അഖില ഹാദിയയാകുമ്പോള്‍ കോടതിവിധി പോലും മാറിപ്പോകുന്നതെന്തുകൊണ്ട്?

ഏറെ വിചിത്രവും അതിലേറെ പരിഹാസ്യവുമാണ് ഈയിടെ പുറത്തുവന്നൊരു കോടതി വിധി. മതം മാറിയ ഒരു പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതാണ് ആരെയും അമ്പരപ്പിക്കിക്കുന്ന ഈ വിധി. അഖില എന്ന 23 കാരി സ്വന്തം താല്‍പര്യപ്രകാരം മതം മാറി ഹാദിയയാവുകയും താന്‍ ഇഷ്ടപ്പെടുന്ന ഒരു വരനെ കണ്ടെത്തി, ഇന്ത്യന്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് വിവാഹം നടത്തുകയും ചെയ്ത ശേഷം ഈ വിവാഹം ശരിയല്ലെന്നും പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വീട്ടില്‍ പോവണമെന്നും ഹൈക്കോടതി വിധിച്ചിരിക്കുന്നു. വിവാഹം കഴിക്കാതെത്തന്നെ, പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ അനുമതിയും പ്രോത്സാഹനവും നല്‍കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് കേരള ഹൈക്കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത് ഏറെ ജുഗുപ്‌സാവഹമാണ്. ഈ അസാധാരണമായ തീരുമാനത്തിനുപിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല. തങ്ങളുടെ അവകാശ സംരക്ഷണത്തിന് പൗരന്മാര്‍ വിശ്വാസമര്‍പ്പിക്കുന്ന കോടതികള്‍ പോലും മതാന്ധതയുടെ കൂച്ചുവിലങ്ങുകളില്‍ അമര്‍ന്നുപോയോ എന്നതാണ് ഇപ്പോള്‍ എവിടെയും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം.  

വൈക്കം സ്വദേശിനിയായ അഖില സേലം ഹോമിയോ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്റെ സഹപാഠികളായ മുസ്്‌ലിം സുഹൃത്തുക്കളില്‍നിന്നാണ് ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കുന്നത്. അതിനെത്തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് സ്വമേധയാ ഇസ്്‌ലാമാശ്ലേഷിക്കുകയും ഹാദിയ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. പിന്നീട് ഇസ്്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പല വഴികളും തേടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഒരു ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹപ്പരസ്യം നല്‍കുകയും അതിലൂടെ ശഫിന്‍ ജഹാന്‍ എന്ന ഒരു പ്രവാസി യുവാവുമായി വിവാഹം ഒത്തുവരികയുമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19 ന് അവര്‍ തമ്മിലുള്ള വിവാഹവും നടന്നു. രണ്ടു ദിവസം അവര്‍ ദമ്പതിമാരായി ഒന്നിച്ച് കഴിഞ്ഞുകൂടി. (അപ്പോഴേക്കുമാണ് ചില ചാരക്കണ്ണുകള്‍ കേസും ഗുലുമാലുമായി അവരെ തേടിയെത്തിയത്.) ഈ വിവാഹമാണ് മാതാപിതാക്കളുടെ സാന്നിധ്യമില്ലായെന്നു പറഞ്ഞ് കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ചിലരുടെ പ്രേരണയോടെ പിതാവ് അശോകനാണ് കേസുമായി കോടതിയെ സമീപ്പിച്ചത്. തന്റെ മകളെ മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ കോണ്ടുപോവുകയാണെന്നായിരുന്നു അയാളുടെ ആരോപണം.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ 150 ദിവസത്തിലധികമായി തീര്‍ത്തും നിയമവിരുദ്ധവും അന്യായവുമായ നിലക്ക് കേരളാ ഹൈക്കോടതി പെണ്‍കുട്ടിയെ ഏകാന്ത തടവില്‍ നിര്‍ത്തുകയായിരുന്നു. ഹാദിയക്ക് പറയാനുള്ളത് പോലും കൃത്യമായി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ചില മുന്‍വിധികളും മുന്‍പദ്ധതികളുമനുസരിച്ചാണ് പിന്നീട് കേസിന്റെ ഓരോ ചുവടുകളും മുന്നോട്ടു പോയത്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വേഷ്ടപ്രകാരം താനിഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനെ തന്റെ ഭര്‍ത്താവായി സ്വീകരിക്കുക എന്നതിലപ്പുറം ഇസ്്‌ലാമിലേക്ക് മതം മാറുകയും മുസ്്‌ലിമായ ചെറുപ്പക്കാരനെ ഭര്‍ത്താവായി സ്വീകരിക്കുകയും ചെയ്തുവെന്ന തരത്തിലാണ് വിഷയങ്ങള്‍ ചര്‍ച്ചയായത്. കേസിനെ തുടര്‍ന്ന് ഹൈക്കോടതി തന്നെ വിവാഹത്തില്‍ വല്ല നിഗൂഢതകളുമുണ്ടോയെന്നന്വേഷിക്കാന്‍ ഉത്തരവിറക്കിയിരുന്നു. വിശദമായി അന്വേഷണം നടത്തിയ പോലീസ് അങ്ങനെ യാതൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ പോലീസ് റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ഹാദിയ കോടതിയില്‍തന്നെയുണ്ടായിട്ടും ഇവ്വിഷയകമായ സംശങ്ങള്‍ അവരോട് നേരിട്ട് ചോദിച്ചുതീര്‍ക്കാന്‍ ഇതുവരെ കോടതി തയ്യാറായിട്ടില്ല.

കോടതിയുടെ ഇത്തരം വാശിപിടിത്തങ്ങള്‍ അതിനു പിന്നിലെ അജണ്ടകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഭരണഘടനാപ്രകാരം ഒരു പ്രശ്‌നം തന്നെയല്ലാതിരുന്ന ഈയൊരു സംഭവം ഊതിവീര്‍പ്പിച്ച് അതിന് നിറവും ജാതിയും കല്‍പിച്ച് സങ്കീര്‍ണമാക്കുന്നത് എന്തിനു വേണ്ടിയാണ്? എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു കാര്യമാണിത്. ഹാദിയ അഖിലയാവുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇവിടെ യാതൊരു ചര്‍ച്ചയുംതന്നെ ഉല്‍ഭവിക്കുമായിരുന്നില്ല. കോടതി വളപ്പില്‍ ധാരാളം സംഭവങ്ങള്‍ അങ്ങനെ നിരന്തരം ഉണ്ടാകുന്നുമുണ്ട്. അവരുടെയെല്ലാം മാതാപിതാക്കള്‍ പോയി അതിനെതിരെ നിയമത്തിന്റെ വഴിയില്‍ ഇറങ്ങിയിട്ടും അതൊന്നും ഫലം കാണാറുമില്ല. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ആരെയും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട് എന്ന പൊതു തിട്ടൂരമിറക്കി ചെക്കനോടൊപ്പം പറഞ്ഞയക്കുന്ന രീതിയാണ് എവിടെയും നാം കണ്ടുവരുന്നത്. എന്നാല്‍, ഞാന്‍ സ്വേഷ്ടപ്രകാരമാണ് മതം മാറിയതെന്നും സ്വന്തം താല്‍പര്യത്തിലാണ് ശിഫിന്‍നെ ഭര്‍ത്താവായി സ്വീകരിച്ചതെന്നും ഹാദിയ പല തവണ വ്യക്തമാക്കിയിട്ടും അതിനു ചെവി കൊടുക്കാന്‍ പോലും കോടതി തയ്യാറായിട്ടില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെപ്പോലും കൊഞ്ഞനംകുത്തുംവിധം വിവാഹച്ചടങ്ങില്‍ മാതാപിതാക്കള്‍ പങ്കെടുക്കാത്തതിനാല്‍ വിവാഹം അസാധുവാണെന്നാണ് വിധി വന്നിരിക്കുന്നത്. ഇത് എവിടത്തെ ന്യായമാണെന്നാണ് മനസ്സിലാകാത്തത്?

ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുത്തത് കാരണം ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ഇന്ത്യാരാജ്യത്ത് ഏതു കോടതിക്കാണ് അവകാശമുള്ളത്? ഇത് ഭരണഘടന നല്‍കുന്ന അവകാശമല്ലേ? അത് ഉപയോഗപ്പെടുത്താനും പൗരന് അവകാശമില്ലേ? 2016 ഡിസംബര്‍ 20 ന് മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടും രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്ന വിവാഹത്തിന് സാധൂകരണമില്ലെന്ന വിചിത്ര വാദം ഉന്നയിക്കാന്‍ ജസ്റ്റിസുമാരെ പ്രേരിപ്പിക്കുന്നത് എന്താണ്? നേരത്തെ ഹേബിയസ് കോര്‍പ്പസ് ഹരജിയായി ഹൈക്കോടതിയുടെ മുമ്പാകെ ഈ കേസ് വന്നിരുന്നു. അതനുസരിച്ച്  കോടതി അന്വേഷിക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കുകയും പെണ്‍കുട്ടിയെ തന്നിഷ്ടപ്രകാരം ജീവിക്കാന്‍ ഉത്തരവിറക്കിയതുമാണ്. വീണ്ടും മറ്റൊരു ബഞ്ചില്‍ കേസ് വരുമ്പോള്‍ വൈവാഹിക ബന്ധം നിലനില്‍ക്കുന്നില്ലെന്ന കണ്ടെത്തലിനു പിന്നില്‍ ചില നിഗൂഢ ലക്ഷ്യങ്ങളുണ്ട് എന്നുതന്നെവേണം മനസ്സിലാക്കാന്‍.

ഹാദിയക്കുനേരെ ഹൈക്കോടതി സ്വീകരിച്ച ഈ സമീപനം നിയമവിരുദ്ധവും പൗരാവകാശ ധ്വംസനവുമാണെന്ന് ഇതിനകം പല നിയമവിധഗ്ധരും വ്യക്തമാക്കിക്കഴിഞ്ഞു. തനിക്കെതിരെയുള്ള ഈ അവകാശലംഘനത്തെ ഉണര്‍ത്തിക്കൊണ്ട് ഹാദിയ തന്നെ മുഖ്യമന്ത്രിക്ക് കത്തും എഴുതിയിരിക്കുന്നു. പ്രായപൂര്‍ത്തിയായ താന്‍ സ്വേഷ്ടപ്രകാരം ഒരു ഭര്‍ത്താവിനെ സ്വീകരിച്ചതില്‍ ഭരണഘടനാപരമായി ഇന്ത്യയില്‍ എന്താണ് തെറ്റ് എന്നാണ് അതില്‍ അവര്‍ ചോദിക്കുന്നത്. ഇന്നിത് ഹാദിയയുടെ മാത്രം ചോദ്യമല്ല. ഇന്ത്യയുടെ ജനാധിപത്യ-മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇവിടത്തെ ഓരോ പൗരന്റെയും ചോദ്യമാണ്. വേലി തന്നെ വിളതിന്നുകയും ചങ്ങലക്ക് ഭ്രാന്ത് പിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ആരാണ് ഇവിടെ നീതി നടപ്പാക്കുക?! മതവും ജാതിയും നോക്കാതെ നീതി നടപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയണം. ഫാസിസ്റ്റ് മുഖംമൂടിവെച്ച് അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിനു തന്നെയായിരിക്കും ഇത് ഏറ്റവും വലിയ വെല്ലുവിളിയായി മാറുക. തങ്ങളുടെ അധികാരങ്ങളെ ദുരുപയോഗം ചെയ്യുകന്ന കോടതികളുടെ ഈ വിഭാഗീയ നിലപാടുകള്‍ എന്തു വിലകൊടുത്തും എതിര്‍ക്കപ്പെടേണ്ടതാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter