ചരിത്രത്തിലെ ഇസ്‌ലാമും വര്‍ത്തമാനത്തിലെ ഇസ്‌ലാമും ഭിന്നമാവരുത്
mgsപ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ സംസാരിക്കുന്നു. കേരളത്തില്‍ ഇസ്‌ലാമിക വളര്‍ച്ചക്കും പ്രചാരത്തിനും ഏറെ ചരിത്രമുള്ള മണ്ണാണല്ലോ കോഴിക്കോട്. ഇവിടെ ജീവിച്ചുവളര്‍ന്ന ഒരാളെന്ന നിലക്ക് മുസ്‌ലിംകളെയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെയും താങ്കള്‍ എങ്ങനെയാണ് അനുഭവിച്ചത്? ഇതുമായി ബന്ധപ്പെട്ട് തന്റെ പഠന കാലത്തോ മറ്റോ എന്തെങ്കിലും പ്രത്യേകം ഓര്‍മകള്‍ നിലനില്‍ക്കുന്നുണ്ടോ? ഇസ്‌ലാമിനെ ഞാന്‍ പരിചയപ്പെടുന്നത് ഇവിടെയുള്ള എന്റെ മുസ്‌ലിം സുഹൃത്തുക്കളിലൂടെയും അവര്‍ എഴുതിയതോ അല്ലെങ്കില്‍ അവര്‍ക്കിടയില്‍ പ്രചരിച്ചതോ ആയ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൂടെയും മറ്റു ചരിത്ര പുസ്തകങ്ങളിലൂടെയുമാണ്. അതില്‍ അഭിപ്രായ വ്യത്യാസത്തിന് ധാരാളം അവസരങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഇസ്‌ലാം ഉത്തരേന്ത്യയില്‍ പലേടത്തും പ്രത്യക്ഷപ്പെടുന്നത് മുസ്‌ലിംകളായ രാജാക്കന്മാരിലൂടെയാണ്. മുഹമ്മദ് ഖാസിമിന്റെ സിന്ധ് ആക്രമണം, പിന്നീട് ഗസ്‌നി മഹ് മൂദിന്റെയും ഗോറി മഹ് മൂദിന്റെയും കടന്നുവരവ്, അതിന് ശേഷം ഡല്‍ഹിയിലെ അടിമ വംശക്കാരുടെ ഭരണം ഇതൊക്കെയാണ് ആദ്യം സംഭവിക്കുന്നത്. പിന്നീട് മുഗളന്മാരുടെ ആക്രമണവും മുഗള്‍ സാമ്രാജ്യവും സ്ഥാപിതമായി. ഈ കാലഘട്ടങ്ങളില്‍ പുറത്ത് നിന്ന് വന്ന മുസ്‌ലിംകളും ഇവിടെ ഉണ്ടായിരുന്ന മുസ്‌ലിംകളല്ലാത്ത ഹിന്ദുക്കള്‍ എന്നറിയപ്പെട്ട സാധാരണക്കാരും തമ്മില്‍ ഭരണ സംബന്ധമായും സാമ്പത്തികമായും പലതരം അനുരജ്ഞനങ്ങള്‍ക്കും തയ്യാറായി. പുറത്തുനിന്നും വന്ന രാജാക്കന്മാരുടെ ശക്തിയും സമ്പത്തും സംസ്‌കാരവും വഴി ആകൃഷ്ടരായി ധാരാളം ആളുകള്‍ ഇക്കാലത്ത് ഇസ്‌ലാമിലേക്കു കടന്നുവന്നിട്ടുണ്ടെന്നത് സത്യമാണ്. നോര്‍ത്ത് ഇന്ത്യയിലെ ജന ജീവിത പരിസരത്തുനിന്നും ഇത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ദക്ഷിണേന്ത്യയില്‍ ഉള്ള ചിത്രം അല്‍പം വ്യത്യസ്തമാണ്. ഇവിടെ മിക്കവാറും അറേബ്യയില്‍ നിന്നും വ്യാപാരത്തിനായി വന്ന ആളുകള്‍ നാട്ടുരാജാക്കന്മാരുടെയും പ്രജകളുടെയും അനുവാദത്തോടെ ചില സങ്കേതങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞ് കൂടിയവരായിരുന്നു. നാടുവാഴികള്‍ പലപ്പോഴും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നേരത്തെ വന്നു ചേര്‍ന്ന യഹൂദരെപോലെയും നസ്രാണികളെപ്പോലെയും ഈ അറബി മുസ്‌ലിംകള്‍ നാടുവാഴികള്‍ക്ക് ധാരാളം സമ്പത്ത് ഉണ്ടാക്കുവാന്‍ സഹായിച്ചു. അതുകൊണ്ടുതന്നെ അവര്‍ അതിഥികളോടെന്ന പോലെ മുസ്‌ലിംകളോട് പെരുമാറി. അതുകാരണം ഉത്തരേന്ത്യയിലെ സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മുസ്‌ലിം സൗഹൃദമാണ് കേരളത്തില്‍ നിലനിന്നത്. ഈ വ്യത്യാസം നാം കണക്കിലെടുക്കേണ്ടതുണ്ട്. മറ്റൊന്നു പറയാനുള്ളത്, യഹൂദ മതത്തെ പോലെയും ക്രിസ്തു മതത്തെ പോലെയും ഇസ്‌ലാമിനെ പോലെയും സെമിറ്റിക് ഗണത്തില്‍ പെട്ട ഒരു മതം ഈ നാട്ടില്‍ ഇല്ലായിരുന്നു. ഹിന്ദു മതം എന്ന് ഇവിടെയുള്ള വിശ്വാസങ്ങള്‍ക്ക് പേര് കൊടുക്കാമോ എന്നത് സംശയാമാണ് . ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ക്ക് പരിചയമുണ്ടായിരുന്ന യഹൂദ ക്രിസ്ത്യന്‍ മുസ്‌ലിം മതങ്ങളെ പോലെ ഒരു മതമായാണ് ഹിന്ദുക്കളുടെ ഒരു മതത്തെ അല്ലെങ്കില്‍ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അവര്‍ കണക്കാക്കിയിരുന്നത്. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായി ഈ നാട്ടുകാരെന്ന അര്‍ത്ഥത്തിലാണ് സിന്ധു നദി പ്രദേശത്തെ ആളുകള്‍ എന്ന നിലക്ക് പശ്ചിമേശ്യയിലെ ജനങ്ങള്‍ ഈ നാട്ടുകാര്‍ക്ക് ഹിന്ദുക്കള്‍ എന്ന പേര് വിളിച്ചുവന്നത്. അല്ലാതെ ഒരു മതം ആചരിക്കുന്നവര്‍ എന്ന നിലക്കല്ല. ഹിന്ദു മതം സ്ഥാപിച്ച ഒരു മനുഷ്യനോ പ്രവാചകനോ അവതാര പുരുഷനോ കാണുകയില്ല. ഹിന്ദു മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെന്ന് പറഞ്ഞ് പലരും പലഗ്രന്ഥങ്ങളാണ് കാണിക്കുന്നത്. ചിലര്‍ വേദങ്ങള്‍ ചൂണ്ടിക്കാണിക്കും. ചിലര്‍ വേറെ ഇതിഹാസങ്ങള്‍ ചൂണ്ടിക്കാണിക്കും. ചിലര്‍ ഉപനിഷത്തോ ഭഗവത് ഗീതയോ ചൂണ്ടിക്കാണിക്കും. മറ്റു ചിലര്‍ വൈഷ്ണവരുടെയും ശൈവരുടെയും ഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കും. അങ്ങനെ പലരും പല തോതിലുമുള്ള സാധനങ്ങളാണ് മുന്നോട്ടു വെക്കുന്നത്. അല്ലാതെ ഒരു പ്രത്യേകമായ മതഗ്രന്ഥം, അതില്‍ ഇന്നത് ചെയ്യണം ഇന്നത് ചെയ്യണ്ട എന്നുള്ള ശാസനകളൊന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കില്ല. പല ജാതികളുമുണ്ടായിരുന്നു. പല വര്‍ണങ്ങളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം പൊതുവായ പേരായി ബ്രിട്ടീഷുകാര്‍ സെന്‍സസ് കണക്കെടുമ്പോള്‍ നിര്‍ദേശിച്ചതാണ് ഹിന്ദുമതമെന്ന പേര്. ചരിത്രപരമായ അര്‍ത്ഥമില്ലാത്ത പേരാണിത്. അവര്‍ക്ക് പൊതുവായ നിയമങ്ങളൊന്നുമില്ല. ഓരോ വര്‍ണങ്ങള്‍ക്കും പിന്നീട് ചില സമ്പ്രദായങ്ങള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. വേദങ്ങള്‍ ബ്രാഹ്മണരില്‍ ഒരു വിഭാഗം പഠിക്കുന്നു. വലിയൊരു വിഭാഗത്തിന് വേദാധ്യായങ്ങള്‍ പഠിക്കാനുള്ള അവകാശം പോലുമില്ല. മറ്റ് വര്‍ണങ്ങളില്‍ പെട്ടവര്‍ക്കാര്‍ക്കും ഇല്ല. ശൂദ്രന്മാര്‍ക്കാണെങ്കില്‍ വേദം കേള്‍ക്കാന്‍ കൂടി പാടില്ല. പിന്നെ പോപ്പുലര്‍ ഹിന്ദുയിസമെന്ന് പറയാറുള്ള സാധാരണക്കാരുടെ ഹിന്ദു മതമെന്ന് പറയാറുള്ളത് പുരാണേതിഹാസങ്ങളിലൂടെയും കഥകളിലൂടെയുമായിരുന്നു. കൂടെ, ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ട്. അതിലേതാണ് പ്രധാനം ഏതാണ് അപ്രധാനം എന്നു ചോദിച്ചാല്‍ പലരും പലതരത്തിലുള്ള ഉത്തരങ്ങള്‍ നല്‍കും. ഹിന്ദുമതത്തിലേക്ക് ഒരാളെ മതം മാറ്റിയെടുക്കാനോ അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ നിന്നൊരാളെ പുറത്താക്കാനോ ഉള്ള യാതൊരു നിബന്ധനകളും തത്വങ്ങളും നിലവിലില്ല. ഇസ്‌ലാമിനെകുറിച്ച് ഇന്ത്യന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. ഈ കാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ പ്രത്യേകിച്ച് ഹിന്ദു മുസ്‌ലിം ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദമാണ് നിലനിന്നിരുന്നത്. ഓരോ വിശ്വാസികളും അവരുടെ വിശ്വാസവും ആചാരവും നിലനിര്‍ത്തി. അതിന് വേണമെങ്കില്‍ ഇന്നത്തെ ശൈലിയില്‍ മതേതരത്വം എന്ന് പറയാം. അത് ഇന്ത്യയിലാണ് ജനിച്ചത്. മറ്റു രാജ്യങ്ങളില്‍ അത് പൊതുവെ ഉണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ മതഗ്രന്ഥമാണ് ഖുര്‍ആന്‍. അത് പ്രവാചകന്‍ മുഹമ്മദ് നബിക്കുണ്ടായ ചില ദൈവീകമായ അരുളപ്പാടുകളാണ്. അതില്‍നിന്നും തെറ്റി നടക്കുന്നത് പാപമാണ് എന്നാണ് വിശ്വാസം. കേരളത്തിലെ പൊതുവെ സഹിഷ്ണുത കാണാന്‍ കഴിയും. പൊതുവെ ഇന്ത്യയില്‍ വന്ന ഭരണാധികാരികളെല്ലാം അന്യ മതങ്ങളെയും സ്വാഗതം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ലോകത്തെ സമാധാനന്തരീക്ഷത്തിന്റെ നിര്‍മ്മിതിയില്‍ ഇസ്‌ലാം വഹിച്ച പങ്കിനെ എങ്ങനെ കാണുന്നു? ഒരു കാലത്തെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ അറേബ്യയില്‍ പ്രത്യേകിച്ചും വലിയൊരു ഭാഗം മരുഭൂമിയാണല്ലോ. ആ മരുഭൂമിയില്‍ കൃഷിക്കൊന്നും വലിയ പ്രസക്തിയുണ്ടായിരുന്നില്ല. ഒട്ടകത്തെ മേച്ച് ഒരു മരുപ്പച്ചയില്‍ നിന്നും മറ്റൊരു മരുപ്പച്ചയിലേക്ക് ചില്ലറ വ്യാപാരമൊക്കെ നടത്തിവന്നിരുന്ന പ്രാകൃത വര്‍ഗ്ഗക്കാരാണ് അവിടെയുണ്ടായിരുന്നത്. ബദവിയന്‍സ് എന്ന് വിളിക്കപ്പെട്ടിരുന്നവരാണ് അവര്‍. അറേബ്യയില്‍ വളരെ കാലമായി ഉണ്ടായിരുന്ന അവര്‍ക്ക് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ചില പരിഷ്‌കാരങ്ങളൊക്കെ വന്നു. എങ്കിലും ഭൂരിപക്ഷം ആളുകളും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവര്‍ ആയിരുന്നു. ക്രിസ്തു വര്‍ഷ കണക്കില്‍ പറഞ്ഞാല്‍ 7ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പ്രവാചകത്വവുമായി മുഹമ്മദ് നബി കടന്നുവന്നു. ഇസ്‌ലാംമത വിശ്വാസത്തിന്റെ പേരില്‍ അവരില്‍ നല്ലൊരു വിഭാഗത്തെ ഏകീകരിക്കാനും ഒരു പുതിയ കാഴ്ചപ്പാടോടെ വിശ്വാസങ്ങളും ആചാരങ്ങളും നിലവില്‍ വരുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതോടെ ആരംഭിച്ചു. ഇത് വലിയൊരു പരിവര്‍ത്തനത്തിന് തുടക്കമാവുകയായിരുന്നു. പ്രവാചകന്റെ കാലത്ത് മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി അവര്‍ ചെയ്ത ഒരു കാര്യം ഒരു ഇസ്‌ലാമിക സാമ്രാജ്യം സ്ഥാപിച്ചു എന്നതാണ്. ഖിലാഫത്ത് എന്നാണ് അവിടത്തെ ഭരണം അറിയപ്പെട്ടിരുന്നത്. ഭരണാധികാരികള്‍ ഖലീഫമാര്‍ എന്നും വിളിക്കപ്പെട്ടു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസം നടന്നത് പ്രധാനമായും ഈ ആദ്യകാലങ്ങളിലായിരുന്നു. താങ്കളുടെ വായനയില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എങ്ങനെയെല്ലാം കടന്നുവന്നു? അവരുടെ അധ്യാപനങ്ങള്‍ എങ്ങനെ അനുഭവപ്പെട്ടു? അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കത്തക്ക വിവരം എനിക്കുണ്ടെന്ന് തോന്നുന്നില്ല. അറബി ഭാഷയും അറിഞ്ഞ് കൂടാ. ഖുര്‍ആന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പരിഭാഷകള്‍ വായിച്ചുവെന്നല്ലാതെ അതിനെ പറ്റി ഞാന്‍ പറയുന്നത് ആധികാരികമായിക്കൊള്ളണമെന്നില്ല. വ്യക്തിപരമായി പ്രവാചകന്‍ എങ്ങനെയായിരുന്നുവെന്ന് എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലഭ്യമല്ല, അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവാദമില്ല. പിന്നെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളാണ് ഹദീസ് എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴാം നൂറ്റാണ്ടിന് ശേഷം വളര്‍ന്നുവന്ന പണ്ഡിതന്മാരില്‍നിന്നും ഹദീസുകള്‍ക്ക് പല വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. മറ്റു മതാചാര്യന്മാരില്‍ നിന്നും വ്യത്യാസമായി കാണുന്നത് അദ്ദേഹം ആത്മീയ ജീവിതത്തെ മാത്രമല്ല, ഭൗതിക ജീവിതത്തെയും പ്രധാനമായി കണ്ടിരുന്നുവെന്നതാണ്. ലൗകിക ജീവിതം പരിത്യജിച്ച സന്യാസിമാര്‍ സ്വത്ത് സമ്പാദിക്കാതെ അധികാരം സ്ഥാപിക്കാതെ ജീവിച്ചവരായിരുന്നു. യേശുക്രിസ്തു വിവാഹം കഴിക്കുകയോ രാജ്യം ഭരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പല മതാചാരന്മാരും അങ്ങനെയാണ് കഴിഞ്ഞുപോയത്. പക്ഷെ മുഹമ്മദ് നബി സാധാരണ ഗൃഹസ്ഥനെ പോലെ ജീവിച്ചു. യുദ്ധങ്ങള്‍ നടത്തി രാജ്യങ്ങള്‍ സ്ഥാപിച്ചു. സ്വത്ത് സമ്പാദിച്ചു. മാത്രമല്ല ഒന്നിലധികം തവണ വിവാഹങ്ങള്‍ കഴിച്ചു. സാധാരണക്കാരില്‍ ഒരാളായി കഴിഞ്ഞുകൂടി. അതുകൊണ്ടുതന്നെ, മറ്റു മതാചാരന്മാരില്‍ നിന്നും വ്യത്യസ്തനായിട്ടാണ് മുഹമ്മദ് നബി കാണപ്പെടുന്നത്. നമുക്ക് ലഭ്യമായ വിവരണങ്ങള്‍ അനുസരിച്ച് അദ്ദേഹം വളരെ കാരുണ്യവാനും ദയാശീലനും ആയിരുന്നു. പാവങ്ങളോട് പ്രത്യേക സഹാനുഭൂതിയുള്ള ആളാണ്. ശത്രുക്കളെ പലപ്പോഴും സ്‌നേഹിച്ച് മാനസ്സാന്തരം വരുത്തിയിട്ടുള്ള ആളാണ്. ലോകത്തിലെ പല നേതാക്കളെ പോലെയും അറേബ്യയിലെ അലഞ്ഞു നടന്നിരുന്ന നാടോടികളായ ജനവിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് അവരെ പരിഷ്‌കൃതിയിലേക്ക് നയിച്ച് രാഷ്ട്രം സ്ഥാപിക്കുന്നതില്‍ സംഘടനാ പരമായ വൈഭവം കാണിച്ചുവെന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. ദൈവീകമായ ഒരു സഹായമുള്ളവര്‍ക്കേ അത് സാധിക്കുകയുള്ളൂ. ഇത്രയധികം പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ഒരു കൂട്ടരെ ഒരു തലമുറക്കിടയില്‍ തന്നെ ഏകീകരിച്ച് പരിഷ്‌കരിച്ച് ലോകത്തിലെ മറ്റു പരിഷ്‌കൃത ചിന്തകളുടെ കൂട്ടത്തില്‍ എത്തിക്കാനുള്ള പാടവം അദ്ദേഹത്തിനുണ്ടായി. അതൊരു ദൈവീക സംഗതിയാണ് എന്ന് തന്നെ പറയാം. അസാധാരണമായ വ്യക്തി പ്രഭാവം കൊണ്ട് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ. പക്ഷെ, പ്രവാചകരുടെ അധ്യാപനങ്ങളില്‍നിന്നും വലിയൊരു സമൂഹം പിന്നോട്ടു പോകുന്നതാണ് ഇന്നു കാണുന്നത്. അത് എല്ലാ മതങ്ങളിലും കാണുന്ന സംഗതി തന്നെയാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ പോലെയുള്ളവര്‍ ഇന്ന് മതത്തിന്റെ പേരിനെ ദുര്‍വിനിയോഗം ചെയ്യുകയാണ്. ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. ജനങ്ങള്‍ പ്രവാചകാധ്യാപനങ്ങള്‍ കൈവെടിഞ്ഞതാണ് ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുന്നത് എന്ന വാദത്തോട് യോജിക്കുന്നുണ്ടോ? ആയിരിക്കാം. എല്ലാറ്റിലും അങ്ങെനെയാണ്. എല്ലാ മത സംഘടനയിലും രാഷ്ട്രീയ സംഘടനയിലും അത് തന്നെയാണ് സംഭവിക്കുന്നത്. ഇപ്പോള്‍ ഗാന്ധിജി പറഞ്ഞതാണോ ഗാന്ധിയന്മാര്‍ എന്ന വിഭാഗം അനുസരിക്കുന്നത്?. ശ്രീനാരായണ ഗുരു പറഞ്ഞതണോ ശ്രീ നാരായണീയര്‍ എന്ന വിഭാഗം അനുസരിക്കുന്നത്?. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉള്ള ഭഗവത് ഗീതയിലുള്ള ത്വാത്വിക പ്രസംഗങ്ങളാണോ സാധാരണ ഹിന്ദുക്കള്‍ അനുസരിക്കുന്നത്?. അങ്ങനെയൊന്നുമല്ല, ആ വ്യത്യാസം ഇസ്‌ലാമിലും ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറുപ്പ കാലത്തെല്ലാം മുസ്‌ലിം ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നോ? പെരുന്നാളുകള്‍, നബിദിനങ്ങള്‍ തുടങ്ങിയവ എങ്ങനെയാണ് അനുഭവപ്പെട്ടിരുന്നത്? തീര്‍ച്ചയായും. അങ്ങനെയൊക്കെ വരുമ്പോള്‍ മുസ്‌ലിം സുഹൃത്തുക്കള്‍ വീടുകളിലേക്ക് ക്ഷണിക്കാറുണ്ട്. പലപ്പോഴും പങ്കെടുക്കാറുമുണ്ട്. മതമൈത്രിയുടെ അടയാളമായിട്ടാണ് ഇവയെല്ലാം തോന്നിയിട്ടുള്ളത്. കുട്ടിക്കാലത്തെ മുസ്‌ലിം സൗഹൃദങ്ങളെക്കുറിച്ച്? കുട്ടിക്കാലത്തുണ്ടായ ഒരു മഹാഭാഗ്യവും ഇപ്പോള്‍ ഇല്ലാത്ത ഒരു സംഗതിയും അതാണ്. ഞാനൊക്കെ പഠിച്ചത് ബാസല്‍ മിഷനിലാണ്. പിന്നെ പഠിച്ചത് മാനേജ്‌മെന്റ് സ്‌കൂളിലാണ്. പിന്നെ കോളേജില്‍ പോയി. ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍. അപ്പോള്‍ അതിലൊക്കെ എല്ലാ മത വിഭാഗങ്ങളിലും പെട്ട ആളുകള്‍ പഠിച്ചിരുന്നു. പല തരത്തില്‍ പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ഉള്ള ആളുകള്‍ ഒന്നിച്ചാണ് ഉണ്ടായിരുന്നത്. ഇത് എല്ലാവരും പരസ്പരം അറിയാനും പഠിക്കാനുമുള്ള നല്ലൊരു അവസരമായിരുന്നു. ഇതര മതങ്ങളെ ഉള്‍കൊള്ളാത്ത വിദ്യാഭ്യാസ സംരംഭങ്ങളെ ആപല്‍കരമായിട്ടാണ് ഞാന്‍ കാണുന്നത്. അത് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കുന്നു. ബഹുസ്വരതയിലാണ് നാം സൗന്ദര്യം കാണേണ്ടത്. താങ്കളുടെ വിശ്വാസത്തില്‍ നിന്ന് ഇസ്‌ലാമിനെ എങ്ങനെ വേറിട്ട് മനസ്സിലാക്കുന്നു. എനിക്ക് അങ്ങനെ പ്രത്യേകമായ മതവിശ്വാസങ്ങളൊന്നുമില്ല. ഏതെങ്കിലും മതത്തിന്റെ ആചാരങ്ങളോ ആഘോഷങ്ങളോ ഞാന്‍ എന്റേതായി കണക്കാക്കുകയോ പ്രയോഗിക്കുകയോ ചെയ്യാറില്ല. എല്ലാ മതങ്ങളിലും നല്ല ആളുകളും ചീത്ത ആളുകളുമുണ്ട്. ആചാര്യന്മാര്‍ പലപ്പോഴും നല്ലവരാണ്. അനുയായികള്‍ പലപ്പോഴും നല്ലവരും ചീത്തവരും കലര്‍ന്നവരാണ്. എന്നുള്ളതല്ലാതെ ഒരു വിഭാഗക്കാര്‍ മുഴുവന്‍ നല്ലവരും ബാക്കിയുള്ളവര്‍ ചീത്തവരുമാണ് എന്നുള്ള ചിന്താഗതി ഇല്ല. ഇല്ലാതിരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ചരിത്ര പഠനത്തില്‍ ഇസ്‌ലാം ചരിത്രത്തെ എങ്ങനെ സമീപിച്ചു? മുസ്‌ലിം ചരിത്രങ്ങളെ എങ്ങനെ കൈകാര്യം ചെയ്തു?. മാനവിക മൂല്യങ്ങള്‍ക്ക് ഉന്നത സ്ഥാനം കൊടുത്ത് കൊണ്ട് അതിന്റെ വെളിച്ചത്തില്‍ മനുഷ്യ സമൂഹത്തെ വിലയിരുത്താനാണ് ഞാന്‍ ശ്രമിച്ചുള്ളത്. അതില്‍ മുസ്ലിംകളാണോ അമുസ്‌ലിംകളാണോ ക്രിസ്ത്യാനികളാണോ ഹിന്ദുക്കളാണോ എന്നുള്ളതല്ല എന്റെ നോട്ടം. ഭരണാധികാരികള്‍ നടത്തിയിട്ടുള്ള കാര്യങ്ങള്‍ മനുഷ്യ പ്രേരിതമായുള്ള നല്ല കാര്യങ്ങളാണോ അതോ വിദ്വേഷ പ്രേരിതമായ കാര്യങ്ങളാണോ അതനുസരിച്ചാണ് ആളുകളെ വിലയിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക്? ഒരു കാലത്ത് വളരെ സൗഹാര്‍ദ പൂര്‍ണമായ ഒരു സഹാനുഭൂതിയോടെ ആയിരുന്നു ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നത്. അതില്‍ മുസ്‌ലിംകള്‍ക്ക് വലിയ പങ്കുമുണ്ട്. പക്ഷെ അടുത്ത കാലത്ത് അതിനെല്ലാം ഭംഗം വന്നു. മുസ്‌ലിം ഇന്ത്യ, ഹിന്ദു ഇന്ത്യ എന്നതിലേക്കുവരെ എത്തിപ്പെട്ടല്ലോ പിന്നീട്. സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയില്‍തന്നെ നിലകൊണ്ട് മതേതരത്വപരമായി പെരുമാറാന്‍ എല്ലാവരും വളര്‍ന്നുവെന്നത് വലിയൊരു കാര്യമാണ്. അങ്ങനെ മുസ്‌ലിം ലീഗിന്റെ തന്നെ സ്വഭാവത്തില്‍ ബാഫഖി തങ്ങളുടെയും സി.എച്ഛ്. മുഹമ്മദ് കോയയുടെയും നേതൃത്തത്തില്‍ വലിയ മാറ്റം വന്നു. അവര്‍ ജനാധിപത്യ ഭരണ രീതിയില്‍ എങ്ങനെ മുസ്‌ലിം ജീവിക്കണമെന്ന് സംവിധാനിച്ചു. ജനാധിപത്യ ഭരണ രീതി ഇസ്‌ലാമിക രാജ്യങ്ങളില്‍ ഇന്നുമില്ല. പക്ഷെ ഇന്ത്യയില്‍ ഭരണഘടന അനുസരിച്ചുള്ള ജനാധിപത്യ ഭരണ രീതിയില്‍ മുസ്‌ലിംകള്‍ ഭാഗവാക്കാകാന്‍ തയ്യാറായി. താങ്കളുടെ ജന്മദേശം പൊന്നാനിയാണെന്നു കേട്ടിട്ടുണ്ട്. പൊന്നാനിയും കോഴിക്കോടും മുസ്‌ലിം കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശങ്ങളാണല്ലോ. ഇവിടങ്ങളിലെ ജീവിതാനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു? പൊന്നാനി ഒരു മുസ്‌ലിം കേന്ദ്രമാണ്. കോഴിക്കോടും അങ്ങനെ തന്നെ. വലിയ വ്യത്യാസം ഒന്നുമില്ല. പൊന്നാനിയിലെ പള്ളികളില്‍ വന്ന് ധാരാളമാളുകള്‍ മുസ്‌ലിമാകുന്നുണ്ട് ഇന്നും. കോഴിക്കോട് അത് അപൂര്‍വ്വമാണെന്ന് തോന്നുന്നു. പഴയ കാലത്ത് അങ്ങനെയൊരു സാഹചര്യമായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് തീരെ സ്ഥാനം കല്‍പിക്കപ്പെട്ടിരുന്നില്ല. ഇസ്‌ലാമിലേക്കോ മറ്റോ മതം മാറുക എന്നതു തന്നെയായിരുന്നു അവര്‍ക്കുള്ള ഒരേയൊരു വഴി. ഇങ്ങനെ ധാരാളം ആളുകള്‍ മുസ്‌ലിമായിട്ടുണ്ട്. പക്ഷെ, ഇന്ന് സാഹചര്യം മാറി. ഇന്ത്യന്‍ ഭരണ ഘടന തന്നെ എല്ലാ ജാതിക്കാര്‍ക്കും അവര്‍ക്കുള്ള അവകാശം വകവെച്ചു നല്‍കുന്നു. ആയതിനാല്‍ പലരും മതം മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നാലും ധാരാളം പേര്‍ പൊന്നാനിയില്‍ മതം മാറാനെത്തുന്നത് വിസ്മയം തന്നെയാണ്. പുതിയ കാലത്ത് ഇന്ത്യന്‍ പരിസരത്ത് നിന്നുള്ള ഹിന്ദു വര്‍ഗീയതയെ എങ്ങനെ കാണുന്നു? ഞാന്‍ കാണുന്നത് നേരത്തെ പറഞ്ഞതു പോലെ ഹിന്ദുക്കിള്‍ക്കിടയില്‍ അങ്ങനെ ഒരു വിചാരം മുമ്പ് ഉണ്ടായിരുന്നില്ല. പുതിയ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണത്. ഇവിടത്തെ പല ധാരണകളുമാണ് ഹിന്ദുക്കളെ അതിലേക്ക് നയിക്കുന്നത്. എന്നാല്‍, ഹിന്ദുക്കളില്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ വളരെ കുറവാണ്. ഭൂരിപക്ഷം ഹിന്ദുക്കളും വര്‍ഗീയതയോ വിദ്വേഷത്തെയോ പ്രോത്സാഹിപ്പിക്കുന്ന കൂട്ടരല്ല. ഇന്ന് ഒരു വിഭാഗം അങ്ങനെ രൂപപ്പെട്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, കേരളം പോലെ പല സ്ഥലങ്ങളിലും ഹിന്ദു-മുസ്‌ലിം സൗഹൃദം തകരാതെ നില്‍ക്കുന്നത് നാം വിസ്മരിക്കരുത്. മുസ്‌ലിംകള്‍ ലോക ചരിത്രത്തിനും ലോകത്തിനും നല്‍കിയ സംഭാവനകളെ കുറിച്ച് എന്ത് പറയുന്നു?. ഒരു കാലത്ത് ഇന്ത്യയിലും ചൈനയിലുമായിരുന്നു നാഗരികത കാര്യമായി വളര്‍ന്നിരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും പരിഷ്‌കൃത സമുദായങ്ങള്‍ പല കാരണങ്ങളാലും ക്ഷീണിച്ച് എത്തിയ കാലത്താണ് ഇസ്‌ലാം 7 ാം നൂറ്റാണ്ടുമുതല്‍ ഏതാണ്ട് 14 ാം നൂറ്റാണ്ട് വരെ അതിന്റെ നേതൃത്തത്തിലെത്തിയത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെയുള്ള ആശയങ്ങളില്‍നിന്നും പ്രചോദനം സ്വീകരിച്ച് ശാസ്ത്ര പഠനം തുടങ്ങി പലതും ഇസ്‌ലാമിക ലോകത്തുള്ള ആളുകള്‍ ഏറ്റെടുക്കുകയും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിനിമയത്തിനും അന്യോന്യം സഹകരണത്തിനും ഇസ്‌ലാമിക പണ്ഡിതന്മാര്‍ നേതൃത്തം വഹിക്കുകയും ചെയ്തു. അഥവാ ആ കാലത്ത് ഏറ്റവും നല്ല നൂറ്റാണ്ടുകള്‍ തൊട്ട് ക്രിസ്തു വര്‍ഷക്കണക്കില്‍ 13-14 നൂറ്റാണ്ടുകള്‍ വരെയും ലോകത്ത് തന്നെ നോക്കിയാല്‍ ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും കലകളുടെയും കാര്യത്തില്‍ ഇസ്‌ലാമിക ലോകമാണ് നേതൃത്തം വഹിച്ച് മുന്നില്‍ നിന്നത് എന്ന് പറയാം. ശേഷം അത് വളരെ ജീര്‍ണിക്കുകയും മുമ്പുണ്ടായിരുന്ന നിയമങ്ങളൊക്കെ മാറുകയും അവര്‍ തമ്മിലുള്ള കലഹങ്ങള്‍ വര്‍ധിക്കുകയും യഥാസ്ഥിക വൃത്തത്തിന്റെ ആതിപത്യം നിമിത്തം അവര്‍ പിന്നോക്കം പോവുകയും മറ്റുള്ളവര്‍ മുന്നോക്കം പോവുകയും യൂറോപ്പിലെ നവോത്ഥാനം നവീന ചിന്താഗതികള്‍ക്ക് വഴിമാറുകയും ചെയ്തു. തുടര്‍ന്ന്, ഹൂമനിസം പോലെ മാനവിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള ചിന്താഗതി വന്നു. പില്‍ക്കാലത്ത് ഏഷ്യയിലും ആഫ്രിക്കയിലും പാശ്ചാത്യ വിദ്യഭ്യാസത്തിന്റെ ഫലമായി അതുണ്ടായി. അങ്ങനെ വന്നപ്പോഴും മുസ്‌ലിം വിഭാഗങ്ങള്‍ അതിലൊന്നും പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. അങ്ങനെ, പല കാരണങ്ങളാല്‍ ഇത്തരം മേഖലകളിലെല്ലാം പിന്നീട് മുസ്‌ലിംകള്‍ പിന്നോട്ടുപോയി. മാപ്പിള മുസ്‌ലിം പാരമ്പര്യത്തെ താങ്കളുടെ ചരിത്ര പഠനത്തില്‍ എങ്ങനെ വീക്ഷിച്ചു? മാപ്പിള മുസ്‌ലിംകള്‍ എന്ന പറയുന്നത് ഈ അറബികളായുള്ള വ്യാപാരികളും നാട്ടുകാരായ സ്ത്രീകളും തമ്മിലെ വിവാഹ ബന്ധത്തിലൂടെ ഉയര്‍ന്നു വന്ന ഒരു സമുദായമാണ്. അവര്‍ക്ക് കോഴിക്കോടു പോലുള്ള സ്ഥലങ്ങളില്‍ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു. ചിലേടത്ത് അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ വളരെ പരിശ്രമശാലികളും അധ്വാനിക്കാനിഷ്ടപ്പെടുന്നവരുമായി മാറി. അങ്ങനെ കേരളത്തിന്റെ പൊതുവായ പുരോഗതിയില്‍ മാപ്പിളമാര്‍ക്ക് പ്രത്യേകിച്ചും വലിയൊരു പങ്കുണ്ട് എന്നതില്‍ രണ്ടഭിപ്രായത്തിന് വഴിയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter