വേറിട്ടുനില്‍ക്കാന്‍ കര്‍മശാസ്ത്രം പൊളിച്ചെഴുതണോ ?
jur'മുഖ്യധാര' ത്രൈമാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹ്മാന്റെ അഭിമുഖവും റിപ്പോര്‍ട്ടര്‍ ചാനലിലും ഇന്നലെ സ്വന്തം പത്രത്തിലും അദ്ദേഹം നല്‍കിയ വിശദീകരണവും ശ്രദ്ധിച്ചാല്‍ വിശുദ്ധ ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമായ ചില അഭിപ്രായ പ്രകടനങ്ങള്‍ പണ്ഡിതനായ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് ബോധ്യപ്പെടും. ജമാഅത്തെ ഇസലാമിയടക്കം എല്ലാ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ അദ്ദേഹം നേരിട്ട വിമര്‍ശനങ്ങള്‍ കൊണ്ടായിരിക്കണം ഇന്നലത്തെ വിശദീകരണം. പ്രത്യേകിച്ച് ഒരു പ്രസ്ഥാനത്തോടും പ്രതിബദ്ധതയില്ലാത്തതിനാല്‍ നമുക്ക് അദ്ദേഹത്തെ വെറുതെ വിടാം. ഏക സിവില്‍കോഡ് അടക്കം ഒട്ടേറെ വിഷയങ്ങള്‍ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഫിഖ്ഹിനെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗുരുതരമാണന്നെതിനാല്‍ ഒരു വിശദീകരണം അനിവാര്യമാണെന്ന് തോന്നുന്നു. ഫിഖ്ഹ് പ്രവാചകരുടേയും ഖുലഫാഉര്‍റാശിദുകളുടേയും കാലശേഷമാണ് രൂപപ്പെട്ടത്. എന്നാണ് ഒന്നാമത്തെ വാദം. ഇത് ഒട്ടും ശരിയല്ല, എങ്ങനെ മതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നതാണ് ഫിഖ്ഹിലെ ചര്‍ച്ചാ വിഷയം. ഇത് നേരത്തെ തന്നെ ഇസ്‌ലാമിക ലോകത്ത് വ്യാപമായിരുന്നു. ആദ്യ കാലത്ത് തന്നെ ഒരു വിഷയത്തില്‍ ഒട്ടേറെ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഇസ്‌ലാമില്‍ ആത്മീയം, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, ഇങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖകളുണ്ട്. ഇവയെല്ലാം ഫിഖ്ഹിനെ പോലെ പ്രവാചക കാലശേഷമാണ് ജ്ഞാന ശാഖകളായി രൂപപ്പെട്ടത്. രാജാക്കന്മാരുടെ കാലത്ത് ഇജ്തിഹാദിലൂടെയോ അല്ലാതെയോ പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയ പല കര്‍മശാസ്ത്ര പ്രശ്‌നങ്ങളും അസംബന്ധങ്ങളായിരുന്നുവെന്നാണ് മറ്റൊരു വാദം. ഭരണകൂട താത്പര്യങ്ങള്‍ക്കനുസരിച്ചാണ് പൂര്‍വ്വ കാല പണ്ഡിതര്‍ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ രചിച്ചത് എന്നതാണ് ഈ പരാമര്‍ശത്തിന്റെ ധ്വനി. ആരൊക്കെയാണ് അങ്ങനെ ഗ്രന്ഥ രചന നടത്തിയത് , ഏതൊക്കെ മസ്അലകളില്‍ എന്ന് കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. തീര്‍ത്തും യുക്തിവിരുദ്ധമായ വാദമാണിത്. ഖുര്‍ആനും സുന്നത്തുമാണ് ഫിഖ്ഹിന്റെ പ്രധാന അവലംബങ്ങള്‍, ഫത്‌വ നല്‍ക്കുന്നിടത്ത് ചിലപ്പോള്‍ ചില സ്വാധീനങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഫത്‌വാ സമാഹാരങ്ങള്‍ ഫിഖ്ഹില്‍ ആധികാരിക സ്രോതസ്സായി പരിഗണിക്കപ്പെടുന്നില്ല. ഇന്നു നിലവിലുള്ള നാലു മദ്ഹബിന്റെ ഇമാമുമാരും ഭരണാധികാരികളുമായി ഇടഞ്ഞു നിന്നവരോ അവരുടെ പീഡനത്തിനു വിധേയരായവരോ ആയിരുന്നു. ഐ.പി.എച്ച് തന്നെ പ്രസിദ്ധീകരിച്ച ഇമാമുമാരുടെ ചരിത്രം തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവരുടെ ശിഷ്യരും അനുയായികളുമായി പില്‍ക്കാലത്ത് വന്ന പ്രമുഖ ഫുഖഹാക്കളാവട്ടെ ഭൗതിക സുഖ സൗകര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ഭരണകൂടത്തോട് അകലം പാലിക്കുകയും ചെയ്തവരാണ്. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി (റ) വിവാഹം പോലും കഴിക്കാന്‍ മറന്നുപോയ ഭൗതിക പരിത്യാഗിയായിരുന്നു. ഫിഖ്ഹ് സ്ത്രീയെ പുരുഷന്റെ അടിമയാക്കുന്നുവെന്നാണ് അബ്ദുറഹ്മാന്‍ സാഹിബ് വാദിക്കുന്നത്. ഇസ് ലാം സ്ത്രീ വിരുദ്ധമാണ് എന്നത് ഇന്ന് വ്യാപമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാദമാണ്. ഇതിന് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാരണങ്ങളാവട്ടെ ഫിഖ്ഹുമായിട്ടല്ല ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളുമായിട്ടാണ് ബന്ധപ്പെടുന്നത്. ഭര്‍ത്താവിനെ അനുസരിക്കല്‍, സമ്മതമില്ലാതെ പുറത്തുപോകല്‍, വീട്ടില്‍ ഒതുങ്ങിക്കഴിയല്‍, പരപുരുഷന്മാരായി ഇടകലരല്‍, സ്ത്രീ നേതൃത്തത്തില്‍ വരല്‍, തുടങ്ങിയത് ഉദാഹരണം. സ്ത്രീ പള്ളി പ്രവേശം പോലും ഫിഖ്ഹ് ചര്‍ച്ച ചെയ്യുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ഫിഖ്ഹിനേക്കാള്‍ സ്ത്രീ വിരുദ്ധം ഖുര്‍ആനും സുന്നത്തുമാണെന്ന് പറയുമോ? സ്ത്രീത്വത്തിന്റെ അന്തസ്സ് ഏറ്റവും കൂടുതല്‍ വകവെച്ച് നല്‍കുന്നത് ഫിഖ്ഹീ ഗ്രന്ഥങ്ങളാണെന്ന് പറയാനാകും.കര്‍മ ശാസ്ത്ര നിയമങ്ങള്‍ അനുസരിച്ച് സ്ത്രീക്ക് പുരുഷനോടുള്ള കടപ്പാട് വഴിപ്പെടല്‍ മാത്രമാണ്. വസ്ത്രമലക്കല്‍, പാചകം, കുട്ടികളെ വളര്‍ത്തല്‍ മുലയൂട്ടല്‍, ഒന്നും ഒരു സ്ത്രീക്കും നിര്‍ബന്ധ ബാധ്യതയല്ല. ഇവക്ക് വേണമെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് കൂലി ഈടാക്കാവുന്നതാണ്. ''പണ്ഡിതന്മാര്‍ എന്നാല്‍ ഫുഖഹാക്കള്‍ എന്നത് ശരിയല്ല. ഇസ്‌ലാമില്‍ വേറെയും വിജ്ഞാന ശാഖകളുണ്ട്'. ഇതാണ് മറ്റൊരു ജല്‍പനം. കേരളീയ സാഹചര്യത്തില്‍ ഫിഖ്ഹിന് വലിയ പ്രാധാന്യമുണ്ടെന്നത് ശരിയാണ്. അതു കൊണ്ട് മറ്റു വിജ്ഞാന ശാഖകളുടെ പ്രാധാന്യം കുറയുന്നില്ല. ഉത്തരേന്ത്യയിലേക്ക് ചെന്നാല്‍ അവിടെ ഹദീസിനാണ് പ്രാധാന്യം. ഇതൊരു പ്രശ്‌നമായി കാണേണ്ട കാര്യമേയില്ല. നമ്മുടെ നാട്ടിലെ ദര്‍സ്, അറബിക് കോളേജ് സിലബസുകളില്‍ മറ്റു ജ്ഞാനശാഖകളും പ്രാധാന്യപൂര്‍വ്വം പഠിപ്പിക്കപ്പെടുന്നു. കേരളത്തിലെ അറിയപ്പെട്ട പണ്ഡിതരല്ലൊം മറ്റു വിജ്ഞാന ശാഖകളിലും സാമാന്യം അറിവു നേടിയവരായിരുന്നു.ശാഫിഈ കര്‍മശാസ്ത്രത്തിലെ ആധികാരിക പണ്ഡിതനായ ഇമാം ഗസാലി തന്നെയാണ് ഇഹ് യാ ഉലൂമുദ്ദീന്‍ അടക്കം നൂറുകണക്കിന് വിഷയങ്ങളില്‍ ഗ്രന്ഥ രചന നടത്തിയത്. ഫിഖ്ഹില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ധാരാളമുള്ളതിനാല്‍ അതില്‍ നിന്ന് ഖുര്‍ആനുമായി യോജിച്ചത് കണ്ടെത്തുക പ്രയാസമാണന്നാണ് മറ്റൊരു പരാതി. മുസ്‌ലിം ലോകത്തെ ഒന്നിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ച വിജ്ഞാന ശാഖയാണ് ഫിഖ്ഹ്. അത് അഭിപ്രായ വ്യത്യാസവും ഭിന്നിപ്പും കൂട്ടുകയല്ല മദ്ഹബുകളിലൂടെ മനസ്സുകളെ സമന്വയിപ്പിക്കുകയാണ് ചെയ്തത്. ഖുര്‍ആനും ഹദീസും മാത്രം അവലംബിച്ചാല്‍ മുസ് ലിം ലോകത്തെ അഭിപ്രായാന്തരങ്ങള്‍ അവസാനിക്കുമെങ്കില്‍ ആദ്യ കാലത്ത് സഹാബികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഖുര്‍ആന്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ള ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടത്. 'അല്‍-കൗസര്‍' എന്ന പദത്തിന് 40ലധികം വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. ഹദീസിലും കാണാം പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങള്‍. ഇമാം മാലിക് (റ) ന്റെ മുവത്വയില്‍ പ്രവാചകര്‍ (സ) നിന്ന് മൂത്രമൊഴിച്ചെന്നും ഇല്ലെന്നും രണ്ട് വാദങ്ങളുണ്ട്. ഇങ്ങനെ ഒട്ടേറെ വിഷയങ്ങള്‍. ബഹുഭാരത്വത്തെ കുറിച്ച് പറയുമ്പോള്‍ ഫിഖ്ഹ് നീതിയെ കുറിച്ച് പറയുന്നില്ല എന്നതാണ് മറ്റൊരബദ്ധം. സത്യത്തില്‍ ബഹുഭാരത്വം ഫിഖ്ഹില്‍ അടിസ്ഥാന ചര്‍ച്ചയേ അല്ല. ഖുര്‍ആനിലെ ആയത്തുകളിലും ചരിത്രത്തിലുമാണ് ബഹുഭാരത്വം ചര്‍ച്ചചെയ്യുന്നത്. ഇല്ലെന്നു പറഞ്ഞ നീതിയെ ക്കുറിച്ചു മാത്രമാണ് ഫിഖ്ഹിന്റെ ചര്‍ച്ച (തുഹ്ഫ ഖസ്മ് നുസൂസിന്റെ അധ്യായം നോക്കുക) നീതി പാലിച്ചുകൊണ്ട് ഒന്നിലധികം വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ വേറിട്ട അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്. മുത്തലാഖുമായും ഫിഖ്ഹിനെ കൂട്ടിക്കെട്ടുന്നു. എന്നാല്‍ അനിവാര്യ ഘട്ടത്തില്‍ ത്വലാഖ് ഒറ്റക്ക് ചൊല്ലലാണ് സുന്നത്ത് എന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിലൊക്കെ കാണാം. വളരെ ഗൗരവതരമായ മറ്റൊരു വാദം ഇന്ത്യ പോലുള്ള സ്ഥലങ്ങളില്‍ പെണ്ണിന് അനന്തരാവകാശം ആണിന്റെ പകുതി എന്ന് പുനരാലോചിച്ചുകൂടേ എന്നതാണ്. ഇതില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും ഖണ്ഡിതമായ തീരുമാനങ്ങള്‍ മറികടക്കാന്‍ പ്രാദേശിക സാഹചര്യം എന്ന ദുര്‍ബല ന്യായം കൊണ്ട് സാധ്യമല്ല. ഈത്തപ്പഴംകൊണ്ട് നോമ്പു തുറക്കല്‍ സുന്നത്താണ്. ഇത് അറേബ്യയിലേക്കു മാത്രമാണെന്നത് യുക്തിവാദികളുടെ വാദമാണ്. വാങ്ക് മലയാളത്തിലാക്കാന്‍ ഹമീദ് ചെന്ദമംഗല്ലൂര്‍ ആവശ്യപ്പെട്ടതും ഇതിനോടു ചേര്‍ത്തുവെക്കണം. ഇദ്ദയുടെ യുക്തി മനസ്സിലാക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ഗര്‍ഭ പാത്രം കാലിയാണെങ്കില്‍ ഇദ്ദ നിയമം ഒഴിവാക്കാമോ? കേരളീയ സാഹചര്യത്തില്‍ പുരുഷനാണ് കുടുംബ ഭാരം മുഴുവന്‍ വരുന്നത്. വീട് നിര്‍മാണം, മക്കളുടെ വിവാഹം എന്നിവകൊണ്ട് പലരും ദരിദ്രരാവുന്ന സ്ഥിതിയുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തിക ബാധ്യത തീരെയില്ല. സമ്പന്നയാണെങ്കിലും അവളുടെ ഫിഥ് ര്‍ സകാത്ത് നല്‍കേണ്ടത് ഭര്‍ത്താവാണ്. ആയതിനാല്‍, സ്ത്രീക്ക് പകുതിയും നല്‍കേണ്ടതില്ലെന്നു വാദിക്കാമോ? സ്ത്രീധനം നല്‍കിയതിനാല്‍ അനന്തര സ്വത്ത് നല്‍കേണ്ടതില്ലെന്ന ഒരു നാടന്‍ മസ്അല തെക്കുഭാഗത്ത് നിലവിലുണ്ട്. കര്‍മശാസ്ത്രം ദീനിന്റെ അടിസ്ഥാനമാണ്.കാലത്തിനൊപ്പം നില്‍ക്കാന്‍ ഇങ്ങനെ കടന്നുപറയേണ്ടിയിരുന്നോ എന്ന് വിനയത്തോടെ ചോദിക്കട്ടെ. (ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി ഡയറക്ടറാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter