സംഘ്പരിവാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത്

ശക്തിപ്പെട്ടുവരുന്ന ഹിന്ദുത്വഭീകരത രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ് സമകാലിക സംഭവങ്ങള്‍. പശുഭീകരതയെത്തുടര്‍ന്നുള്ള കൊലകള്‍ രാജ്യത്ത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. കൊല ചെയ്യപ്പെടുന്നയാളുടെ കുടുംബം മാത്രം അതില്‍ വേദന സഹിക്കേണ്ടി വരുന്ന ഒരു തലത്തിലേക്ക് അത് ചുരുങ്ങി. ഔദ്യോഗികമായ ചര്‍ച്ചകളും പരിഹാര നടപടികളും എവിടെയും ഗൗരവത്തില്‍ നടക്കുന്നില്ല. സര്‍ക്കാറിന്റെ ഈയൊരു ലാഘവ മനസ്സാണ് വീണ്ടും വീണ്ടും സമാനമായ കൊലകള്‍ രാജ്യത്ത് നടമാകാന്‍ വഴിയൊരുക്കുന്നത്. 

കഴിഞ്ഞ ആഴ്ച്ച ഹരിയാനയില്‍ വധിക്കപ്പെട്ട ജുനൈദ് വെറുമൊരു പേരല്ല; മാനവിതക്കുനേരെ ഉയരുന്ന ചോരയില്‍ കുതിര്‍ന്ന ഒരു ചോദ്യചിഹ്നമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ത്തപ്പെട്ട വാള്‍. ഗൗരവത്തോടെ ഇക്കാര്യം രാജ്യത്ത് ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. സംഘികളെ കയറൂരി വിടുന്ന മോദി സര്‍ക്കാര്‍ നയം അവരുടെ പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കുക എന്നതിലപ്പുറം രാജ്യത്തിന്റെ മനസ്സാക്ഷിയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുക. 

മോദി ഭരണത്തിലേറിയതിനു ശേഷം രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില കൊലകളുടെ രീതിയും സ്വഭാവവും മാത്രം പരിശോധിച്ചാല്‍ മതി ഭരണകൂടം എത്രമാത്രം സംഘ്പരിവാര്‍ ഭീകരതയെ രാജ്യത്ത് പോത്സാഹിപ്പിക്കുന്നുവെന്ന് മനസ്സിലാക്കാന്‍. അന്വേഷിക്കുമ്പോള്‍ എല്ലാ സംഭവങ്ങളുമായും ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് സംഘിഫാസിസം ബന്ധപ്പെട്ടുനില്‍ക്കുന്നത് വ്യക്തമാണ്. ഇതുവരെ നടന്ന ചില സംഭവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. സെപ്തംബര്‍ 2015: വീട്ടില്‍ പശു മാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തി.

2. ഒക്ടോബര്‍ 2015: പതിനാറ് വയസ്സ് മാത്രമുള്ള സാഹിദ് റസൂല്‍ ബട്ടിനെ, ഉദം പൂരില്‍ വെച്ച് ട്രക്കിനു നേരേ ബോംബേറിഞ്ഞു കൊലപ്പെടുത്തി.

3. മാര്‍ച്ച് 2016: കന്നുകാലി കച്ചവടക്കാരാണെന്ന് ആരോപിച്ച് ലറ്റേഹറില്‍ മുഹമ്മദ് മജ്‌ലൂമിനേയും അസാദ് ഖാനേയും മരത്തില്‍ തൂക്കിക്കൊന്നു.

4. എപ്രില്‍ 2017: കന്നുകാലി കടത്തുന്നവരെന്ന് ആരോപിച്ച് ആസമില്‍ അബു ഹനീഫയേയും റിയാസുദ്ധീന്‍ അലിയേയും കൊലപ്പെടുത്തി.

5. എപ്രില്‍ 2017: കന്നുകാലി കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനായ പെഹലുഖാനേ അല്‍വാറില്‍ കൊലപ്പെടുത്തി.

6. മെയ്യ് 2017: ബുലന്ദേ ശ്വറില്‍ ഗുലാം മുഹമ്മദിനെ കൊലപ്പെടുത്തി.

7. മെയ്യ് 2017: മഹാരാഷ്ട്രയില്‍ മുസ്ലിം പോലീസുക്കാരനെ മര്‍ദിച്ച് 'ജയ് ഭവാനി' മുദ്രാവാക്യം വിളിപ്പിച്ചു.

8. മെയ്യ് 2017: മലേഗാവില്‍ പശു മാംസം സൂക്ഷിച്ചു എന്നാരോപിച്ച് രണ്ടു മുസ്ലിം കച്ചവടക്കാരെ മര്‍ദ്ദിച്ചു കൊല്ലാന്‍ ശ്രമിച്ചു.

9. മെയ്യ് 2017: ജാര്‍ഖണ്ഡില്‍ പശുക്കടത്ത് ആരോപിച്ച് നാലു യുവാക്കളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

10. ജൂണ്‍ 2017: കന്നുകാലികളെ. കടത്തുന്നു എന്നാരോപിച്ച് രാജസ്ഥാനിലെ ബാര്‍ മറില്‍ തമിഴ്‌നാട് സര്‍ക്കര്‍ വെറ്റിനറി ഉദ്യോഗസ്ഥരെ അക്രമിച്ചു.

11. ജൂണ്‍ 2017: പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കുന്നത് തടയാന്‍ ശ്രമിച്ച സഫര്‍ ഹുസൈനെ പ്രതാപ്ഗഢില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

12. ജൂണ്‍ 2017: കന്നുകാലി മോഷണം ആരോപിച്ച് ബംഗാളില്‍ നസിറുല്‍ ഹഖ്, മുഹമ്മദ് സമിറുദ്ധീന്‍, മുഹമ്മദ് നസീര്‍ എന്നീ മൂന്ന് ചെറുപ്പക്കാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

13. ജൂണ്‍ 2017: ജാര്‍ഖണ്ഡില്‍ 19 വയസ്സുക്കാരനായ സല്‍മാനെ പോലീസ് വീട്ടില്‍ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയി വെടിവെച്ചു കൊന്നു.

14. ജൂണ്‍ 2017: മംഗലാപുരത്ത്  ഓട്ടോ ഡ്രൈവര്‍ ആയ അഷ്‌റഫിനെ ഓട്ടം വിളിച്ചിട്ട് പോയി പിന്നിലിരുന്ന് സംഘികള്‍ കഴുത്തറുത്ത് കൊന്നു .

15. യു.പി യില്‍ 70 വയസുക്കാരന്‍ മുഹമ്മദ് യൂനുസിനെ പള്ളിക്കകത്തു കയറി വെടിവെച്ചു കൊലപ്പെടുത്തി.

16. 16 വയസുക്കാരനായ ജുനൈദിനെ ഹരിയാനയിലെ ട്രെയിനില്‍ വെച്ച് മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി.

17. ഡല്‍ഹിയില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് മൂ്ന്ന് മുസ്‌ലിം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ദുര്‍ഗ്ഗാപൂര്‍ ഗ്രാമത്തിലെ മുഹമ്മദ് നസ്‌റുദ്ദീന്‍, നസീറുല്‍ ഹഖ്, മുഹമ്മദ് സഹീറുദ്ദീന്‍ എന്നിവരാണ് വധിക്കപ്പെട്ടത്.

പിന്നെ, ഓരോ സംസ്ഥാനത്തും അറിയപ്പെടാത്ത നൂറുക്കണക്കിനു സംഭവങ്ങളും. കേരളത്തില്‍ മാത്രം ശഹീദുമാരായ ഫൈസല്‍, റിയാസ് മൗലവി, ഫഹദ്... തുടങ്ങി നീളുന്ന പട്ടിക. 

ഹിന്ദുത്വഫാസിസം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത് ഭരണഘടനകൊണ്ടുമാത്രമല്ല, മനുഷ്യത്വത്തിന്റെ നിഘണ്ടു ഉപയോഗിച്ചുപോലും നീതികരിക്കാന്‍ കഴിയാത്തതാണ്. മുസ്‌ലിം ഇഷ്യൂകള്‍ വരുമ്പോള്‍ (അത് അയഥാര്‍ത്ഥമാകുമ്പോള്‍ തന്നെ) അത് കൊണ്ടാടുകയും ഭീകരതയും തീവ്രതയുമായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നവര്‍തന്നെ സംഘ്പരിവാര്‍ ഭീകരതക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. യു.പി അടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഇത് കണ്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരെ രാജ്യത്തെ മനസ്സാക്ഷിയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍നിന്നെല്ലാം ഇതിനെതിരെ ശബ്ദവും പ്രതിഷേധവും ഉയരേണ്ടതുണ്ട്. ഫാസിസം മൗനത്തില്‍നിന്നും ഊര്‍ജം സ്വീകരിക്കുമ്പോള്‍ ഓര്‍മകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും കൈകോര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഇനിയും ശക്തിപ്പെടണം. അപ്പോഴേ ഇന്ത്യ ഇന്ത്യയാവൂ.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter