മൈ നെയിം ഈസ് മുസ്‌ലിം,ബട്ട്...
മുസ്‌ലിം അടയാളങ്ങള്‍ കാമ്പസുകള്‍ക്ക് പ്രിയമാകുമ്പോഴും, അത് പ്രകടിപ്പിക്കേണ്ടവര്‍ തന്നെ ഉള്‍വലിയുന്നതാണ് ഇന്ന് മുസ്‌ലിം വിദ്യാര്‍ഥി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സ്വത്വ ബോധത്തെ കുറിച്ച് വേണ്ട അവബോധം ഇല്ലാതാവുന്നിടത്താണു ഓരോ മുസ്‌ലിം വിദ്യാര്‍ഥിയും കാമ്പസില്‍ പരാജയപ്പെടുന്നത്. കേവല ആസ്വാദനങ്ങള്‍ക്കും, കാമ്പസ് പൊളിറ്റിക്‌സിനും വേണ്ടി മതബോധത്തെ തിരസ്‌കരിക്കുന്ന പ്രവണതക്ക് ഇന്ന് കാമ്പസുകള്‍ വല്ലാതെ സാക്ഷിയാവുന്നുണ്ട്. വിദ്യാര്‍ഥി സംഘടനകള്‍ ധാര്‍മികമായും സാംസ്‌കാരികമായും ഓരോ വിദ്യാര്‍ഥിയെയും വളര്‍ത്തുന്നതില്‍ എത്രത്തോളം പങ്ക് വഹിക്കുന്നുണ്ട്, എന്നതിനുള്ള ഉത്തരമാണ് നാം ഈ കാണുന്ന ജീര്‍ണതകള്‍ എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
നിസ്‌കരിക്കാന്‍ ഉള്ള സമയം പോലും വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കാത്ത ഗവണ്‍മെന്റ് കോളേജുകള്‍ വരെ ഉണ്ട് എന്നതാണ് വാസ്തവം. ഞാന്‍ പഠിച്ച കോളേജില്‍ തന്നെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ക്ക് വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഇന്റര്‍വെല്‍ സമയം 11.30 മുതല്‍ 12.30 വരെ ആയിരുന്നു. ആയതിനാല്‍ തന്നെ ളുഹര്‍ നമസ്‌കാരത്തിനു പോകാന്‍ കഴിഞ്ഞിരുന്നില്ല. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നിസ്‌കാരം കഴിഞ്ഞു വരാനുള്ള പ്രത്യേക സമയ സൗകര്യം ഒരുക്കുന്നത് ചോദിക്കാന്‍ പോലും ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തയ്യാറാകുന്നില്ല എന്നതാണു വര്‍ഷങ്ങളോളമായി ഇത് തുടരാന്‍ കാരണം. അങ്ങനെ ചോദിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ പോലും ''ഒരു മത വിശ്വാസികള്‍ക്ക് മാത്രമായി പ്രത്യേക സമയം അനുവദിക്കാന്‍ കഴിയില്ല'' എന്ന അധികാരികളുടെ വശം കേട്ട്, അത് ശരി വെച്ച് രണ്ടു അഭിപ്രായത്തോടെ പിരിഞ്ഞു പോകുന്ന കാഴ്ചയും ഉണ്ടായി. പിന്നീട് ഞങ്ങള്‍ രണ്ട് മൂന്നു പേര്‍ അനുമതി ചോദിക്കാതെ തന്നെ, നിസ്‌കാരം കഴിഞ്ഞതിനു ശേഷം മാത്രം ക്ലാസില്‍ കയറാന്‍ തുടങ്ങിയതില്‍ പിന്നെ, അധ്യാപകര്‍ക്ക് അത് അനുവദിക്കേണ്ടതായി വന്നു, ശേഷം എല്ലാ മുസ്‌ലിം കുട്ടികളും ഇത് തുടരാന്‍ തയ്യാറായി.
സ്വന്തം വിശ്വാസ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി നിലപാടെടുക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല എന്നതിന്റെയും, എന്നാല്‍ സധൈര്യം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ക്ക് വിജയിക്കാന്‍ കഴിയും എന്നതിന്റെയും പല ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. താടി വളര്‍ത്തിയതിന്റെ പേരില്‍ ക്ലാസില്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതി വിശേഷം കേരളത്തിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ വരെ ഉണ്ടായി. ഇന്റേണല്‍ മാര്‍ക്കിനെ ബാധിക്കുമെന്ന ഭീഷണി ഉണ്ടായിട്ടും, അവിടെ ധീരമായി നിലപാടെടുത്തത് കൊണ്ട് മാത്രമാണു ഈ വിദ്യാര്‍ഥിക്ക് പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാനായത്.
കോഴിക്കോട്ടെ ഒരു പ്രമുഖ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലെ ക്യാമ്പസില്‍ പോലും താടി വളര്‍ത്താനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ ഉണ്ടായിരുന്നു. അവിടെയും എന്ത് പ്രതിസന്ധി ഉണ്ടായാലും, തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ തുടരുമെന്ന സമീപനം കൈകൊണ്ടവര്‍ക്ക് അവിടങ്ങളിലൊക്കെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ കൃസ്ത്യന്‍ മാനേജ്‌മെന്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ മത ചിഹ്നങ്ങളായ താടി, തൊപ്പി, മഫ്ത തുടങ്ങിയവക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച കാമ്പസ് വിംഗ് പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ ആര്‍ജ്ജവം ഉണ്ടാക്കിയിട്ടുമുണ്ട്.
അന്വേഷണ ത്വരയുമായി ക്യാമ്പസില്‍ എത്തുന്ന കുട്ടികള്‍ക്ക് മുന്‍പില്‍ നന്മയുടെ വഴികള്‍ കാണിച്ച് കൊടുക്കുന്നതിനാണു ഓരോ വിദ്യാര്‍ഥി സംഘടനയും പരിശ്രമിക്കേണ്ടത്. മൗലീദ് സദസ്സുകള്‍ക്കും , ദിക്ര്‍ മജ്‌ലിസുകള്‍ക്കും കാമ്പസ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ സ്‌പേസ് തിരിച്ചറിഞ്ഞ്, കാമ്പസില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മീയ സദസ്സുകള്‍ ഒരുക്കിയാണു കാമ്പസ് വിംഗ് കാമ്പസില്‍ ക്ലിക്കായത്. എന്നാല്‍ കാമ്പസുകളില്‍ കപട മതേതരവാദികളെ ഉണ്ടാക്കുകയും മത ബോധത്തെ പുച്ഛിച്ചു തള്ളുകയും ചെയ്യുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആശയങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികളില്‍ പലരും പെട്ട് പോകുന്നത് കാമ്പസില്‍ ഒരു ആത്മീയ അന്തരീക്ഷമൊരുക്കാന്‍ പലപ്പോഴും തടസ്സമാകാറുണ്ട്. ഇവയൊക്കെയാണെങ്കിലും സംഘടനകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ ഒഴിവാക്കി, ഇഫ്താര്‍ സദസ്സുകളൊരുക്കിയും, കാമ്പസിലെ പൊതു വിഷയങ്ങളില്‍ ഒരുമിച്ചും, സൗഹൃദത്തോടെ മുന്നോട്ട് പോകുന്ന മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍, മുസ്‌ലിം സംഘടനാ സമൂഹത്തിനു മാതൃക തന്നെയാണ്.
കാമ്പസുകളില്‍ ആണ്‍-പെണ്‍ അനുപാതം ഇന്ന് 1:4 ആണ്. പല ക്ലാസുകളിലും ആണ്‍കുട്ടികള്‍ തീരെ ഇല്ലാത്ത അവസ്ഥ വരെയുണ്ട്. മുസ്‌ലിം പെണ്‍കുട്ടികളുടെ ശതമാനവും വര്‍ധിച്ചു വരുന്നുണ്ട്. പക്ഷേ പെണ്‍കുട്ടികളുടെ ഇടയില്‍ പ്രബോധന ക്ലാസുകള്‍ സംഘടിപ്പിക്കാനും, ദീനീ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് രീതി നിശ്ചയിക്കാനും, സുന്നീ സംഘടനകള്‍ ഇനിയും മുന്നോട്ട് വരാത്തത് അങ്ങേയറ്റം ഖേദകരമാണ്. ഇവര്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതി രൂപീകരിക്കാനും, ഏകീകരണ സംവിധാനം ഉണ്ടാക്കുവാനും നാം ഇനിയും താമസിച്ചാല്‍ അത് വലിയ അപകടത്തിനു കാരണമൊരുക്കും. നോമ്പ് കാലത്ത് പള്ളികളില്‍ സൗകര്യമുണ്ടാവുന്നതിനാല്‍ ആണ്‍കുട്ടികള്‍ക്ക് സുലഭമായ ഭക്ഷണം ലഭിക്കുമ്പോഴും ഹോസ്റ്റലില്‍ കഴിച്ചു കൂടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് ബ്രെഡും ജാമും കഴിച്ചോ, തണുത്താറിയ ഭക്ഷണം കഴിച്ചോ നോമ്പ് നോല്‍ക്കുകയും തുറക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇന്നും ഉള്ളത.് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ഭക്ഷണ സംവിധാനമൊരുക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കെങ്കിലും നമ്മുടെ സംഘടനകള്‍ സന്നദ്ധമാവേണ്ടതുണ്ട്.
കാമ്പസില്‍ പലപ്പോഴും നിസ്‌കരിക്കാനുള്ള സൗകര്യം പെണ്‍കുട്ടികള്‍ക്കു ലഭിക്കാറില്ല. പലയിടത്തും ഗേള്‍സ് വെയ്റ്റിംഗ് റൂമുകളില്‍ ഒന്ന് ഇരിക്കാന്‍ പോലും വൃത്തിയുള്ള ഇടങ്ങളുണ്ടാവാറില്ല. അവിടെയൊക്കെ വൃത്തിയാക്കാന്‍ ഫണ്ടിന്റെ പോരായ്മകള്‍ പറയുന്ന സ്ഥാപന മേധാവികളെയും കാണാം. അവിടെയും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരുപാട് ചെയ്യാനുണ്ട്. കൂട്ടായ്മകളിലൂടെ ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞാല്‍, വെയ്റ്റിംഗ് റൂമില്‍ തന്നെ ഒരു പ്ലാറ്റ് ഫോം ചെയ്ത് അതില്‍ കാര്‍പെറ്റ് വിരിച്ച് ചുറ്റും ഒരു കര്‍ട്ടണ്‍ ഉപയോഗിച്ച് മറച്ചാല്‍ തന്നെ ഒരു വൃത്തിയുള്ള മനോഹരമായ നിസ്‌കാര മുറി നിര്‍മിക്കാവുന്നതേ ഉള്ളൂ. പക്ഷേ ഇതിനൊക്കെ നാം തയ്യാറാവണം. മുന്‍ കൈ എടുക്കണം എന്ന് മാത്രം. മറ്റുള്ളവരെ കുറ്റം പറഞ്ഞ്, പരിമിതികള്‍ പറഞ്ഞ് സമയം കളയാതെ, ക്രിയാത്മക ഇടപെടലുകളിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്.
ധാര്‍മികതയുടെ വ്യക്തിത്വം ഉണ്ടാവുകയും, വിശ്വാസത്തിന്റെ അടയാളങ്ങള്‍ സൂക്ഷിക്കുകയും വഴി സ്വയം മാതൃകകളാവാനുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളുടെ പരിശ്രമമാണ് നാം കാമ്പസുകളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുകയും, ഇടപെടലുകളുടെ മത്സരങ്ങള്‍ക്ക് നിന്ന് കൊടുക്കാതിരിക്കുകയും, അതെ സമയം പുഞ്ചിരിയും സൗഹൃദവും സ്‌നേഹവും പകര്‍ന്ന് ക്രിയാത്മക വേദികളിലേക്ക് കൂട്ടുകാരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നത് തങ്ങളുടെ സ്വയം ദൗത്യമാണെന്ന തിരിച്ചറിവാണു നമ്മെ മുന്നോട്ട് നയിക്കേണ്ടതും.
Leave A Comment