വനിതാ സംഘടനകള്‍ക്കറിയുമോ മുസ്‌ലിം സ്ത്രീയുടെ മൊഞ്ച്!
vaniസി.പി.ഐ.എമ്മിന്റെ വനിതാവിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുസ്‌ലിംകള്‍ക്കിടയിലെ ത്വലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു ഒടുവില്‍. ഇത് ആദ്യമായല്ല രാഷ്ട്രീയത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ പാര്‍ട്ടി മുസ്‌ലിം സ്ത്രീയുടെ മതസ്വാതന്ത്ര്യത്തില്‍ ഇടപെട്ട് സംസാരിക്കുന്നത്. ഏകസിവില്‍കോഡ് ചര്‍ച്ചയായതിനു ശേഷം ഈ അവസരം മുതലെടുത്ത് പല പാര്‍ട്ടികളും തങ്ങളുടെ തനിനിറം പുറത്തെടുത്ത് മുസ്‌ലിം സ്ത്രീക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാന്‍ രംഗത്തുണ്ട്. പ്രധാനമായും, മൂന്നു വിഭാഗമാണ് ഇസ്‌ലാമിക ശരീഅത്തിലെ സ്ത്രീ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു പറഞ്ഞ് രംഗത്തുള്ളത്. ഇടതുപക്ഷ-യുക്തിവാദി വിഭാഗം, സംഘി-മോദി വിഭാഗം, ഇവരുടെയെല്ലാം ആശീര്‍വാദം ലഭിച്ച് കഴിയുന്ന മുസ്‌ലിം പേരുള്ള ചില സ്ത്രീവാദികള്‍. സ്ത്രീക്ക് നീതി ലഭ്യമാക്കുക എന്ന അടിസ്ഥാന തത്ത്വത്തിനപ്പുറം ഇവരെല്ലാം അര്‍ത്ഥത്തിലും ആശയത്തിലും ഒരേ അജണ്ട മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മുസ്‌ലിം വിരുദ്ധത എന്നതാണ് എല്ലാവരും ഒരേപോലെ സംഗമിക്കുന്ന ആ ഒരു അജണ്ട. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്ത് ഇരിക്കുന്നവര്‍ പോലും കൂട്ടബലാല്‍സംഗത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്യുമ്പോഴാണ് പി. സതീദേവി മുസ്‌ലിം സ്ത്രീയുടെ കണ്ണീരിനെക്കുറിച്ച് സംസാരിക്കുന്നത്. മേവാത്തിലും ദാദ്രിയിലും ഗുജറാത്തിലും പെണ്ണിരകള്‍ വൈധവ്യത്തിന്റെയും പീഡനങ്ങളുടെയും കൈപ്പുനീര് നുണയുമ്പോഴാണ് മോദിയും പരിവാരങ്ങളും മുസ്‌ലിം പെണ്ണിന്റെ അവകാശങ്ങളെക്കുറിച്ച് വിലപിക്കുന്നത്. ഇപ്പോഴിതാ, ഡല്‍ഹിയില്‍ ജെ.എന്‍.യുവില്‍ നടന്നുകൊണ്ടിരിക്കുന്ന അവകാശ പോരാട്ടങ്ങള്‍ മറ്റൊരു ഉദാഹരണം. നിങ്ങള്‍ തട്ടിയെടുത്ത എന്റെ കുഞ്ഞിനെ തിരിച്ചുതരൂ എന്ന് പറഞ്ഞ് രണ്ട് ആഴ്ച്ചയിലേറെയായി മഞ്ഞും തണുപ്പും വകവെക്കാതെ സമരം നടത്തുന്ന നജീബിന്റെ ഉമ്മയെ പോലീസ് നിഷ്‌കരുണം പിടികൂടി ജയിലിലടച്ചിരിക്കുന്നു. ഇവിടെയൊന്നും ചര്‍ച്ചയാവാത്ത പാരതന്ത്ര്യമാണ് മുസ്‌ലിം വൃത്തത്തില്‍നിന്നാകുമ്പോള്‍ കടന്നുവരുന്നത്. ഇത് രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് ഇത്തരം നിലപാടുകള്‍ വ്യക്തമാക്കുന്നു. ബഹുഭാര്യത്വം ഒരു പ്രശ്‌നമല്ല, പരിഹാരമാണെന്ന് എതിര്‍ക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത് ഇന്ത്യയില്‍ മുസ്‌ലിംകളോളം ഹൈന്ദവരടക്കം മറ്റു മതസ്തരിലും സജീവമാണെന്നും അവര്‍ക്കറിയാം. പക്ഷെ, എല്ലാവരും കല്ലെറിയുമ്പോള്‍ കൂട്ടത്തില്‍ ശരീഅത്തിനെ കല്ലെറിയാനും തങ്ങളിലെ 'ലിബറലിസം' പ്രകടിപ്പിക്കാനുമാണ് ഓരോരുത്തരും ഇന്ന് ശ്രമിക്കുന്നത്. ഹിന്ദു അനന്തര സ്വത്തിലെ അവകാശ പ്രശ്‌നങ്ങളോ രണ്ടാം ഭാര്യക്ക് സ്വത്തില്‍ അവകാശമില്ലായ്മയോ മാതാപിതാക്കളുടെ താല്‍പര്യമില്ലാതെ ചാടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികളെ പാര്‍ട്ടി ഓഫീസില്‍ വിവാഹം ചെയ്തുവിടുന്നതിനെയോ ആരും ചര്‍ച്ചക്കെടുക്കുന്നില്ല. അവകാശം എന്നൊന്നുണ്ടെങ്കില്‍ അത് ആരുടെതായാലും സംരക്ഷിക്കപ്പെടണം. അതില്‍ രാഷ്ട്രീയം കളിക്കുന്നത് അവകാശ ധ്വംസനമാണ്. ഇസ്‌ലാമിലെ സ്ത്രീ വിഭാവനയെ പുറം സംസാരങ്ങളില്‍നിന്നും മനസ്സിലാക്കി, അതിനോട് പ്രതികരിക്കുന്നതും അല്‍പജ്ഞാനമെന്നോ പറയാനാവൂ. ലോകത്ത് ഇസ്‌ലാമിനോളം സ്ത്രീക്ക് സുരക്ഷയും അവകാശവും നല്‍കുന്ന മറ്റൊരു മതവുമില്ലായെന്നത് പടിഞ്ഞാറില്‍നിന്നും ഇസ്‌ലാമിലേക്കു വരുന്ന സ്ത്രീകള്‍ പോലും ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. മതവിരോധത്തിന്റെ മുഖം മൂടി അഴിച്ചാല്‍ മാത്രമേ ഈ സൗന്ദര്യം കാണാന്‍ കഴിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter