ജാതീയത മുസ്‍ലിം സൃഷ്ടിയോ?
Ram puniyaniഇന്ത്യയില്‍ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഇന്നും നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളിയാണ് ജാതീയത. ജാതി സമ്പ്രദായം ഭാരതത്തില്‍ എങ്ങനെ ഉദ്ഭവിച്ചു എന്നതിനെ കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. അതിനിടയിലാണ് മുസ്‍ലിം ഭരണാധികാരികളുടെ അധിനിവേശമാണ് ജാതിവ്യവസ്ഥ രൂപപ്പെടാന്‍ കാരണമെന്ന പുതിയ കണ്ടെത്തലുമായി ആര്‍.എസ്.എസ് രംഗത്തുവന്നിരിക്കുന്നത്. ആര്‍.എസ്.എസിന്റെ സമുന്നത സൈദ്ധാന്തികര്‍ തയ്യാറാക്കിയ, ഈയടുത്ത് പുറത്തിറങ്ങിയ ഹിന്ദു ചര്‍മകാര്‍, ഹിന്ദു കാടിക് ജാതി, ഹിന്ദു വാല്‍മീകി ജാതി എന്നീ പുസ്തകങ്ങളിലാണ് പ്രസ്തുത കണ്ടുപിടുത്തം നടത്തിയിട്ടുള്ളത്. പൌരാണിക കാലത്ത് ഹിന്ദു മതത്തില്‍ ജാതി സങ്കല്‍പം ഉണ്ടായിരുന്നില്ലെന്നും മധ്യകാലത്ത് ഇന്ത്യയിലേക്ക് വന്ന മുസ്‍ലിം ഭരണാധികാരികളുടെ ക്രൂരകൃത്യങ്ങളാണ് ജാതീയത വളരാന്‍ കാരണമായതെന്നും വരുത്തിത്തീര്‍ക്കുകയാണ് സംഘപരിവാരത്തിന്റെ ലക്ഷ്യം. അര്‍.എസ്.എസ് നേതൃനിരയിലെ രണ്ടാമനായ ബയ്യാജി ജോഷി വിവരിക്കുന്നത് കാണുക: ഹിന്ദു വേദനിയമങ്ങള്‍ പ്രകാരം ശുദ്രര്‍ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ല. മുസ്‍ലിം ഭരണാധികാളാണ് അവരെ താഴ്ന്നവരായി മാറ്റിത്തീര്‍ത്തത്. ഹിന്ദുക്കളിലെ ‘ചാന്‍വര്‍വംശക്കാരായ ക്ഷത്രിയ’രുടെ ഹൈന്ദവാഭിമാന ബോധത്തെ തകര്‍ക്കുന്നതിനായി, ഗോമാംസഭുക്കുകളായ മുസ്ലിം ഭരണാധികാരികള്‍ അവരെക്കൊണ്ട് പശുവിനെ കൊല്ലുക, തൊലിയുരിക്കുക, മാംസാവശിഷ്ടങ്ങള്‍ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുക തുടങ്ങിയ അറപ്പുളവാക്കുന്ന ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. പിന്നീട് അവര്‍ ചെയ്തിരുന്ന ജോലിയുടെ പേരില്‍(ചര്‍മ കര്‍മ- തൊലിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ എന്നര്‍ഥം) അറിയപ്പെടുകയും താഴ്ന്നവരായി കണക്കാക്കപ്പെടുകയും  ചെയ്തു. ആത്മാഭിമാനികളായ ഹിന്ദു തടവുകാരെ ഇങ്ങനെയായിരുന്ന മുസ്‍ലിം രാജാക്കന്മാര്‍ ശിക്ഷിച്ചിരുന്നത്.’’ എന്നാല്‍ യഥാര്‍ഥ്യം നേര്‍വിപരീതമാണ്. ജാതീയതയുടെ ചരിത്രം അതിപുരാതനമാണ്. ജാതീയതയില്‍ നിന്ന് തന്നെയാണ് തൊട്ടുകൂടായ്മ സങ്കല്‍പവും രൂപപ്പെടുന്നത്. സ്വയം മേലാളന്മാരെന്ന് അവകാശപ്പെട്ട ആര്യന്മാര്‍ മറ്റുള്ളവരെ കൃഷണ വര്‍ണര്‍(ഇരുണ്ട നിറമുള്ളവര്‍), അനാസ (മൂക്കില്ലാത്തവര്‍) എന്നൊക്കെയായിരുന്നു സംബോധനം ചെയ്തിരുന്നത്. ലിംഗരാധനയില്‍ നിന്ന് വിട്ടുനിന്നിരുന്നവരെ ആര്യന്മാര്‍ മനുഷ്യരായി പരിഗണിച്ചിരുന്നില്ല.( ഋഗ്വേദം X.22.9)താഴ്ന്ന ജാതിക്കാര്‍ ഉന്നത ജാതിയില്‍ പെട്ടവരുമായി ഇടപഴകുന്നത് തടഞ്ഞു കൊണ്ടുള്ളതും കീഴ്ജാതിക്കാര്‍ക്കു സവര്‍ണര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളിലേക്കു പ്രവേശനം നിഷേധിച്ചുകൊണ്ടുമുള്ള ഉദ്ധരണികള്‍ ഋഗ്വേദത്തിലും മനുസ്മൃതിയിലും കാണാവുന്നതാണ്. ഇന്ത്യയില്‍ ശക്തമായ സാമൂഹികാടിത്തറ ലഭിച്ച ജാതിവ്യവസ്ഥ വിവാഹം പോലോത്ത പ്രധാനപ്പെട്ട സാമൂഹിക കര്‍മങ്ങളിലൊക്കെ പ്രധാന ഘടകമായി മാറി. താഴ്ന്നവര്‍ക്ക് ഉന്നത ജാതിക്കാരുമായി സംവദിക്കാനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ, പരസ്പര വിവാഹബന്ധത്തിലേര്‍പ്പെടാനോ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതിന് ശക്തിപകരനായി വിശുദ്ധി (purity), അശുദ്ധമാക്കല്‍ (pollution)  തുടങ്ങിയ സവര്‍ണ സങ്കല്‍പ്പങ്ങള്‍ക്ക് രൂപം നല്‍കപ്പെട്ടു. ശുദ്ര ജാതിക്കാര്‍ തൊട്ടുകൂടാന്‍ പറ്റാത്തവരും മ്ലേച്ചരുമായി കണക്കാക്കപ്പെട്ടു. ഈ രീതിയിലുള്ള കടുത്ത സാമൂഹ്യ വിഭജനങ്ങളെ യായിരുന്നു മനുസ്മൃതിയിലെ മാനവ് ധര്‍മ ശാസ്ത്ര (human law code) വ്യക്തമാക്കിയത്. ഋഗ്വേദ യുഗത്തില്‍ പൂര്‍ണാര്‍ഥത്തിലുള്ള ജാതി സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. എന്നാല്‍ മനുസ്മൃതിയില്‍ വ്യവസ്ഥാപിതമായ ചതുര്‍വര്‍ണ വ്യവസ്ഥിതി നിലനിന്നിരുന്നതായി കാണാം. എ.ഡി. ഒന്നാം നൂറ്റാണ്ടോടെ ജാതി വ്യവസ്ഥിത സാമൂഹിക തലത്തിലത്തിലേക്ക് ആഴത്തില്‍ വ്യാപിച്ചു എന്നു കണക്കാക്കാം. മനുസ്മൃതി രണ്ട്-മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയിലാണ് രചിക്കപ്പെട്ടത്. ഇന്ത്യയിലേക്ക് ആദ്യത്തെ മുസ്‍ലിം വൈദേശികാക്രമണം നടക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിലും. (മുസ്‍ലിം ഭരണാധികളാണ് ജാതീയതക്കു പിന്നിലെന്ന വാദം ചരിത്രപരമായി തെറ്റാണ്.) ആര്‍.എസ്.എസിന്റെ പ്രമുഖ പ്രാണേതാക്കളൊക്കെയും ജാതിവ്യവസ്ഥിതി ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞിട്ടുള്ളത്. ജാതീയതയെ അംഗീകരിച്ചിരുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍  ജാതീയമായ സാമൂഹിക ഉച്ചനീചത്വങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളെ നേരിട്ടത് ഇങ്ങനെയാണ്: വര്‍ത്തമാന കാലത്ത് വികസിത രാഷ്ട്രങ്ങളിലും സാമൂഹികമായ വിഭാഗങ്ങളുണ്ട്. അതിനെ അവര്‍ ശാസ്ത്രീയമായ സാമൂഹ്യ പദ്ധതിയുടെ ഭാഗമെന്നു വിശേഷിപ്പിക്കുമ്പോള്‍ ഹിന്ദുമതത്തിലെ ജാതി വൈജാത്യങ്ങളെ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. (ഓര്‍ഗനൈസര്‍, ഡിസംബര്‍ 1, 1952, പേ. 7) സംഘ് പരിവാറിന്റെ മറ്റൊരു സൈദ്ധാന്തികനായ ദീന്‍ദയാല്‍ ഉപാധ്യായ (ജാതിയമായ വേര്‍തിരിവിനെ) വിശേഷിപ്പിക്കുന്നത് കാണുക: നമ്മുടെ ചതുര്‍ ജാതി സങ്കല്‍പം വിരാട് പുരുഷിന്റെ (Primeval Force of Creation) നാലു അവയവങ്ങളായാണ് കാണേണ്ടത്. നാലും പരസ്പരം സഹകരണപൂര്‍വം വര്‍ത്തിക്കുന്നതു വഴി പൊതു വ്യക്തിത്വവും ഐഡന്റിറ്റിയുമൊക്കെ രൂപപ്പെടുന്നു. ഈ ദര്‍ശനം ഓരോരുത്തരും കാത്തു സൂക്ഷിക്കണം. അല്ലാത്ത പക്ഷം(ജാതികള്‍ക്കിടയില്‍) പരസ്പര സംഘട്ടനമായിരിക്കും നടക്കുക. (ഇന്റഗ്രല്‍ ഹ്യൂമാനിസം, ന്യൂ ഡല്‍ഹി, ഭാരതീയ ജന്‍സംഘ്, 1965, പേ. 43) ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ഇത്തരം ജാതീയ ഉച്ചനീചത്വങ്ങളെ തുടച്ചു നീക്കാനുള്ള പോരാട്ടമാര്‍ഗം അവതരിപ്പിച്ച ഡോ. അംബേദ്കര്‍ മുസ്‍ലിം ആഗമനത്തിന് മുമ്പുള്ള ഇന്ത്യയെ മൂന്നായി തിരിച്ചിട്ടുണ്ട്. 1) ബ്രാഹ്മണ കാലഘട്ടം (വേദ യുഗം) 2) ബുദ്ധകാലഘട്ടം-ഈ കാലത്താണ് മഗധ്-മൌര്യ ഭരണകൂടങ്ങള്‍ ഉയര്‍ന്ന് വന്നതും ജാതീയമായ അസമത്വങ്ങള്‍ക്കെതിരെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ആരംഭിച്ചതും. 3) ഹിന്ദുത്വ കാലഘട്ടം, ബുദ്ധകാലഘട്ടത്ത് തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങളെ അതിജയിച്ച് ജാതീയതയിലധിഷ്ഠിതമായ പൂര്‍ണ ഹിന്ദു സാമൂഹ്യവ്യവസ്ഥിതി നിലനിന്നകാലം. അഥവാ മുസ്‍ലിം കാലഘട്ടത്തിനു മുമ്പേ ഇന്ത്യയില്‍ ഹിന്ദു ആചാരപ്രകാരം ശുദ്രന്മാരെ തൊട്ടുകൂടാത്തവരായി കണക്കാകുകയും ജാതീയമായ അസമത്വങ്ങള്‍ നിലന്നിരുന്നുവെന്നും ചുരുക്കം. വേദിക് പിരീയഡ് മുതല്‍ ഗുപ്തന്മാരുടെ കാലം വരെ ശക്തമായ തോതില്‍ തുടര്‍ന്നു. ശേഷം ഇന്ത്യയിലുണ്ടായ ഭക്തി മൂവ്മെന്റ് പോലോത്ത സാമൂഹിക മുന്നേറ്റങ്ങള്‍ പ്രത്യക്ഷമായും സൂഫി ചലനങ്ങള്‍ പോലോത്തവ പരോക്ഷമായും ജാതീയതക്കെതിരെ രംഗത്ത് വരികയും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇന്ത്യയിലെ ഹിന്ദു ജാതിവ്യവസ്ഥയുടെ ചരിത്രം ഇങ്ങനെയായിരിക്കെ സംഘപരിവാര്‍ ചരിത്രം മാറ്റിയെഴുതുന്നത് വെറും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. പരിഭാഷ: മുഹമ്മദ് ശഫീഖ്   ​  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter