്ഡിതന്‍ എന്ന വലയത്തില്‍ പെടാതെത്തന്നെ സാക്കിര്‍ നായിക്കിന് ഇതെല്ലാം സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മതതാരതമ്യ പഠന മേഖലയിലെ അതികായന്മാരിലൊരാളാണ് ഡോ. സാക്കിര്‍ നായിക്. പല പ്രമുഖ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുമായും ആര്‍ട് ഓഫ് ലിവിങ് ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിനെ പോലെ പല ഹിന്ദു ആചാര്യന്മാരുമായും അദ്ദേഹം മത സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ മതങ്ങള്‍ തമ്മിലുള്ള സാമ്യതകളും അടുപ്പവും അവ തിരിച്ചറിയുന്നതില്‍ പലരും പരാജയപ്പെട്ടുപോകുന്നതുമാണ് തന്റെ ഇത്തരം സംസാരങ്ങളിലെല്ലാം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നത്. എല്ലാ മതങ്ങളും ഏക ദേവത്തിലേക്ക് വാതില്‍ തുറക്കുന്നതായിരുന്നുവെന്നും പിന്നീട് കാലാന്തരത്തില്‍ പലരും അതിനെ തെറ്റിദ്ധാരണ വഴി ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചു. അല്ലാതെ, അദ്ദേഹത്തിന്റെ ഒരു പ്രസംഗം പോലും മാനവികതക്ക് എതിരായോ മറ്റുള്ളവര്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതായോ ഉണ്ടായിരുന്നില്ല. തന്റെ മത സംവാദ വേദികളില്‍വെച്ച് ഭീകരവാദത്തെക്കുറിച്ച് ചോദിക്കപ്പെടുമ്പോഴൊന്നും അതിനെ സപ്പോര്‍ട്ട് ചെയ്ത് അദ്ദേഹം സംസാരിച്ചിരുന്നുമില്ല. പകരം, വളരെ വ്യക്തമായിത്തന്നെ അതിനെ എതിര്‍ക്കുകയും ഖുര്‍ആന്‍ അതിനെ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാലും, പല മതങ്ങളിലും കാണപ്പെടുന്നപോലെ ചില മുസ്‌ലിം നാമധാരികള്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അത് ഇസ്‌ലാമികമല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. നിക്ഷിപ്ത താല്‍പര്യക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്ന വിവിധ മതങ്ങളുടെ പല സത്യങ്ങളെയും പുറത്തു പറയാനാണ് സാക്കിര്‍ നായിക്ക് തന്റെ പ്രസംഗങ്ങളിലൂടെ പലപ്പോഴും ശ്രമിച്ചിരുന്നത്. ഹിന്ദു സഹോദരങ്ങള്‍പോലും പലപ്പോഴും ഈ പ്രസംഗങ്ങളിലൂടെയാണ് അവരുടെ മതത്തിന്റെയും വേദഗ്രന്ഥങ്ങളുടെയും ഉള്ളറ രഹസ്യങ്ങള്‍ മനസ്സിലാക്കിയിരുന്നത്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേട്ടുതുടങ്ങിയ ശേഷമാണ് തങ്ങള്‍ക്ക് ഹിന്ദൂയിസത്തെ ശരിക്കും മനസ്സിലാക്കാനായതെന്ന് എന്നോടുതന്നെ എന്റെ പല ഹിന്ദു സുഹൃത്തുക്കളും പങ്ക് വെച്ചിട്ടുണ്ട്. ഇവര്‍ പിന്നീട് കാലങ്ങളായി തങ്ങള്‍ വെച്ച് പൊറുപ്പിച്ചുകൊണ്ടിരിക്കുന്ന പല അനാചാരങ്ങളെയും സംബന്ധിച്ച് തങ്ങളുടെ പുരോഹിതന്മാരുമായി കലഹിച്ചിട്ടുണ്ട്. നിരന്തരം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും, വിശിഷ്യ, തന്റെ പീസ് ടിവിയില്‍ നിറഞ്ഞുനില്‍ക്കുകയും, വിവിധ മതങ്ങളിലെ മിത്തുകള്‍ക്കെതിരെ അറിവ് കൊണ്ട് പോരാടുകയും ചെയ്യുന്ന സാക്കിര്‍ നായിക്കിനെ തകര്‍ക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ സംഘടിത രീതികളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരങ്ങളുടെ പശ്ചാത്തലവും പരിസരവും മനസ്സിലാക്കി അന്വേഷണ സംഘം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ഉള്‍കൊള്ളുമെന്നും അങ്ങനെ സത്യം പുറത്തുവരുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അവലംബം: muslimmirror.com വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter