ഒരു സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലെ ജീവിതം
ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍ ജന്മനാട് അന്യമായിപ്പോയ സിറിയക്കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരക ജീവിതം നയിക്കുകയാണെന്ന് സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ക്രിസ്റ്റഫര്‍ ലൂണി
ടര്‍ക്കിഷ് നഗരമായ കിലിസിലെ അഭയാര്‍ത്ഥി ക്യാമ്പിന് ഫൈവ് സ്റ്റാര്‍ ഹോട്ടലെന്നാണ് വിളിപ്പേര്. അവിടുത്തെ താമസക്കാര്‍ക്ക് വൈദ്യുതി സൗകര്യവും കളിസ്ഥലവും സ്‌കൂളുകളുമുണ്ട്. അവര്‍ക്ക് ഭക്ഷണത്തിനുള്ള പണം ലഭിക്കുകയും ഓരോ വീടുകളിലും ഡി.ടി.എച്ച് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അന്തേവാസികളില്‍ കുറ്റവാസന നന്നേ കുറവും ഉപകാര സ്മരണ വളരെ കൂടുതലുമാണ്. തീര്‍ച്ചയായും, അവിടെ താമസമാക്കിയ 14000ത്തോളം ആളുകള്‍ക്ക്, ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഷ കടമെടുത്താല്‍, ഏറ്റവും പൂര്‍ണ്ണമായ അഭയാര്‍ത്ഥി ക്യാമ്പു തന്നെയാണ് തുര്‍ക്കി ഭരണകൂടം നിര്‍മ്മിച്ചു നല്‍കിയത്.
സിറിയയില്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ 2011 ല്‍ ആഭ്യന്തര യുദ്ധമായി രൂപാന്തരം പ്രാപിച്ച ശേഷം 90 ലക്ഷത്തോളം സിറിയക്കാര്‍ ജന്മനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇവരിലെ ഭൂരിപക്ഷത്തിനും, ഇപ്പോഴും സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന 65 ലക്ഷത്തോളം ആളുകളുള്‍പ്പെടെ, മേല്‍ ചൊന്ന ടര്‍ക്കിഷ് ക്യാമ്പില്‍ വിശദീകരിച്ച താരതമ്യേന ഭേദപ്പെട്ട സൗകര്യങ്ങള്‍ തങ്ങളുടെ വര്‍ത്തമാന ജീവിതത്തില്‍ നിന്നും ഏറെ അകലത്തുള്ള ഒരു മിഥ്യയായി അവശേഷിക്കുന്നു.
തുര്‍ക്കിയിലുള്ള ആറര ലക്ഷം സിറിയക്കാരില്‍ മൂന്നിലൊന്നു മാത്രമാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. മറ്റുള്ളവര്‍ സ്വയം പിടച്ചു നില്‍ക്കാനും അതിജീവിക്കാനും വേണ്ടി നന്നേ പാടുപെടുകയാണ്. സിറിയക്കുള്ളിലുള്ളവരുടെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാണ്. അതിര്‍ത്തി പട്ടണമായ ബാബുസ്സലാമയിലെ അവസ്ഥയാണ് ഏറ്റവും ദുരിതപൂര്‍ണ്ണം. അതിര്‍ത്തിക്കിപ്പുറം കിലിസ് നഗരത്തിനു കുറുകെ സ്ഥിതി ചെയ്യുന്ന ഇവിടെ അവസ്ഥകള്‍ നേര്‍ വിപരീതമാണ്. സിറിയയിലേക്ക് നടക്കുമ്പോള്‍ എന്നോടൊപ്പമുള്ള തദ്ദേശീയനോട് ഇരു നഗരങ്ങള്‍ക്കുമിടയിലെ സാമ്യതകളെക്കുറിച്ച് ഞാന്‍ ആരാഞ്ഞപ്പോള്‍ പുച്ഛം കലര്‍ന്ന ഒരു ചിരിയോടെ അദ്ദേഹം പ്രതിവചിച്ചത് ഇവക്കിടയില്‍ സാമ്യതകളില്ലെന്നും മറിച്ച് വെറും ഭിന്നതകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നുമായിരുന്നു.
ക്യാമ്പ് അസിസ്റ്റന്റ് ഡയറക്ടറായ നിസാര്‍ നജ്ജാറിന്റെ അഭിപ്രായത്തില്‍, ബാബുസ്സലാമയില്‍ പതിനയ്യായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയില്‍ കിടപ്പാടം നഷ്ടപ്പെട്ട സിറിയക്കാരുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ അസദ് ഭരണകൂടം അലെപ്പോ നഗരത്തിന്റെ മേല്‍ തുടര്‍ച്ചയായ ബോംബു വര്‍ഷത്തിലൂടെ അക്രമമഴിച്ചു വിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ അതിര്‍ത്തിയിലേക്കുണ്ടായ കൂട്ട പാലായനം ബാബുസ്സലാമക്ക് കൈകാര്യം ചെയ്യാനാവാത്തത്ര അഭയാര്‍ത്ഥികളെയാണ് അങ്ങോട്ടെത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 'ചില സന്ദര്‍ഭങ്ങളില്‍ പുതിയ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതു മൂലം അയല്‍ പ്രദേശങ്ങളായ ശമാരീനിലും മാരിയയിലും താല്‍ക്കാലിക ക്യാമ്പുകള്‍ പണി കഴിപ്പിക്കേണ്ട അവസ്ഥയാണ്. എന്നിട്ടും താമസസ്ഥലം ലഭിക്കാത്തവര്‍ വയലുകളില്‍ തമ്പുകെട്ടിപ്പാര്‍ക്കുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇടം കിട്ടാത്തവര്‍ക്ക് നഗരജീവിതത്തിന്റെ ചിലവുകള്‍ താങ്ങാനാവാത്തതു മൂലം ഇവിടെ കഴിയാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്.' നജ്ജാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇവിടെ വിനോദത്തിനായി ജനങ്ങള്‍ എന്തു ചെയ്യുന്നു എന്ന എന്റെ ചോദ്യത്തിന് അവര്‍ അതിജീവിക്കുന്നു എന്ന ചിന്തനീയമായ മറുപടിയാണ് ലഭിച്ചത്. ക്യാമ്പിലൂടെ നടക്കുമ്പോള്‍ എല്ലായിടത്തും മലത്തിന്റെ ദുര്‍ഗന്ധമായിരുന്നു. ഓടകളിലൂടെ അലക്കു സോപ്പും മൂത്രവും പേരറിയാത്ത മറ്റു പല വസ്തുക്കളും കലര്‍ന്ന കടും പച്ച നിറത്തിലുള്ള വെള്ളം ഒഴുകുന്നു. പല അഭയാര്‍ത്ഥികള്‍ക്കും ദിവസത്തില്‍ ഒരു തവണ മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്. തങ്ങളുമായി സഹകരിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ പട്ടിക ഞങ്ങള്‍ക്കു മുന്നില്‍ നിരത്തുമ്പോള്‍ നജ്ജാറിന്റെ മുഖത്തു കണ്ട ദീന ഭാവവും ക്യമ്പിന്റെ മൊത്തത്തിലുള്ള അവസ്ഥയും ഈ സഹായങ്ങളൊന്നും തങ്ങളുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എവിടെയുമെത്തിയിട്ടില്ലെന്ന കടുത്ത യാഥാര്‍ത്ഥ്യം വിളിച്ചോതി. 'ഞങ്ങള്‍ അനാഥരെപ്പോലെയാണ്. ആര് ഞങ്ങളെ സഹായിക്കാന്‍ തയ്യാറായാലും ഞങ്ങള്‍ സന്തുഷ്ടരാണ്'. അദ്ദേഹം പറയുന്നു.
മറ്റ് പല ക്യാമ്പുകളേക്കാളും സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബുസ്സലാമ ഇപ്പോഴും യുദ്ധമേഖലയിലാണ് നിലകൊള്ളുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തി വായിക്കേണ്ടതുണ്ട്. ഒന്നര മാസം മുമ്പ് വരെ, ക്യാമ്പില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അസാസ് പട്ടണം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് അശ്ശാം എന്ന വിമത സംഘടനയുടെ അധീനതയിലായിരുന്നു. പട്ടണത്തില്‍ നിന്ന് സംഘടന പിന്‍വാങ്ങിയിട്ടും അസദ് ഭരണകൂടം അവിടെ ആക്രമണം തുടരുകയാണ്. എന്റെ സന്ദര്‍ശന ദിവസം പ്രഭാതത്തിലും നഗരത്തില്‍ സിറിയന്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു.
ഈ അനിശ്ചിതത്വങ്ങള്‍ തുടരുമ്പോഴും തങ്ങളുടെ ജീവിതത്തിന് ഒരടുക്കും ചിട്ടയും കൊണ്ടു വരാന്‍ ബാബുസ്സലാമയിലെ താമസക്കാര്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. ചെറിയ ഭക്ഷണ സാധനങ്ങളും മിഠായികളും മറ്റും വില്‍ക്കുന്ന കടകളടങ്ങിയ മാര്‍ക്കറ്റ് ക്യാമ്പില്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഒപ്പം ഒരു മെഡിക്കല്‍ ക്ലിനിക്കും അഞ്ചാറ് തമ്പുകള്‍ ചേര്‍ത്തു വച്ച് 650ഓളം കുട്ടികളെ അണിനിരത്തി ഒരു സ്‌കൂളും ക്യാമ്പില്‍ താല്‍ക്കാലികമായി തയ്യാറാക്കിയിട്ടുണ്ട്. ലത്വാഖിയയിലുള്ള ഒരു കച്ചവടക്കാരനാണ് ഈ സ്‌കൂളിലെ 29 അദ്ധ്യാപകര്‍ക്ക് മാസ വേതനം നല്‍കിക്കൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് തിരികെ നടക്കുമ്പോള്‍, സ്‌കൂളിന് പുറത്ത് കാറ്റ് വീശുന്നുണ്ടായിരുന്നു. ഞങ്ങളുടെ വലതു വശത്തുള്ള ഒരു തമ്പിന്റെ മുന്നിലെ മറ നീക്കി ഏകദേശം രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പയ്യന്‍ പുറത്തു വന്നു. ഞങ്ങളെ ഒന്നു തുറിച്ചു നോക്കിയതിനു ശേഷം അവന്‍ പാന്റ്‌സൂരി മൂത്രമൊഴിക്കാന്‍ തുടങ്ങി. താഴെ ഓടയില്‍ കെട്ടിക്കിടക്കുന്ന പച്ചവെള്ളം ചെറുതായി ഉയര്‍ന്നു.
കിലിസ് ക്യാമ്പിലേക്ക് തിരികെ അധികം ദൂരമില്ല. ഞങ്ങള്‍ പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്ത് തുര്‍ക്കിയിലേക്ക് തിരികെ നടന്നു. ഞങ്ങള്‍ക്കത് ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ബാബുസ്സലാമയില്‍ കഴിയുന്ന കുടിയിറക്കപ്പെട്ട സിറിയക്കാര്‍ക്ക് മറ്റൊരു ലോകത്തിലേക്കുള്ള അകലമുണ്ടായിരുന്നു അവിടേക്ക്.
വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ



Leave A Comment