അച്ചടിയന്ത്രത്തോടുള്ള വിമുഖത: മുസ്‌ലിം സമൂഹം നല്‍കേണ്ടിവന്ന വില
പേപ്പറിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതില്‍ മുന്നില്‍നിന്ന മുസ്‌ലിം സമൂഹം പില്‍ക്കാലത്ത്‌ രണ്ടു നൂറ്റാണ്ടുകളോളം അച്ചടിയന്ത്രത്തോടു സ്വീകരിച്ച നിഷേധാത്മക നിലപാടും അതിന്റെ പിന്നിലെ കാരണങ്ങളും അതിനു സമൂഹം നല്‍കേണ്ടിവന്ന വിലയും അന്വേഷിക്കുന്നു ലേഖകന്‍ OLYMPUS DIGITAL CAMERAപരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാകുമ്പോള്‍ മക്കയിലെ സാക്ഷരതാ നിരക്ക് കേവലം രണ്ടു ശതമാനത്തില്‍ താഴെ ആയിരുന്നു.  അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ സ്രഷ്ടാവ് നിയോഗിച്ച വിശുദ്ധ പ്രവാചകന്(സ്വ) അക്ഷരാഭ്യാസവുമുണ്ടായിരുന്നില്ല. എന്നിട്ടും ഖുര്‍ആന്‍  മനുഷ്യകുലതോട് സംവദിച്ചു തുടങ്ങിയത് പേന കൊണ്ട് പഠിപ്പിപ്പിച്ച നാഥന്‍റെ നാമത്തില്‍ വായിക്കാനുള്ള ആഹ്വാനവുമായിട്ടായിരുന്നു. അതൊരു യാദൃശ്ചികതയല്ലെന്നും മുസ്‍ലിംകളുടെ വ്യക്തമായ നിലപാടാണെന്നും ആദ്യ ധര്‍മസമരമായ ബദ്റില്‍ വെച്ച് തന്നെ പ്രവാചകന്‍ (സ) ലോകത്തെ ബോധ്യപ്പെടുത്തി. പത്തുമുസ്ലിംകള്‍ക്ക്  വീതം  അക്ഷരം പഠിപ്പിച്ചു കൊടുക്കുവാനായിരുന്നു  സാക്ഷരരായ യുദ്ധത്തടവുകാരോട് മോചനദ്രവ്യമായി നബിതിരുമേനി ആവശ്യപ്പെട്ടത്. അസാധാരണമായ ആ തീരുമാനത്തിലൂടെയാണ് പില്‍കാലത്ത് ഖുര്‍ആന്‍ എഴുതിവെക്കാന്‍ നിയോഗിക്കപെട്ടവരില്‍ പ്രധാനിയായ സൈതുബിനു സാബിത് (റ) ഉള്‍പ്പെടെയുള്ള പലരും സാക്ഷരത നേടിയത്. അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ ജയിൽപുള്ളികളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി അവരെ കൊണ്ട് പരീക്ഷ എഴുതിച്ചതും ചപ്പാത്തി ഉണ്ടാക്കിച്ചതും ശബരിമലയിൽ വെള്ളം നല്കിയതും  എന്ന് നമ്മുടെ ജയിൽ ഡി ജി പി ആയിരുന്ന ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ ഇയ്യിടെ പറഞ്ഞത് ഇവിടെ സ്മരണീയമാണ്‌. പ്രവാചകന്റെ ആനിലപാടില്‍ ഉറച്ചുനിന്ന  മുസ്ലിംകള്‍ പില്‍കാലത്ത് ലോകത്തിന്റെ  വഴികാട്ടികളായ വിജ്ഞാന വാഹകരായി മാറി. യുനെസ്കോയുടെ  കണക്കനുസരിച്ച് ലോകത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ മൊറോക്കോയിലെ ഖുറവിയ്യീന്‍ യുനിവേഴ്സിറ്റി (University of Al karaouine) ക്രി.ശേ 851-ൽ സ്ഥാപിച്ചത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇസ്ലാമിക ജൈത്രയാത്രക്ക് നേതൃത്വം നല്കിയ ഉഖ്ബതുബിനു നാഫിഹിന്റെ കൊച്ചുമോളായ ഫാത്തിമ അല്‍ ഫിഹ്രിയ്യയായിരുന്നു. പില്‍കാലത്ത്‌ ലോകത്തിന്റെ ഗതി  മാറ്റിയെഴുതിയ  ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ പലതിനും അടിത്തറ പാകിയതും ലിന്റെല്‍  വാര്‍ത്തതും  ഇസ്ലാമിക നാഗരികതയുടെ സുവർണ്ണ  കാലഘട്ടങ്ങളിലെ  ശാസ്ത്രജ്ഞന്മാരായിരുന്നു   എന്നതു  അതിനെ  കുറിച്ച്  പഠിക്കുന്നവര്‍ക്കെല്ലാം  ബോധ്യപ്പെടുന്ന സത്യമാണ്. പേപ്പറിന്റെ ആഗമനം ക്രി.ശേ 751 ഇൽ ഇന്നത്തെ കിര്‍ഗിസ്ഥാനിലെ (Kyrgyzstan) തലാസ് നദിക്കരയിൽ വെച്ച് നടന്ന യുദ്ധത്തിൽ മുസ്ലിംകള്‍ വിജയിച്ചപ്പോള്‍ പിടിക്കപ്പെട്ട യുദ്ധതടവുകാരിൽ പേപ്പര്‍ നിർമിക്കുന്നത്തിന്റെ  രഹസ്യമറിയുന്ന രണ്ടു ചൈനക്കാരുമുണ്ടായിരുന്നു. പണ്ട് ബദറിൽ നബിതങ്ങൾ ചെയ്തത് ഓർമപ്പെടുത്തിക്കൊണ്ട്‌, മോചനദ്രവ്യമായി ബാഗ്ദാദിലെ ഖലീഫ ആവശ്യപ്പെട്ടത് ആ രഹസ്യം മുസ്ലിംകള്‍ക്ക് പറഞ്ഞുതരാനായിരുന്നു. മാത്രമല്ല ചൈനയില്‍ പോയിട്ടെങ്കിലും  അറിവ്നേടണമെന്ന് പ്രവചകന്‍  പറഞ്ഞിട്ടുണ്ടെങ്കിൽ അത് മദീനയില്‍ നിന്നു ചൈനയിലേക്കുള്ള ദൂരം മാത്രം ഉദ്ദേശിച്ചല്ലെന്നും  ഇസ്ലമികലോകത്തിന്റെ പ്രോജ്ജ്വലനത്തിനു  മുന്‍പ് അറിവിന്‌  പേരുകേട്ട നാഗരികതകളില്‍ മുന്‍നിരയിലായിരുന്ന   ചൈനക്കരില്‍ നിന്നും  പഠിക്കാനുള്ള  ആഹ്വനവും കൂടിയായിരുന്നു അതെന്നും ഇവിടെ  തിരിച്ചറിയാവുന്നതാണ്. എട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും സമർഖന്തിലും ബഗ്ദാദിലുമെല്ലാം പേപ്പർ മില്ലുകള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.  പള്‍പ്പ്‌ നിർമാണത്തിനു ചൈനക്കാർ മാനുഷിക ബലമാണ്‌ ഉപയൊഗിച്ചിരുന്നതെങ്കില്‍ മുസ്ലിംകള്‍ മൃഗങ്ങളെയും നദികളെയും ഉപയോഗപ്പെടുത്തി പള്‍പ്പ്‌ നിർമിക്കുന്ന യന്ത്രങ്ങള്‍ കണ്ടു പിടിച്ചതോടെ  കേവലം ഒരലങ്കാര വസ്തു എന്നതിനപ്പുറം പേപ്പറിന് വ്യാവസായിക സാധ്യത  ഉണ്ടാകുകയും അതിന്റെ   ഗുണമേന്മ  വർധിക്കുകയും  ചെയ്തു.  അന്നുവരെ ചുരുട്ടിവെച്ചിരുന്ന പേപ്പറിനെ അവർ അട്ടി വെക്കാനും ബൈന്റുചെയ്യാനും പുസ്തകങ്ങളാക്കി ചട്ടയില്‍ പേരെഴുതാനും തുടങ്ങി.    ഒന്‍പതാം  നൂറ്റാണ്ടായപ്പോഴേക്കും പെപ്പയറസിനെ പിന്തള്ളി പേപ്പർ മുസ്ലിം ലോകത്താകമാനം ആധിപത്യം സ്ഥാപിക്കുകയും പുസ്‌തകങ്ങള്‍ സാര്‍വത്രികമാകുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍  മൊറോക്കോയിലെ മറാകിഷ് (Marrakech) പട്ടണത്തിലെ ഒരു തെരുവിന്‌ കുതയ്യിബൂണ്‍ , അഥവാ പുസ്തകക്കാര്‍ എന്ന് പേര് വന്നത് അവിടെ നൂറോളം പുസ്തകശാലകള്‍ ഉണ്ടായിരുന്നത് കാരണമായിരുന്നത്രേ.. പതിനൊന്നാം നൂറ്റാണ്ടോടെ  പേപ്പറിന്റെ രഹസ്യം യുറോപ്പിൽ എത്തി. മുസ്ലിംകളുടെ അധീനത്തിലായിരുന്ന സ്പൈനിലൂടെയും 200 വര്ഷം മുസ്ലിംകൾ ഭരിച്ച ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ സിസിലി ദ്വീപിലൂടെയും പിന്നെ കുരിശുയുദ്ധങ്ങളിലൂടെയുമാണ് പേപ്പര്‍ യുറോപ്പിലെത്തിയത്. 1258-ൽ മംഗോളിയര്‍ ലോകത്തെ അറിവിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദ് നഗരം തച്ചുതകർത്ത്  അവിടുത്തെ ലൈബ്രറിയിലുണ്ടായിരുന്ന  അനേകലക്ഷം പുസ്തകങ്ങള്‍ കീറിയെറിഞ്ഞപ്പോള്‍ ടൈഗ്രിസ്‌ നദി മഷിപുരണ്ടു കറുത്തുപോയതിനു ചരിത്രം സാക്ഷിയാണ്. മുസ്ലിംലോകത്തിന്റെ വൈജ്ഞാനികമണ്ഡലങ്ങളില്‍ രൂപപ്പെട്ടുതുടങ്ങിയിരുന്ന അന്ധകാരത്തിന് ആ കറുപ്പ് കുറച്ചൊന്നുമല്ല ശക്തി പകർന്നത്. 1492-ൽ ജ്ഞാനികളുടെ പറുദീസയായിത്തീർന്നിരുന്ന  സ്പെയിന്‍ കൂടി നഷ്ടപ്പെട്ടുപോയപ്പോഴേക്കും അസ്തമയം കണ്ടുതുടങ്ങി. അതിന്റെ ഒരനുരണനമെന്നോണം യുറോപ്പില്‍നിന്നും മുസ്ലിംകള്‍ പേപ്പര്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിക്കുകയും  ചെയ്തു. പക്ഷെ പരാജയത്തിനു നേതൃത്വം നല്കാനെത്തിയത് അച്ചടിയന്ത്രമായിരുന്നു. അച്ചടിയന്ത്ര വിരോധം 1450-ൽ ജോഹന്നാസ് ഗുട്ടന്ബര്‍ഗു അച്ചടിയന്ത്രം കണ്ടുപിടിച്ചു  ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും അതുവരെ നിരക്ഷരതയില്‍ മുങ്ങിക്കിടന്ന യുറോപ്പാകെ  മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും മുന്നൂറോളം യുറോപ്പ്യന്‍ നഗരങ്ങളില്‍ പ്രിന്റിംഗ് പ്രസ്‌ നിലവിൽ വരികയും ക്രി.ശേ 1600 ആയപ്പോഴേക്കും യുറോപ്പില്‍ ഇരുന്നൂറ്  മില്യണ്‍ പുസ്‌തകങ്ങള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. കൊളംബസ് അമേരിക്ക കണ്ടെത്തി അടുത്ത തലമുറയോട് കൂടെതന്നെ  മെക്സിക്കന്‍ സിറ്റിയിലും മറ്റു അമേരിക്കന്‍ പട്ടണങ്ങളിലും പ്രിന്റിംഗ് മെഷീന്‍ എത്തിക്കഴിഞ്ഞിരുന്നു. ഇത് ചിന്തകളും അറിവുകളും ഭൂമിശാസ്ത്രപരമായ അതിർവരമ്പുകള്‍ ഭേദിച്ച് കൈമാറ്റം ചെയ്യപ്പെടുന്നതിനും ഒരു ചുരുങ്ങിയ വൃത്തത്തിലോതുങ്ങിനില്ക്കാതെ അറിവ് പോതുജങ്ങൾക്കിടയിൽ സാർവത്രികമാകുന്നതിനും വഴിതെളിച്ചു.  ചുരുക്കത്തില്‍  യുറോപ്പിലുണ്ടായ  പുത്തനുണര്‍വിനും  വ്യവസായ വിപ്ലവത്തിനും ആണിക്കല്ലായി പ്രവർത്തിച്ചത് ഗുട്ടെന്ബർഗിന്റെ അച്ചടിയന്ത്രമായിരുന്നു എന്നതാണ് സത്യം. അതേസമയം മുസ്ലിം ലോകത്ത് അധപ്പതനതോടൊപ്പം ചിന്താപരമായ  സങ്കുചിതത്വവും കടന്നുവന്നിരിക്കണം. 1485-ല്‍ ഓട്ടോമന്‍ ശ്രേണിയിലെ എട്ടാമത്തെ ഭരണാധികാരിയായിരുന്ന  സുല്‍ത്താന്‍ ബായസീദ് രണ്ടാമന്‍ അന്നത്തെ പണ്ഡിതന്മാരുടെ പിന്തുണയോടുകൂടി അച്ചടിയന്ത്രം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. യുറോപ്പില്‍നിന്നും അച്ചടിച്ചപുസ്തകങ്ങളുടെ ഇറക്കുമതിയും അനുവദിക്കപ്പെട്ടില്ല. 1515 ഇല്‍ അദ്ധേഹത്തിന്റെ പിന്ഗാമി സലീം ഒന്നാമൻ ഒരുപടികൂടെ മുന്നോട്ടുപോയി അച്ചടിയന്ത്രം ഓട്ടോമൻ സാമ്രാജ്യത്തിൽ എവിടെയെങ്കിലും കാണപ്പെട്ടാൽ ഉടമസ്ഥന് വധശിക്ഷ പ്രഖ്യപിചു. 1494-ൽ ഓട്ടോമന്‍ സാമ്രാജ്യത്തിലുണ്ടായിരുന്ന അമുസ്ലിംകള്‍ക്ക് പ്രത്യേകിച്ചും സ്പൈനിൽനിന്നും മറ്റും 1490 കളില്‍IBRAHIM-MUTEFERRIKA__34450049_0 വലിയ അളവില്‍ കുടിയേറിയ ജൂതന്മാര്ക്ക് അവരുടെ നിരന്തര ആവശ്യപ്രകാരം അച്ചടിക്കുവാനുള്ള അനുവാദം കിട്ടി.  പക്ഷെ ഇസ്ലാമിനോട് ബന്ധപെട്ട ഒന്നും പാടില്ലെന്നും മുസ്ലിംകള്‍ക്ക് നൽകരുതെന്നും അറബിയില്‍ ആവരുതെന്നുമുള്ള നിബന്ധനകളോട്  കൂടിയായിരുന്നു ആ അനുവാദം. സ്വാഭാവികമായും ജൂതന്മാരും ക്രിസ്ത്യാനികളും വിദ്യസമ്പന്നരാവുകയും ഓട്ടോമൻ ഭരണത്തിന്റെ കുഞ്ജികസ്ഥാനങ്ങളിൽ  ഇടംപിടിക്കാൻ അവര്‍ക്ക് സാധിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷിയാവുകയായിരുന്നു.. ഖുർആൻ ആദ്യമായി അച്ചടിച്ചത് 1537-ൽ  ഇറ്റലിയിലെ വെനീസില്‍ നിന്നായിരുന്നു. 1980-ൽ ഫ്ലോരന്സില്‍ നിന്നും അതിന്റെ ഒരു പ്രൈവറ്റ് കോപ്പി കണ്ടെടുക്കുകയുണ്ടായി. തെറ്റുകളാല്‍ സമ്പന്നമായ ആ ഖുർആനിന്റെ ഓരോ പേജിലും  നിര്മിക്കപ്പെട്ട രാജ്യവും ഫാക്ടറിയും തിരിച്ചറിയുന്നതിനായി ഇറ്റലിക്കാർ ഉള്‍പ്പെടുത്തിയ വാട്ടർമാർക്കില്‍  കുരിശുചിഹ്നവും  ഉണ്ടായിരുന്നു. 1694 ഇല്‍ ജർമനിയിലെ ഹാംബർഗില്‍ അച്ചടിച്ച ഖുർആന്റെ  കഥയും വ്യത്യസ്തമായിരുന്നില്ല. അഹമ്മദ് മൂന്നാമന്റെ കാലത്ത് നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വന്നു. അതിനു നേതൃത്വം നൽകിയത് ഇസ്ലാം സ്വീകരിച്ച ഇബ്രാഹിം മുതഫറിഖ എന്ന   ഹങ്കറിക്കാരനും അദ്ദേഹത്തിന് പിന്തുണയുമായി മുന്നോട്ടുവന്ന ഓട്ടോമന്‍ ഭരണകൂടത്തിന്റെ ഫ്രാന്‍സിലെ അംബാസഡറായിരുന്ന മുഹമ്മദ്‌ അഫന്തിയും മകന്‍ സഈദ് അഫന്തിയുമായിരുന്നു. മൈക്കല്‍ ആല്‍ബിന്‍ തന്റെ ഏര്ളി അറബിക് പ്രിന്റിങ്ങിൽ (Michael W. Albin – Early Arabic Printing) പറയുന്നതനുസരിച്ച് ഇബ്രാഹിം മുതഫരിഖ 1692-ൽ ഇസ്ലാം സ്വീകരിച്ചത് യുദ്ധത്തടവുകാരനായി ഓട്ടോമന്‍  സൈന്യത്തിന്റെ കൈകളില്‍ എത്തിയതിനു ശേഷമായിരുന്നു. പ്രിന്റിംഗ് പ്രസ്സിന്റെ അനിവാര്യതയും സാമ്പത്തിക സാധ്യതകളും ഓട്ടോമന്‍ ഭരണകൂടത്തിന് അതിലൂടെ ലഭിക്കാന്‍ പോകുന്ന ബഹുമതികളും വിവരിച്ചുകൊണ്ട് ഖലീഫയുടെ ബന്ധുവായിരുന്ന ഇബ്രാഹിം പാഷയുടെ സഹായത്തോടെ ഖലിഫക്കും ഗ്രാന്‍ഡ്‌ മുഫ്തിക്കും അദ്ദേഹം ഒരു ഹരജി സമർപ്പിച്ചു. 1716-ൽ മതപരമായ വിഷയങ്ങളൊഴികെ ചരിത്രം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍  അച്ചടി നടത്തുവാനുള്ള അനുമതി മുസ്ലിംകള്‍ക്കും കിട്ടി. 1728-ൽ സ്ഥാപിതമായ ആ അച്ചടിശാല 1754-ൽ ഇബ്രാഹിം മുതഫരിഖ്‌യുടെ മരണത്തോടെ നിലച്ചു പോയി. ഇക്കാലയളവില്‍ പതിനേഴോളം പുസ്തകങ്ങളാണ് അതില്‍ അച്ചടിക്കപ്പെട്ടത്‌. ഓടുവിൽ  നിലപാടുകളിൽ അൽപം അയവു വന്നു തുടങ്ങിയപ്പോഴേക്കും യുറോപ്പിലെ ഹവായി , തഹീതി  പോലെയുള്ള വിദൂര ദ്വീപുകളിൽ പോലും അച്ചടിശാലകൾ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പക്ഷെ അറിവിന്റെ സിരാകേന്ദ്രമായിരുന്ന ബാഗ്ദാദിൽ അതെത്തിയിട്ടുമുണ്ടായിരുന്നില്ല. എതിര്‍പ്പിന്റെ കാരണങ്ങള്‍ 694px-First_printed_Qur'an_in_westഇന്ന് തിരിഞ്ഞുനോക്കുമ്പോൾ  ഏറെ വിചിത്രമായി തോന്നുന്ന ഈ വിരോധത്തിനു പിന്നില്‍ പലകാരണങ്ങളുമുണ്ടായിരുന്നു. സൈനികരംഗത്തും മറ്റുമുണ്ടായ യുറോപ്പിന്റെ സംഭാവനകളെ സ്വീകരിക്കാന്‍ തയ്യാറായ ഓട്ടോമന്‍ സാമ്രാജ്യം എന്തുകൊണ്ട് അച്ചടിയന്ത്രത്തോട് പുറംതിരിഞ്ഞുനിന്നു എന്നത് ഇനിയും ഉത്തരം വ്യക്തമാകാതെ കിടക്കുന്ന ചോദ്യമാണ്. ബെർണര്ട് ലൂയിസ് (Bernard Lewis) നെപ്പോലെയുള്ളവരും അവരെ കടമെടുക്കുന്ന ഇബ്നു വറാഖി (Ibn Warraq) നെപ്പോലെയുള്ള പക്ഷപാതികളും ഇതിനെ മുസ്ലിം അധപ്പതനത്തിന്റെ ആന്തരിക കാരണങ്ങളിൽ എടുത്തു കാണിക്കുന്നുണ്ട്. പക്ഷെ സ്രോതസ്സുകല്പോലും വലിയൊരളവോളം അന്യാധീനപ്പെട്ട അക്കാലത്തെ മുസ്ലിം ലോകത്തിന്‍റെ ചരിത്രത്തില്‍ പണ്ഡിതൻമാരുൾപ്പെടെ  രണ്ടര നൂറ്റാണ്ടോളം ഈ നിലപാടില്‍ എങ്ങനെ തളച്ചിടപ്പെട്ടു  എന്നത് മതപരമായും ചരിത്രപരമായും ഇനിയും പഠനങ്ങള്‍ നടക്കേണ്ട മേഖലയാണ്‌. എന്തായാലും ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും പണ്ഡിതനേതൃത്വവും ആ വലിയ തെറ്റിന്റെ ഉത്തരവാദിത്വത്തില്‍ പല അളവിൽ പങ്കാളികളായിരുന്നു. . ചരിത്രകാരന്മാര്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെയൊക്കെയാണ്. നിലനിന്നുവന്ന ഇജാസ വ്യവസ്ഥ (മതപരമായ അറിവുകള്‍ കൈമാറ്റം ചെയ്യാന്‍ ഗുരു ശിഷ്യന് നല്കുന്ന സമ്മതം ) വേരറ്റു പോകുമോ, അറിവുകള്‍ പ്രത്യേകിച്ചും മതപരമായ അറിവുകള്‍ മനപ്പാഠമാക്കുകയും അതൊരാളില്‍നിന്നു സ്വീകരിക്കുമ്പോള്‍ അയാളുടെ വ്യക്തിപരമായ ജീവിതവിശുദ്ധിപോലും കണിശമായി പരിശോധിക്കപ്പെടുകയും ചെയ്തിരുന്ന തലമുറകളായി കൈമാറിവന്ന അറിവിന്റെ ലോകത്തിള്‍ മുസ്ലിംകളുടെ മാത്രം പ്രത്യേകതയായ റിവായത് എന്ന രീതി നിലച്ചുപോകുമോ, അങ്ങനെ വന്നാല്‍ മതവിജ്ഞാനീയങ്ങളുടെ ആധികാരികത നഷ്ടപ്പെടില്ലേ,  മതഗ്രന്ഥങ്ങള്‍ പൊതുജനങ്ങളിലെക്കിറങ്ങിയാള്‍ സമൂഹത്തിൽ  അഭിപ്രായ വ്യത്യാസങ്ങള്‍, ഛിദ്രത, പണ്ഡിതന്മാരോടുള്ള ബഹുമാനക്കുറവ്, മതത്തോടുള്ള ലാഘവമനോഭാവം, തുടങ്ങിയവ ഉടലെടുക്കില്ലേ, കിതാബുകള്‍ എല്ലാവരും അടിച്ചിറക്കുമ്പോള്‍ മതവിഞാനീയങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടില്ലേ , അറബി ഭാഷയുടെ പ്രത്യേകതകളിലൊന്നായ കാലിഗ്രാഫി എന്ന കലാരൂപം നഷ്ടപ്പെട്ടു പോകുമോ, കുത്താബുദ്ദീവാന്‍ എന്ന ഗവണ്മെന്റ് ജോലിക്കാരുടെ പ്രസക്തി നഷ്ടപ്പെടുമോ, യുറോപ്പില്‍ നിന്ന് അച്ചടിച്ച്‌ വന്ന ഖുര്‍ആനില്‍ സംഭവിച്ചതുപോലെ തെറ്റുകള്‍ ആവർത്തിക്കില്ലേ,  ഖുര്‍ആന്‍ എഴുതപ്പെടെണ്ടതും  അത് അച്ചടിക്കുന്നത് അനാദരവുമല്ലേ, അത് അച്ചടിക്കുന്ന ജോലിക്കാരുടെ ശുദ്ധി ഉറപ്പുവരുത്താന്‍ സാധിക്കുമോ,  അമുസ്‌ലിംകളുടെ കണ്ടുപിടുത്തങ്ങളെ പ്രോല്സാഹിപ്പിക്കേണ്ടതുണ്ടോ എന്നൊക്കെ പണ്ഡിതന്‍മാരും അവരിലൂടെ പൊതുജനങ്ങളും സംശയിച്ചിരിക്കണം. മാത്രമല്ല യുറോപ്പില്‍ സംഭവിച്ചത് പോലെ ജനങ്ങളെല്ലാം ഉണര്‍ന്നൊരുമിച്ചു ഓടുവില്‍ തങ്ങളുടെ സാമ്രാജ്യം നഷ്ടപ്പെടുന്നതിലേക്ക്  കാര്യങ്ങള്‍ എത്തുമോയെന്നു ഓട്ടോമൻ രാജാക്കന്മാരും ഭയപ്പെട്ടിരുന്നിരിക്കണം.. അതേസമയം കാരണങ്ങളുടെ ഏറിയ പങ്കും മതപണ്ഡിതന്മാരുടെമേല്‍ കെട്ടിവെക്കുന്നത് ചില തല്പര കക്ഷികളാണെന്നും യഥാർത്ഥ ഉത്തരവാദിത്വം രാജഉരുപ്പടികള്‍ തയ്യാറാക്കിയിരുന്ന കുത്താബുദ്ദീവാന്‍ എന്ന സമൂഹത്തിലെ ഉന്നതരും സ്വാധീന ശക്തികളുമായിരുന്ന ഉദ്യോഗസ്ഥ വൃന്തത്തിനാണെന്നുമുള്ള നിരീക്ഷണവും ശക്തമാണ്. മുസ്തഫ അക്യോലിനെപ്പോലെയുള്ള തുർകിഷ്‌ ചിന്തകന്മാർ ഈ പക്ഷത്താണുള്ളത്.(Mustafa Akyol – Islam without Extremes: A Muslim Case for Liberty) 1798-ൽ നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കാന്‍ വരുമ്പോള്‍ അതേ കപ്പലില്‍ ഒരു പ്രിന്റിംഗ് പ്രസ്സും കൊണ്ടുവന്നിരുന്നു എന്നത് ഒരാശ്ചാര്യകരമായ അറിവാണ്. 1822ല്‍ മുഹമ്മദ്‌ അലി ഈജിപ്തില്‍ സ്ഥാപിച്ച ബുലാഖ് പ്രെസ്സായിരുന്നു ആദ്യത്തെ മുസ്ലിം അച്ചടിശാല. അതിന്റെ മുന്നൊരുക്കമായി 1815-ല്‍ൽ അച്ചടിവിദ്യ  പഠിക്കാന്‍ ഒരു വിദഗ്ധസംഘത്തെ അദ്ദേഹത്തിനു ഇറ്റലിയിലെ മിലാനിലേക്ക് പറഞ്ഞയക്കേണ്ടിവന്നു. ബുലാഖ് പ്രസ്സില്‍ നിന്നുവന്ന ആദ്യത്തെ പുസ്തകം ഇറ്റാലിയന്‍ - അറബിക് ഡിക്ഷനറി ആയിരുന്നു എന്നത് പില്‍കാലത്തെ മുസ്ലിം ലോകത്തിന്റെ ദിശയെപ്പറ്റിയുള്ള  സൂചനയായിരുന്നു. ഇക്കാലമത്രയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന മുസ്ലിം ലോകത്തും നയപരമായ കാര്യങ്ങളില്‍ അവരെ മാതൃകയാക്കിയ മുഗള്‍ ഇന്ത്യയിലും അച്ചടിച്ച പുസ്തകങ്ങളുണ്ടായിരുന്നില്ല എന്നത് ഞെട്ടലോടെയാണ് നാം ഇന്ന് മനസ്സിലാക്കുന്നത്. അറിവ് പൊതുജനവല്‍കരിക്കപ്പെടാത്തത് കാരണം അന്ന് മുസ്ലിം ലോകത്തെ സാക്ഷരതാനിരക്ക് നബിതങ്ങള്‍ക്ക് മുമ്പുള്ള മക്കന്‍ സമൂഹത്തിൽ നിന്നും ഏറെയൊന്നും ഭേദമായിരുന്നില്ല. ഒരുപക്ഷെ അന്ന് അച്ചടിയന്ത്രങ്ങളെ സ്വീകരിച്ചിരുന്നെങ്കില്‍ തീവണ്ടിക്കുവേണ്ടി നമുക്ക് ബ്രിട്ടീഷുകാരെ കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ആദ്യത്തെ അറബി നോവലിനുവേണ്ടി ഇരുപതാം നൂറ്റാണ്ടുവരെ അറബ് ലോകം  ക്ഷമിച്ചിരിക്കേണ്ടിവരുമായിരുന്നില്ല. ഇന്നത്തെ അറബ് ലോകത്ത് നാല്പതുശതമാനത്തോളം നിരക്ഷരരുണ്ടാകുമായിരുന്നില്ല 8 ലക്ഷത്തോളം താമസക്കാരുള്ള ലണ്ടനിൽ മാത്രം 350ല്‍ പരം പബ്ലിക്‌ ലൈബ്രറികള്‍ ഉള്ളപ്പോള്‍ ഒരു കാലത്ത് 5 ലക്ഷത്തിലധികം കൈകൊണ്ടെഴുതിയ പുസ്തകങ്ങളുണ്ടായിരുന്ന ബാഗ്ദാദ് ലൈബ്രറിയുടെ  പിന്മുറക്കാരായ  അറബ് രാജ്യങ്ങൾകെല്ലാംകൂടെ അത്ര എണ്ണം പബ്ലിക്‌ ലൈബ്രറികള്‍ ഇല്ലാത്ത അവസ്ഥ വരുമായിരുന്നില്ല. എന്നല്ല   ഒരുപക്ഷെ മുഗളര്‍ക്കും ഓട്ടോമന്‍കാർക്കും  അവരുടെ ചരിത്രത്തെക്കാള്‍ ശോഭനമായ ഒരു വര്‍ത്തമാനം ഉണ്ടാകുമായിരുന്നില്ലെന്നു ആരുകണ്ടു..? അച്ചടിയന്ത്രം ഒരു ഒറ്റപ്പെട്ട കഥയല്ല. ഒരു കാലത്ത് ലഹരിയെന്നു പറഞ്ഞു ഹറാം ആക്കപ്പെട്ട ഖഹവാ എന്ന നാം ഇന്ന് യഥേഷ്ടം കുടിക്കുന്ന കാപ്പിക്കും പിന്നെ റേഡിയോക്കും ടെലിവിഷനും പള്ളികളിലെ ഉച്ചഭാഷിണിക്കു പോലും ഓരോ കഥ പറയാനുണ്ട്. ഇനിയും നമുക്ക് കഥകൾ സ്രിഷ്ടിക്കാതിരിക്കാം. Prime Reference:
  • Commencement of Printing in the Muslim World:
  • ·Moinuddin Aqeel
  • Printing press & fall of Muslim Umma : Dr. Yasir Qadhi
  • What went wrong: Bernard Lewis
  • Islamweb.net ( Fathwa Number 183651)
  • Early Arabic Printing : Michael W. Albin

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter