മതനിന്ദയും ഇസ്‌ലാമിസ്റ്റുകളുടെ നിലപാടും
(മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും - 3)
തങ്ങളുടെ മതത്തെ നിന്ദിച്ചു എന്ന് കേള്‍ക്കുമ്പോഴെല്ലാം തെരുവിലറങ്ങി കല്ലെറിയാനും കണ്ടതിനെല്ലാം തീവെക്കാനും ഒരു പ്രമാണവും മുസ്‌ലിംകളെ പഠിപ്പിക്കുന്നില്ല. ജൂത-ക്രിസ്തീയ വേദഗ്രന്ഥങ്ങളെന്ന പോലെ ദൈവത്തിന്റെ പ്രതികാരം മാത്രമല്ല ഖുര്‍ആന്റെ പ്രതിപാദ്യം, കൂടെ അവന്റെ കരുണയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടത്. യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കിടയില്‍ തന്നെ സേവനത്തെ കുറിച്ചും ദയകാണിക്കുന്നതിനെ കുറിച്ചും മനുഷ്യജീവന് വിലകല്‍പിക്കുന്നിനെ കുറിച്ചും വാചാലമാകുന്ന വേദഗ്രന്ഥമാണത്. ബിസ്മിയില്‍ തുടങ്ങുന്ന ഓരോ അധ്യായങ്ങളും വിശ്വാസിയോട് പ്രതികാരത്തിലുപരി കരുണയെ ആയുധമാക്കാനാണ് ആവശ്യപ്പെടുന്നത്.
മുഹമ്മദ് നബിയെ കുറിച്ചുള്ള ഖുര്‍ആന്റെ വിശേഷണം ലോകര്‍ക്കുള്ള അനുഗ്രഹം എന്നാണ്. തന്റെ പ്രവാചകത്വം പ്രഖ്യാപിച്ച ഉടനെ നബി ചെയ്ത പ്രാര്‍ഥനകളിലൊന്ന് അതുവരെ തന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്ക് പൊറുത്തുകൊടുക്കണേ എന്നതായിരുന്നു. നിത്യവും അവിടത്തെ ദേഹത്തില്‍ മാലിന്യമെറിഞ്ഞിരുന്ന സ്ത്രീയെ ഒരിക്കല്‍ കാണാതിരുന്നപ്പോള്‍ വിവരമന്വേഷിക്കുകയും രോഗിയാണെന്നറിഞ്ഞപ്പോള്‍ അവളുടെ വീട്ടില്‍ പോയി സുഖവിവരമന്വേഷിക്കുകയും ചെയ്തുപോല്‍ ആ പ്രവാചകന്‍. ഇത്തരം ഇടപെടലുകളാണ് ഇസ്‌ലാമിന് പുതുവിശ്വാസികളെ പ്രദാനം ചെയ്തതും വിശ്വാസികളുടെ അംഗബലം കൂട്ടിയതും.
ഏത് മതവും അതിന്റെ അനുയായികളെ നോക്കിയാണ് വിലയിരുത്തപ്പെടുന്നത്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്‌ലാമിസ്റ്റുകള്‍ അവരുടെതായ ചില അജണ്ടകള്‍ നടപ്പിലാക്കുന്നതു കാരണം, പൊതുജനങ്ങളുടെ ധാരണയില്‍ മുസ്‌ലിംകള്‍ പെട്ടെന്ന് അക്രമത്തിലേക്കെടുത്തു ചാടുന്ന വര്‍ഗമായി മാറിയിരിക്കുന്നു. ആയിരക്കണക്കിനു വിശാസികളുടെ വികാരത്തെ ചൂഷണം ചെയ്തു അവരെ തെരുവിലിറക്കാനായി എന്നല്ലാതെ അന്യരുടെ വീക്ഷണത്തില്‍ സ്വീകാര്യരായ ഒരു വ്യക്തിത്വയെ പോലും ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്നോട്ട് വെക്കാനില്ല. അത് പക്ഷേ അവരെ സംബന്ധിച്ചിടത്തോളം വിഷയമേ ആകുന്നില്ല താനും. കാരണം മതനിന്ദയെ എതിര്‍ക്കലോ അതു ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരലോ അല്ല സത്യത്തിലവരുടെ ലക്ഷ്യം. മറിച്ച് തീര്‍ത്തും രാഷ്ട്രീയമായ നേട്ടങ്ങളാണ്. പാശ്ചാത്യവിരുദ്ധതയുടെ വക്താക്കളായി മുസ്‌ലിം ലോകരാഷ്ട്രീയത്തില്‍ തങ്ങളുടെ ചുവടുറപ്പിക്കുകയെന്നതിനപ്പുറം ഒന്നും അവരുടെ പദ്ധതിയില്‍ ഇല്ല തന്നെ.
കൊളോണിയല്‍ ശക്തികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ശേഷം പിന്നെ ഇസ്‌ലാമികലോകം വിവരിച്ചത് പാരായങ്ങളുടെ കഥ മാത്രമായിരുന്നു. മതത്തെ രാഷ്ട്രീയആയുധമായി വ്യാഖ്യാനിക്കുന്നവരും അല്ലാത്തവരുമെല്ലാം ഇക്കാര്യത്തില്‍ ഒന്നായിരുന്നു. എല്ലാ സമുദായങ്ങളുടെയുമെന്ന പോലെ ഈ കഥയിലും ചില യാഥാര്‍ഥ്യങ്ങളുണ്ട്. ശരിയാണ്, ചരിത്രപരമായി കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് മുമ്പ് നൂറ്റാണ്ടുകളോളം ഭരണം നടത്താന്‍ മുസ്‌ലിംകള്‍ക്കായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമെല്ലാം കൊളോണിയല്‍ ശക്തികള്‍ ഇസ്‌ലാമിനോട് ഇടപെട്ട രീതി ഏറെ ക്രൂരമായിരുന്നു. അതുവഴി മുസ്‌ലിംകളെ അവര്‍ വിവിധ ചേരികളിലാക്കി, അവരെ ഒന്നിനും കൊള്ളാത്തവരാക്കി. പുതിയ സാങ്കേതികവിദ്യകളെയെല്ലാം ഉപയോഗപ്പെടുത്തിയ അവര്‍ അതുവരെ പ്രമുഖമായി നിലനിന്നിരുന്ന ഒരു സംസ്കാരത്തെ അതിന്റെ അന്തസ്സത്തയില്‍ നിന്നടര്‍ത്തി. അതിന്റെ ആത്മപ്രകാശനമായിരുന്ന വിശ്വാസത്തെ അവര്‍ വികലമാക്കി.
നിലവില്‍ മുസ്‌ലിംലോകത്തുള്ള എല്ലാ പ്രതിസന്ധികള്‍ക്കും കാരണം കൊളോണിയലിസവും അതിനെ തുടര്‍ന്നുവന്ന ആധുനികോത്തര പ്രവണതകളുമാണെന്ന് പറഞ്ഞ് വിശ്വാസകിള്‍ക്ക് പക്ഷേ കൈ കുഴുകാനാകില്ല. ഒരു നൂറ്റാണ്ടിലധികമായി ഇസ്‌ലാമികലോകത്തെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചത് ഇതിന് പരിഹാരം കാണാനായിരുന്നു. പാന്‍ അറബിസം മുതല്‍ നിലവിലെ ഇസ്‌ലാമിസം വരെ അതിന്റെ ഭാഗമാണ് താനും. എന്നാല്‍ പ്രശ്നത്തിന്റെ കാരണങ്ങളും കൃത്യമായ പരിഹാരങ്ങളും അന്വേഷിച്ചുള്ള ഒരു ശ്രമം പോലും ഇക്കാലത്തൊന്നും ഉണ്ടായില്ല. പ്രതിഷേധവും അക്രമവും ആരൊക്കെയോ പറഞ്ഞു കൊടുത്ത ചില കോണ്‍സ്പിറസി തിയ്യറികളുമാണ് അതിന് പകരം രംഗം കയ്യടക്കിയത്. മുന്നൂറ് വര്‍ഷങ്ങള്‍പ്പുറം നഷ്ടപ്പെട്ടുപോയ പ്രതാപത്തെ തിരിച്ചുപിടിക്കുകയായിരുന്നു യഥാര്‍ഥ ലക്ഷ്യമെങ്കില്‍ ഇപ്പറഞ്ഞവയൊന്നും പരിഹാരമാവുന്നില്ലെന്ന് വ്യക്തം.
മുസ്‌ലിം സമുദായം മൊത്തമടങ്ങുന്ന ഉമ്മത്തും ഉമ്മത്തില്‍ പെടാത്ത മറ്റുള്ളവരും എന്ന രീതിയില്‍ ലോകത്തെ തിരിക്കുന്നതാണ് ഇസ്‌ലാമിസ്റ്റുകാഴ്ചപ്പാട്. ഉമ്മത്തിന്റെ പതനത്തിനപ്പുറം ഇവരെ എന്നും അലട്ടുന്നത് അതില്‍ പെടാത്ത പാശ്ചാത്യരുടെ വളര്‍ച്ചയാണ്. ഇന്ത്യയിലെ ഇസ്‌ലാമിസ്റ്റായ അബുല്‍ ഹസന്‍ അലി നദവിയുടെ ഒരു ഗ്രന്ഥത്തിന്റെ ടൈറ്റില്‍ തന്നെ ഇവരുടെ ലോകവീക്ഷണം മനസ്സിലാക്കിത്തരാന്‍ പോന്നതാണ്. മുസ്‌ലിംകളുടെ പതനം കാരണം ലോകത്തിന് നഷ്ടമായതെന്തെന്നാണ് കൃതിയുടെ അറബിയിലെ പേര്. മുസ്‌ലിംകളുടെ പതനം മൂലം ലോകത്തിനാണ് നഷ്ടമെന്ന് ഇത് വ്യംഗ്യമായി സൂചിപ്പിക്കുന്നു. ഞങ്ങള്‍ എന്തായാലും ഒന്നും തിരുത്താന്‍ പോകുന്നില്ലെന്നും തങ്ങളുടെ രീതികള്‍ തിരുത്തി ഇസ്‌ലാമിന്റെ സാംസ്കാരിക മൂല്യം നഷ്ടപ്പെടാതിരിക്കാന്‍ പാശ്ചാത്യരാണ് ശ്രമിക്കേണ്ടതെന്ന ധ്വനിയും ഇതിലുണ്ട്.
മുസ്‌ലിംകളുടെ എല്ലാ പ്രശ്നത്തിനും മറ്റുള്ളവരെ കുറ്റം പറയുകയാണ് അക്രമവ്യവസായത്തിന്റെ മൂലധനം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ പഠിച്ച് അതിന് പരിഹാരം നിര്‍ദേശിക്കുന്നതിന് പകരം സമുദായത്തെ ഷണ്ഡീകരിച്ച് അവരെ തെരുവിലിറക്കാനാണ് അത് മുതിരുക. കാലങ്ങളായി പാകിസ്ഥാനില്‍ ഭരണകൂടത്തില്‍ വന്ന പട്ടാള-സിവിലിയന്‍ ഗവണ്‍മെന്റുകളെല്ലാം ഇസ്‌ലാമിസ്റ്റുകളെ എതിര്‍ക്കുന്നിതനു പകരം പ്രീണിപ്പിച്ചു കൂടെ നിര്‍ത്താനാണ് ശ്രമിച്ചത്. പാകിസ്ഥാനിലും അഫ്ഗാനിലുമുള്ള തീവ്രവാദിഗ്രൂപ്പുകളടക്കം നിരവധി ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ അങ്ങനെയാണ് ഈ പ്രദേശത്തു രൂപപ്പെട്ടു വന്നത്. മതമൂല്യങ്ങളുടെ സംരക്ഷണത്തില്‍ ആരാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ തന്നെ ചില സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെയും മറ്റു അറബുരാജ്യങ്ങളിലെ സലഫി പ്രസ്ഥാനങ്ങളുടെയും ഇടയില്‍ കാണുന്ന മാത്സര്യബുദ്ധിയും മേല്‍പറഞ്ഞ സംഘട്ടനത്തിന്റെ ആഗോളരൂപമാണ്.
(അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ‘അന്താരാഷ്ട്ര ബന്ധങ്ങളി’ല്‍ പ്രൊഫസറും അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡറുമായ ഹുസൈന്‍ ഹഖാനി പ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ന്യൂസ് വീക്കി’ല്‍ എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റത്തിന്റെ മൂന്നാം ഭാഗം - ,മുസ്‌ലിം ലോകത്ത് നിന്നുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത് )
മുന്‍ ഭാഗങ്ങള്‍



Leave A Comment