ഗോവധ നിരോധനത്തിന് പിന്നിലെന്ത്?
banned20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ ബി.ജെ.പി, ശിവസേന സഖ്യ സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച മാട്ടിറച്ചി (പശു,കാള) നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് രാജ്യത്തെ മതേതര സമൂഹം ഏറെ പ്രതിഷേധങ്ങളോടെയാണ് വരവേറ്റത്. നിയമം ലംഘിച്ചാല്‍ 5 വര്‍ഷം  വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ത്ഥികള്‍ ബീഫ് ഈറ്റിംഗ് ഫെസ്റ്റിവല്‍ ആഘോഷിച്ചാണ് ഇതിനോട് പ്രതികരിച്ചത്. കോയമ്പത്തൂരില്‍ ആദി തമിലാര്‍ വിദുലൈ ഈയം എന്ന വിദ്യാര്‍ത്ഥി സംഘടനയാവട്ടെ ബീഫ് ബിരിയാണി വിതരണം ചെയ്താണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കേരളത്തിലും ഇടത് വലത് വേര്‍തിരിവ് കാണിക്കാതെ നിയമത്തിനെതിരെ ബീഫ് ബിരിയാണിയും മറ്റും വിതരണം ചെയ്ത് തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹിന്ദുമതത്തില്‍ പശു ദൈവപ്രതീകമാണെന്നും അതിനാല്‍ അവയെ പരിപാവനമായി മതം കണക്കാക്കുന്നുവെന്ന പേര് പറഞ്ഞാണ് അവയെ അറുക്കുന്നതും മാംസാവശ്യത്തിന് ഉപയോഗിക്കുന്നതും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. എന്നാല്‍ നാനമത ജാതി സമൂഹങ്ങള്‍ അധിവസിക്കുകയും ഭരണഘടന ഓരോ വിഭാഗത്തിനും തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യവും നല്‍കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഗോവധ നിരോധനം തീര്‍ത്തും അപ്രായോഗികവും അവകാശ നിഷേധവുമായോ കാണാനൂവൂ. കാരണം, ഒരു മതത്തിന്റെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിത്. ഇന്ത്യന്‍ സംസ്‌കാരം പശു, മാട് സംരക്ഷണമാണെന്നും ഇന്ത്യയില്‍ സാംസ്‌കാരിക അധിനിവേശം നടത്തിയ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് ഈ സംസ്‌കാരത്തെ തകര്‍ത്തതെന്നാണ് ഹിന്ദുത്വരുടെ വാദഗതികള്‍. എന്നാല്‍ ഗോവധ നിരോധനം ഹിന്ദു മതത്തിന്റെ ഭാഗമേ അല്ല എന്നാണ് ഹിന്ദു വേദങ്ങളും അദ്ധ്യാത്മികാരാചാരന്മാരും പഠിപ്പിക്കുന്നതെന്നറിയുമ്പോഴാണ് വര്‍ഗീയ കലാപങ്ങള്‍ക്ക് വരെ തരികൊളുത്തിയ ഗോവധ നിരോധന വാദത്തിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാനാവൂ. ക്രിസ്തു മതത്തിന്റെ 500 വര്‍ഷങ്ങള്‍ക്കും ഇസ്‌ലാമിന്റെ 1000 വര്‍ഷങ്ങള്‍ക്കും മുമ്പ് ഗോമാംസം കഴിച്ച് തുടങ്ങിയ ഹിന്ദുക്കളുടെ മുന്‍ഗാമികളാണ് ഇതിന് തുടക്കമിട്ട ആദ്യ നഗരവത്കൃത സമൂഹമെന്നത് ഈ വസ്തുതക്ക് ചരിത്ര പിന്‍ബലം നല്‍കുന്നുണ്ട്. മനുസ്മൃതി 5ാം അദ്ധ്യായം 30ാം ശ്ലോകം ഇങ്ങനെ പ്രഖ്യാപിക്കുന്നും ബ്രഹ്മാവ് മനുഷ്യര്‍ക്ക് വേണ്ടിയാണ് മൃഗങ്ങളെ സൃഷ്ടിച്ചത്. അതിനാല്‍ അവയില്‍ ഭക്ഷ്യ യോഗ്യമായവയെല്ലാം അവന് ഭക്ഷിക്കാവുന്നതാണ്. ഋഗ്‌വേദം ഉദ്‌ഘോഷിക്കുന്നു, ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് പശുക്കളും കാളകളും അറുക്കപ്പെടണം(ഋഗ്‌വേദം 10/85/3). സ്വര്‍ഗദേവനായ ഇന്ദ്രനെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ഋഗ്‌വേദം വ്യക്തമാക്കുന്നു, ''ഇന്ദ്രന്‍ പശു, കുതിര, പോത്ത് എന്നീ മൃഗങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നു(ഋഗ്‌വേദം6/17/1) മഹര്‍ഷി യാഗവല്‍ക്യ പറയുന്നു ''ഞാന്‍ മാട്ടിറച്ചി ഭക്ഷിക്കുന്നു കാരണം അത് മൃതുലവും രുചികരവുമാണ്'' (ഷട്പത് ബ്രഹ്മിണ്‍ 3/1/2/21) അപസ്താന്‍ ഗ്രിസൂത്ര എന്ന ഗ്രന്ഥത്തില്‍ കാണാം, 'അതിഥികള്‍ക്ക് വേണ്ടി പശുക്കളെ അറുക്കണം. ശ്രദ്ധ ആചാര സമയത്തും വിവാഹ സമയത്തും ഇത് അത്യാവശ്യമാണ്'(അപസ്താന്‍ ഗ്രിസൂയ 1/13/10) വഷിസ്ത ദര്‍മ സൂയയില്‍ അല്‍പം കൂടി കടന്നാണ് പറയുന്നത്,  'ശ്രദ്ധ' എന്ന ചടങ്ങിനിടക്ക് തനിക്ക് ലഭിച്ച ഇറച്ചി ഭക്ഷിക്കാന്‍ വിസമ്മതിക്കുന്ന ബ്രാഹ്മണര്‍ക്ക് നരകമാണ് ശിക്ഷ' (വഷിസ്ത ദര്‍മസൂയ 11/34) ഹിന്ദു അദ്ധ്യാത്മകാചാര്യനായിരുന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പരാമര്‍ശനീയമാണ്. മാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, '' ഹിന്ദു ആചാരപ്രകാരം ബീഫ് കഴിക്കാത്തവന്‍ നല്ലൊരു ഹിന്ദുവല്ല''. മറ്റൊരു ആചാര്യനായിരുന്ന ആദി ശങ്കരാചാര്യ, മന്‍സോദാന്‍ എന്ന ഭക്ഷണത്തെക്കുറിച്ച് ബ്ര്ഹ്ദരേണ്യോപനിഷതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇറച്ചിയുമായി കൂട്ടി കലര്‍ത്തിയ ഭക്ഷണമാണ് മന്‍സോദാനെന്നും ഏതിനം ഇറച്ചിയാണെന്നന്വേഷിച്ചപ്പോള്‍ തുക്ഷ അവോ കാളയുടേതാണെന്നും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഹിന്ദു രാജാവയിരുന്ന കിംഗ് രണ്ടി ദേവ് 2000 പശുക്കളെ ദിനേനെ അറുത്ത് പാവങ്ങള്‍ക്ക് ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും, ആര്‍സി മംജുദര്‍ തന്റെ പുസ്തകത്തില്‍ 20ാം വാള്യം 57ാം പേജില്‍ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ എത്രയോ ക്ഷേത്രങ്ങളില്‍ ഇപ്പോഴും ഗോബലി നിലനില്‍ക്കുന്നുണ്ട്, ഹിമാചല്‍ പ്രദേശിലെ ഒരു ക്ഷേത്രത്തില്‍ ഈ അടുത്ത് വരെ അസംഖ്യം മാടുകളെ ബലി അറുക്കുന്ന ആചാരമുണ്ടായിരുന്നു, അതിക്രൂരമായ രീതിയിലായതിനാലും മറ്റും ഹൈക്കോടതി ഇടപെട്ട് ഇത് നിര്‍ത്തിക്കുകയാണ് ചെയ്തതെന്നത് തീര്‍ത്തും വിരോധാഭാസം തന്നെയാണ്. ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളില്‍   ആവേശപൂര്‍വ്വം നടത്തപ്പെടുന്ന ഗാദിമൈ ഹിന്ദു ഉത്സവത്തില്‍ 2.5 ലക്ഷം മാടുകള്‍ അറുക്കപ്പെട്ടിരുന്നതും ഇതിനോട് വേണം കൂട്ടി വായിക്കാന്‍. എന്നാല്‍ ഗോവധ നിരോധനം ഹിന്ദു മത്തതിന്റെ ഭാഗമാണെന്ന് വാദിക്കുമ്പോഴും ഹിന്ദുത്വ ശക്തികള്‍ വിസ്മരിക്കുന്ന ഒരു വലിയ സത്യമുണ്ട്; രാജ്യത്തെ ഏറ്റവും കൂടുതല്‍ മാട്ടിറച്ചി വിതരണം ചെയ്യുന്ന കമ്പനികളില്‍ ആദ്യ ആറില്‍ നാലും ഹിന്ദു മതവിശ്വാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്നതാണിത്. 1) അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ട്, സതീഷ്, അതുല്‍ സബര്‍വാള്‍, മുംബൈ, 400021.  2) അറേബ്യന്‍ എക്‌സ്‌പോര്‍ട്ട് ലിമിറ്റഡ്, സുനില്‍ കപൂര്‍, ഓവര്‍സീസ്, മുംബൈ, 400001.  3) എം.കെ.ആര്‍ ഫ്രോസന്‍ ഫുഡ് എക്‌സ്‌പോര്‍ട്‌സ്, മാദന്‍ അബോട്ട്, ജന്‍പഥ്, ന്യൂ ഡെല്‍ഹി, 110001.  4) പി.എം. എല്‍ ഇന്റസ്ട്രീസ്, എ.എസ് ബിന്ദ്ര, എന്നിവയാണ് കമ്പനികളും അവയുടെ ഉടമകളും. യഥാര്‍ത്ഥത്തില്‍ മതവിശ്വാസികളുടെ വൈകാരികമായി ഇളക്കി വിട്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബിജെപി, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ വര്‍ഗീയ നീക്കമാണ് ഗോവധ നിരോധന വിവാദവും അതിന്റെ പേരിലെ നിയമനിര്‍മ്മാണവുമെല്ലാം. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ച സന്ദേശങ്ങളിലൊന്ന് ഗോവധ നിരോധനത്തെക്കുറിച്ചുള്ളതായിരുന്നു; ബിജെപി കാ മെസേജ്, ബചേകാ ഗായ്, ബചേകാ ദേശ് ( ബിജെപിയുടെ സന്ദേശം, ഗോക്കള്‍ രക്ഷപ്പെടും, രാജ്യവും). ഈ വിഷയം ഉയര്‍ത്തിവിടാന്‍ കൗ ഡെവലപ്‌മെന്റ് സെല്‍ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം തന്നെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അറിയുമ്പോഴേ ഗോമാതാ സംരക്ഷണത്തിന്റെ യഥാര്‍ത്ഥ പിന്നാമ്പുറം അനാവരണമാവൂ. ഈ വസ്തുതകളെല്ലാം പരിശോധിക്കുമ്പോള്‍ ഗോവധം നിരോധിക്കുന്നതുകൊണ്ട് ഹിന്ദു മതത്തിന്റെ ഒരു വിശ്വാസവും സംരക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ത്ഥ്യം വ്യക്തമായിത്തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ സര്‍വ്വ മതങ്ങള്‍ക്കും അംഗീകാരവും അധികാരവും നല്‍കി തങ്ങളുയര്‍ത്തിപ്പിടിക്കുന്ന സ്വത്വ ബോധം നിലനിര്‍ത്തി സ്വസ്ഥമായി ജീവിതം നയിക്കാന്‍ അവസരമൊരുക്കുകയാണ് ഭരണകൂട കര്‍ത്താക്കള്‍ ചെയ്യേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter