വീടകങ്ങളില്‍ നിന്നു തുടങ്ങേണ്ട ചുംബന വിപ്ലവങ്ങള്‍
തിരുനബി(സ്വ) തന്റെ പുന്നാര പേരമകന്‍ ഹസന്‍(റ)വിനെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. നബി സവിധത്തിലുണ്ടായിരുന്ന അഖ്റഅ് ബ്നു ഹാബിസ് തമീമി എന്ന ഒരു സ്വഹാബിഇതു കണ്ടു ആശ്ചചര്യപ്പെടുന്നു. പ്രവാചകരേ, എനിക്കു പത്തു മക്കളുണ്ട്, പക്ഷേ, ഇതുവരെയും ഞാന്‍ അവരെ ചുംബിച്ചിട്ടില്ല. നബി(സ്വ) ഒന്നു അദ്ദേഹത്തെ വല്ലാണ്ടൊന്നു നോക്കി ഇങ്ങനെ പറഞ്ഞു: കരുണകാണിക്കാത്തവന്‍ കരുണകാണിക്കപ്പെടില്ല.
ഉമ്മവെപ്പ് സ്നേഹപ്രകടനത്തിന്‍റെ ഏറ്റവും നല്ല വഴിയാണെന്നും അതു സഹജീവികളോടുള്ള കരുണയുടെ ഭാഗമാണെന്നും ഈ കരുണയാണ് അല്ലാഹുവിന്‍റെ അപാരമായ കരുണ ലഭിക്കാനുള്ള യോഗ്യതെയെന്നും പ്രസ്തുത ഹദീസ് നമ്മെ ഉണര്‍ത്തുന്നു. മക്കളുടെയും മാതാപിതാക്കളുടെയും സ്വന്തക്കാരുടെയുമെല്ലാം കവിളത്തു നിങ്ങള്‍ എത്ര തവണ മുത്തം കൊടുത്തുകാണും? കുഞ്ഞുപ്രായത്തില്‍ മാതാപിതാക്കള്‍ മുത്തം തരുമ്പോള്‍,തിരിച്ചു നീട്ടിവെച്ച അവരുടെ കവിളത്തുകൊടുത്ത മറുമുത്തമൊഴിച്ചാല്‍ പിന്നെ എന്നാണ് നാം നമ്മുടെ സ്വന്തം മാതാപിതാക്കളെ ചുംബിച്ചിട്ടുണ്ടാവുക? കുഞ്ഞുപ്രായത്തില്‍ നാം നമ്മുടെ മക്കളെ താലോലിച്ചതില്‍ പിന്നെ, എന്നാണ് നാമവരെ ഒന്നു ചേര്‍ത്തുപിടിച്ചു ഉമ്മവെച്ചിരിക്കുക?മധുവിധു നാളില്‍ തുരുതരെ പങ്കുവെക്കപ്പെട്ടിരുന്ന ആ ചുടുചുംബനങ്ങള്‍, കാലം പഴകിയതില്‍ പിന്നെ, പ്രിയതമയുടെ കവിളത്തേല്‍ക്കാതെ പോകുന്നതെന്തു കൊണ്ടാണ്? തീവ്രമായ സൌഹൃദം പൂത്തിരുന്ന കാലത്ത് കാണുമ്പോഴൊക്കെ സ്നേഹചുംബനങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്ന ആ നല്ല സുഹൃത്തിനെ പിന്നെ ഒന്നണച്ചുപൂട്ടാന്‍ പോലും മനസ്സു വരാത്തതെന്തുകൊണ്ടാണ്?ചുംബനവും ഒരു സമരമാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ നവംബര്‍ രണ്ടിനു കൊച്ചി മറൈന്ഡ്രൈവില് നടത്തിയ കിസ്സ് ഓഫ് ലവ് വിശേഷങ്ങളുടെ ആമുഖമായി വരേണ്ട ആലോചനകളാണിവ.
ചുംബന വിപ്ലവം തുടങ്ങേണ്ടത് അപഹാസ്യമായ വാശിപ്പുറത്തു നിന്നോ പുറംതെരുവുകളുടെ സംശയ സാഹചര്യങ്ങളില്‍ നിന്നോ അല്ല, മറിച്ച് സ്വന്തക്കാരുടെ കവിളത്തു നിന്നു തന്നെയാണ്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ മനസ്സു മടുത്തു പോയ മാതാപിതാക്കളുടെ കവിളില്‍, മധുവിധുക്കാലം കഴിഞ്ഞതില്‍ പിന്നെ ഒരു തമാശ പോലും പങ്കുവെക്കപ്പെടാതെ പോകുന്ന ഭാര്യയുടെ കവിളില്‍, സ്വത്തു തര്ക്കലങ്ങളുടെ പേരില്‍ ‘മിണ്ടാപ്രാണികളാ’യി നാലുചുമരിനുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന സഹോദരങ്ങളുടെ കവിളില്‍, ധാരണപ്പിശകുകള്‍ അകറ്റിനിര്ത്തിയ നിങ്ങളുടെ പഴയ ആ നല്ല സൌഹൃദങ്ങളുടെ കവിളില്‍.... ഒന്നു ഉമ്മ വെച്ചു നോക്കൂ, കൈകോര്ത്തി പ്പിടിച്ചു ഒന്നു ഹഗ്ഗി നോക്കൂ, ആശ്വാസത്തിന്റെ് ഒരു നെടുവീര്‍പ്പെടുത്തിരിക്കും നിങ്ങളുടെ മനസ്സ്, തീര്‍ച്ച.
എന്‍റെ സഹോദരാ,മനം നിറഞ്ഞുള്ള ഒരു ചുംബനത്തില്‍ അലിഞ്ഞു പോകാനാവുന്നതേയുള്ളൂ നിങ്ങളുടെ എല്ലാ പിണക്കങ്ങളും, എന്‍റെ സഹോദരീ,ആത്മാര്‍ത്ഥമായ ഒരു ആശ്ലേഷണത്തില്‍ അടുത്തുവരാവുന്നതേയുള്ളൂ നിങ്ങളുടെ മനസ്സിന്റെു എല്ലാ അകലങ്ങളും.
ഖത്തറിലെ ചുരുങ്ങിയ പ്രവാസകാലയളവിനുള്ളില്‍, ചുംബനപ്രതിചുംബനങ്ങളിലൂടെ കൈമാറപ്പെടുന്ന സ്നേഹത്തിന്റെയും അടുപ്പത്തിന്റെചയും രസതന്ത്രം അറബികളുടെ കുടംബ-സൌഹൃദ സംവിധാനങ്ങളെ സ്ഥാപിച്ചു നിര്ത്തു ന്നതില്‍ എത്ര മേല്‍ സഹായകമാണെന്നു മനസ്സിലാക്കാനായിട്ടുണ്ട്. അവര്‍ണ്ണനീയമായ ഒരു തരം ഇന്റിമസിയാണ് ഇതിലൂടെ അവര്‍ക്കു വന്നുചേരുന്നത്.
അറബികള്‍, എത്ര വലിയവരായാലും ചെറിയവരായാലും ആദ്യകാഴ്ച്ചയില്‍ തന്നെ സലാമും ഷെയ്ക് ഹാന്ഡും ചുംബനവും പരസ്പരം കൈമാറുന്നു. പലപ്പോഴും ഇതെല്ലാം ഒന്നിച്ചായിരിക്കും. കുടുംബത്തിലെയോ സുഹൃബന്ധത്തിലെയോ കുട്ടികള്‍ കുടുംബകാരണവന്മാര്ക്കും പിതാവിന്റെ സുഹൃത്തുകള്ക്കും കണ്ടപാടെ ഓടിച്ചെന്നു ചുംബനം നല്കുകന്നു. അതു കൊടുത്തേ പറ്റൂ എന്നാണ് വെപ്പ്.കൊടുക്കാന്‍ മടിക്കുന്ന നാണം കുണിങ്ങികുട്ടികളോട് പിതാവ് ചുംബനം ചെന്നു കൊടുക്കാന്‍ നിര്ബന്ധിക്കുന്നത് കാണാം. അവര്‍ കുട്ടികള്ക്കു തിരിച്ചും നല്കുടന്നു. പള്ളിയായാലും മറ്റു ഇടങ്ങളായാലുംഇതു തന്നെയാണ് രംഗം.
