ഗോ വാദികള്‍ മുഹമ്മദ് അയ്യൂബിനെയും കൊല ചെയ്തിരിക്കുന്നു!
ayub-brutal-killingഗുജറാത്തിന്റെ തലസ്ഥാനമായ അഹ്മദാബാദില്‍ പശു വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ഗോരക്ഷകരുടെ മര്‍ദനമേറ്റ് ഒരു മുസ്‌ലിം വധിക്കപ്പെട്ടിരിക്കുന്നു. 25 കാരനായ മുഹമ്മദ് അയ്യൂബാണ് കഴിഞ്ഞ വെള്ളിയാഴ്ച അഹ്മദാബാദിലെ മുന്‍സിപ്പല്‍ വിഎസ് ഹോസ്പിറ്റലില്‍ അതിദാരുണമായി അന്ത്യശ്വാസം വലിച്ചത്. സെപ്തംബര്‍ 13 ന് കാലികളുമായി വാഹനത്തില്‍ പോവുകയായിരുന്ന അയ്യൂബിനെ അജ്ഞാതര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവത്രെ. പശുവിഷയവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരുന്ന ദലിത് പ്രക്ഷോപക്ഷങ്ങള്‍ അവസാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കെയാണ് ഗുജറാത്തില്‍തന്നെ ഇന്ത്യന്‍ ജനതയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ദലിതുകളെ പ്രീണിപ്പിക്കാന്‍ നരേന്ദ്ര മോദി പ്രസ്താവനകളിറക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങുകയും ചെയ്തിട്ട് കാലം ഏറെയായിട്ടില്ല. അപ്പോഴേക്കും മോദിയുടെ മൂക്കിനു താഴെ വീണ്ടും ഗോരക്ഷകരെന്ന മനുഷ്യ ദ്രോഹികളുടെ വിളയാട്ടം അരങ്ങേറിയിരിക്കുന്നു. കാലികളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന അയ്യൂബിനെ കാലികളെ അറുക്കാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് അക്രമകാരികള്‍ ഈ കൊടും ചെയ്തിക്ക് തയ്യാറായിരിക്കുന്നത്. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത കാടത്തമാണിത്. ഗോരക്ഷകരെന്ന സ്വയം പ്രഖ്യാപിത നാമത്തിനു പിന്നില്‍നിന്ന് ഹിന്ദുത്വ കളിക്കുകയാണ് ഈ വിഭാഗം. ഭരണകൂടത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണ ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. പശുവുമായി ബന്ധപ്പെട്ടു മുമ്പു നടന്ന ആക്രമണ വിഷയത്തില്‍ ദലിതുകളുമായി മാത്രം ബന്ധപ്പെടുത്തി മോദി പ്രസ്താവന നടത്തിയിരുന്നു. മുസ്‌ലിംകളെ ഒഴിവാക്കിക്കൊണ്ടാണ് അന്ന് അദ്ദേഹം സംസാരിച്ചിരുന്നത്. പശുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവരോട് ചെയ്ത അനീതികള്‍ക്കെതിരെ സംസാരിക്കാനോ അതില്‍ കുമ്പസരിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. കൊലകളും ആക്രമണവും മുസ്‌ലിംകള്‍ക്കെതിരെ ഇനിയും ആവര്‍ത്തിക്കുമെന്ന തോന്നലുകള്‍ ഈ പ്രസ്താവന നേരത്തെ ബാക്കിവെച്ചിരുന്നു. അത്തരം ചര്‍ച്ചകളും നിരീക്ഷണങ്ങളും വ്യാപകമായും നടക്കുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ തന്നെ മുഹമ്മദ് അയ്യൂബിന്റെ ദാരുണമായ കൊല നടക്കുമ്പോള്‍ മോദിയുടെ പ്രസ്താവനക്കു പിന്നിലെ ധ്വനി ഇവിടെ സത്യമായി പിറന്നിരിക്കയാണ്. ഇനിയും അയ്യൂബുമാര്‍ ആവര്‍ത്തിക്കും എന്നുതന്നെയാണ് പിന്നീട് അധികൃധരുടെ ഭാഗത്തുനിന്നുമുണ്ടായ സമീപനങ്ങളും വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കോ ദലിതുകള്‍ക്കോ കാലികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ പറ്റില്ലെന്ന നിയമമുണ്ടോ? കാലികളെ അറുക്കാന്‍ പറ്റില്ലെന്ന നിയമമുണ്ടോ? ഇന്ത്യയില്‍നിന്ന് കാലി മാംസം ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്നത് ഹിന്ദു കമ്പനികളാണെന്ന് തെളിവുകള്‍ പറയുമ്പോഴാണ് ഗോരക്ഷകരുടെ വിരോധാഭാസപരമായ ഇത്തരം വിളയാട്ടങ്ങള്‍ നടക്കുന്നതും. ആളുകള്‍ക്കിടയില്‍ മത വികാരങ്ങള്‍ ഇളക്കിവിട്ട് രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഇത്തരം കൊലവിളികള്‍ അരങ്ങേറുന്നത് എന്നതാണ് സത്യം. ഇവര്‍ക്കാവട്ടെ എല്ലാവിധ നിയമ സഹായവും ബന്ധപ്പെട്ടവര്‍ ചെയ്തുകൊടുക്കുന്നു. ഇന്ത്യയുടെ മതേതരത്വ സങ്കല്‍പമാണ് ഇവിടെ തകിടം മറിയുന്നത്. മുഹമ്മദ് അയ്യൂബിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബം ഡെഡ് ബോഡി സ്വീകരിക്കാതെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പക്ഷെ, പറയത്തക്ക പുരോഗതിയൊന്നും അന്വേഷണവിഷയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വലിയ അജന്‍ഡയുടെ ഭാഗയിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്നതുകൊണ്ടുതന്നെ നിയമ പാലകര്‍പോലും മോദിയുടെ നാട്ടില്‍ സമാനമായ കേസുകളെ നിസ്സാരമായി തള്ളുകയാണ് ചെയ്യുന്നത്. വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter