‘നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ എന്നും കേള്‍ക്കാമെന്നു കരുതുന്നത് വ്യാമോഹമല്ലേ’- കോട്ടുമല ടി.എം ബാപ്പു മുസ്‍ലിയാര്‍

‘സുപ്രഭാതം’ പ്രിന്‍റ്പതിപ്പ് പ്രകാശനം സപതംബര്‍ ഒന്നിന്; ജൂലൈ 31 ന് ഒാണ്‍ലൈന്‍ എഡിഷനും

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ 'സുപ്രഭാതം' ദിനപത്രം അടുത്തായി പ്രസിദ്ധീകരിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പത്രത്തിന്‍റെ പ്രിന്‍ററും പബ്ലിഷറുമായ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ പത്രത്തിന്‍റെ നയങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.

22-suprabhatham-dailyകേരളീയ മുസ്‍ലിംകളുടെ ആധികാരിക മത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മത്സരങ്ങള്‍ നിറഞ്ഞ മാധ്യമരംഗത്തേക്ക് വളരെ വൈകിയാണെങ്കിലും കടന്നുവരികയാണ്. എന്താണ് സമസ്ത ഇപ്പോള്‍ ഈ രംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?

ഇത് ഒരു സുപ്രഭാതത്തിലുണ്ടായ തീരുമാനമല്ല. വര്‍ഷങ്ങളായി നിരന്തരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്. മാധ്യമരംഗം മത്സരം നിറഞ്ഞതാണ്. ആരോഗ്യകരമായ മത്സരങ്ങള്‍ നല്ലതാണ്. അത് സമൂഹത്തിന് ഗുണം ചെയ്യും. അനാരോഗ്യകരമായ മത്സരത്തിന് സുപ്രഭാതം തയ്യാറല്ല. നമുക്ക് പറയാനുള്ളത് മറ്റുള്ളവരുടെ നാവിലൂടെ കേള്‍ക്കുമെന്നത് പലപ്പോഴും വ്യാമോഹമല്ലേ.

 

ദിനപത്രങ്ങളും സായാഹ്നപത്രങ്ങളും ഉച്ചപത്രങ്ങളുമായി പ്രിന്റിങ് മാധ്യമങ്ങള്‍ നിരവധിയും, അതിലേറെ അതിനൊക്കെ വെല്ലുവിളിയുയര്‍ത്തി വിഷ്വല്‍ മീഡിയ കണക്കില്ലാതെയും കൂണുപോലെ പൊട്ടിമുളക്കുന്ന ഈ കാലത്ത് എന്താണ് സമസ്തയുടെ പത്രത്തിന്റെ പ്രസക്തി? എന്താണ് സമസ്ത മുന്നോട്ടുവെക്കുന്ന മാധ്യമനയം?

അനീതിക്കെതിരെ പൊരുതാന്‍, സത്യം വളച്ചുകെട്ടില്ലാതെ വിളിച്ചുപറയാന്‍ ചങ്കൂറ്റംകാണിക്കുന്ന ഒരുപത്രത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന് സമസ്ത വിശ്വസിക്കുന്നു. ഇരകളുടെ പക്ഷം ചേരേണ്ടവര്‍ വേട്ടക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നത് ഞെട്ടലോടെ നമുക്ക് കാണേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സുപ്രഭാതത്തിനു സാധിക്കും.

 

ആഗസ്റ്റ് ഒന്നിന് മലയാളിയുടെ കൈകളിലെത്താനിരിക്കുകയാണ് നമ്മുടെ പത്രം. എവിടെയെത്തിയിട്ടുണ്ട് നമ്മുടെ ഒരുക്കങ്ങള്‍? എന്തു പുതിയ ടെക്‌നോളജിയാണ് മറ്റു മാധ്യമങ്ങളില്‍ നിന്ന് വേറിട്ട് നാം പരീക്ഷിക്കാനിരിക്കുന്നത്?

ഒാഗസ്റ്റ് ഒന്നിന് മലയാളിയുടെ വിരല്‍തുമ്പിലെത്തും സുപ്രഭാതം. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സുപ്രഭാതം ഒാണ്‍ലൈന്‍ എഡിഷന്‍ ജൂലൈ മുപ്പത്തൊന്നിന് ആരംഭിക്കും. പത്രം ആരംഭിക്കുന്നത് സപ്തംബര്‍ ഒന്നിനാണ്. ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി സര്‍ക്കുലേഷന് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സുപ്രഭാതത്തിനു ലഭിച്ചു. കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് മലയാളികള്‍ സുപ്രഭാതത്തെ വരവേല്ക്കാന്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് നല്ലൊരു പത്രം കൊടുക്കാമെന്ന വിശ്വാസത്തിലാണ്. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും കണക്കുകൂട്ടലുകള്‌‍ തെറ്റിച്ച കോപികളുടെ വര്‍ധനവുമാണ് പ്രതീക്ഷിച്ചതിലും വൈകി പുറത്തിറക്കേണ്ടി വരുന്നതിനു കാരണം. ഏറ്റവും ആധുനികമായ ന്യൂസ്റാപ്പ് എന്ന സാങ്കേതികവിദ്യയാണ് നമ്മള്‍ സ്വീകരിക്കുന്നത്. അരക്കോടി രൂപയോളം ചെലവഴിച്ച് പുതിയൊരു സോഫ്റ്റ്‍വെയര്‍ സ്ഥാപിച്ചുകഴിഞ്ഞു.

 

വരിക്കാരുടെ എണ്ണത്തില്‍ മലയാള മാധ്യമരംഗത്ത് മൂന്നാം സ്ഥാനത്താണ് സുപ്രഭാതമെന്ന് കേള്‍ക്കുന്നുണ്ട്. വളരെ ശുഭകരമായ വാര്‍ത്തയാണത്. പ്രത്യേകിച്ചും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന നിലക്ക് പ്രസിദ്ധീകരണത്തിനു മുമ്പെ മറ്റേതൊരു പത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോഡാണത്.

വരിക്കാരുടെ എണ്ണത്തില്‍ മാത്രമല്ല. റെക്കോര്‍ഡുകള്‍ വേറെയും ഒരുപാടുണ്ട്. ആറ് എഡിഷനുകള്‍ ഒരുമിച്ച് ആരംഭിക്കുക എന്നതും ചെറിയ കാര്യമല്ല. കേരളത്തിലല്ല, ഇന്ത്യയില്‍ തന്നെ ആരാണ് ഈ പരീക്ഷണത്തിന് തയ്യാറാകുക. സമസ്തയുടെ വലിയ നെറ്റ്‍വര്‍ക്ക് തന്നെയാണ് ഇത്രയേറെ വരിക്കാരെ നേടാന്‍‍ നമ്മെ സഹായിച്ചത്.

 

KOTTUMAL BAPPU MUSLIYARഒരു മാധ്യമമെപ്പോഴും അഡ്രസ് ചെയ്യേണ്ടത് പൊതുസമൂഹത്തെയാണ്. നേരത്തെ പറഞ്ഞപോലെ കാക്കത്തൊള്ളായിരം പത്രമാസികകള്‍ പുറത്തിറങ്ങു നാട്ടില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം പോന്ന എന്തു വ്യത്യസ്തതയാണ് പത്രത്തിനുണ്ടാവുക?

തീര്‍ച്ചയായും ഒരു പൊതുസമൂഹത്തെത്തന്നെയാണ് ഞങ്ങളും അഭിമുഖീകരിക്കുക. സമസ്തയുടെ നിയന്ത്രണത്തില്‍ ഒരു നല്ല പൊതുപത്രം എന്നതാണ് ലക്ഷ്യം. വ്യത്യസ്തതകള്‍ ഒരുപാടുണ്ട്. എല്ലാം കാത്തിരുന്ന് കാണുന്നതാണ് നല്ലത്.

 

സംഘടനാപരമായ വാര്‍ത്തകള്‍ക്കും വിഭാഗീയ ചര്‍ച്ചകള്‍ക്കുമായിരിക്കും സുപ്രഭാതത്തില്‍ മുന്‍ഗണന എന്ന നിലക്കൊരു മുന്‍വായന പലരും നടത്തുന്നുണ്ട്.

മുന്‍വായന ആര്‍ക്കുമാവാം. അല്‍പം കൂടി കാത്തിരിക്കാം.

 

ദൃശ്യമാധ്യമ രംഗത്ത് പത്രത്തിനു മുമ്പേ സമസ്തയുടെ ലേബലില്‍ കടന്നുവന്ന ദര്‍ശനാ ചാനലിനെ പെട്ടെന്നു തന്നെ സമസ്ത കൈവിടുകയുണ്ടായി. സംഘടനാ രംഗത്ത് സമസ്തയെ സംബന്ധിച്ചേടത്തോളം കൈപ്പുനിറഞ്ഞതായിരുന്നു ദര്‍ശനാനൂഭവം. വിപണിതന്ത്രങ്ങളും ഉപഭോഗമത്സരങ്ങളും നിറഞ്ഞൊരു രംഗത്ത് പിടിച്ചുനില്‍ക്കാനുളള തന്ത്രമായിരുന്നു സത്യത്തില്‍ ദര്‍ശന ചെയ്തത്. ദര്‍ശനാനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് സുപ്രഭാതത്തിന്റെ ഭാവിയെയും വായിക്കുന്നുണ്ട് വിമര്‍ശകര്‍. സത്യത്തില്‍ വിപണിനിയന്ത്രിക്കുന്ന മാധ്യമരംഗത്ത് പിടിച്ചുനില്‍ക്കാനുള്ള എന്തു തന്ത്രമാണ് സമസ്തയുടെ അടുത്തുള്ളത് ?

ദര്‍ശനയല്ല സുപ്രഭാതം. സുപ്രഭാതം തുടങ്ങാനുള്ള തീരുമാനം സമസ്ത മുശാവറയുടേതായിരുന്നു.

 

പരസ്യങ്ങള്‍. എന്തുപറഞ്ഞാലും മാധ്യമങ്ങളുടെ ജീവവായു അതാണ്. ആക്ഷേപങ്ങള്‍ വരാനിടയുളള പരസ്യമേഖലയില്‍ എന്തായിരിക്കും നമ്മുടെ പോളിസി?

പരസ്യങ്ങള്‍ തന്നെയാണ് ജീവവായു എന്നത് സത്യം. പോളിസി പ്രവര്‍ത്തനത്തിലൂടെ വ്യക്തമാക്കാം.

 

പൊതുവിഷയങ്ങളോട് വളരെ വൈകിമാത്രം, ഏറെ പഠിച്ചുമാത്രം പ്രതികരിക്കുന്ന പ്രസഥാനമാണ് സമസ്ത. അത് സമസ്തയുടെ ക്വാളിറ്റിയായിട്ടുമാണ് പൊതുവെ പലരും എണ്ണാറ്. ദിനംപ്രതി, നിമിഷംപ്രതി മാറിമറിയുന്ന സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളോട് ഒരു പത്രമെന്ന നിലക്ക് പ്രതികരിക്കാന്‍ സമസ്ത ബുദ്ധിമുട്ടുമെന്നൊരു ആക്ഷേപമുണ്ട്. പത്രാധിപരും സമസ്ത സെക്രട്ടറിയുമെന്ന നിലക്ക് താങ്കള്‍ എങ്ങനെ ഇതിനോട് പ്രതികരിക്കുന്നു?

തീര്‍ച്ചയായും എടുത്തുചാടി പ്രതികരിക്കുന്നത് നമ്മുടെ രീതിയല്ല. വികാരമാവില്ല വിവേകമാവും നമ്മെ നയിക്കുക. കണ്ണടച്ച് ആരെയും എതിര്‍ക്കാനോ അനുകൂലിക്കാനോ സുപ്രഭാതമുണ്ടാകില്ല. ഒരു കാര്യം ഉറപ്പിച്ചുപറയുന്നു, സുപ്രഭാതം എന്നും ജനപക്ഷത്തായിരിക്കും.

 

മൗലാനാ പറവണ്ണ ഉസ്താദ്, കെ.വി ഉസ്താദ്, കെ.ടി മാനു മുസ്ലിയാര്‍ തുടങ്ങിയ സമ്പമായൊരു നിരതന്നെ സുന്നി സാഹിത്യ തറവാട്ടിനുണ്ടായിരുന്നു. ഇപ്പൊ ഒരു പത്രമൊക്കെ തുടങ്ങുന്ന വേളയില്‍ ആ രംഗത്ത് നമ്മുടെ കുറവ് അനുഭവപ്പെടുന്നുണ്ടോ? സാങ്കേതികമായി തികവുള്ള പ്രഫഷണലുകളുടെ അപര്യാപ്തത നമുക്കുണ്ട് എന്ന തോന്നലുണ്ടോ? അതിനെ മറികടക്കാന്‍ മീഡിയാ സ്‌കൂളുകള്‍ പോലെയുള്ള എന്തെങ്കിലും പ്രൊജക്ടുകളുണ്ടോ ?

സമ്പന്നമായ ഒരു പാരമ്പര്യം സാഹിത്യരംഗത്തും സമസ്തക്കുണ്ടായിരുന്നു. അതാണ് ഞങ്ങളുടെ ശക്തി, ആവേശം. ഇപ്പോഴും മിടുക്കരായ ഒട്ടേറെ പേര്‍ രംഗത്തുണ്ട്. കഴിവുറ്റ പ്രൊഫഷണലുകള്‍ കേരളത്തിലെ എല്ലാ പത്രങ്ങളില്‍ നിന്നും സുപ്രഭാതത്തിലെത്തിയിട്ടുണ്ട്. കൊള്ളാവുന്ന ഒരു ടീമിനെ തിരഞ്ഞെടുത്ത് അവര്‍ക്ക് മൂന്നു മാസത്തെ കോച്ചിങ് നല്‍കി വാര്‍ത്തെടുത്തിട്ടുമുണ്ട്. മീഡിയാ സ്കൂളോ ജേണലിസം കോഴ്സോ ആലോചിക്കാം. കേരളത്തിലെ ഒട്ടേറെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പുറത്തുവന്നവരില്‍ കൊള്ളാവുന്നവരെ നമുക്ക് സ്വീകരിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter