മനുഷ്യാവകാശങ്ങളെ ഖുര്‍ആനിക വെളിച്ചത്തില്‍ വായിക്കുമ്പോള്‍
human അവകാശങ്ങള്‍ മനുഷ്യന്റെ കൂടെപിറപ്പുകളാണ്. അമ്മിഞ്ഞപ്പാലിന്റെ ചൂരും രുചിയും മാത്രമറിയുമ്പോഴും അവന്‍ തന്റെ അവകാശത്തിന് വേണ്ടി മാതാവിന്റെ മാറിടത്തോട് സന്ധിയില്ലാ സമരം നടത്തുകയാണ്. ചുവപ്പുമാറാത്ത കുഞ്ഞിക്കാലുകളുടെ പ്രതിഷേധ ചിലമ്പൊലിയൊച്ചകള്‍. മനുഷ്യന്‍ ഇവിടെ നിന്നാണ് സ്വന്തത്തെ തിരിച്ചറിയുന്നത്. നാഥന്‍ സംവിധാനിച്ചുവെച്ച സുഖസൗകര്യങ്ങളുടെ നിര്‍ബന്ധ പൂര്‍ണ്ണമായ ലബ്ധിക്കുള്ള മുന്നോടി ക്രിയകളാണ് അടുത്ത പണി. അതും വ്യക്തമായ നിയമങ്ങളുടെ തണലില്‍ തന്നെ. അല്ലാഹു പറയുന്നു: ആകാശ ഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണ്ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (30:22) പ്രകൃതിയാണ് മനുഷ്യനു മുമ്പില്‍ ഈ അവകാശങ്ങള്‍ വെച്ച് നിവേദിക്കുന്നത്. അഥവാ മനുഷ്യന്‍ പ്രകൃത്യാ സമൂഹജീവിയാണ്. Social Animal (സാമൂഹ്യ ജീവി) എന്നാണ് യവന ദാര്‍ശനികന്‍ അരിസ്റ്റോട്ടില്‍ അവനെ സൂചിപ്പിക്കുന്നത്. ഇതൊരു കണ്ടുപിടിത്തമായിരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യന്റെ സംഘടിത ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍കൊണ്ട് പറക്കുന്ന പക്ഷിയും നിങ്ങളെപ്പോലെ ചില സമൂഹങ്ങള്‍ മാത്രമാകുന്നു. (6:38). മനുഷ്യനും സാമൂഹികതയും തമ്മിലുള്ള ബന്ധമാണിത്. ഗര്‍ഭലോകത്തുനിന്നും ഒരു ശിശു കടന്നുവരുന്നതോടെ അവന്‍ സമൂഹത്തിന്റെ ഭാഗമായി മാറുന്നു. സോഷ്യോളജിസ്റ്റുകള്‍ പറയുന്ന പോലെ ഇഴുകി ചേരാനുള്ള താല്‍പര്യവും ജനകീയത നേടാനുള്ള മനസ്ഥിതിയുമാണ് പിന്നീടവന്റെ വ്യക്തിത്വത്തിന് വികാസം പകരുന്നത്. സമൂഹത്തിലെ ഒരംഗമെന്ന നിലക്ക് ഒരുപാട് അനിവാര്യതകളുടെ പരിണതിയാണ് മനുഷ്യന്‍. സമൂഹജീവിതം അവന് അസംഖ്യം ആശ്രയങ്ങള്‍ നിര്‍ബന്ധമാക്കുന്നു. അഥവാ പലതുമായും ബന്ധപ്പെട്ടിരിക്കുമ്പോഴാണ് മാനുഷികജീവിതം സമ്പൂര്‍ണ്ണമാവുന്നത്. ജനനം മുതല്‍ മരണം വരെ അവന്‍ ആവശ്യങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. അപരസേവനമെന്നതിലുപരി ആത്മനിര്‍വൃതി നല്‍കുന്ന പരസഹായങ്ങളാണ് ഏറെ ആവശ്യമായി വരിക. ഇവിടെ മനുഷ്യനു മുമ്പില്‍ പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജനിക്കുകയാണ്. കേവലം അതിജീവന സംബന്ധിയായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയുടെ ആര്‍ജ്ജനത്തിലുപരി