അതിലേറെ കൌതുകരം, നിസ്കാരം കഴിഞ്ഞപാടെ കുട്ടികളെല്ലാം എണീറ്റു പള്ളി ഇമാമിന്റെ അടുക്കല്‍ ചെന്നു ചുംബനം നല്കുന്ന കാഴ്ച്ചയാണ്. കൈ ആഞ്ഞുവീശി ഒരു ഷെയ്ക്ക് ഹാന്ഡും പിന്നെ ഇമാമിന്റെ കവിളില്‍ ഒരു ചുടുമുത്തവും, തിരിച്ചു ഇമാമും. വെള്ളിയാഴ്ച്ചയിലെ ജുമുഅ നിസ്കാരമാണെങ്കില്‍ സലാം വീട്ടിയ പാടെ, പള്ളി മിഹ്റാബില്‍ ഒരു ‘കുട്ടി ക്യൂ’തന്നെ രൂപപ്പെട്ടു വരും. പള്ളിയില്‍ വരിയായിരിക്കുന്ന വലിയ ജനസാഗരത്തിനു മുന്നില്‍ എഴുന്നേറ്റുചെന്ന് ചുംബനം നല്കുന്നതും കുശലാന്വേഷണം നടത്തുന്നതും തീര്ച്ചയായും ഭാവിയില്‍ ഈ കുട്ടികള്ക്ക്സമൂഹത്തിന്റെ മുന്നില്‍ ചടുലതയോടെ ഉയര്‍ന്നു നില്ക്കാ നുള്ള ഊര്ജ്ജം നല്കുമെന്ന് തീര്ച്ച . യോഗ്യതകളുടെ പ്രമാണങ്ങള്‍ ധാരാളം വാരിക്കൂട്ടുമ്പോഴും സമൂഹത്തിന്റെ മുന്നില്‍ സ്ഥൈര്യത്തോടെ എണീറ്റു നില്ക്കാ നുള്ള ത്രാണി ന്യൂജനറേഷനു ലഭിക്കാതെ പോകുന്നതു സാധാരണമാണല്ലോ.
സ്നേഹപ്രകടനത്തിന്‍റെ കാര്യത്തില്‍ അറബികളില്‍ നിന്നു പഠിക്കാന്‍ ഇനിയുമുണ്ട് മാതൃകകള്‍. നിസ്കാരം കഴിഞ്ഞാലുടന്‍ സ്വഫ്ഫില്‍ നിന്നു എണീക്കുംമുമ്പേ, തന്‍റെ ഇടംവലം ഇരിക്കുന്നവര്‍ക്ക് കൈ കൊടുക്കന്ന സംസ്കാരമാണത്. അതെത്ര വലിയവരായാലും ചെറിയവരായാലും ഉള്ളവരായാലും ഇല്ലാത്തവരായാലും കൈകളുടെ ഈ കോര്‍ത്തുവെപ്പ് നടക്കുന്നത് കാണാം. ഒരോരുത്തരും തന്റെ ഇടംവലം ഇരിക്കുന്ന രണ്ടുപേര്‍ക്കു മാത്രമാണ് കൈകൊടുക്കുന്നതെങ്കിലും കൈകളിലൂടെ കൈമാറപ്പെടുന്ന ഈ സ്നേഹവായ്പു ഒരു വള്ളി പോലെ പടര്‍ന്നുപിടിക്കുന്നതു നയനമനോഹരമായൊരു കാഴ്ച്ചയാണ്. പക്ഷേ, മനം കവരുന്ന ഇത്തരം സ്നേഹപ്രകനങ്ങള്‍ ആധുനികഫാഷനു പിന്നാലെ പായുന്ന പുതിയ അറബിപ്പിള്ളേരില്‍ നിന്നും. അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. പഴയസംസ്കാരത്തിന്‍റെയും നന്മയുടെയും ചെറിയ തരിമ്പെങ്കിലും ബാക്കിവെക്കുന്നവരും പ്രായം ചെന്നവരുമായ ആളുകളിലേ ഇപ്പോള് ഇതൊക്കെ കാണാനാവൂ.
പെറ്റുമ്മയുടെ രണ്ടു കണ്ണുകള്ക്കിടയില്‍ ഉമ്മവെക്കുന്നവന്‍ സുവര്‍ഗത്തിന്റെ അവകാശിയാണെന്നാണ് തിരുമൊഴി. നിങ്ങള്‍ എത്രപേര്‍ നിങ്ങളുടെ മാതാവിന്റെ തിരുനെറ്റിയില്‍ ചുണ്ടമര്‍ത്തിവെച്ചിട്ടുണ്ട്?സത്യം, ഞാനത് ചെയ്തിട്ടുണ്ട് മതിവരുവോളം.നൊന്തുപെറ്റ മക്കളുടെ മുത്തം പോയിട്ട് ഒരു തലോടല്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്ത എത്ര ഉമ്മമാരുണ്ട് നമ്മുടെ മലയാള നാട്ടില്‍?ചെറു പ്രായത്തിലെ കളിചിരികള്ക്കിരടയില്‍ കൊടുത്ത/കിട്ടയ ചുംബനങ്ങളുടേതിനേക്കാള്‍ പതിന്മടങ്ങ് കൂടുതലായിരിക്കും പ്രായം കൂടുമ്പോള്‍ -രണ്ടു പേര്‍ക്കും- ആദാനപ്രദാനം ചെയ്യപ്പെടുന്ന ഇത്തരം സ്നേഹവായ്പുകളുടെ തീവ്രത.
മക്കളും പേരമക്കളുമൊക്കെയായ സ്വന്തം മക്കളെ, തറവാട്ടിലേക്കു വിരുന്നു വരുമ്പോഴും പോകുമ്പോഴും നെറ്റിയില്‍ മുത്തം നല്കി സ്വീകരിക്കുകയും യാത്രയയക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രമുഖമായൊരു തറവാട്ടു കുടുംബത്തിലെ വലിയ പണ്ഡിതനെ കുറിച്ചു കേള്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമസ്തയുടെ സമുന്നതരായ നേതാവ് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ആണ് ആ പണ്ഡിതന്‍. ഒരു പിതാമഹനു നിരവധി തലമുറകള്‍ കടന്നു സ്നേഹം പിടിച്ചു പറ്റാനും സ്നേഹിക്കപ്പെട്ടുകൊണ്ടേയിരിക്കാനുമുള്ള നല്ലൊരു മാധ്യമമാകാന്‍ ഈ സ്നേഹ പ്രകടനത്തിനു കഴിയുമെന്നാണ് ആ കുടുംബത്തിലെ എന്റെ സുഹൃത്തിന്റെ് അനുഭവം. സമൂഹത്തിനുനന്മ പറഞ്ഞുകൊടുക്കുന്ന നമ്മുടെ എല്ലാ സ്വാത്വികരും കാണിച്ചുതന്ന ഒരു നല്ല ശീലം തന്നെയാണിത്. പണ്ടു നമ്മുടെ തറവാട്ടുവീടുകളിലെ ആനന്ദമായിരുന്ന നമ്മുടെ വല്ല്യുപ്പമാരും വല്ല്യുമ്മമാരും ജീവിച്ചുപോയത് ഇത്തരം നിര്‍വചനങ്ങളില്ലാത്ത സ്നേഹവായ്പുകള്‍ നല്‍കിയാണെന്നോര്‍ക്കണം. പക്ഷേ, വൃദ്ധസദനങ്ങള്‍ ഫാഷനായ ഇക്കാലത്ത് തറവാട് എന്ന സങ്കല്പം പോലും ഇല്ലാതായിരിക്കുന്നു. എന്നിട്ടല്ലേ, തറവാട്ടിലെ വല്ല്യുപ്പയും വല്ല്യുമ്മയും.
മറൈന്‍ ഡ്രൈവില്‍ കാമറക്കണ്ണുകള്ക്കു മുന്നില്‍ കിസ്സാനും ഹഗ്ഗാനുംവെമ്പുന്നവര്‍ എത്ര പേര്‍ ഉമ്മയുടെ കവിളത്ത് മുത്തംവെച്ചു പോന്നു കാണും?ചുംബനങ്ങളുടെ മഹിമയോതി പ്ലക്കാഡുയര്‍ത്തിയ എന്റെ സഹോദരാ, എന്റെ സഹോദരീ..., ഉമ്മയുടെ ചാരത്തു ചെന്നു ആ ചുളിഞ്ഞ കവിളത്തു നിന്നു തുടങ്ങൂ നിങ്ങളുടെചുംബനവിപ്ലവങ്ങളുടെ ആദ്യ ചുവട്.
എന്നാല്‍ കൊച്ചിയില്‍ നടന്നതു ആദര്‍ശവത്കരിക്കാന്‍ മാത്രമുള്ള ചുംബനക്രിയകളാണോ, അല്ലെന്നാണ് മനസ്സിലാകുന്നത്. അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന ന്യൂജനറേഷന്‍റെ അറപ്പുളവാക്കുന്ന പ്രകടനങ്ങളും അതിനു വേണ്ടിയുള്ള മുറവിളികളും സമൂഹത്തെ കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിലേക്കു നയിക്കാനേ സഹായിക്കൂ. യൂറോപ്പിലും അമേരിക്കയിലുമൊക്കെയുള്ളതു പോലെ, ദൈവത്തിന്‍റെ സ്വന്തം നാട്ടിലും സര്‍വസ്വതന്ത്ര ലൈംഗികത നടപ്പില്‍ വരുത്തണമെന്നു ആഗ്രഹിക്കുന്നവരോട് കൂടുതല്‍ വേദമോതിയിട്ടു കാര്യമില്ലെന്നറിയാം. അതിനാല്‍ അവര്‍ ഈ ചര്‍ച്ചയുടെ പരിധിയിലേ വരുന്നില്ല.
ചുംബനം സ്നേഹ പ്രകടനത്തിന്‍റെ ഏറ്റവും നല്ല മാധ്യമമാണെന്നും അതു നാലാള്‍ക്കിടയില്‍ വെച്ചു ചെയ്യുന്നതു സദാചാരവിരുദ്ധതയല്ലെന്നും തന്നെയാണ് അഭിപ്രായം. ചുംബനത്തെ പുതിയൊരു സമരായുധമായി ഉയര്‍ത്തിക്കാണിക്കുന്നതും കൊള്ളാം. പക്ഷേ, അത് ആര്, എപ്പോള്‍, എങ്ങനെ എന്നതാണ് പ്രശ്നം.
ചുംബനത്തെ പല അര്‍ത്ഥത്തിലും വ്യാഖ്യാനിക്കാവുന്നതാണ്. ചിലപ്പോള്‍ അത് കേവലം ഒരു വാത്സല്യപ്രകടനമാകാം, സ്നേഹപ്രകടനമാവാം, ചില രാജ്യങ്ങളിലെ രാഷ്ട്രനേതാക്കള്‍ ഔദ്യോഗിക ചടങ്ങുകള്‍ക്കു മുമ്പു പരസ്പരം കൈമാറുന്ന പോലെ ഒരു ബഹുമാനസൂചകമാവാം, ഒരു അഭിസംബോധനാ മാധ്യമാമാവാം, ലൈംഗികമായ ഒരു പ്രകടനവുമാവാം... ഇവയില്‍ ആദ്യം പറഞ്ഞൊതെല്ലാം ആയിരം സൂര്യവെളിച്ചത്തിലും ചെയ്യാവുന്ന കാര്യമാണ്. പലപ്പോഴും അതങ്ങനെത്തന്നെ ചെയ്യേണ്ടതുമാണ്. വീടകത്തു നിന്നു മാത്രം പ്രകടിപ്പിക്കേണ്ടതല്ലല്ലോ സ്വന്തം കുട്ടികളോടുള്ള സ്നേഹചുംബനങ്ങള്‍.
പക്ഷേ, അവസാനം പറഞ്ഞതു എങ്ങനെയൊക്കെയാവാമെന്നതാണ് ആലോചിക്കേണ്ടത്. അഥവാ, ചുംബനത്തിനു സെക്സ്വലായ ഒരു തലം കടന്നു വരുമ്പോള്‍ അതു തീര്‍ച്ചയായും ഒരു ലൈംഗികപ്രവൃത്തിയാണ്. ഈയൊരര്‍ത്ഥത്തില്‍, അതു സ്വന്തം ഭാര്യയെ തന്നെ വെളിയില്‍ വെച്ചു ചെയ്യുന്നതു കണ്ടാല്‍, കാണുന്നവരുടെ മനസ്ഥിതി എന്തായിരിക്കും? അതു നടുറോഡില്‍ നിന്നു തന്നെ ചെയ്യണമെന്നു വാശിപിടിക്കുന്നത് എന്തിനുവേണ്ടിയാണ്? കാലങ്ങളായി അനുശീലിച്ചു പോരുന്ന തനതു സാമൂഹ്യ മൂല്യങ്ങളെയും കൃത്യമായ മതമൂല്യങ്ങളെയും കാറ്റില്‍പറത്തി എല്ലാ മത-ജാതി സമൂഹങ്ങളും വെളിയില്‍വെച്ചു തന്നെ ഇപ്പണി ചെയ്യണമെന്നു വാശിപിടിക്കുന്നതിനെ കുട്ടികള്‍ക്ക് നാലാം വയസ്സിലുണ്ടാകുന്ന തനിമൂച്ചിപ്പിരാന്തല്ലാതെ എന്തു വിശേഷിപ്പിക്കാന്‍? (അപ്പോള്‍ കിസ്സ് ഓഫ് ലവിനു വേണ്ടി മുറവിളികൂട്ടിയവര്‍ക്കും നാലാം വയസ്സിന്‍റെ പക്വതയും പാകതയുമേ കാണൂ). പഴത്തൊലി ഉരിയുന്ന പോലെ ഉരിയാവുന്നതല്ലല്ലോ നമ്മുടെ നാണവും മാനവും. പിന്നെ, ആര്‍ക്കും ആരെയും ചുംബിക്കാം എന്ന രീതിയില്‍ ‘സര്‍വസാര്‍വത്രിക ചുംബനപദ്ധതി’ നടപ്പിലാക്കിയാല്‍ സംസ്കാര സമ്പുഷ്ടര്‍ എന്നു മേനി നടിക്കുന്ന കേരളീയരുടെ അവസ്ഥ പറയേണ്ടതില്ല താനും.
സ്വന്തം നിലക്ക് എന്തിനും സ്വാതന്ത്ര്യമുള്ള വ്യക്തികളുണ്ടാകുമ്പോഴാണ് മതേതരത്വം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് എം എന്‍ കാരശ്ലേരി മാഷ് എഴുതി കണ്ടു. സ്വതന്ത്ര വ്യക്തികള്‍ ചേര്‍ന്നുള്ള സമൂഹങ്ങളാണത്രേ മതേതരസംവിധാനത്തില്‍ ഉണ്ടാവേണ്ടത്. അതിന്‍റെ ആദ്യ ചുവടായി അങ്ങേര് ഈ ചുംബനസമരത്തെ കാണുന്നു. സ്വതന്ത്ര വ്യക്തികളെല്ലാം ചേര്‍ന്നാല്‍ സമൂഹമെങ്ങനെയുണ്ടാകുമെന്ന് ചിന്തിക്കേണ്ടതാണ്. സമൂഹമാകുമ്പോള്‍ -മതസമൂഹമായാലും, ജാതിസമൂഹമായാലും- ചില സാമൂഹികമായ നടപടിക്രമങ്ങളും മൂല്യങ്ങളും ഉണ്ടായേ മതിയാകൂ. പിന്നെയെങ്ങനെയാണ് ഈ സ്വതന്ത്രവീരന്മാരെല്ലാം കൂടി ഒരു സമൂഹമാകുന്നത്. മതേതരത്വമെന്നാല്‍ മതത്തിന്‍റെയും നടപ്പുകളുടെയും കെട്ടുകളില്‍ നിന്നു പൌരനെ മോചിപ്പിക്കുകയെന്നാണ് മാഷ് മനസ്സിലാക്കിയെതെങ്കില്‍ തെറ്റി എന്നേ പറയാനാവൂ. മതേതരത്വമെന്നാല്‍ മതവിരുദ്ധതയോ മതരാഹിത്യമോ മതവിധേയത്വമോ അല്ല; മറിച്ച്, എല്ലാ മതങ്ങളെയും സ്വതന്ത്രമായി അവയുടെ പാട്ടിനു വിടുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന പദമാണത്. അപ്പോള്‍ ഓരോ സമൂഹത്തിനും അവരുടേതായ മൂല്യങ്ങളും നടപ്പുകളും കണ്ടുകാണും. അതു കാത്തുസൂക്ഷിച്ചു സമാധാനപരമായി ജീവിക്കുകയാണ് ജനാധിപത്യഇന്ത്യയിലെ എല്ലാ പൌരന്‍റെയും കടമ.
കൊട്ടിഘോഷിക്കപ്പെട്ട ഈ ചുംബനവിപ്ലവത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ ആഭാസത്തിനു കുഴലൂതിയ ചില പകല്‍മാന്യര്‍ സ്വന്തം മക്കളെയും ഭാര്യമാരെയും നവംബര്‍ രണ്ടിനു കൊച്ചിയുടെ മാറില്‍ ഹാജറാക്കി കണ്ടില്ല എന്നതാണ്. മാത്രവുമല്ല, കേരളത്തിന്‍റെ എന്‍റെര്‍ടൈമെന്‍റ് ബോധത്തെ നന്നായി കച്ചവടവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ വ്യവസായിയുടെ കുട്ട്യോളും കെട്ട്യോളും ചുംബനസമരത്തില്‍ പങ്കെടുത്ത വാര്‍ത്തയും കേട്ടു കണ്ടില്ല. സദാചാരത്തിന്‍റെയും (കപട)സ്നേഹസൌഹൃദത്തിന്‍റെയും പേരില്‍ ആരാന്‍റെ മക്കള്‍ ചെയ്യുന്നതെന്തിനും ന്യായീകരണം കണ്ടെത്തി പൊതുസമൂഹത്തിന്‍റെ കയ്യടി വാങ്ങുന്നവര്‍ സ്വന്തം കാര്യത്തിലെന്തേ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാത്തത്?
അന്യന്‍റെ കാര്യത്തിലാകുമ്പോള്‍ സദാചാരവും അവനവന്‍റെ കാര്യത്തിലാകുമ്പോള്‍ ദുരാചാരവുമാകുന്നത് ഏതു നീതിശാസ്ത്രവ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ്? ആരാന്‍റെ മക്കള്‍ക്ക് പിരാന്തുണ്ടായല്‍ കാണാന്‍ നല്ല ചേല് എന്നു പറയുന്നത് പോലെയാണിത്. പൊറുപ്പിക്കപ്പെടാന്‍ കഴിയാത്ത, മനസ്സിന്‍റെഅതിഗുരുതമായൊരു വൈകൃതം തന്നെയാണിത്.
സ്വന്തം വിഷയത്തില്‍ തെറ്റായി കാണുന്നതു മറ്റുള്ളവരുടെ കാര്യത്തിലും തെറ്റാകുമെന്ന് തന്നെയാണെന്നാണ് ഇസ്ലാമിന്‍റെ അധ്യാപനം. നബിസന്നിധിയില്‍ വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ചുവന്ന യുവാവിന്‍റെ പ്രശ്നത്തില്‍ യുക്തിപൂര്‍വ്വമായി ഇടപെട്ട തിരുനബി(സ്വ)യുടെ രീതി അതാണ് വ്യക്തമാക്കുന്നത്. ആ സംഭവം ഇങ്ങനെയാണ്:
അബൂ ഉമാമ ബാഹിലിയില്‍നിന്നു നിവേദനം: ചുറുചുറുപ്പുള്ള ഒരു യാവാവ് തിരുനബി(സ്വ)യുടെ സാന്നിധ്യത്തില്‍ വന്നുപറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ, എനിക്ക് വ്യഭിചരിക്കാന്‍ സമ്മതം തന്നുകൊള്ളുക. ഇതു കേട്ടപാടേ, ജനങ്ങളെല്ലാം അയാള്‍ക്കെതിരെ തിരിഞ്ഞു മിണ്ടാതിരിയെടാ എന്നുഅവര്‍ ആക്രോശിക്കാന്‍ തുടങ്ങി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എന്‍റെ അടുത്തേക്കു വരൂ, അവന്‍ നബി(സ്വ)യുടെ അടുത്തു ചെന്നു. നബി(സ്വ)അവനോട് ചോദിച്ചു: വ്യഭിചാരം നിന്‍റെ ഉമ്മയോടാണെങ്കില്‍ നീ ഇഷ്ടപ്പെടുമോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി(സ്വ) പറഞ്ഞു: എങ്കില് ജനങ്ങളും തങ്ങളുടെ മാതാക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി(സ്വ) വീണ്ടും ചോദിച്ചു: അതു നിന്‍റെ മകളോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി(സ്വ) പറഞ്ഞു: എങ്കില് ജനങ്ങളും തങ്ങളുടെ മക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇനി അതു നിന്റെ സഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി(സ്വ) പറഞ്ഞു: എങ്കില് ജനങ്ങളും തങ്ങളുടെ സഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇനി അതു നിന്റെ പിതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി(സ്വ) പറഞ്ഞു: എങ്കില് ജനങ്ങളും തങ്ങളുടെ പിതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. ഇനി അതു നിന്റെ മാതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി(സ്വ) പറഞ്ഞു: എങ്കില് ജനങ്ങളും തങ്ങളുടെ മാതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. പിന്നീട് നബി(സ്വ) ആ ചെറുപ്പക്കാരന്‍റെ മേല്‍ കൈവെച്ചു പ്രാര്ത്ഥിച്ചു: അല്ലാഹുവെ, ഈ ചെറുപ്പക്കാരന്‍റെ പാപം നീ പൊറുത്തുകൊടുക്കുകയും ഹൃദയം സംശുദ്ധമാക്കുകയും ഗുഹ്യഭാഗം സംരക്ഷിക്കുകയും ചെയ്യേണമേ. പിന്നീട് ആ ചെറുപ്പക്കാരന്‍ ഒരു തിന്മയിലേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ലെന്നാണ് ചരിത്രം.
Leave A Comment