മ്യാന്മര്‍: എല്ലാവരും ചേര്‍ന്ന് മുസ്‌ലിംകളുടെ സ്ഥിതി കൂടുതല്‍ വഷളാക്കരുതെന്ന അപേക്ഷയുണ്ട്
മ്യാന്മറിലെ മുസ്‌ലിംകളുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്ന് തോന്നുന്നു. റോഹിങ്ക്യയിലെ മുസ്‌ലിംകളുടെ എല്ലാ വിധ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഈയിടെ മ്യാന്മര്‍ പ്രസിഡണ്ട് തീന്‍ സീന്‍ ആഗോളസമക്ഷം ഉറപ്പുനല്‍കുകയുണ്ടായി. എന്നാല്‍ അതും വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. റോഹിങ്ക്യക്കാരുടെ അവകാശങ്ങള്‍ ഭരണകൂടം ഇനിയും അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചു കഴിഞ്ഞിട്ടു വേണ്ടേ അവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളാന്‍?
മ്യാന്മറിലെ മുസ്‌ലിംകള്‍ അക്രമിക്കപ്പെട്ടപ്പോളൊന്നും ഉത്തരാവാദിത്തബോധത്തോടെ ഭരണകൂടം ഇടപെട്ട് കണ്ടില്ല. ആയിരക്കണക്കിന് പേരാണ് അവിടെ ദിനേനയെന്നോണം കുടിയിറക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മ്യാന്മറില്‍ തന്നെ ജനിച്ചുവീണവരെ പോലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായാണ് ഭരണകൂടം വീക്ഷിക്കുന്നത്. അപ്പോള്‍ പിന്നെ പ്രസിഡണ്ട് ഈയടുത്ത് നടത്തിയ അവകാശ സംരക്ഷണ പ്രഖ്യാപനമെല്ലാം വെറും അധരവ്യായാമകാനേ തരമുള്ളൂ.
രാജ്യത്ത് നടക്കുന്ന സംഘര്‍ഷത്തെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിളിച്ചത് വംശീയ ശുദ്ധീകരണമെന്നാണ്. രാജ്യത്ത് നിന്ന് മുസ്‌ലിംകളെ പൂര്‍ണാര്‍ഥത്തില്‍ ഇല്ലാതാക്കുകയാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ അജണ്ട. പലപ്പോഴും അക്രമികളെ പ്രതിരോധിക്കുന്നതിന് പകരം അവരെ സഹായക്കുന്ന സമീപനമായിരുന്നല്ലോ ഭരണകൂടവും സുരക്ഷാസൈനികരും സ്വീകരിച്ചത്.
മാര്‍ച്ച് മാസം അവസാനം രാജ്യത്തെ മെക്തില ഗ്രാമത്തില്‍ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് മുസ്‌ലിംകള്‍ ഭാവിയില്‍ നേരിടാന്‍ പോകുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് സൂചന നല്‍കുന്നു. അതെ തുടര്‍ന്നുള്ള അക്രമ പരമ്പര തീര്ന്നുവെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഒരു മുസ്‌ലിം സ്ത്രീ ഒരു യുവ സന്യാസിയുമായി അറിയാതെ കൂട്ടിമുട്ടിയതിന്‍റെ പേരിലാണല്ലോ അവിടെ അവസാനമായി ഒരു സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു വന്നത്.