തന്നിലെ വിഭവശേഷി വികസനവും സാംസ്‌കാരിക അഭിവൃദ്ധിയും ഇതിന് അരു നില്‍ക്കുന്നു. മനുഷ്യനിവിടെ അനവധി സഹജീവികളുമായി അടുത്തിടപഴകാനും ആശയസംവേദനം നടത്താനും നിര്‍ബന്ധിതനാകുന്നു. സമൂഹ ജീവിതത്തിന്റെ അനന്തരഫലങ്ങള്‍ വെളിച്ചത്തു വരുന്നത് ഇവിടെ നിന്നാണ്. ഉത്തരവാദിത്വങ്ങള്‍, ഒഴിയാബാധയായി മാറുന്ന കടമകള്‍, ആവശ്യങ്ങള്‍. പിന്നെ സ്വന്തത്തിനായി വരുന്ന അവകാശങ്ങള്‍. അത്രമാത്രം. ഇവയുടെ ഇടപാടുകളിലാണ് മനുഷ്യന്റെ തനിനിറം പുറത്തുവരിക. കിട്ടേണ്ടത് കിട്ടാതെ വരികയും നല്‍കേണ്ടത് നല്‍കാതെ വരികയും ചെയ്യുമ്പോള്‍ പരിസരം ചൂടു പിടിക്കുന്നു. അസന്തുലിതാവസ്ഥ രംഗം കയ്യാളുകയായി. അതെ, മനുഷ്യാവകാശങ്ങളും അവകാശ സംരക്ഷണ പോരാട്ടങ്ങളും അവകാശ ധ്വംസനങ്ങളും വിഷയീഭവിക്കുന്നത് അങ്ങനെയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരേ സമയം സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ അവകാശങ്ങളുടെ സുതാര്യതയിലേക്ക് കടന്നുചെല്ലാനുള്ള അസാധാരണ അവസരമാണ്. മാതാപിതാക്കള്‍ക്ക് മകനായും കുഞ്ഞുങ്ങള്‍ക്ക് പിതാവായും വിദ്യാര്‍ഥികള്‍ക്ക് അധ്യാപകനായും സഹലോകത്തിന് കൂട്ടുകാരനായും മാറുകയെന്നത് ചില അടിസ്ഥാന അവകാശങ്ങളുടെ തിരിച്ചറിവിന് വേദിയൊരുക്കുന്നു. ഈ തിരിച്ചറിവാണ് ഒരാളെ താന്‍ ജീവിക്കുന്ന സമൂഹത്തോട് പ്രതിപത്തിയുള്ളവനാക്കുന്നത്. അവകാശങ്ങള്‍ പലവിധത്തിലുണ്ട്. ദൈവികവും മാനുഷികവുമായ അതിര്‍വരമ്പുകളാണ് ഇതിനെ വകതിരിക്കുന്നത്. ദൈവികമായ അവകാശങ്ങള്‍ ഒരു വ്യക്തിയുടെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയ സംസ്‌കരണവും മൂല്യവത്തായ ജീവിത നിലവാരവുമാണ് ഇതിന് ആധാരം. ഇവിടെ അല്ലാഹുവാണ് നിയമ നിയന്താവ്. മനുഷ്യന്‍ ഇവയുടെ കേവല നടത്തിപ്പുകാര്‍ മാത്രം. അല്ലാഹുവിന്റെ അജയ്യമായ പരമാധികാരത്തിനു മുമ്പില്‍ അവന്‍ ആജ്ഞാനുവര്‍ത്തിയായി മാറുകയാണ്. അര്‍പ്പണബോധവും കീഴ്‌വണക്കവുമാണ് ഒരു അനുസരണയുള്ള ദാസന്റെ മുഖമുദ്ര. ഇതൊരു നിയത നിയമത്തിന്റെ ചരിത്ര ശേഷിപ്പായി നിലനില്‍ക്കുന്നു. മനുഷ്യോല്‍പത്തിക്ക് മുമ്പ് ആത്മാക്കളുടെ ലോകത്തുനിന്നും അല്ലാഹു നേടിയെടുത്ത ഒരു അംഗീകാരത്തിന്റെ ആര്‍ജ്ജവമാണിത്. ഖുര്‍ആന്‍ പറയുന്നു: നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും അവരുടെ കാര്യത്തില്‍ അവരെത്തന്നെ അവന്‍ സാക്ഷി നിറുത്തുകയും ചെയ്ത സന്ദര്‍ഭം. (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ...? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു (7:172). അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ തുറന്ന മുഖമാണിത്. പരിപൂര്‍ണ്ണമായ കീഴ്‌പ്പെടലാണ് ഇതിന്റെ ഉള്‍സാരം. മനുഷ്യാവകാശം ഈ ബന്ധത്തെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വന്തം ശരീരവും സമൂഹവുമായി അടുത്തു നില്‍ക്കുമ്പോള്‍ അവകാശങ്ങളുടെ വീക്ഷണ കോണുകള്‍ കൂടിവരുന്നു. സ്രഷ്ടാവുമായി ചേര്‍ത്തുനോക്കുമ്പോള്‍ ആരാധനകളാണ് മനുഷ്യന്‍ അല്ലാഹുവിന്റെ അവകാശമായി കൊടുത്തുവീട്ടേണ്ടത്. ഇത് സൃഷ്ടിപ്പിന്റെ ലക്ഷ്യം കൂടിയാണ്. മനുഷ്യനെയും ജിന്നിനെയും എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ പടച്ചിട്ടില്ല എന്ന വിശുദ്ധ വാക്യം ഇതിന് സാക്ഷി നില്‍ക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍: വിശ്വാസം, നമസ്‌കാരം, വ്രതം, സകാത്ത്, ഹജ്ജ്. കൂടാതെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ മാനിക്കുകയും നിരോധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. ഇവ അല്ലാഹുവിന്റെ അവകാശമാണ്. ഏത് പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുകയാണെങ്കിലും ശരി പരിപൂര്‍ണ്ണമായി കൊടുത്തുവീട്ടിയേ പറ്റൂ. പിന്നെ, മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്. ഇത് അവന്‍ തന്നെ സമ്മതിക്കുന്നുണ്ട്. സത്യത്തില്‍ ഈ പ്രാതിനിധ്യമാണ് ദൈവാധികാരത്തിന്റെ മറ്റൊരു മുഖം മനുഷ്യനിലേക്ക് പകര്‍ന്നു നല്‍കുന്നത്. ഈ ക്രെഡിറ്റ് കാര്‍ഡ് വെച്ചുകൊണ്ട് ഭൂമിയില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ നിയമാവലികള്‍ നടപ്പിലാക്കുന്നു. പുതിയ നിയമങ്ങള്‍ നിര്‍മിക്കാനോ നിര്‍മിത നിയമങ്ങളില്‍ വൈകല്യങ്ങള്‍ വരുത്താനോ മനുഷ്യന്നവകാശമില്ല. ഖുര്‍ആന്‍ ഭരണഘടനയാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം ആജ്ഞാനുവര്‍ത്തി മാത്രമാണവന്‍. ഇതാണ് അധികാര തലങ്ങളില്‍ മനുഷ്യന്റെ റോള്‍. മൂല്യാധിഷ്ഠിതമായി ഇസ്‌ലാമിക ഭരണം നടന്ന സ്ഥലങ്ങളിലെല്ലാം ഖലീഫമാര്‍ ഇവ്വിഷയകമായി തികഞ്ഞ ബോധവാന്മാരായിരുന്നു. ഇസ്‌ലാമിന്റെ ഒന്നാം ഖലീഫ അബൂബക്ര്‍(റ) പോലും തന്റെ സത്യപ്രതിജ്ഞയില്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമാണ്: 'ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഭരണം നടത്തുന്ന കാലമത്രയും നിങ്ങളെന്നെ അംഗീകരിക്കുക. അതില്‍ നിന്ന് ലവലേശം അകന്നു പോവുന്നതെന്നോ അന്ന് എന്നെ കൈവെടിയുക' എന്ന പ്രഖ്യാപനത്തോടെയാണ് മുന്നോട്ട് പോയത്. നവീന യുഗത്തിലെ പരിഷ്‌കൃത അധികാര വര്‍ഗം ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണിത്. ഭൂമിയില്‍ പരീക്ഷണത്തിന്റെ ജീവിതം നയിക്കുമ്പോഴും ഭരണീയനെന്ന ബോധം മനുഷ്യനെ വേട്ടയാടുന്നു. മാനുഷികമായ അവകാശങ്ങളാണ് രണ്ടാമത്തേത്. ഇവ മനുഷ്യന്റെ ഭൗതിക ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യബാഹുല്യങ്ങളുടെ നിത്യജീവിതത്തില്‍ സഹലോകവുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയുടെ ജനനം. ധാര്‍മിക സ്വഭാവമുള്ളവയും നിയമപരമായ പിന്‍ബലങ്ങളുള്ളവയും ചില ഉദാഹരണങ്ങള്‍ മാത്രം. ചെറിയവര്‍ വലിയവരെ ബഹുമാനിക്കുന്നതും അയല്‍വാസികള്‍ പരസ്പരം സ്‌നേഹം കൈമാറുന്നതും കുടുംബക്കാര്‍ ബന്ധം നിലനിറുത്തുന്നതും ധാര്‍മിക അവകാശങ്ങളുടെ ചില വ്യത്യസ്ത മുഖങ്ങളാണ്. ഉടമസ്ഥതാവകാശം, വേതനാവകാശം, നഷ്ടപരിഹാരം ലഭ്യമാക്കല്‍ തുടങ്ങിയവ നിയമങ്ങളുടെ പിന്‍ബലമുള്ളവയും. അറിവോടെ ഈ അവകാശങ്ങള്‍ക്കു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പക്ഷം നീതിപീഠം മുഖാമുഖം കാണേണ്ടി വരും; ഉത്തരവാദിത്വ ബോധത്തോടെ ഇതൊരു പ്രശ്‌നമായി ഉന്നയിക്കപ്പെടുകയാണെങ്കില്‍. ഇവക്കെല്ലാം പുറമെ വ്യക്തി അവകാശങ്ങളുടെ ഒരു പ്രാപഞ്ചിക വീക്ഷണമാണ് മനുഷ്യന്റെ മൗലിക അവകാശങ്ങള്‍ (Fundamental rights). ഓരോ വ്യക്തിയുടെയും ജീവിത നിലവാരത്തെ പുഷ്ടിപ്പെടുത്തുന്ന ഇത് അവന്റെ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്‌കൊണ്ടു തന്നെ ജന്മാവകാശങ്ങള്‍ എന്നോ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ (Basic human rights) എന്നോ ഇവയെ പരിചയപ്പെടുത്താറുണ്ട്. മതത്തിന്റെയോ ജാതിയുടെയോ വിവേചനമില്ലാതെ സമൂഹത്തിലെ ഏതൊരാളും ഇതില്‍ തുല്യത നിലനിര്‍ത്തുന്നവരാണ്. ലോകത്തെ ഓരോ രാഷ്ട്രവും അവിടത്തെ ഭരണഘടനയും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കാരണം ഓരോ രാഷ്ട്രത്തിന്റെയും ശക്തി അവിടത്തെ അന്തേവാസികളാണ്. നിയമപരമായി അവരുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ രാഷ്ട്രത്തിലെ വിവിധയിനം സ്രോതസ്സുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. അല്ലെങ്കില്‍ അവകാശങ്ങളുടെ കണക്ക് പറഞ്ഞ് ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കി സമൂഹം തെരുവിലിറങ്ങും. കാരണം, ഈ അവകാശങ്ങള്‍ ഏതൊരു രാഷ്ട്രത്തിന്റെയും പ്രത്യേകമായ പൗരാവകാശങ്ങളോ അടിസ്ഥാന മേന്മകളോ അല്ല. മറിച്ച് വിശ്വസാഹോദര്യ (Universal brotherhood)ത്തിന്റെ ഭാഗമാണ്. പ്രപഞ്ചമെന്ന നിലക്ക് അതില്‍ വിശേഷ ബുദ്ധിയോടെ ജീവിക്കുന്ന ഏതൊരാളും ഇതിന് അര്‍ഹതപ്പെട്ടിരിക്കുന്നു. അസ്തിത്വമാണ് ഇവിടെ പ്രധാനം. മനുഷ്യനായി സമൂഹത്തില്‍ ആരൊക്കെ ജീവിക്കുന്നോ, അധസ്ഥിത ഗണത്തില്‍ പെട്ടവനാണെങ്കിലും ശരി അവന്റെ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്. വിശാലമായ ഇടപെടലുകള്‍ ഇല്ലാത്തവനെന്ന നിലക്ക് ഇതില്‍ ഒരു കൃത്യവിലോപവും അനുവദിക്കപ്പെടുന്നതല്ല. ഏത് രാഷ്ട്രമായാലും മതമായാലും പ്രത്യയശാസ്ത്രമായാലും വിഷയം അങ്ങനെ തന്നെ. ഇസ്‌ലാമിക ഭരണഘടന പോലും ഏതെങ്കിലും വ്യക്തികളുടെയോ സമൂഹത്തിന്റെയോ മൗലിക അവകാശങ്ങള്‍ തടഞ്ഞുവെക്കാന്‍ എന്നല്ല ചുരുക്കി അവതരിപ്പിക്കാന്‍ ഒരു ന്യായവും കണ്ടെത്തുന്നില്ല തന്നെ. തികഞ്ഞ പാതകവും സമൂഹദ്രോഹവുമായാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിക്കുന്നത്. അവകാശങ്ങള്‍ മനുഷ്യോല്‍പത്തി മുതല്‍ നിലവിലുണ്ടെങ്കിലും മനുഷ്യാവകാശങ്ങള്‍ (Human rights) എന്നൊരു പദം അതിന്ന് പ്രതിനിധീകരിക്കുന്ന ആശയ-അര്‍ത്ഥതലങ്ങളോടെ ആദ്യമായി ഉപയോഗിക്കപ്പെട്ടത് കേവലം മൂന്ന്-മൂന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. അതിന് മുമ്പ് ഇതിനോട് കൂടുതല്‍ സമാനത പുലര്‍ത്തുമാര്‍-ചിലരെങ്കിലും ഉപയോഗിച്ചിരുന്നത് 'പ്രകൃതി അവകാശങ്ങള്‍' (Natural rights) എന്ന നാമമായിരുന്നു. പ്രസിദ്ധ യവന ദാര്‍ശനികന്‍ സിനോ (Zeno) ആണ് ഇതിന്റെ ഉപജ്ഞാതാവ്. ക്രമേണ, പലരും പലയിടങ്ങളിലുമായി ഈ പദം ഉപയോഗിച്ചു തുടങ്ങി. റോമന്‍ നിയമ നിര്‍മാതാവ് സിസറോ (Cicero) പോലും പരാമര്‍ശിച്ചു. ജസ്റ്റിസ് ജാക്‌സണ്‍ന്റെ അഭിപ്രായത്തില്‍ മൗലിക അവകാശങ്ങള്‍ എന്നത് ഒരു വിശാലമായ സങ്കല്‍പമാണ്. ഡബ്ലിയു. ഫ്രീഡ്മാനും ജെയ്ന്‍സ് എസ്ജിഫറും നിര്‍വചിച്ചതിന് വിരുദ്ധമായി പുതിയൊരു സമീപനമാണ് അദ്ദേഹം നടത്തുന്നത്. ജീവിതം, സ്വാതന്ത്ര്യം, ധനസമാഹരണം, നിയന്ത്രണമില്ലാത്ത പ്രഭാഷണങ്ങള്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനം, ആരാധനാ സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം തുടങ്ങിയവക്കുള്ള നിര്‍ലോഭമായ അവകാശങ്ങള്‍ എന്നാണ്. പൂര്‍ണ്ണാര്‍ത്ഥത്തില്‍ പക്വമല്ലെങ്കിലും ഒരളവോളം ഇത് സാധൂകരണത്തോട് അടുത്തു നില്‍ക്കുന്നു. പക്ഷേ, മനുഷ്യജീവന്ന് പ്രാധാന്യവും മഹത്വവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെങ്കിലും മനുഷ്യാവകാശങ്ങളിന്ന് കേവലം ചില കടലാസുരേഖകളായി മാറിയിരിക്കയാണ്. ഭരണഘടനയിലോ പ്രായം ചെന്നവരുടെ അധരങ്ങളിലോ തെളിയുന്നു എന്നല്ലാതെ അവക്കിന്നൊരു പ്രായോഗിക മുഖം ഇല്ല തന്നെ. പകരം സാമ്രാജ്യത്വത്തിന്റെ ഭീകരമായ അധിനിവേശസ്വരമാണ് നാം ശ്രവിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ കണ്ടേടത്തെല്ലാം ലംഘിക്കപ്പെടുന്ന ഇത്തരുണത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനമെന്ന സമരമുറക്ക് ഏറെ പ്രസക്തിയുണ്ട്. വിശ്രുത അമേരിക്കന്‍ ബുദ്ധിജീവി നോം ചോസ്‌കി പോലും പറയുന്നത് യു. എന്‍. ചാര്‍ട്ടര്‍ പോലൊരു രേഖയില്‍ മാത്രമേ ഇന്ന് അവഗണിക്കപ്പെടുന്ന വിഭാഗത്തിന് പ്രത്യാശവെക്കാനുള്ളൂവെന്നാണ്. പീഡിത വിഭാഗത്തിന് ഒന്നിച്ചു ചേരാന്‍ ഒരാശ്രയം വേണം. ഒരു പിടിവള്ളി. യു. എന്‍. ചാര്‍ട്ടര്‍ അതെങ്കിലും നല്‍കുമെന്ന് നോം ചോസ്‌കി വിശ്വസിക്കുന്നു. പക്ഷേ, മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയല്ല; അവകാശം ഉറപ്പ് തന്നെ നല്‍കുന്ന ചാര്‍ട്ടര്‍ അവനു മുമ്പിലുണ്ട്. ആഗ്രഹം വെച്ചിരിക്കുന്നതിലുപരി അത് പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു എന്ന് മാത്രം. ചോസ്‌കിയുടെ അഭിപ്രായത്തില്‍ ആഗോള മീഡിയ ലോകജനസംഖ്യയുടെ വെറും ഇരുപത് ശതമാനം ജനങ്ങളുടെ വര്‍ത്തമാനങ്ങള്‍ മാത്രമേ പറയുന്നുള്ളൂവെന്നാണ്. ബാക്കിയുള്ള എണ്‍പത് ശതമാനം വരുന്ന ജനവിഭാഗത്തിന്റെ ശബ്ദം വെറും വനരോദനം മാത്രമായി ശേഷിക്കുകയാണ്. സ്വരമില്ലാത്തവന് സ്വരം പകരുക എന്നതാണ് സമകാലിക ലോകത്ത് ഏറ്റവും ധൃതിയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലി. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു വലിയ നിരയാണ് ആധുനിക ലോകത്തിന്റെ സന്തുലിതത്വത്തിന് അനിവാര്യം. ഇത്തരുണത്തില്‍, ചുറ്റുപാടിന്റെ ദുര്‍ഗ്രാഹ്യതയില്‍ പെട്ടുപോകാതെ സ്വന്തം അവകാശങ്ങളെ അടുത്തറിയാന്‍ നാം കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ അടിവരയിടുമ്പോള്‍ അവയെ അന്വേഷിച്ച് പിടിക്കല്‍ വിശ്വാസിക്ക് നിര്‍ബന്ധമായിരിക്കയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter