മാര്‍ക്‌സിസം; അതിജീവനം അസാധ്യം
1848-ല്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നു രചിച്ചതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം വിളംബരം ചെയ്‌ത സംഭവമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ ആകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് കമ്യൂണിസ്റ്റുകാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് ഭരണാധികാരി വര്‍ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല. അവര്‍ക്ക് നേടാനോ ഒരു ലോകമുണ്ട്‌താനും എന്ന പ്രഖ്യാപനത്തോടെയാണ് മാനിഫെസ്റ്റോ സമാപിക്കുന്നത്. പിന്നീട് രചിക്കപ്പെട്ട ഒട്ടനേകം താത്വിക ഗ്രന്ഥങ്ങളില്‍ മാര്‍ക്‌സിസം വിശദീകരിക്കപ്പെടുന്നു. മാര്‍ക്‌സിനു ശേഷം ലെനിനും മറ്റു കമ്യൂണിസ്റ്റ് ചിന്തകന്‍മാരും ഈ തത്വ ശാസ്‌ത്ര ശാഖയെ വികസിപ്പിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്‌തു. ജര്‍മ്മന്‍ തത്വ ശാസ്‌ത്രവും ഫ്രഞ്ച് സോഷ്യലിസവും ഇംഗ്ലണ്ടിലെ ധനതത്വശാസ്‌ത്രവുമാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്.
യുവാവായിരുന്നപ്പോള്‍ കാറല്‍ മാര്‍ക്‌സ് വൈരുദ്ധ്യാത്മക ആശയവാദത്തിന്റെ ഉപജ്ഞാതാവായ ഹെഗലിന്റെ സിദ്ധാന്തങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ടു. തന്റെ സിദ്ധാന്തത്തിന് രൂപം നല്‍കിയപ്പോള്‍ അദ്ദേഹം വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദമായി അതിനെ പരിഷ്‌ക്കരിച്ചു. നാളിതുവരെയുള്ള മാനവരാശിയുടെ ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് മാര്‍ക്‌സ് മാനിഫെസ്റ്റോയില്‍തന്നെ എഴുതി. പിന്നീട് ചരിത്രപരമായ ഭൗതികവാദത്തിന്റെ രചനയിലൂടെ അതിനെ സമൂര്‍ത്തമാക്കി. മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്‌ത്രമായി അറിയപ്പെടുന്നത് മൂലധനമാണ്. ഈ മൂന്ന് രചനകളിലൂടെ അദ്ദേഹം ചരിത്രത്തെ ഭൗതികമായി വ്യാഖ്യാനിക്കുകയും അദ്ദേഹം വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയും മുതലാളിത്ത ചൂഷണത്തിന്റെ ആന്തരിക പ്രതിഭാസങ്ങള്‍ വെളിവാക്കുകയും ചെയ്‌തു. ഈ മൂല ഗ്രന്ഥങ്ങളാണ് കമ്യൂണിസ്റ്റുകാരുടെ ബൈബിള്‍.
അതിപുരാതന കാലഘട്ടത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാവരും അധ്വാനിക്കുകയും അധ്വാനത്തിന്റെ ഫലം തുല്യമായി പങ്കുവെക്കുകയും ചെയ്‌തിരുന്നതിനാല്‍ അതിനെ പ്രാകൃത കമ്യൂണിസമായി ചിത്രീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അടിമ ഉടമ സമ്പ്രദായവും നാടുവാഴിത്തവും മുതലാളിത്തവും വളര്‍ന്നുവന്നു. ഓരോ സാമൂഹ്യ വ്യവസ്ഥയിലും കീഴാള വര്‍ഗ്ഗം പോരാട്ടം നടത്തി. അടിമ ഉടമ വ്യവസ്ഥയില്‍ അടിമകള്‍ ഉടമകള്‍ക്കെതിരായും നാടുവാഴിത്തത്തില്‍ അടിയാളര്‍ നാടുവാഴികള്‍ക്കെതിരായും മുതലാളിത്തത്തില്‍ തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരായും സമരത്തിലേര്‍പ്പെട്ടു. ഇത്തരം വര്‍ഗ്ഗ സമരങ്ങള്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിച്ച് പുതിയ വ്യവസ്ഥക്ക് ജന്മം നല്‍കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഭാവികമായും തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അന്ത്യം കുറിക്കുമെന്നും പിന്നീട് സോഷ്യലിസ്റ്റ് സാമൂഹ്യക്രമം നിലവില്‍വരുമെന്നും അദ്ദേഹം വാദിച്ചു. സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ കൂടുതല്‍ ശാസ്‌ത്രീയമായി വികാസം പ്രാപിക്കുന്നതിലൂടെ മനുഷ്യസമൂഹം കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കരുതി.
കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ എല്ലാ മനുഷ്യരും തുല്യരും പൂര്‍ണ്ണമനുഷ്യരുമായി തീരുമെന്നും പിന്നീട് ഭരണം തന്നെ പൊഴിഞ്ഞുപോകുമെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. എല്ലാ മനുഷ്യര്‍ക്കും ആവശ്യാനുസരണം പ്രതിഫലം കിട്ടുകയും ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും ചെയ്യുമ്പോള്‍ സഹജാതരുടെ മൊഴി മറ്റുള്ളവര്‍ക്ക് സംഗീതമായി തോന്നുമെന്ന് അദ്ദേഹം കിനാവ് കണ്ടു. അത്തരം ഒരു സ്വര്‍ഗ്ഗീയ സമൂഹത്തില്‍ ഒരു സര്‍ക്കാരോ, പട്ടാളമോ, പോലീസോ ഒന്നും ആവശ്യമുണ്ടാകുകയില്ലെന്നും ഓരോരുത്തരും സ്വയം നിയന്ത്രിക്കുമെന്നും ഭരണകൂടം പഴുത്ത ഒരിലപോലെ പൊഴിഞ്ഞുപോകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹം വര്‍ഗ്ഗരഹിതമായി തീരുന്നതിനാല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും അതുവരെ മാത്രമെ നിലനില്‍ക്കുകയുള്ളൂ. സാമൂഹ്യ വികാസത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായിതന്നെ സോഷ്യലിസം വന്നുചേരുമെങ്കിലും അതിനെ ത്വരിതഗതിയിലാക്കുന്നതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്ഥാപിച്ചത്, ചരിത്രത്തിന്റെ വികാസ പരിണാമ ഘട്ടങ്ങളില്‍ അതില്‍ ഇടപെടുവാന്‍ തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്‌തമാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതാകട്ടെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്‌ട്രീയ കക്ഷിയുമാണ്. ഏംഗല്‍സും മാര്‍ക്‌സുമൊക്കെ വിശദീകരിച്ചതനുസരിച്ചാണെങ്കില്‍ ആദ്യം വിപ്ലവം നടക്കേണ്ടത് ഇംഗ്ലണ്ടിലാണ്. അവിടെയായിരിക്കും ആദ്യം അത് സംഭവിക്കുകയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. മുതാളിത്തം വികാസം പ്രാപിക്കുകയും തൊഴിലാളികള്‍ ഒരു വലിയ സഞ്ചയമായി നിലനില്‍ക്കുകയും ചെയ്യുന്നിടങ്ങളിലാണത് സംഭവിക്കുകയെന്ന് ഇവര്‍ പറഞ്ഞു.
വിപ്ലവം ഒരു ആഗോള പ്രതിഭാസമായിരിക്കുമെന്നും അവര്‍ കരുതി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അനേകം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. അവയെല്ലാം അതാത് രാജ്യങ്ങള്‍ക്ക് അനുയോജ്യമെന്ന് അവര്‍ കരുതിയ വിപ്ലവ രീതികള്‍ പരീക്ഷിച്ചു. മുതലാളിത്തം മൂത്തുനരച്ചു നില്‍ക്കുന്ന ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ്ഗം മാര്‍ക്‌സ് വിഭാവനം ചെയ്‌തപോലെ സംഘടിക്കുകയോ വിപ്ലവം നടത്തുകയോ ചെയ്‌തില്ല. അവിടെ സോഷ്യലിസം വന്നതുമില്ല. കാര്യമായൊരു കമ്യൂണിസ്റ്റുപാര്‍ട്ടിപോലും മുതലാളിത്തം ശക്തമായി നിലനിന്ന അതിവികസിത രാജ്യങ്ങളില്‍ ഉണ്ടായതേയില്ല.
മാര്‍ക്‌സ് പ്രവചിച്ചതുപോലുള്ള വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല. തൊഴിലാളി വര്‍ഗ്ഗം ഒരു വന്‍ സംഘടിതശക്തിയായും വിപ്ലവത്തിന്റെ ചാലക ശക്തിയായും ഒരിടത്തും ഉയര്‍ത്തെഴുന്നേറ്റില്ല. ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ മാര്‍ക്‌സിസം തന്നെ ദുര്‍വ്യാഖ്യാനം ചെയ്‌ത് മാവോയിസമായി. ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വെറും നാമമാത്ര പാര്‍ട്ടികളായിരുന്നു. മഹത്തായ വിപ്ലവ ലക്ഷ്യങ്ങളൊന്നും ഏറ്റെടുക്കത്തക്ക സ്വാധീനമോ, ബുദ്ധി ശക്തിയോ, ആള്‍ ബലമോ എവിടെയും അവര്‍ക്കുണ്ടായില്ല. യൂറോപ്പിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യൂറോ കമ്യൂണിസമെന്ന പേരില്‍ മാര്‍ക്‌സിസത്തില്‍ വെള്ളം ചേര്‍ത്തു. പൂര്‍ണ്ണ അര്‍ഥത്തില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവം ലോകത്തൊരിടത്തും ഉണ്ടായില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യം അധികാരത്തിലെത്തിയ റഷ്യയില്‍ തന്നെ മുതലാളിത്തം ശക്തമായിരുന്നില്ല. തൊഴിലാളികള്‍ ഒരു വിപ്ലവ ശക്തിയായി വളര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പിന്നീട് കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്ന രാജ്യങ്ങളായ കിഴക്കന്‍ ജര്‍മ്മനി, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവിയ, റുമേനിയ, അല്‍ബേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കാര്യമായ വിപ്ലവങ്ങളിലൂടെയെല്ല അധികാരം പിടിച്ചെടുത്തത്. കിഴക്കന്‍ ജര്‍മ്മനി രണ്ടാം ലോക യുദ്ധശേഷം ജര്‍മ്മനി വിഭജിച്ചു നേടിയതാണ്. ക്യൂബ, ചൈന എന്നിവിടങ്ങളില്‍ മാത്രമാണ് വിപ്ലവത്തിന് സമാനമായ വല്ലതും നടന്നത്. ഈ രാഷട്രങ്ങളിലൊന്നും വാസ്‌തവത്തില്‍ തൊഴിലാളി വര്‍ഗ്ഗം ശക്തി പ്രാപിച്ചിരുന്നില്ല. മുതാളിത്ത വികാസവും പൂര്‍ത്തിയായിരുന്നില്ല. പല രാഷ്‌ട്രങ്ങളിലും നാടുവാഴിത്ത വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നതും. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍പോലും പലയിടങ്ങളിലും വിജയം കണ്ടെത്താനായില്ല.
കമ്യൂണിസം ഇതുവരെ ലോകത്ത് ഒരു രാജ്യത്തും നിലവില്‍ വന്നിട്ടുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണം കമ്യൂണിസമാണെന്ന് കരുതുന്ന അനേകം നിഷ്‌കളങ്കര്‍ നമ്മുടെ നാട്ടിലുമുണ്ട്. വിവിധ രാഷ്‌ട്രങ്ങളില്‍ നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ അധികവും താമസിയാതെ തകര്‍ന്നുപോയി. ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കി. അനേകം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിടപ്പെട്ടു. അവശേഷിക്കുന്ന ചൈനയും ക്യൂബയുമൊക്കെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും സ്വകാര്യ സ്വത്തവകാശവും സ്വീകരിക്കാന്‍ തുടങ്ങി. മാര്‍ക്‌സ് വിഭാവനം ചെയ്‌ത കമ്യൂണിസം ഒരു മരീചികയായി കേവലം ഒരു പകല്‍ കിനാവായി മാറി. ഉത്തരകൊറിയയും വിയറ്റ്‌നാമും താമസിയാതെ സോഷ്യലിസ്റ്റ് മാര്‍ഗ്ഗം കൈവെടിയാനുള്ള ശ്രമത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ ഇരുന്ന രാജ്യങ്ങളിലെല്ലാം തന്നെ പൊതുവായ ചില ഭരണ രീതികള്‍ കാണപ്പെട്ടു. അവ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.
1. ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. 2. ഏകാധിപത്യ വാഴ്‌ചയാണ് ഫലത്തില്‍ നടന്നത്. 3. അധികാരം പാര്‍ട്ടി നേതൃത്വത്തിന്റെ കൈകളില്‍ പൂര്‍ണ്ണമായും അമര്‍ന്നു. 4. തൊഴിലാളികള്‍ക്കോ കൃഷിക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ അവരുടെ അവകാശങ്ങള്‍ ഉന്നയിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 5. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഴികെ ഒരു രാഷ്‌ട്രീയ കക്ഷിയും രൂപീകരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിച്ചില്ല. 6. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടില്ല. 7. എതിരാളികളെന്ന് സംശയിക്കപ്പെട്ടവരെ വിചാരണ കൂടാതെ തടവിലിടുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തു. 8. പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥന്‍മാരും പ്രത്യേക വര്‍ഗ്ഗമായി വളര്‍ന്നു ജനങ്ങളെ ചൂഷണം ചെയ്‌ത് സമ്പന്നരായി. 9. പൊതുമേഖലയില്‍ എല്ലാം വന്നതോടെ വന്‍തോതിലുള്ള ക്ഷാമവും ദാരിദ്ര്യവും ഉണ്ടായി. 10. ഉല്‍പാദനം കാര്യമായി കുറഞ്ഞു. സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ലാത്തതിനാല്‍ ജോലി ചെയ്യാന്‍ ആരും ഉത്സാഹം കാണിച്ചില്ല. 11. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ യഥേഷ്‌ടം ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാനോ യാത്ര ചെയ്യാനോ ആര്‍ക്കും സാധ്യമായില്ല. അടച്ചിട്ട ഒരു സമൂഹമായി രാഷ്‌ട്രംമാറി. 12. സാഹിത്യ ശാഖകള്‍ കൂമ്പടഞ്ഞു. സ്വതന്ത്രമായി എഴുതാനും സംസാരിക്കുവാനും അനുവദിക്കപ്പെട്ടില്ല. 13. സമ്പത്ത് തുല്യമായി വീതിക്കുന്നതിന് പകരം ദാരിദ്ര്യം വീതിക്കപ്പെട്ടു. സാമ്പത്തിക അസമത്വം നിലവില്‍ വന്നു. 14. മത സ്വാതന്ത്ര്യം നിഷേധിച്ചു. ഈ കാരണങ്ങളാല്‍ ജനങ്ങള്‍ അധിക രാഷ്‌ട്രങ്ങളിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ പിഴുതെറിഞ്ഞു. ജനാധിപത്യം പുനസ്ഥാപിച്ചു.
ഒരു തത്വശാസ്‌ത്രമെന്ന നിലയില്‍ മാര്‍ക്‌സിസം കാലഹരണപ്പെട്ടുകഴിഞ്ഞു. ശാസ്‌ത്ര സാങ്കേതിക വികാസവും സാമ്പത്തികമായ വളര്‍ച്ചയും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും ലോകത്തെ കീഴടക്കിയിരിക്കുന്നു. മാര്‍ക്‌സിന്റെ കാലഘട്ടം ഇന്നത്തേതില്‍ നിന്ന് വളരെയേറെ വ്യത്യാസപ്പെട്ടതായിരുന്നു. ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഇനി മാര്‍ക്‌സിസ്റ്റുകള്‍ക്കാവില്ല. മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നു. മാര്‍ക്‌സിനും പിന്തുടര്‍ച്ചക്കാര്‍ക്കും കാണാനാവാത്ത നൂതനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ അപ്രാപ്‌തരാണ്. എല്ലാം പൊതുമേഖലയിലാക്കുന്ന സമ്പ്രദായവും എല്ലാം സ്വകാര്യ മേഖലക്കു തീറെഴുതുന്ന രീതിയും ശരിയല്ലെന്ന് ലോകം തെളിയിച്ചു. വ്യക്തിയും സമൂഹവും ഒരുപോലെ മാനിക്കപ്പെടണം. ആരുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിച്ചുകൂട. ദൈവ വിശ്വാസമോ മതപരമായ ആചാര അനുഷ്‌ഠാനമോ ഒഴിവാക്കപ്പെടുവാന്‍ ലോകമുള്ള കാലത്തോളം ആരും അനുവദിക്കുകയില്ല.
മനുഷ്യന്‍ ഒരു ഭൗതിക ജീവിയല്ല. ആത്മ-ഭൗതികങ്ങളുടെ ആരോഗ്യകരമായ സമന്വയമാണ്. പരമാത്മാവും ആത്മാവും തമ്മിലുള്ള ബന്ധം പ്രകൃതി നിയമമാണ്. പരലോക ജീവിതത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും ദൈവത്തെ തന്നെയും നിഷേധിക്കുന്നത് പ്രകൃതി വിരുദ്ധമായ നടപടികൂടിയാണ്. ആത്മാവില്ലാത്ത ഒരു സമൂഹത്തിന് നിലനില്‍പില്ല. മാര്‍ക്‌സിസം മനുഷ്യ സമൂഹത്തിന്റെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളയുന്ന സിദ്ധാന്തമാണ്. ഒരു സിദ്ധാന്തമെന്ന നിലയില്‍ മാര്‍ക്‌സിസവും ഒരു വ്യവസ്ഥയെന്ന നിലയില്‍ സോഷ്യലിസവും ഒരു പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റുകളും പരാജയപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്ന ഒരു ദേശീയ കൂട്ടായ്‌മയാണ്. ഈ സമ്മേളന കാലയളവിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും അടുത്ത മൂന്നു വര്‍ഷത്തെ പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും ചേരുന്നതാണത്. കാലിക വിഷയങ്ങള്‍ മാത്രമെ അവിടെ പ്രസക്തമാവുന്നുള്ളൂ. ആഴമേറിയ പ്രത്യയ ശാസ്‌ത്ര ചര്‍ച്ചകള്‍ക്കിവിടെ സ്ഥാനമില്ല.
ഒരു ജനക്കൂട്ടം ഒരുമിച്ച് നിന്ന് ഒരു പ്രത്യയ ശാസ്‌ത്രത്തിന് രൂപം കൊടുത്ത ചരിത്രം ഇന്നേവരെ ആരും കേട്ടുകാണുകയില്ല. ചില പ്രത്യയ ശാസ്‌ത്ര നിഗമനങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം ചമക്കാന്‍ കഴിഞ്ഞെന്നു വന്നേക്കാം. അതിലപ്പുറം ഒന്നും സാധ്യമാവുകയില്ല. അതുപോലും നേരത്തെ ആരെങ്കിലും ഒരാള്‍ എഴുതി തയ്യാറാക്കുന്നതാണ്. ഒരു കൂട്ടായ്‌മയില്‍ നിന്ന് ഉരുത്തിരിയുന്നതല്ല. ഭേദഗതികള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും നടത്താറുണ്ട്. ഇടവേളകള്‍ വ്യത്യാസപ്പെടാറുണ്ടെന്നുമാത്രം. അതൊന്നും മാര്‍ക്‌സിസത്തെ ധന്യമാക്കുകയില്ല. സംഘടനാപരമായ ഒരു നടപടി ക്രമം മാത്രമാണത്. സിദ്ധാന്തം കാലഹരണപ്പെട്ടുപോയാല്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയായി സംഘടന മാറും. ആ അസ്ഥിപഞ്‌ജരം അധികകാലം നിലനില്‍ക്കുകയില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് മാര്‍ക്‌സിസത്തേയോ പാര്‍ട്ടിയേയോ രക്ഷിക്കാനാവില്ല. ആ ചോദ്യം തന്നെ അപ്രസക്തമാണ്.
കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. Sathyadhara April 1-14, 2012
Leave A Comment