ആഗോളതലത്തില്‍ തന്നെ ചില റാഡിക്കല്‍ മുസ്‌ലിംകള്‍ മ്യാന്മറിലെ ബുദ്ധമതാനുയായികള്‍ക്കെതിരെ ജീഹാദ് നടത്താന് ആഹ്വാനം ചെയ്തു കണ്ടു. 2002 ല്‍ ബാലിയില്‍ ബോംബാക്രമണത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ചില തീവ്രവാദി സംഘം മ്യാന്മറിലും ഒര ജിഹാദിന് സമയമായി എന്ന് പ്രഖ്യാപിച്ചു കണ്ടു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മ്യാന്മര്‍ പോലുള്ള രാജ്യത്ത് അത്തരം പ്രസ്താവനകള്‍ മുസ്‌ലിംകള്‍ക്ക് തന്നെ പ്രതികൂലമായി ഭവിക്കാനെ സാധ്യതയുള്ളൂ. അതുവഴി രൂപപ്പെട്ടു വരു്നന ബുദ്ധമതക്കാരുടെ വിദ്വേഷം പ്രതിഫലിച്ചു കാണുക മുസ്‌ലിം പ്രദേശങ്ങളിലും അവരുടെ സാമ്പത്തിക അടിത്തറയിലുമായിരിക്കുമെന്നര്‍ഥം.
ഇന്തോനേഷ്യയിലെ മ്യന്മര്‍ എംബസി ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ രണ്ടു പേരെ കഴിഞ്ഞ ദിവസങ്ങളിലാണ് പോലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് മാസം നടന്ന അക്രമത്തിനിടെ ഒരു ബുദ്ധസന്യാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ആറ് മുസ്‌ലിംകളെ കോടതി തടവിന് വിധിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം നാം കേള്‍ക്കുകയുണ്ടായി.
നേരത്തെ തന്നെ, രാജ്യം മുസ്‌ലിംകള്‍ കൈയടക്കാന്‍ പോകുന്നുവെന്ന വ്യാജ പ്രചാരണത്തില്‍ നിന്നാണ് രാജ്യത്ത് മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. പലപ്പോഴും അക്രമം നടന്നത് പ്രദേശത്തെ മുസ്‌ലിം മസ്ജിദുകള്‍ കേന്ദ്രീകരിച്ചായിരുന്നു. കാരണം മസ്ജിദുകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന തരത്തില്‍ ഒരു പ്രചാരണം രാജ്യത്ത് വ്യാപകമായി നടന്നിരുന്നു. പുതിയ സാഹചര്യത്തില് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രസിദ്ധരായി തീവ്രവാദി സംഘങ്ങള്‍ ബുദ്ധവിശ്വാസികളെ എതിര്‍ത്തും ജിഹാദിന് ആഹ്വാനം ചെയ്തും രംഗത്ത് വരുന്നത് ഇവിടത്തെ മുസ്‌ലിംകളുടെ സ്ഥിതി കൂടുതല്‍ വഷളാക്കാനെ തരമുള്ളൂ- ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വക്താക്കള്‍ വിശദീകരിക്കുന്നു.
അക്രമത്തില് തന്റെ ദുഖം രേഖപ്പെടുത്തി ബുദ്ധമതവിശ്വാസികളുടെ ആത്മീയനേതാവായ ദലൈലാമ വരെ ഈയടുത്ത് രംഗത്ത വരികയുണ്ടായല്ലോ. ശ്രീലങ്കിയിലും മ്യാന്മറിലും തുടരുന്ന മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്നും വിശ്വാസികള്‍ അത്തരം നടപടികള്‍ നിറുത്തണമെന്നും മേരിലാന്‍റ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണ മധ്യേയാണ് ലാമ സൂചിപ്പിച്ചത്.
ആഗോളതലത്തില്‍ തന്നെ ഇവ്വിഷയകമായി ബന്ധപ്പെട്ട് ഒരന്വേഷണം നടത്താനാണ് നാം ശ്രമിക്കേണ്ടത്. ദേശീയ ഭരണകൂടം പലപ്പോഴും ബുദ്ധ അക്രമകിളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുമ്പോള്‍ പ്രത്യേകിച്ചും. അതുമാത്രമെ ഒരു സമൂഹത്തിന് നേരെ നടക്കുന്ന അക്രമത്തിന് അല്‍പമെങ്കിലും അറുതി വരുത്തൂ.



Leave A Comment