പ്രബുദ്ധ കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിനി തട്ടമിടാന്‍ സമരം നടത്തുന്നത് നിങ്ങളറിഞ്ഞിട്ടുണ്ടോ?
സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ബഹുമാനപ്പെട്ട ഇന്ത്യന്‍ ഭരഘടന മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും പിന്തുടരാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമായി വിഭാവനം ചെയ്തിട്ടും അത് അംഗീകരിച്ചു കൊടുക്കാന്‍ 'ഉത്തരവാദിത്തപ്പെട്ട' കസേരകളില്‍ ഇരിക്കുന്ന പലര്‍ക്കും ഇന്നും മനസ്സില്ല.
വ്യക്തി സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്രത്തിനും മേല്‍ വെല്ലുവിളിയുയര്‍ത്തുന്ന ഗുരുതരമായ അവകാശ ലംഘനമാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അഞ്ചര വര്‍ഷം കഷ്ടപ്പെട്ട് പഠിച്ചു നേടിയ ഡോക്ടര്‍ ബിരുദത്തിനു ശേഷം പ്രാക്ടീസ് ചെയ്യാനുള്ള റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതെ Dr. Asiya Ibraheem എന്ന പെണ്‍കുട്ടിയെ നാലര മാസത്തോളമായി വട്ടം കറക്കുകയാണ് മെഡിക്കല്‍ കൗണ്‍സില്‍.
അതിനുള്ള കാരണം തന്റെ മത വിശ്വാസം അനുശാസിക്കുന്ന രീതിയില്‍ തലമറക്കുന്ന വസ്ത്രം ധരിക്കുന്നതും.
അപേക്ഷയിലെ ഫോട്ടോ reject ചെയ്തുകൊണ്ട്, കഴുത്തും ചെവിയും കാണുന്ന രീതിയില്‍ ഉള്ള പുതിയ ഫോട്ടോ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കൂടെ പഠിച്ച മറ്റു മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ വിശ്വാസം അടിയറവു വെച്ച് പുതിയ ഫോട്ടോ നല്‍കി സര്‍ട്ടിഫിക്കറ്റു വാങ്ങിയപ്പോള്‍ ആസിയ തന്റെ വിശ്വാസത്തിനു പ്രാധാന്യം നല്‍കി.
ആരുടേയും ഔദാര്യമല്ല ഈ പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. ഭരഘടന പൗരന് നല്‍കുന്ന അവകാശം മാത്രമാണ്.!
പാസ്‌പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവക്കുള്ള അപേക്ഷയില്‍ പോലും ഹിജാബ് അനുവദിക്കപ്പെടുമ്പോഴും, 'മതപരമായ കാരണം കൊണ്ട് തലമറക്കുന്നത് അനുവദിക്കുന്നു' എന്ന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഫോട്ടോക്കുള്ള നിര്‍ദേശങ്ങളില്‍
(http://www.medicalcouncil.kerala.gov.in/images/tcmc2014/photo.pdf)
മെഡിക്കല്‍ കൗണ്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോഴുമാണ് ഈ നടപടി.. അതില്‍ എവിടെയും ചെവിയും കഴുത്തും കാണിക്കാന്‍ ആവശ്യപ്പെടുന്നുമില്ല. നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലാതെ ഉദ്യോഗസ്ഥരുടെ ഇത്തരം നിര്‍ദേശങ്ങള്‍ ഹനിക്കുന്നത് ഒരു വ്യക്തയുടെ മാത്രമല്ല, വലിയ ഒരു സമൂഹത്തിന്റെ വ്യക്തിത്വം കൂടിയാണ്.
ഒരു 'കാറ്റഗറി' എന്ന നിലയിലല്ലാതെ ഇസ്ലാം എന്തെന്ന് മനസ്സിലാക്കാത്തവര്‍ക്ക് ഇത്തരം വിഷയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവാം. അവര്‍ക്ക് വിശ്വാസം എന്നത് കേവലം ഭൗതികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി compromise ചെയ്യാനുള്ള ഒന്ന് മാത്രമാവാം. പക്ഷെ, ഹൃദയത്തില്‍ അത് ഉള്‍ക്കൊണ്ടവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല.
30 ദിവസത്തിനകം രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് 2012 -ലെ സര്‍ക്കാര്‍ സേവന ആക്ട് അനുശാസിക്കുമ്പോഴും
(http://www.medicalcouncil.kerala.gov.in/images/tcmc2014/11.pdf)
2016 September മുതല്‍ 2017 January വരെ നാല്ആ മാസം പിന്നിട്ടിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കൊണ്ട് അപേക്ഷ പരിഗണിക്കാതിരിക്കുന്നു. കൃത്യമായ മറുപടി പോലും ഫോണില്‍ ബന്ധപ്പെടുമ്പോള്‍ നല്‍കുന്നില്ല. വ്യക്തമായ കാര്യകാരണം എഴുതി നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാവുന്നുമില്ല.
നാല് കോളം പത്രക്കുറിപ്പോടെ ചില മാധ്യമങ്ങള്‍ എങ്കിലും ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് എന്ത് നടന്നുവെന്നത് വാര്‍ത്താ പ്രാധാന്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട് അവരും കൈവെടിഞ്ഞു.
സ്വാതന്ത്ര്യവും സമത്വവും ജനാധിപത്യവും സോഷ്യലിസവും ഉറക്കെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയവും തിരിഞ്ഞു നോക്കിയില്ല. അടിച്ചേല്‍പ്പിക്കുന്ന മതനിയമങ്ങള്‍ മൂലം നഷ്ടപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചവരെ ആരെയും രാഷ്ട്രം പൗരന് ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം പരസ്യമായി നിഷേധിക്കുന്നത് ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്നില്ല.
'മതം' ചര്‍ച്ചയാവുമെന്നു കരുതി മതേതരപാര്‍ട്ടികള്‍ എന്നവകാശപ്പെടുന്നവരും മുന്നോട്ടു വന്നില്ല.
എല്ലാവരും പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍,
ഏതാനും ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ബലിയാടാവുന്നതു ഒരു വിദ്യാര്‍ഥിനിയുടെ ഭാവിയാണ്. കടലാസു കഷ്ണങ്ങളാല്‍ പന്താടപ്പെടുന്നത് അഞ്ചര വര്‍ഷത്തെ സ്വപ്നങ്ങളോടാണ്. ചോദ്യം ചെയ്യപ്പെടുന്നത് ഒരു സമുദായത്തിന്റെ വിശ്വാസത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വമാണ്.
ജനാധിപത്യത്തിന്റെയും അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കസേര കയ്യാളുന്നവര്‍ക്ക് , ഒരു പാട് മനുഷ്യജീവന് അത്താണിയാകാവുന്ന ഒരു ഡോക്ടറെ സഹായിക്കാന്‍ മനസ്സുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് സാധാരണക്കാരായ നമുക്ക് കഴിയുക.
ഉറക്കം വെടിഞ്ഞുകൊണ്ട് രാഷ്ത്രീയ നേതൃത്വവും ദുരഭിമാനം വെടിഞ്ഞു കൊണ്ട് ഉദ്യോഗസ്ഥരും, ഇതൊക്കെ കണ്ടില്ലെന്നുള്ള നടനം മതിയാക്കി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മുന്നോട്ട് വന്നിരുന്നെങ്കില്‍.?
നിങ്ങളുടെ മൗനം തീര്‍ച്ചയായും വളര്‍ന്നു വരുന്ന ഒരു തലമുറ കാണുന്നുണ്ട്. നാളെ അവര്‍ക്കു മുന്നില്‍ നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരിക തന്നെ ചെയ്യും.
Leave A Comment