യു.എസ് പീഢന കഥകള്‍ മനുഷ്യത്വത്തെ കാറ്റില്‍ പറത്തുമ്പോള്‍
[caption id="attachment_41468" align="alignleft" width="368"]
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സി.ഐ.എയുടെ ഏറ്റവും ഭീകര പീഢനരൂപമായ വാട്ടര്‍ബോര്‍ഡിംങ് പ്രതീകാത്മകമായി നടത്തി പ്രതിഷേധക്കുന്നു[/caption]
ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10-ന് യു.എസ് ലോകത്തിന് നല്‍കിയ സമ്മാനമെന്നായിരുന്ന സി.ഐ.എയുടെ പീഢന കഥകള്‍ വെളിച്ചത്തു കൊണ്ടുവരുന്നഅമേരിക്കന്‍ സെനറ്റ് റിപ്പോര്‍ട്ടിനെ പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ പലതും വിശേഷിപ്പിച്ചത്. ലോകത്താകമാനം സമാധാനവും ജനാധിപത്യമൂല്യങ്ങളും നട്ടുവളര്‍ത്താന്‍ കാലങ്ങളായി ശ്രമിക്കുന്ന യു.എസ് എന്ന ലോകശക്തിയുടെ പ്രതിച്ഛായക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ റിപ്പോര്‍ട്ട്. ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ യു.എസ് സ്വന്തം നാട്ടിലും വിദേശത്തും കാണിച്ചുകൂട്ടിയ അനവധി സംഭവങ്ങള്‍ മുമ്പും പുറത്ത് വന്നിട്ടുണ്ടെങ്കിലും അവക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നുവെന്നതായിരുന്നു പുതിയ റിപ്പോര്‍ട്ടിന്റെ പ്രസക്തി.
മൂന്ന് വര്‍ഷം കൊണ്ട് യു.എസ് സെനറ്റിന്റെ പ്രത്യേക ഇന്റലിജെന്‍സ് കമ്മിറ്റിയാണ് 6000 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതില്‍ തന്നെ വെറും 600 പേജുള്ള റിപ്പോര്‍ട്ട് സമ്മറിയാണ് പുറത്ത് വിട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധി മുന്നില്‍ കണ്ട് വളരെ കര്‍ശനമായ പരിശോധനക്കും ഏതൊക്കെ ഭാഗങ്ങളാണ് പരസ്യപ്പെടുത്തേണ്ടെതെന്ന മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് റിപ്പോര്‍ട്ട് കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തുന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ശേഷം ഭീകര വിരുദ്ധ യുദ്ധം പ്രഖ്യാപിച്ച അന്നത്തെ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡ്ബ്ല്യൂ ബുഷ് തന്നെയാണ് ഭീകബന്ധം സംശയിച്ചവരെ തടവിലിട്ട് വിചാരണ നടത്താനുള്ള പദ്ധതിക്കും അനുമതി നല്‍കിയിരുന്നത്. പിന്നീടങ്ങോട്ട് 2002നും 2007-നും ഇടയില്‍ നടന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ വിസ്തരിക്കപ്പെടുന്നത്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍
ഇതുവരെ യു.എസും സി.ഐ.എയും പാടിനടന്നിരുന്ന അവകാശവാദങ്ങളെ അമ്പേ പൊളിച്ചെടുക്കുന്നതായിരുന്ന റിപ്പോര്‍ട്ടിലെ ഭൂരിപക്ഷം കണ്ടെത്തലുകളും. അന്താരാഷ്ട്ര മനുഷ്യാവകാശ മൂല്യങ്ങളുടെ കടുത്ത ലംഘനം സി.ഐ.എ നടത്തിയതായി കണ്ടെത്തിയ റിപ്പോര്‍ട്ടിനെ യു.എസിന്റെ അഭിമാനത്തിനേറ്റ ക്ഷതമെന്നാണ് അന്വേഷണ സമിതിയുടെ അധ്യക്ഷ ഡയാനെ ഫെയിന്‍സ്റ്റീന്‍ വിശേഷിപ്പിച്ചത്.
പീഢനം നടക്കുന്ന സമയത്ത് വൈറ്റ് ഹൌസിനെ സി.ഐ.എ തെറ്റിദ്ധരിപ്പിച്ചിരുന്നതായും ക്രൂരകൃത്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് അറിയില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. യു.എസ് പ്രസിഡന്റിനും മാധ്യമങ്ങള്‍ക്കും സി.ഐ.എ നല്‍കിയിരുന്നത് വ്യാജമായ വിവരങ്ങളായിരുന്നുവത്രെ. എന്നാല്‍ ഇത് അന്നത്തെ വൈസ് പ്രസിഡന്റ് ഡിക് ചെനി കഴിഞ്ഞ ദിവസം നിഷേധിക്കുകയും ജോര്‍ജ് ഡബ്യൂ ബുഷിന് എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും പ്രതികരിച്ചിരുന്നു.
98 പേരെയാണ് ക്രൂര പീഢനത്തിനിരയാക്കിയതെന്നായിരുന്നു മുമ്പ് സി.ഐ.എ വാദിച്ചിരുന്നത്. എന്നാല്‍ പുതിയ അന്വേഷണ ഫലത്തില്‍ 119 പേരെ സി.ഐ.എ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പീഢനത്തിലൂടെ കിട്ടിയ വിവരങ്ങള്‍ യു.എസിലോ യു.എസുമായി സഖ്യത്തിലിരിക്കുന്ന രാഷ്ട്രങ്ങളിലോ നടന്നേക്കാവുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് മനസിലാക്കാനോ തകര്‍ക്കാനോ സാധിച്ചിട്ടില്ല. 20 ഓളം ആക്രമണങ്ങള്‍ വിജയകരമായി തടയാന്‍ പീഢനം സഹായിച്ചിട്ടിണ്ടെന്നായിരുന്നു സി.ഐ.യുടെ അവകാശവാദം.
വേള്‍ഡ് ട്രേഡ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനും അല്‍-ഖായിദ തലവനുമായിരുന്ന ഉസാമാ ബിന്‍ലാദനെ പാകിസ്ഥാനിലെ രഹസ്യ സങ്കേതത്തില്‍ നിന്നും പിടിക്കാന്‍ സാഹായിച്ചത് ഇത്തരം പീഢനമുറകളിലൂടെ നടത്തിയ ചോദ്യം ചെയ്യലാണെന്നായിരുന്നു യു.എസിന്റെ ഏറ്റവും വലിയ വാദം. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് ഇത് നിഷ്കരുണം തള്ളിക്കളയുന്നുണ്ട്. ഉസാമയെ യു.എസ് സൈന്യത്തിലെ സ്പെഷ്യല്‍ ഫോഴ്സ് ടീം സിക്സ് അബട്ടാബാദിലെ വീട്ടില്‍ നടത്തിയ രഹസ്യ ഓപറേഷനിലൂടെ വധിച്ചതുമായി ചോദ്യം ചെയ്യലുകള്‍ക്ക് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉസാമയെ പിടികൂടുന്നതില്‍ ചോദ്യംചെയ്യലുകളില്‍ കിട്ടിയ സൂചനകലാണെന്ന നിലപാടിലാണ് ഇപ്പോഴും സി.ഐ.എക്കുള്ളത്. 2012-ല്‍ ഹോളിവുഡ് സിനിമയായ ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’ പുറത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു മുമ്പ് സമാനമായ വിവദം ഉണ്ടായിരുന്നത്. സിനിമ സി.ഐ.ഐ വാദത്തെ അനുകൂലിക്കുന്നതായിരുന്നു. പക്ഷെ, പിന്നീട് അധികം താമസിയാതെ തന്നെ സിനിമയുടെ നിര്‍മാണത്തിന് പിന്നില്‍ സി.ഐ.എ കരങ്ങളുണ്ടെന്നും ഏജന്‍സിയുടെ മുഖച്ഛായക്ക് കോട്ടം വരുത്തുന്ന ഒന്നും സിനിമയിലില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നതായും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാട്ടര്‍ബോര്‍ഡിംങ് (തലമൂടിക്കെട്ടി വെള്ളത്തില്‍ മുക്കി ശ്വാസം തടസ്സം ഉണ്ടാക്കുന്ന രീതി), ഏകാന്തവാസം, ഒരാഴ്ചയോളം ഉറങ്ങാനനുവദിക്കാതിരിക്കുക, നഗനരായി കെട്ടിത്തൂക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് ദീര്‍ഘനേരം അടച്ചിട്ട മുറിയിലിട്ട് കേള്‍പ്പിക്കുക തുടങ്ങിയ പീഢന മുറകള്‍ സി.ഐ.എ നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്ക് തെളിവുകളോടെ ഈ റിപ്പോര്‍ട്ട് സ്ഥിരീകരണം നല്‍കുന്നുണ്ട്. അതിനു പുറമെ ഗുഹ്യദ്വാരത്തിലൂടെ ഭക്ഷണം കയറ്റുന്ന രീതിയും തടവുപുള്ളികളില്‍ പരീക്ഷക്കപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്.
മൃഗീയ പീഢനമുറകള്‍ പരീക്ഷിക്കുന്നതിനായി സി.ഐ.എ പുറത്ത് നിന്നുള്ള കരാറുകാറെ പണം നല്‍കി ഏല്‍പിച്ചതായി അന്വേഷണ ഫലം വ്യക്തമാക്കുന്നു. തടവുപുള്ളികളെ ഏതുവിധേനയും ചോദ്യം ചെയ്യാനും മാനസിക-ശാരീരിക പീഡനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി 8.1 കോടി ഡോളറിന് ജെയിംസ് മിച്ചെല്‍, ബ്രൂസ് ജെസന്‍ എന്നിവരെ സി.ഐ.എ ഏല്‍പിച്ചിരുന്നു. യു.എസ് വ്യോമസേനയില്‍ മനശാസത്രജ്ഞരായി കുറച്ചുകാലത്തെ പരിചയം മാത്രമുണ്ടായിരുന്നു ഇവരായിരുന്നു ഭീകരമായ ദണ്ഡനമുറകള്‍ തടവു പുള്ളികളില്‍ പരീക്ഷിച്ചിരുന്നത്.
ഇവക്കു പുറമെ, ഓരോ തടവുപുള്ളിയെയും ശിക്ഷിച്ച രീതികളും തടവുപുള്ളികളില്‍ അതുണ്ടാക്കിയ മാനസിക-ശാരീരിക പ്രത്യാഘാതങ്ങളുമൊക്കെ റിപ്പോര്‍ട്ടില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
[caption id="attachment_41469" align="alignleft" width="370"]
ഗ്വണ്ടാനമോ തടവറ[/caption]
പ്രതികള്‍
റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ സ്വദേശത്തും വിദേശത്തും യു.എസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പീഢനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അതിന് ഒത്താശ ചെയ്ത പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ. ബുഷിനെ വരെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും ആവശ്യപ്പെട്ടു കഴിഞ്ഞു. 2003-ല്‍ ഇറാഖ് അധിനവിശേക്കാലത്ത് അബൂ ഗുറൈബ് തടവറയില്‍ നടന്ന പീഢനങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഒമ്പതോളം സൈനികരെ യു.എസ് ശിക്ഷിച്ചിരുന്നു.
1949-ലെ ജനീവ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കപ്പെട്ട പ്രകാരം യുദ്ധത്തടവുകാരോടു പോലും ചെയ്യാന്‍ പാടില്ലാത്തതാണ് യു.എസ് നടത്തിയിട്ടുള്ളത്. 1984 ലെ പീഢനത്തിനെതിരെ നടന്ന ലോകരാഷ്ട്രങ്ങളുടെ കണ്‍വെന്‍ഷന്‍ പ്രകാരം മനുഷ്യാവകാശം ഹനിക്കുന്ന രീതിയിലുള്ള ചോദ്യം ചെയ്യലോ ദണ്ഡനമാര്‍ഗങ്ങള്‍ സ്വീകരിക്കലും നിയമനടപടി നേരിടേണ്ട കുറ്റമാണ്.
നിയമങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഭീകരവിരുദ്ധ യുദ്ധത്തിന് വേണ്ടി നടപ്പാക്കിയ ദണ്ഡന പരിപാടിയില്‍ പങ്കെടുത്ത ആരെയും നിയമം തൊടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന് മുമ്പ് യു.എസ് നീതിന്യായ വകുപ്പ് 2009-ല്‍ സി.ഐ.എ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായിരുന്നില്ല.
അതുപോലെ ഈ സെനറ്റ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും യു.എസ് രാഷ്ട്രീയ നേതൃത്വത്തെയോ സി.ഐ.എ ഉദ്യോഗസ്ഥരെയോ ദോഷകരമായി ബാധിക്കില്ലെന്നതാണ് വസ്തുത. യു.എസിന് മുന്നോട്ടുള്ള വഴിയില്‍ ഒരു പാഠമാകും റിപ്പോര്‍ട്ടെന്ന് മാത്രമാണ് പ്രസിഡന്റ് ഒബാമ പ്രതികരിച്ചിട്ടുള്ളത്. പീഢനമുറകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയതും പീഢന കേന്ദ്രങ്ങളുടെ അടച്ചു പൂട്ടലിന് നേതൃത്വം കൊടുത്തതും അദ്ദേഹമായിരുന്നു. പോരാത്തതിന് പല സെനറ്റ് മെംബര്‍മാരും സി.ഐ.എ തന്നെയും റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുമുണ്ട്.
കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവന പ്രകാരം- തങ്ങള്‍ നടത്തിയ രണ്ടു അന്വേഷണങ്ങളിലും മതിയായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടും പുതുതായി ഒന്നും നല്‍കുന്നില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്.
പീഡനത്തിന്റെ ഇരകള്‍
സെനറ്റ് റിപ്പോര്‍ട്ടില്‍ യു.എസ് സ്ഥാപിച്ച തടവുകേന്ദ്രങ്ങളുടെ പേരുകളോ സ്ഥലങ്ങളോ വ്യക്തമാക്കിയിട്ടില്ല. വിവിധ രാഷ്ട്രങ്ങളിലായി യു.എസിന് പത്ത് തടവുകേന്ദ്രങ്ങളുണ്ടായിരുന്നതായാണ്
വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. പോളണ്ട്, ലുത്വാനിയ, റൊമാനിയ, അഫാഗനിസ്ഥാന്‍ (4 കേന്ദ്രങ്ങള്‍) തായ്‍ലാന്റ്, ഹവാന ദ്വീപ് തുടങ്ങിയവയായിരുന്നു അവ.
119 തടവുകാരെയാണ് യു.എസ് ക്രൂരമായ പീഢനങ്ങള്‍ക്കിരയാക്കിയതെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇവരില്‍ അധിക പേരും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൌദി അറേബ്യ, സിറിയ പോലോത്ത വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതില്‍ തന്നെ ഭൂരിഭാഗം പേരും നിരപരാധികളുമായിരുന്നു. പല കാരണങ്ങളാല്‍ യു.എസ് സൈന്യത്തിന് മുന്നില്‍ പെട്ടവരായിരുന്നു ഇവര്‍. പ്രതികളെന്നു സംശയിക്കുന്നവരെ പാകിസ്ഥാനടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്ന് സി.ഐ.എ പണം നല്‍കി വാങ്ങിയാതാണെന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്. പണം കണ്ട് സ്വമേധയാ സൈന്യത്തിന് വഴങ്ങിക്കൊടുത്തതായും
നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയായിരിക്കാം യു.എസിന് പീഢനം വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ പോയതും.
തടവുകാരില്‍ കുറച്ച് പേര് കസ്റ്റഡിയില്‍ മരണപ്പെടുകയും മറ്റുള്ളവര്‍ മാരകമായ ശാരീരിക-മാനസിക പ്രശ്നങ്ങളോടെ ജീവിക്കാന്‍ വിധിക്കപ്പെടുകയുമായിരുന്ന. കടുത്ത പീഢനമുറകള്‍ പലരുടെയും മാനസിക നില തകരാറിലാക്കുകയും ശാരീരികമായ ആരോഗ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ കുറിച്ചും യു.എസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ അതിന് വഴികളൊന്നുമില്ലെങ്കിലും പീഢനം കുറ്റകൃത്യമാണെന്ന് വ്യക്തമായിരിക്കെ അത് രാജ്യത്തിന്റെ ശത്രുക്കളോടാണെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് വാദിക്കുന്നവരും ഉണ്ട്.
അന്വേഷണം ഫലം പുറത്ത് വന്നെങ്കിലും ഇനിയും യുദ്ധങ്ങളും രാജ്യരക്ഷയുടെ പേരില്‍ സമാനമായ പീഢനങ്ങളും അരങ്ങേറുക തന്നെ ചെയ്യുമെന്നതാണ് സത്യം. റിപ്പോര്‍ട്ട് വന്ന ദിവസവും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന ഗ്വണ്ടാനമോയില്‍ പീഡനം നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അഫ്ഗാനിലെയും മറ്റു തടവുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും ഭീകരതെക്കിരെ യു.എസ് യുദ്ധം നടത്തുന്ന കാലത്തോളം അവ മറ്റൊരു രൂപത്തില്‍ വേറൊറു സ്ഥലത്ത് തുറന്ന് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.
Leave A Comment