എന്‍റെ കുടുംബം പോലും ഇതൊന്നും വിശ്വസിക്കുന്നില്ല, പിന്നെയല്ലേ നിങ്ങള്‍?: ഒരു ഗ്വാണ്ടനാമോ തടവുപുള്ളിയുടെ അനുഭവകഥ
എന്‍റെ പേര് മൂസല്‍ അലവി. 2002 മുതല്‍ ഞാന്‍ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലില്‍ അമേരിക്കയുടെ തടവുപുള്ളിയാണ്. തടവിലാക്കിയിട്ട് ഏറെ കാലമായെങ്കിലും ഇതുവരെ എന്‍റെ പേരില്‍ ഒരു കുറ്റപത്രം തയ്യാറാക്കുകയോ കോടതികളില്‍ എന്‍റെ വിചാരണ നടത്തുകയോ ചെയ്തില്ല. അതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലില്‍ നിരാഹാര സമരം തുടങ്ങിയത്. നിലവില്‍ ദിവസവും രണ്ടുനേരം ജയിലധികൃതര്‍ നിരാഹാരക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരുമ്പുകസേരയില്‍ എന്നെ പിടിച്ചു കെട്ടുന്നു. എന്നിട്ട് മൂക്കിലൂടെ ട്യൂബ് ഇറക്കുന്നു. അതിലൂടെ അവര്‍ എന്നെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നു.
അതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ പിന്നെ ഞാന്‍ സെല്ലില്‍ ഒറ്റക്ക് ഇരിക്കാന്‍ തുടങ്ങി. അതിനെതിരെ ഇപ്പോള്‍ പുതിയ ഒരു ടീമിനെ ഏര്‍പ്പാടിക്കായിരിക്കുകയാണ് അധികൃതര്‍. Forced Cell Extraction team എന്നാണ് ഔദ്യോഗികമായി അവരെ വിളിക്കുന്നത്. ആറ് പേരുള്ള ഈ ഗ്വാഡ് എന്നെ കെട്ടിവലിച്ചു കൊണ്ടുപോയി ഭക്ഷിപ്പിക്കുന്നു. അവരുടെ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനാകുന്നില്ല. കാരണം അത്രക്കും ഭീകരമാണ് അവരുടെ രീതി. സെല്ലിലേക്ക് വന്ന് എന്നെ കമിഴ്ത്തിക്കിടത്തി ഏറെനേരം പുറത്ത് കയറിനില്‍ക്കും. പലപ്പോഴും നമ്മുടെ നടുവൊടിഞ്ഞു കഴിഞ്ഞു എന്നു തോന്നും. അപ്പോഴാണ് പുറത്ത് നിന്ന് ഇറങ്ങുക. എന്നിട്ട് വലിച്ചു കൊണ്ടുപോയി കസേരയില്‍ ഇരുത്തുന്നു. മൂക്കിലൂടെ ട്യൂബ് കുത്തിക്കയറ്റുന്നു. ഞങ്ങള്‍ തടവുപുള്ളികള്‍ പീഡനക്കസേരയെന്നാണ് ആ കസേരയെ വിളിക്കുന്നത് തന്നെ. ജയിലിനകത്തെ നിസ്സഹായതയിലാണ് ഈ നിരാഹാര സമരം തുടങ്ങിയത്. അതിലേറെ നിസ്സാഹയതയിലാണ് സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
കസേരയില്‍ വെറുതെ കിടത്തുകയല്ല. അവിടെയും അവര്‍ ക്രൂരതയുടെ ചിരി ചിരിക്കുന്നു. ഇരുകൈകുളും പിന്നോട്ട് ബന്ധിച്ച തടവുകാരെ കസേരയില്‍ കിടത്തി നെഞ്ചിന് മുകളിലൂടെ മറ്റൊരു കൊളുത്തിട്ട് പൂട്ടുന്നു. പലപ്പോഴും മേല്‍ശരീരത്തിനും കസേരയുടെ പിന്‍ഭാഗത്തിനും ഇടയില്‍ ഇരുകൈകകളും അമരുന്നു. തീറ്റിക്കല്‍ പരിപാടി തീരുംവരെ അങ്ങനെ തന്നെ തുടരേണ്ടി വരുന്നു, നിശ്ചലനായി, നിശ്ശബ്ദനായി.
ഏറെ കാലം അവരെനിക്ക് കുഴലിട്ടിരുന്ന് മൂക്കിന്‍റഎ വലത്തെ ദ്വാരത്തിലൂടെയായിരുന്നു. ഇപ്പോള്‍ അത് ഇടത്തെ ദ്വാരത്തിലേക്ക് മാറ്റിയിരിക്കുന്നു. കാരണം, ഏറെ ദിവസത്തെ മൃഗീയമയാ കുഴലിറക്കല്‍ പദ്ധതി കാരണം വലത്തെ ദ്വാരം പഴുത്തു വീര്‍ത്തിരിക്കുന്നു. അതിപ്പോള്‍ പൂര്‍ണമായും അടഞ്ഞു കഴിഞ്ഞിട്ടുണ്ട്. കുഴലിറക്കാന്‍ മറ്റൊരു വഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ അവര്‍ ദ്വാരം മാറ്റിപ്പിടിച്ചിരിക്കുന്നു.
പലപ്പോഴും ഇത്തരത്തില്‍ ഒരു ഭക്ഷിപ്പിക്കല്‍ കഴിയുമ്പോഴേക്ക് തടവുപുള്ളി ചര്‍ദ്ദിക്കാന്‍ തുടങ്ങും. അതോടെ പിന്നെ അയാളെ വീണ്ടും പഴയപടി പിടിച്ചു കെട്ടി വീണ്ടും തീറ്റിക്കുന്നു. തുടര്‍ച്ചയായി മൂന്ന് പ്രവാശ്യം വരെ ഒരു തടവുപുള്ളിയെ ഈ സാഹസികതക്ക് ഇരയാക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.
തടവുപുള്ളികളുടെ ഭാരം കുറയാതെ സൂക്ഷിക്കുകയാണ് ഈ ശ്രമത്തിന് പിന്നിലെ അധികൃതരുടെ ലക്ഷ്യം. നേരത്തെയുണ്ടായിരുന്ന തൂക്കം നിരാഹാരം വഴി ഏറെ കുറഞ്ഞുവെന്ന് മനസ്സിലാക്കിയപ്പോഴാണ് എന്നെ അവര്‍ നിര്‍ബന്ധിത തീറ്റക്ക് ഇരയാക്കി തുടങ്ങിയത്. പലപ്പോഴും മലബന്ധം വരെ അവരതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. വയറ് ചീര്‍ക്കുന്ന തരത്തിലുള്ള ചില ഭക്ഷണ പദാര്‍ഥങ്ങള്‍ തന്നിട്ട് വയറിളക്കത്തിന് വേണ്ട മരുന്നുകളും മറ്റും ചോദിച്ചാല്‍ അതവര്‍ വിസമ്മതിക്കുന്നു. തടവുപുള്ളിയുടെ തൂക്കം കുറയരുത്, അത്രതന്നെ.
നിരാഹാരം എങ്ങനെയും അവസാനിപ്പിക്കുന്നതിന് വേണ്ട ക്രൂരതകള്‍ നടപ്പാക്കാനാണ് മേലുദ്യോഗസ്ഥരുടെ കല്‍പന. അത്യാവശ്യമായി നല്‍കേണ്ട മരുന്നുകള്‍ വരെ നിരാഹാരം കിടക്കുന്നവര്‍ക്ക് ഇവിടെ ലഭിക്കാതെ പോകുന്നു. അതിന്‍റെ കാരണത്താലെങ്കിലും നിരാഹാരം അവസാനിപ്പിക്കട്ടെ എന്ന് മാത്രമാണ് അവര്‍ ലക്ഷ്യമാക്കുന്നത്. സെല്ലിലൂടെ കടന്നുവരുന്ന ഡോക്ടര്‍മാരോടും മറ്റുമെല്ലാം ഇതിലെ അധാര്‍മികതയെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ജോലിയിലെ ധാര്‍മികത നോക്കുകയല്ല, മറിച്ച് തങ്ങളുടെ മേലുദ്യോഗസ്ഥനെ അംഗീകരിക്കുകയാണ് തങ്ങളുടെ പ്രാഥമിക ബാധ്യതയെന്നാണ് അവരെനിക്ക് തന്ന മറുപടി.
തങ്ങള്‍ ചെയ്യുന്നത് മഹാഅപരാധമാണെന്ന് അവര്ക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് തങ്ങളുടെ യഥാര്‍ഥപേരു അവരുടെ ‘നെയിംടാഗു’കളില്‍ നിന്ന് മാറ്റിയിരിക്കുന്നത്. പകരം ഇന്നവിടെ ചില നമ്പറുകള്‍ മാത്രമാണ്. തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയപ്പെടുന്നത് അവര്‍ ഭയക്കുന്നു; കാരണം വ്യക്തിവിവരം പുറത്തായാല്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്തിന് മുന്നില്‍ ഈ ക്രൂരകൃത്യത്തെ കുറിച്ച് മറുപടി പറയേണ്ടി വരുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. മാനുഷികമായ ഒരു സേവനം അത്രയും മൃഗീയമായ രീതിയിലാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.
ഭക്ഷിപ്പിക്കുന്ന സമയമൊഴിച്ചുള്ള ബാക്കിയെല്ലാ സമയവും ഞാനെന്‍റെ ഏകാന്തസെല്ലില്‍ തനിച്ചാണ്. അധികൃതര്‍ അടിസ്ഥാന ആവശ്യങ്ങള്‍ വരെ ഞങ്ങള്‍ക്ക് നിരോധിച്ചിരിക്കുകയാണ്. ടൂത്ത്ബ്രഷ്, പേസ്റ്റ്, സോപ്പ്, തോര്‍ത്ത് തുടങ്ങി ഒരു മനുഷ്യന് അത്യാവശ്യമായി വേണ്ട കാര്യങ്ങള്‍ക്ക് വരെ ജയിലില്‍ നിരോധനമാണ്. കുളിക്കാന്‍ അവര്‍ സമ്മതിക്കുകയില്ല. രാത്രി ജയിലികത്ത് ബെല്ല് ശബ്ദിച്ചു കൊണ്ടിരിക്കും. തടവുപുള്ളികളുടെ ഉറക്ക് നഷ്ടപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.
തടവുകാര്‍ തങ്ങളുടെ അഭിഭാഷകര്‍ക്ക് അവിടതെത കാര്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുമോ എന്ന് അധികൃതര്‍ക്ക് പേടിയാണ്. അത് കൊണ്ട് തന്നെ അത്തരം വല്ല ഉപകരണങ്ങളും സെല്ലിലുണ്ടോയെന്ന് ഇടയ്ക്കിടെ ചെക്കിംഗ് നടത്താറുണ്ട്. പലപ്പോഴും തടവുകാരുടെ ഇത്തരം ചെക്കിംഗുകള്‍ തടവുപുള്ളികളുടെ രഹസ്യഭാഗങ്ങള്‍ വരെ എത്തുന്നു.
ശരീരത്തിന്‍റെ ഭാരം എത്ര കുറഞ്ഞാലും ഗ്വാണ്ടനാമോയിലെ തടവുകാര്‍ മാനസികാമായി വളര്‍ച്ചയില്‍ തന്നെയാണ്. തടവുകാരെ മോചിപ്പിക്കും വരെ നിരാഹാരം ഇതുപോലെ തുടരാന്‍ തന്നെയാണ് ഇവിടത്തെ ഓരോ അംഗങ്ങളുടെയും തീരുമാനം.
ജയിലിനകത്തെ കഥ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വാസം തോന്നില്ലായിരിക്കാം. എന്‍റെ കുടുംബം പോലും ഈ കഥകള്‍ വിശ്വസിക്കുന്നില്ല. വര്‍ഷത്തില്‍ നാലു പ്രാവശ്യം എനിക്ക് വീട്ടിലേക്ക് ഫോണ്‍ വഴി ബന്ധപ്പെടാന്‍ അവസരം ലഭിക്കാറുണ്ട്. അപ്പോഴെല്ലാം എന്‍റെ ഉമ്മ എന്നോട് പറയുന്ന ഏകകാര്യം നിരാഹാര സമരം അവസാനിപ്പിക്കണമെന്നത് മാത്രമാണ്. പക്ഷെ എനിക്ക് ഉമ്മയോട് തിരിച്ചു പറയാന്‍ എന്നും ഒരേ മറുപടിയേ ഉള്ളൂ. ആത്മാഭിമാനവും സ്വാതന്ത്ര്യവും എന്തിന് ജീവിതം തന്നെയും തിരിച്ചുപിടിക്കാന്‍ എനിക്ക് മുമ്പില്‍ ഇതല്ലാതെ മറ്റു വഴികളൊന്നുമില്ല.
വിവര്‍ത്തനം: മന്‍ഹര്‍ യു.പി കിളിനക്കോട്



Leave A Comment