കാളികാവ് വാഫി കാമ്പസ്: കേരള മുസ്‌ലിം വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രതീക്ഷകള്‍
സ്വാതന്ത്ര്യസമരപ്പോരാട്ടചരിത്രത്തിലെ വീരോചിതകഥകള്‍ പിറന്ന നാടാണ് ഏറനാട്. മൗലാനാ മുഹമ്മദലിയുടെയും ഷൗക്കത്തലിയുടെയും ആഹ്വാനങ്ങള്‍ ശിരസ്സാവഹിച്ചു നേരിന്റെപക്ഷത്തു നിലയുറപ്പിച്ച ആലി മുസ്‌ലിയാരുടെയും വാരിയന്‍ കുന്നത്തിന്റെയും നാട്. ജീവന്‍നല്‍കി നേടിയ സ്വാതന്ത്ര്യത്തിന്റെയും നടത്തിയ പോരാട്ടങ്ങളുടെയും കഥകളേറെ പറയാനുള്ളവരുടെ പിന്മുറക്കാര്‍ ചരിത്രംതീര്‍ക്കാന്‍ ഒരുങ്ങുകയാണ്. നമ്മുടെ പൂര്‍വികര്‍ രാജ്യത്തിനും മതത്തിനുംവേണ്ടി ജീവിതംതന്നെ സമര്‍പ്പണം ചെയ്തു. നമുക്കു കൈയിലേന്താനുള്ളത് അക്രമിയുടെ ആയുധവും ശൗര്യവുമല്ല, അറിവിന്റെ ഉജ്ജ്വലശോഭ പരത്തുന്ന വിളക്കുകളാണ്.
വാഫി… മാറ്റത്തിന്റെ സൗമ്യതയാര്‍ന്ന വെളിച്ചമാണ്.., അറിവുകൊണ്ടു ചക്രവാളങ്ങള്‍ കീഴടക്കാനും വിനയംകൊണ്ടു പുതുമകളെ സൃഷ്ടിക്കാനുമുള്ള ശ്രമമാണ്. ഭൂതകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാന്‍ ഒരുപാടു സ്മരണകളുണ്ട്. സ്‌പെയിന്‍, ബാഗ്ദാദ്, ബസ്വറ, അലക്‌സാന്റ്രിയ, ഡമസ്‌കസ്… ഇസ്‌ലാം പ്രോജ്ജ്വലശോഭയോടെ തെളിഞ്ഞുകത്തിയ കാലത്തു ലോകം വിസ്മയഭരിതമായി നോക്കിനിന്ന സ്ഥലങ്ങള്‍… ഇന്നത്തെ ലോകത്തിന് ഊടുംപാവും നെയ്ത മഹാമനീഷികള്‍ പിറന്ന നാടുകള്‍… ഇന്ന് അവയെല്ലാം നഷ്ടമായ നല്ലകാലത്തിന്റെ വിങ്ങുന്ന മുറിവുകളായി മാറിയിരിക്കുന്നു. ഇബ്‌നു ഹൈസം, ഇബ്‌നുസീന, ഇമാം റാസി, അബാസ് ബിന്‍ ഫര്‍ണാസ… സമുജ്ജ്വലമായ നേട്ടങ്ങള്‍കൊണ്ടു ചരിത്രംസൃഷ്ടിച്ച മഹാരഥന്മാര്‍…
സമ്പന്നമായ ആ ഭൂതകാലപ്രതാപം വീണ്ടെടുക്കാന്‍ ഒരു മാറ്റത്തിനു നാം വിധേയമാകേണ്ടതുണ്ട്. അനിവാര്യമായ ഈ മാറ്റത്തിനുവേണ്ടി മുസ്‌ലിം കേരളത്തിന്റെ സാദാത്തുക്കള്‍, കേരള മുസ്‌ലിംകളുടെ ആധികാരിക മതപണ്ഡിതസഭയുടെ നേതാക്കള്‍, നല്ല സംരഭങ്ങള്‍ക്ക് എന്നും മുന്നില്‍ നില്‍ക്കുന്ന ഉമറാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊച്ചുകേരളത്തില്‍നിന്ന് ഒരു വൈജ്ഞാനികവിപ്ലവത്തിനു കളമൊരുങ്ങിയിരിക്കുന്നു.
മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും വ്യവസ്ഥാപിതരീതിയില്‍ സമന്വയിച്ച കോഴ്‌സുകളാണു വാഫിയും വഫിയ്യയും. എസ്.എസ്.എല്‍.സിക്ക് ശേഷം പ്രവേശനപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമികവിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും അതോടൊപ്പം യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്നതാണു വാഫി. പെണ്‍കുട്ടികള്‍ക്കു മതവിഷയങ്ങളില്‍ ബിരുദവും ഹോംസയന്‍സിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍, ശൈശവമനഃശാസ്ത്രം, ശാരീരികവളര്‍ച്ച, വ്യക്തിത്വവികസനം, കുടുംബജീവിതം, സാമൂഹികവികസനം, രോഗപ്രതിരോധം തുടങ്ങിയവയും ഭൗതികവിഷയങ്ങളില്‍ യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കുന്നതാണു വഫിയ്യ.
ഇവ രണ്ടും ആവിഷ്‌കരിച്ചു നടപ്പാക്കുന്ന അക്കാദമിക് കൂട്ടായ്മയാണു സി.ഐ.സി. സി.ഐ.സിയുടെ കീഴില്‍ 44 സ്ഥാപനങ്ങളില്‍ വാഫിയും 6 സ്ഥാപനങ്ങളില്‍ വഫിയ്യയും നടക്കുന്നു. 50 സ്ഥാപനങ്ങളിലായി അയ്യായിരത്തോളം കുട്ടികള്‍ അല്ലാഹുവിന്റെ ദീന്‍ വ്യവസ്ഥാപിതമായി പഠിക്കുന്നു.
മതരംഗത്ത് ആഴത്തിലുള്ള ബിരുദ,ബിരുദാനന്തരപഠനം വാഫിയെ വേറിട്ട പഠനരീതിയാക്കി മാറ്റുന്നു. തംഹീദിയ്യ, ആലിയ, മുത്വവ്വല്‍ ( പ്രിപ്പറേറ്ററി, ഡിഗ്രി, പിജി ) എന്നീ അക്കാദമികഘട്ടങ്ങളിലായാണ് ഇത്. പിജി തലത്തില്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്കിണങ്ങുന്നതരത്തില്‍ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം നടപ്പാക്കുന്ന മതപഠനരീതിയാണിത്. ഇതനുസരിച്ച് ഉസൂലുദ്ദീന്‍, ശരീഅ, ലാംഗ്വേജ് ആന്‍ഡ് കള്‍ച്ചര്‍ എന്നീ മൂന്നു ഫാക്കല്‍റ്റികള്‍ക്കു കീഴില്‍ എട്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഭൗതികമേഖലയില്‍ പ്ലസ്ടുതലത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ മൂന്നുധാരകളും പഠിപ്പിക്കപ്പെടുന്നു. ബിരുദഘട്ടത്തില്‍ ബി.എസ്‌സി, ബി.കോം, ബി.എ എന്നിവയും നല്‍കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയം കണ്ടെത്തിയ ഇസ്‌ലാമിക് ബാങ്കിങ്, പെരുമാറ്റ മനഃശാസ്ത്രം, വിവാഹപൂര്‍വകൗണ്‍സലേഴ്‌സ് ട്രെയിനിങ് തുടങ്ങിയവ പഠനത്തിന്റെ ഭാഗമാണ്. ശാസ്ത്രീയമായി സംവിധാനിച്ച ലാബുകളും മറ്റ് ആധുനിക സൗകര്യങ്ങളുമുപയോഗിച്ചു മതവിദ്യാര്‍ഥികള്‍ ഭൗതികം പഠിക്കുന്ന കാഴ്ച്ച ആശാവഹമാണ്.
സ്ത്രീവിദ്യാഭ്യാസത്തിനു വ്യവസ്ഥാപിതവും സമഗ്രവുമായ പദ്ധതിയാണു വഫിയ്യകോഴ്‌സ്. നമ്മുടെ പെണ്‍കുട്ടികള്‍ ഇസ്‌ലാം ഉള്‍ക്കൊണ്ട പണ്ഡിതകളായി മാറുകയാണു വഫിയ്യയിലൂടെ. വിജ്ഞാനംനേടല്‍ ഓരോ സ്ത്രീയുടെയും പുരുഷന്റെയും ബാധ്യതയാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. സമൂഹനിര്‍മിതിയില്‍ സ്ത്രീയുടെ പങ്ക് ചെറുതല്ല. അതിനാല്‍, പുരുഷനെപ്പോലെ സ്ത്രീയും നിര്‍ബന്ധമായും വിദ്യാഭ്യാസം നേടണം. സുരക്ഷിതത്വവും സാമൂഹ്യചുറ്റുപാടും പ്രതികൂലമായതു കാരണം ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഉന്നതശ്രേണിയിലെത്താന്‍ സ്ത്രീകള്‍ക്കു സാധിച്ചിരുന്നില്ല. വഫിയ്യ കോഴ്‌സ് ഇതിനു പരിഹാരവും വിദ്യാഭ്യാസത്തിന്റെ നവീന മാതൃകയുമാണ്. ആഇശ ബീവി (റ), റാബിയത്തുല്‍ അദവിയ്യ, നഫീസത്തുല്‍ മിസ്‌റിയ്യ അടക്കമുള്ള മഹതികള്‍ കാണിച്ചുതന്ന സ്ത്രീശാക്തീകരണത്തിന്റെ മഹിതമായ മാതൃകയാണു വഫിയ്യയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. വാഫി പി.ജി കാംപസില്‍ വഫിയ്യ കോഴ്‌സിനായി അത്യാധുനിക സൗകര്യത്തോടെ പുതിയസ്ഥാപനം വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സമൂഹം മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കണം.
ദേശീയ, അന്തര്‍ദേശീയതലത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പതിനൊന്ന് അക്കാദമിക് സംവിധാനങ്ങളുമായി വിവിധതരത്തിലുള്ള സഹകരണം നേടിയെടുക്കാന്‍ വാഫിക്ക് സാധിച്ചതിലൂടെ വിജ്ഞാന ഗവേഷണത്തിന്റെ ഒരു വലിയലോകമാണു നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നത്.
ഡിഗ്രിതലത്തിലെ നിര്‍ബന്ധിത സാമൂഹികസേവനമാണു വാഫി കോഴ്‌സിന്റെ മാനവികമുഖം കൂടുതല്‍ പ്രകടമാക്കുന്നത്. സാമൂഹികമായി ഇടപെടുന്ന മുസ്‌ലിമാണു സാമൂഹികമായി ഇടപെടാത്ത മുസ്‌ലിമിനേക്കാള്‍ ഉത്തമനെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊണ്ടു നടത്തുന്ന ഈ സേവനരീതി പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
നാനാതരം മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്നതോടൊപ്പം ഇന്ത്യന്‍സമൂഹം ഒറ്റക്കെട്ടായി നിലനില്‍ക്കുന്നത് അവര്‍ക്കിടയിലുള്ള പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഫലമായാണ്. മതേതര ഭാരതത്തിന്റെ അഖണ്ഡതയും ലോകസമാധാനവും വിഭാവനംചെയ്യുന്ന തരത്തിലാണു വാഫി സിലബസ് തയാറാക്കിയിരിക്കുന്നത്. ഓരോ മതത്തിന്റെയും അടിസ്ഥാനതത്വങ്ങള്‍ വാഫി വിദ്യാര്‍ഥികള്‍ ആധികാരികമായി വിശകലനം ചെയ്തു പഠിക്കുന്നു. ഈജിപ്തിലെ കെയ്‌റോ സര്‍വകലാശാലയില്‍നിന്ന് ഇന്ത്യയുടെ സംസ്‌കാരികവൈവിധ്യത്തെക്കുറിച്ചു പഠനം നടത്തിയതിനു വാഫികള്‍ക്കു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നത് ഇവിടെ സ്മരണീയമാണ്. വാഫി മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയുടെ പാഠങ്ങള്‍ മനസിലാക്കിയിട്ടാവണം അമുസ്‌ലിംകള്‍പോലും വാഫി കാമ്പസിനു ലക്ഷങ്ങള്‍ സംഭാവനനല്‍കി സഹായിക്കാന്‍ തയാറാവുന്നത്.
മതവിദ്യാഭ്യാസമേഖലയെ വളര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ വാഫീ സ്ഥാപനങ്ങളുടെ ഭൗതികസൗകര്യങ്ങള്‍ മികവുറ്റതാക്കാന്‍ സി.ഐ.സി സദാ ശ്രമിക്കുന്നു. ഒന്നരദശാബ്ദം പിന്നിടുന്ന ഈ സംവിധാനത്തിലൂടെ പുറിത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സ്വദേശത്തും വിദേശത്തും സൗമ്യവും ദീപ്തവുമായ ഇസ്‌ലാമികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിറവാര്‍ന്ന ഈ പഠനരീതിക്ക് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികമാണു പഠിക്കുന്ന കുട്ടികളുടെ എണ്ണം. ഇതിനുള്ള എളിയപരിഹാരമാണു കാളികാവില്‍ അക്കരപ്പീടിക ബാപ്പുഹാജി ദാനമായി നല്‍കിയ പതിനഞ്ചേക്കര്‍ ഭൂമിയില്‍ ആരംഭിക്കാനിരിക്കുന്ന വാഫി കാംപസ്. നാല്‍പതുകോടി രൂപ ചെലവുകണക്കാക്കപ്പെടുന്ന കാംപസിന്റെ പ്രാഥമികഘട്ടം പൂര്‍ത്തിയാക്കി വാഫി പി.ജി വിദ്യാര്‍ഥികള്‍ നാളെ പഠനമാരംഭിക്കാനിരിക്കുകയാണ്.
പശ്ചിമഘട്ട താഴ്‌വാരത്ത് ഉയര്‍ന്നുവരുന്ന കാംപസ് മുസ്‌ലിംലോകത്തിനുതന്നെ അഭിമാനമാണ്. ഇന്ത്യയുടെ വിദ്യാഭ്യാസചരിത്രത്തില്‍ നാഴികക്കല്ലായി മാറാനിരിക്കുന്ന ഈ സംവിധാനത്തിനു നമ്മുടെ സര്‍വാത്മനായുള്ള സഹകരണം ആവശ്യമാണ്. ഈ മഹായത്‌നത്തിനു എല്ലാവരുടെയും പ്രാര്‍ഥനയും പ്രവര്‍ത്തനവും ആവശ്യമുണ്ട്, ഇതിനു പടര്‍ന്നു പന്തലിക്കാന്‍ നമ്മുടെ ധനവും മനസ്സും ചിന്തയും പിന്തുണയും അനിവാര്യമാണ്. സഹായിക്കുന്നവര്‍ക്കും സഹായിപ്പിക്കുന്നവര്‍ക്കും ഇരുലോകത്തും നാഥന്‍ തണലേകട്ടെ. ആമീന്‍
Leave A Comment