ഒരു മനുഷ്യാവകാശദിനം കൂടി കടന്നുപോവുമ്പോള്‍
മനുഷ്യാവകാശങ്ങളെ കുറിച്ച് ചിന്തിക്കാനും ബോധവല്‍ക്കരിക്കാനുമായി നിശ്ചയിക്കപ്പെട്ട ദിവസം ഒരിക്കല്‍ കൂടി കടന്നുപോവുകയാണ്. ഭരണകൂടത്തിന്റെ ഭീകരതകള്‍ക്കിടയില്‍ ഒട്ടേറെ നിരപരാധികളും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരും പിടഞ്ഞ് വീണ് കൊണ്ടിരിക്കുന്ന അതിദാരുണമായ ദിനങ്ങളിലൂടെയാണ് പല രാഷ്ട്രജനതയും ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനം നടത്തിയ വിശുദ്ധ ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിക്കുന്ന ചില രാഷ്ട്രങ്ങളില്‍ പോലും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ദൈനംദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നതും ഏറെ ഖേദകരമാണ്.
മനുഷ്യചരിത്രത്തിലെ ആദ്യമനുഷ്യാവകാശ പ്രഖ്യാപന രേഖയായി ആധുനിക ലോകം കണക്കാക്കുന്നത് 1215 ലെ ഇംഗ്ലണ്ട് രാജാവ് പുറത്തിറക്കിയ മാഗ്നാകാര്‍ട്ടയെയാണ്. എന്നാല്‍ ലോകം കണ്ട എക്കാലത്തെയും ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എ.ഡി 632 ല്‍ (ഹിജ്റ 10)മക്കയില്‍ വെച്ചായിരുന്നു. തന്റെ അവസാനത്തെ ഹജ്ജ്കര്‍മ്മം നിര്‍വ്വഹിച്ച പ്രവാചകര്‍ (സ്വ) തന്റെ അനുയായികളോട് അവിടെ വെച്ച് ഒരു വിടവാങ്ങല്‍ പ്രസംഗം നടത്തി. അതില്‍ അവിടുന്ന് ഏറ്റവും ഊന്നിപ്പറഞ്ഞത് മനുഷ്യാവകാശങ്ങളെ കുറിച്ചായിരുന്നു.
തൊഴിലാളികള്‍, സ്ത്രീകള്‍, അടിമകള്‍ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധമായിരുന്നു നബിതങ്ങളുടെ പ്രഭാഷണം. അവസാനം പറഞ്ഞു, ഇന്നത്തെ ഈ ദിവസവും ഈ സ്ഥലവും ഈ മാസവും പാവനമായത് പോലെ നിങ്ങളുടെ രക്തവും സ്വത്തും അഭിമാനവും പാവനമാണ്, അവയിലുള്ള പരസ്പര അതിക്രമം നിഷിദ്ധമാണ്. ഒരാളും ഒരാളെയും അക്രമിക്കാനിടയാവരുത്, പിതാവ് മകനെയോ മകന്‍ പിതാവിനെയോ അക്രമിക്കരുത്. മനുഷ്യരെല്ലാവരും തുല്യരാണ്, അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു വ്യത്യാസവുമില്ല, ദൈവഭക്തി കൊണ്ടല്ലാതെ.
ജനങ്ങളേ, നിശ്ചയമായും ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിഞ്ഞ് പരിചയപ്പെടുവാനായി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നിങ്ങളില്‍ നിന്ന് അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ്. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാകുന്നു.(ഹുജുറാത്-13). വിശുദ്ധ ഖുര്‍ആന്റെ ഈ സൂക്തവും ഉറക്കെ പ്രഖ്യാപിക്കുന്നത് മനുഷ്യര്‍ക്കിടയിലെ സമത്വം തന്നെ.
സമൂഹത്തില്‍ അതുവരെ നിലനിന്നിരുന്ന പലിശ സമ്പ്രദായം പോലും നിര്‍ത്തലാക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ആദ്യമായി തന്റെ പിതൃവ്യനായ അബ്ബാസ് (റ)വിന്റെ പലിശപ്പണം തന്നെ മുഴുവനായും എഴുതിത്തള്ളുകയും ചെയ്ത് പ്രവാചകര്‍ (സ്വ) സാമ്പത്തികാവകാശം പോലും അരക്കിട്ടുറപ്പിക്കുകയായിരുന്നു.
ആ മനുഷ്യാവകാശരേഖകളുടെ അടിസ്ഥാനത്തില്‍ ജന്മം കൊണ്ടവയായിരുന്നു തുടര്‍ന്ന് വന്ന ഇസ്‌ലാമിക സമൂഹം. ഖലീഫയാകുമ്പോഴും പാവപ്പെട്ട സ്ത്രീയുടെ വീട്ടിലെത്തി ആരുമറിയാതെ അവര്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ സ്വയം ചെയ്തുകൊടുക്കുന്ന ഖലീഫ അബൂബക്ര്‍ (റ)വും രാത്രിയുടെ ഇരുളില്‍ തന്റെ പ്രജകള്‍ സ്വസ്ഥമായി കിടന്നുറങ്ങുമ്പോഴും അവരുടെ സുഖസൌകര്യങ്ങളന്വേഷിച്ചും സ്വസ്ഥത ഉറപ്പുവരുത്തിയും പ്രഛന്നവേഷനായി നടന്നുനീങ്ങുന്ന ഖലീഫ ഉമര്‍ (റ)വുമെല്ലാം ഇതേ പ്രഖ്യാപനത്തിന്റെ ഉല്‍പന്നങ്ങളായിരുന്നു. ഹസ്റത് അലി(റ) രാജ്യഭരണം നടത്തുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ പ്രതിവാദവുമായെത്തിയ ജൂത സഹോദരന്ന് അനുകൂലമായി വിധി പ്രഖ്യാപിച്ച സംഭവം ചരിത്രം ഓര്‍ത്തുവെക്കുന്നതും ഇതേ മനുഷ്യാവകാശപ്രയോഗത്തിന്റെ ഭാഗമായാണ്.
മനുഷ്യാവകാശങ്ങളെകുറിച്ച് ഉറക്കെ ചിന്തിക്കാനായി ഒരു ദിവസം തന്നെ നിര്‍ണ്ണയിച്ച് 65 വര്‍ഷം കഴിയുന്ന ഈ വേളയിലും ഈ മേഖലയില്‍ ഇനിയും ഒരു പാട് മുന്നേറാനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രവാചകര്‍ നടത്തിയ മനുഷ്യാവകാശപ്രഖ്യാപനവും അതിന്റെ അന്തസ്സത്തയും ഉള്‍ക്കൊള്ളാനും അതിലൂടെ ഒരു നവലോകത്തിന്റെ പുനസൃഷ്ടിയും സാധ്യമാവട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനുഷ്യാവകാശത്തിന് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.
-അബൂഅഹ്മദ്-



Leave A Comment