തീവ്രവാദികള്‍ക്ക് വേണ്ടത് സംസ്കാരങ്ങളുടെ സംഘട്ടനം-ഫ്രഞ്ച് ഇമാം സംസാരിക്കുന്നു
ഷാര്‍ളി ഹെബ്ദോ എഡിറ്റോറിയല്‍ സ്റ്റാഫംഗങ്ങളുടെ കൊലപാതകം ഫ്രാന്‍സിലെ സാമൂഹിക കാലാവസ്ഥയെ സാരമായി ബാധിക്കുമെന്നും ജനങ്ങള്‍ക്കിടെയിലെ സഹവര്‍ത്തിത്വത്തെ അപകടപ്പെടുത്തുമെന്നും ഫ്രഞ്ച് ഇമാമും പാരീസ് ഗ്രാന്റ്മോസ്കിലെ ഗസാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജലാല്‍ സിദ്ദീഖി ആശങ്കപ്പെടുന്നു... www.qantara.de പ്രതിനിധി യാസര്‍ അബ്ദുല്‍ മലിക് നടത്തിയ സംഭാഷണം
ഫ്രാന്‍സിലെ പ്രമുഖ ഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്ദോക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ മുസ്‍ലകളെ എങ്ങനെ ബാധിക്കുമെന്നാണ് താങ്കള്‍ ഭയക്കുന്നത്?
ഫ്രഞ്ച് ഇമാമുമാരുടെ ഒരു പ്രതിനിധി സംഘത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുമ്പോഴാണ് അക്രമത്തെ കുറിച്ചുള്ള വാര്‍ത്ത ഞാനറിയുന്നത്. എന്റെ അഭിപ്രായത്തില്‍ ഈ അക്രമണം ഒരു ദുരന്തമാണ്. പൂര്‍വേഷ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങള്‍ ഫ്രാന്‍സിലേക്കു കൂടി വ്യാപിച്ചിട്ടുണ്ട് എന്ന് വേണം മനസിലാക്കാന്‍. തീര്‍ച്ചയായും ഇത്രയും ദാരുണമായ ഒരാക്രമണം ഞെട്ടിപ്പിക്കുന്നതാണ്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ഈ കൂട്ടക്കൊലയില്‍ മരണമടഞ്ഞത് ഫ്രാന്സില്‍ അറിയപ്പെടുന്ന മതേതരത്വത്തിന്റെയും ഫ്രീപ്രെസ്സിന്റെയും വക്താക്കളായ പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ്.
നമ്മള്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ദവും സംഘര്‍ഷ ഭരിതവുമായ ചുറ്റുപാടിലൂടെ കടന്നുപോകുന്നതിനിടിയിലാണ് ഇത്തരംമൊരു ദുരന്തമെന്നതു കൂടിയാണ് കൂടുതല്‍ ആശങ്കകള്ക്കിടവരുത്തുന്നത്. ഫ്രാന്സിലെ ഭൂരിപക്ഷ സമൂഹങ്ങള്ക്കും ദുര്‍ബലരായ മുസ്‍ലിംകള്‍ക്കിടയിലുമുള്ള ബന്ധം കൂടുതല്‍ വഷളാവുന്ന രീതിയിലേക്ക് പൊതുജനാഭിപ്രായം മാറുമോയെന്നാണ് ഞാന്‍ ഭയക്കുന്നത്
ഏത് സംഘര്‍ഷങ്ങളെകുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്?
ദീര്‍ഘകാലമായി ഫ്രാന്‍സിലെ മുസ്‍ലിംകള്‍ക്ക് രണ്ട് തരം സംഘര്‍ഷങ്ങളാണ് നേരിടാനുണ്ടായിരുന്നത്. ഒന്ന് മതത്തിനകത്തു തന്നെ റാഡിക്കലും തെറ്റായ രീതിയില്‍ ശിക്ഷണം കിട്ടിയവരുമായ യുവാക്കളെ കൈകാര്യം ചെയ്യുകയെന്നതും മറ്റേത് മാധ്യമങ്ങള്‍ ഇസ്‍ലാമിനെ ചിത്രീകരിക്കുന്നത് വഴി രൂപപ്പെട്ടു വന്ന ചില പ്രശ്നങ്ങളും. മാധ്യമങ്ങള്‍ ഇസ്‍ലാമിനെ ചിത്രീകരിക്കുന്നതിലുള്ള അപക്വത കാരണം ഇസ്‍ലാമിന്റെ പേരില്‍ പലരും ചെയ്തു കൂട്ടുന്ന കുറ്റ കൃത്യങ്ങളില്‍ നിന്ന് ഇസ്‍ലാമിനെ അകറ്റി നിര്‍ത്തി കുഴങ്ങിയിയരിക്കുകയാണ് ഞങ്ങള്‍. ആദ്യവും അവസാനവുമായി മറ്റെല്ലാവരെയും പോലെ ഞങ്ങളും ഫ്രഞ്ച് പൌരന്മാരാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ മാധ്യമ സ്വാതന്ത്രത്തിനെതിരെ നടന്ന ഇത്രയും ക്രൂരമായ അക്രമണത്തിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ മേല്‍ കെട്ടിവെക്കരുത്.
താങ്കളുടെ വീക്ഷണത്തില്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതില്‍ ഫ്രാന്സിലെ മുസ്‍ലിം സമൂഹത്തിനെന്തു ചെയ്യാന്‍ കഴിയും?
ആദ്യമായി നാം ഇസ്‍ലാമിനെതിരെ വരുന്ന ഈ നെഗറ്റീവ് റിയാക്ഷന്‍ മറി കടക്കുകയാണ് വേണ്ടത്. ചില വ്യക്തികള്‍ മാത്രം നടത്തുന്ന ഭീകരപ്രവര്ത്തനങ്ങളുടെ ഭാരം മാധ്യമങ്ങള്‍ സമുദായത്തിന്റെ മേല്‍ വെച്ച് കെട്ടുന്ന അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറുകയാണ് വേണ്ടത്. ദുരന്തമെന്നു പറയട്ടെ അധിക മീഡിയയും ഫ്രാന്സിലെ സാധാരണ മുസ്‍ലിംകളെ ജിഹാദി ഭീകരതയുടെ വക്താക്കളായാണ് കാണുന്നത്. ഫ്രാന്‍സിലെ മുസ്‍ലിംകള്‍ തന്നെയാണ് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ആഗോള തലത്തില്‍ നോക്കുകയാണെങ്കില്‍സിറിയ, ലബനാന്‍, ഇറാഖ് തുടങ്ങി എല്ലായിടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങളുടെയും 90 ശതമാനം ഇരകളും മുസ്‍ലിംകള്‍ തന്നെയാണ്. അതുപോലെ ഈയടുത്ത് പാകിസ്ഥാനിലെ പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന് നടത്തിയ കൂട്ടക്കൊലയും നമുക്ക് മറക്കാന് കഴിയില്ല.
ഇവിടെ ഷാര്‍ലി ഹെബ്ദോ മാഗസിനു നേരെ നടന്ന ഭീരുത്വപരമായ അക്രമണത്തിനു പിന്നിലും നമുക്കിടയില്‍ നാഗരികതകളുടെ സംഘട്ടനം ചുമത്താന്‍ താല്‍പര്യപ്പെടുന്ന ക്രിമിനല്‍,തീവ്രവാദ സംഘങ്ങള്‍ തന്നെയാണ്. അതുപോലെ ആഗോള തലത്തില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിലോ മറ്റു പ്രാദേശിക നയതന്ത്ര സംഘട്ടനങ്ങളിലോ മുസ്‍ലിംകള്‍ക്ക് പങ്കില്ല.
എന്നാല്‍, ഇത്തരം സംഘട്ടനങ്ങള്‍ ഇസ്‍ലാമിനെ വ്യാപകമായി ഒരു വയലന്റ റിലീജ്യനായി ചിത്രീകരിക്കുന്നതിലെത്തുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം വളച്ചൊടിക്കലുകള്‍ക്കെതിരെ മുസ്‍ലിംകള്‍ക്ക് കൃത്യമായെന്തു ചെയ്യാന്‍ കഴിയും?
നിര്‍ഭാഗ്യമെന്നു പറയട്ടെ ഇതു വളരെ ശരിയാണ്. തീര്‍ച്ചയായും നമ്മള്‍ കൂടുതല്‍ വിദ്യാഭ്യാസ കാംപെയ്നുകള്‍ നടത്തുകയും അതു വഴി കൂടുതല്‍ സുതാര്യത പ്രോത്സാഹിപ്പിക്കുകയും വേണം. അതു പോലെ യൂറോപ്പിലെ മുഴുവന്‍ സിവില്‍ സമൂഹവുമായി കൂടുതല്‍ സഹകരണ രീതികള്‍ വ്യാപിപ്പിക്കുകയും വേണം. ഫ്രഞ്ച് മുസ്‍ലിംകളിലെ ബഹുഭൂരിപക്ഷവും ഇവിടുത്തെ നാലാം തലമുറാംഗങ്ങളാണ്, അവരുടെ മാതൃ ഭാഷ ഫ്രഞ്ചും പിന്നെ പ്രാഥിമക അറബി പദങ്ങള്‍ മാത്രം വശമുള്ളവരും. അതേ സമയം ഇവരില്‍ ഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ഗമായതു കൊണ്ട് പൊതുസമൂഹവുമായി കൂടുതല്‍ ഇണങ്ങിച്ചേര്‍ന്നാല്‍ മാത്രമേ ഈ നിലയില്‍ നിന്നുയരാന്‍ സാധിക്കൂ. ഇവിടെ തീര്‍ച്ചയായും ജൂത സമൂഹത്തെ കണ്ടു പഠിക്കണം, അവര്‍ അവരുടെ മത, സാംസ്കാരിക ചിഹ്നങ്ങള്‍ ഒഴിവാക്കാതെ തന്നെ പൊതു സമൂഹവുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നവരാണ്.
ഇതു പോലെ അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതില്‍ മുസ്‍ലിം സംഘടനകളുടെ പ്രവര്‍ത്തനം നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
ഫ്രാന്‍സിലെ മിക്ക മുസ്‍ലിം സംഘടനകളും വളരെ അടുത്ത കാലത്ത് മാത്രം രൂപപ്പെട്ടതും പൊതുകാര്യങ്ങളില്‍ വളരെ പരിമിതമായി ഇടപെടുന്നവയുമാണ്. അതുകൊണ്ട് ഇത്തരം രംഗങ്ങളില്‍ അവരുടെ അടുത്തുനിന്ന് എത്രമാത്രം പ്രതീക്ഷിക്കാം എന്നതിനും പരിധികളുണ്ട്. എന്നാലും തങ്ങളാലാവുന്നത് അവര്‍ ചെയ്യുന്നുണ്ട്.
ഫ്രഞ്ച് സമൂഹം തികച്ചും മതേതരമാണെങ്കിലും സാമൂഹികമായി കാര്യങ്ങളെ നോക്കിക്കാണുന്നതിന് പകരം കൂടുതലും വ്യക്തിഗതമായാണ് അവരുടെ ചിന്തകള്‍. പൊതുവ്യവഹാരങ്ങളും സ്വകാര്യ/മത കാര്യങ്ങളും രണ്ടും രണ്ടാണെന്ന പക്ഷക്കാരനാണ് ഞാന്‍. ഇന്നത്തെ ഫ്രഞ്ച് സാഹചര്യത്തില്‍ എല്ലാവര്‍ക്കും തങ്ങളുടേതായ രീതിയില്‍ വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് തന്നെ മുസ്‍ലിംകള്‍ വ്യക്തികളെന്ന നിലയില്‍ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും അവരുടെ സവിശേഷതകളെ ഉള്‍ക്കൊള്ളാനും ശ്രമിക്കണം. എല്ലാവരും ഒരേപോലെ ജീവിക്കണമെന്ന് ലോകത്തെവിടെയുമില്ല.
കടപ്പാട്: http://en.qantara.de/
Leave A Comment