മീലാദ്ആഘോഷം, എതിര്‍ക്കുന്നതിന് പകരം ഇസ്‍ലാമികമാക്കാനാവട്ടെ ശ്രമം- ഖുറദാഗി
Mawlid-al-Nabi-Celebraലോകമുസ്‍ലിംകളില്‍ തൊണ്ണൂറ് ശതമാനം പേരും മൌലിദ് ആഘോഷിക്കുന്നവരാണ്, അത് അനിസ്‍ലാമികമാണെന്നും ബിദ്അതാണെന്നും പറഞ്ഞ് നിശിതമായി വിമര്‍ശിക്കുന്നതിന് പകരം അതിന്റെ ഭാഗമായി നടക്കുന്ന ആഘോഷപരിപാടികളിലെ അപാതകളും അനാചാരങ്ങളും മനസ്സിലാക്കിക്കൊടുത്ത് അതിനെ ഇസ്‍ലാമികമാക്കാനാവണം ശ്രമിക്കേണ്ടതെന്ന് ആഗോളപണ്ഡിതസഭാ സെക്രട്ടറി ഡോ. അലി മുഹ്‍യിദ്ദീന്‍ അല്‍ഖുറദാഗി. ജനുവരി 2ന് വെള്ളിയാഴ്ച ദോഹയിലെ ഫരീജ്കുലൈബിലെ തന്റെ പള്ളിയില്‍ ഖുതുബ നിര്‍വ്വഹിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മൌലിദ് ആഘോഷവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ, മറ്റുപലവിഷയങ്ങളിലുമെന്നപോലെ പണ്ഡിതര്‍ക്കിടയിലെ അഭിപ്രായവ്യത്യാസമായി മാത്രമേ കാണേണ്ടതുള്ളൂ. ആഘോഷിക്കാമെന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് ഇസ്‍ലാമിക വലയത്തില്‍നിന്ന് കൊണ്ട് അത് ആകാവുന്നതാണ്. ഇത്തരം അഭിപ്രായവ്യത്യാസങ്ങളെ പൊതുജനങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴച്ച് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അവസരമൊരുക്കുന്നത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, അനൈക്യവും ഛിദ്രതയും സൃഷ്ടിക്കാനേ കാരണമാവൂ. മാത്രവുമല്ല, ഇസ്‍ലാമിക ഭരണം നിലനില്‍ക്കാത്ത ഭൂരിഭാഗ രാജ്യങ്ങളിലും ഇസ്‍ലാമിനെകുറിച്ചും പ്രവാചകരെകുറിച്ചും പഠിക്കാനോ മനസ്സിലാക്കാനോ കൂടുതല്‍ സൌകര്യങ്ങളില്ല. അത്തരം സ്ഥലങ്ങളിലെ ജനങ്ങള്‍ പ്രവാചകജീവിതവും ചരിത്രവും മനസ്സിലാക്കുന്നത് മീലാദിനോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിലൂടെയാണ്. കുട്ടികളുടെ മനസ്സില്‍ പ്രവാചകരോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാനും ഇത് പലയിടങ്ങളിലും സഹായകമാവുന്നുണ്ട്- ഖുറദാഗി കൂട്ടിച്ചേര്‍ത്തു. മൌലിദാഘോഷവുമായി ബന്ധപ്പെട്ട് അലി ഖുറദാഗി നടത്തിയ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്. ഗതകാല പണ്ഡിതരുടെ ചരിത്രം വായിക്കുമ്പോള്‍, അവര്‍ക്കിടയില്‍ നിലനിന്നിരുന്ന വിവിധ അഭിപ്രായാന്തരങ്ങളും എന്നാല്‍ അതോടൊപ്പം തന്നെ അവര്‍ കാത്തുസൂക്ഷിച്ച വ്യക്തിബന്ധവും സമൂഹൈക്യവും നമുക്ക് വലിയ പാഠമാണ്. ഖുര്‍ആനിലോ ഹദീസിലോ ഖണ്ഡിതമായി വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ ഗവേഷണം നടത്തേണ്ടത് യോഗ്യരായ പണ്ഡിതരുടെ ധര്‍മ്മമാണ്. അത്തരം ഗവേഷണങ്ങളിലൂടെ എത്തിപ്പെടുന്ന അഭിപ്രായം തുറന്ന് പറയേണ്ടത് അവരുടെ ബാധ്യതയും. ഇത്തരം ഗവേഷണാത്മക വിഷയങ്ങളില്‍ ശരിയായ നിലപാട് വ്യക്തമാവാനായി എതിര്‍ചേരിയിലുള്ളവരോട് വാദപ്രതിവാദങ്ങള്‍ നടത്തുന്നതും അവരുടെ പതിവായിരുന്നു. എന്നാല്‍, അത്തരം വാദങ്ങളില്‍ സത്യം തന്റെ എതിര്‍കക്ഷിയുടെ പക്ഷത്താവണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതായിരുന്നു അവരുടെ രീതി. അത് കൊണ്ട്തന്നെ, അവരുടെ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും തീര്‍ത്തും ആരോഗ്യകരമായിരുന്നുവെന്ന് മാത്രമല്ല, സമൂഹത്തിന്റെ ആവശ്യകതയും അതിലുപരി പ്രതിഫലാര്‍ഹമായ ആരാധനയുമായിരുന്നു. എന്നാല്‍ ഇന്ന്, വിശിഷ്യാ കേരളീയ സമൂഹത്തില്‍ ഇത്തരം അഭിപ്രായാന്തരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നത് ഏറെ സങ്കടകരമാണ്. നാല്‍കവലകളില്‍ സ്റ്റേജ് കെട്ടി പരസ്പരം വെല്ലുവിളികളുയര്‍ത്താനും അതിലൂടെ സംഘടനകളുടെ സാന്നിധ്യമറിയിക്കാനും ഉള്ളവരെ കൂടെ പിടിച്ചുനിര്‍ത്താനും സംഘടനാബലം കൂട്ടാനുമുള്ള മാര്‍ഗ്ഗമാക്കി ഇവയെ മാറ്റുന്നത് ഒട്ടും ഗുണകരമല്ല, വിശിഷ്യാ ഇന്ത്യപോലോത്ത ബഹുമത സമൂഹത്തില്‍. മുസ്‍ലിം മതസംഘടനകള്‍ക്കിടയിലെ ഭൂരിഭാഗ അഭിപ്രായാന്തരങ്ങളും ഈ പരിധിയില്‍ വരേണ്ടതും പണ്ഡിതചര്‍ച്ചകളില്‍ ഒതുങ്ങേണ്ടവയുമാണെന്നതല്ലേ സത്യം. കേരളീയ പശ്ചാത്തലത്തില്‍ ഇത്തരം തര്‍ക്കവിഷയങ്ങളിലെ വിവാദം തുടങ്ങിയിട്ട് വര്‍ഷം നൂറ് തികയാറാകുന്ന ഈ വൈകിയ വേളയില്‍, ഇനിയെങ്കിലും അത്തരം അനാരോഗ്യ വിവാദങ്ങള്‍ ഒഴിവാക്കി ഐക്യത്തോടെ മുന്നേറാന്‍ സാധിച്ചിരുന്നെങ്കിലെന്ന് മനസ്സാ കൊതിച്ചുപോകുന്നു, വിവിധ സംഘടനകളുടെ നേതൃത്വത്തിന് ഇത്തരം സദ്ബുദ്ധിയുണ്ടാവണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter