ശവ്വാല്‍ പിറന്നു ഇവിടെ വിദ്യഭ്യാസ വര്ഷം ആരംഭിക്കുകയായി.....
M_Id_297622_madrasa പള്ളിയാളിക്കുളത്തില്‍ കുളിക്കുമ്പോള്‍ അലക്കാന്‍ കൊണ്ടു വന്ന തുണികളില്‍ നിന്നു മുട്ടു മറയാത്ത എന്റെ ട്രൗസറുകള്‍ ഉമ്മ തോട്ടിലേക്ക് നീട്ടിയെറിഞ്ഞു. 'നിന്നെ നാളെ മദ്രസയില്‍ ചേര്‍ത്തുകയല്ലേ ഇനിയിത് വേണ്ടാ' മമ്പുറത്ത് നിന്ന് വല്ലുപ്പ വാങ്ങിക്കൊണ്ടു വന്ന തൊപ്പിയും പുത്തന്‍ മണം മങ്ങാത്ത പെരുന്നാള്‍ കുപ്പായവുമിട്ട്, ഉപ്പാന്റെ കൈപിടിച്ച് മദ്രസയില്‍ ചേരാന്‍ പോകുമ്പോള്‍ മുതിര്‍ന്നു എന്നൊരു തോന്നലാണ്. അബൂക്കാന്റെ കടയില്‍ നിന്ന് വാങ്ങിയ നാലുഭാഗവും പലവകവെച്ചടിച്ച പൊട്ടണ സ്ലേറ്റും പെന്‍സിലും. വെളുപ്പിന് എണീറ്റ് കുഞ്ഞാത്ത കിണറ്റിന്‍ കരയില്‍ നിന്നും പറിച്ച് തന്ന വെള്ളത്തണ്ടും ഭഭ്രമായി, തുണിക്കടയുടെ ചുലിവ് വീഴാത്ത സഞ്ചിയിലാക്കി കയ്യില്‍ പിടിച്ചിട്ടുണ്ട്. തലേന്ന് വാങ്ങിവെച്ച പഞ്ചസാര വിതറിയ ബിസ്‌ക്കറ്റും, കുക്കീസ് മിഠായിയും ഉപ്പ മറന്നിട്ടില്ലെന്ന് പത്തുവട്ടം ഉറപ്പിച്ചു. ഞാന്‍ മദ്രസയില്‍ ചേരാന്‍ പോവുകയാണ്. താഴത്തെ കുഞ്ഞോന്റെയും വടക്കേലെ തസ്‌നിയുടേയും മുന്നില്‍ വല്ലാത്ത ഗമയാണ്. അവരെ ഇക്കൊല്ലം മദ്രസയില്‍ ചേര്‍ത്തുന്നില്ല. അങ്ങാടിയിലെത്തിയപ്പോള്‍ ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി. ' ഇന്ന് മുതല്‍ ഞാനും മദ്രസയില്‍ പോവും'' പകുതി നോറ്റു തീര്‍ത്ത നോമ്പിന്റെ ക്ഷീണവും, ജീരകക്കഞ്ഞിയുടെ സ്വാദും പെരുന്നാളിന്റെ പകിട്ടും മങ്ങിത്തുടങ്ങുമ്പോഴാണ് മദ്രസ തുറക്കുക. ആറു നോമ്പ് കഴിഞ്ഞാല്‍ തുടങ്ങും രാവിലെ ഉമ്മാന്റെ പാച്ചില്‍ .തിളച്ച ചായ അടുപ്പത്തു നിന്നെടുത്ത് ആറ്റിത്തരുമ്പോള്‍ ഉമ്മ പറയും ഇക്കൊല്ലം ഫസ്റ്റ് വാങ്ങണം'. വെളുപ്പിന് മദ്രസ മുറ്റത്തു നിന്നുയരുന്ന ഫാതിഹയുടെ കുഞ്ഞു ശബ്ദങ്ങള്‍. തൊപ്പിയും തട്ടവുമിട്ട കുഞ്ഞുങ്ങളെക്കൊണ്ട് നിറയുന്ന ഇളം വെയിലു കായുന്ന നിരത്തുകള്‍, വെയിലു പരന്നു തുടങ്ങുമ്പോഴേക്കും സ്വലാത്തിനോടപ്പം ചിതറിയോടുന്ന കുട്ടികള്‍: ഇവിടെ ഒരു വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുകയാണ്. പ്രഭാതങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. ശവ്വാല്‍ ചന്ദ്രന് വെളിച്ചം വന്ന് തുടങ്ങുമ്പോള്‍ ഇവിിടെ മത വിദ്യഭ്യാസ വര്‍ഷത്തിന് നാന്ദികുറിക്കുകയാണ്. നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ ഒരു വിദ്യഭ്യാസ വര്‍ഷം ആരംഭിക്കുകയാണ്. മദ്രസകള്‍ക്കും ദര്‍സുകള്‍ക്കും അറബിക് കോളേജുകാര്‍ക്കും വീണ്ടും ജീവന്‍ വെച്ച് തുടങ്ങും പുതിയ പഠിതാക്കള്‍ വരികയായി- ശവ്വാലു മൂത്തു തുടങ്ങിയാല്‍ മദ്രസകളിലും ദര്‍സുകളിലും കോളേജുകളിലും പഴയ പാഠങ്ങള്‍ പുതിയ വിദ്യാര്‍ത്ഥികള്‍ പഠിച്ചു തുടങ്ങും വിദ്യാരംഭം ഒരുത്സവമാണ്- മധുരം വിതരണം ചെയ്തും മദ്രസകള്‍ അലങ്കരിച്ചും പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കണം. പുത്തന്‍ സ്ലേറ്റുകളില്‍ അദബുന്‍ എഴുതി കുട്ടികള്‍ മതമ പഠിച്ചു തുടങ്ങും- സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് മദ്രസയില്‍ ചേര്‍ക്കണമെന്ന് കാരണവര്‍ പറയും. മദ്രസയിലെ പാഠം പഠിച്ചിട്ട് മതിസ്‌കൂളിലേത് നോക്കാന്‍ എന്നത് ഉമ്മയുടെ നിര്‍ബന്ധമാണ്. മതം പഠിച്ചിട്ട് മതി മറ്റെന്തും- മദ്രസകള്‍ മതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു തരുന്നു. ജുമുഅത്തു പള്ളിയുടെ രണ്ടാം നിലയില്‍ മണ്ണെണ്ണ വിളക്കിന് ചുറ്റും ഇരുന്നാണ് കിതാബുകള്‍ ഓതി ത്തുടങ്ങുന്നത്.. ദര്‍സ് ഉസ്താദിന് കീഴില്‍ ഒരു പാട് കുട്ടികളുണ്ടാവും ഓരോ റമളാന്‍ കഴിയുമ്പോഴും പുതിയ കുട്ടികള്‍ വരും. ഇവിടെയും വിദ്യഭ്യാസം ആരംഭിക്കുകയാണ്. പണ്ട് ഓരോ നാടിന്റെയും അനിവാര്യതയായിരുന്നു ദര്‍സ്. ശവ്വാല്‍ പകുതിയാകുന്നതോടെ വെള്ള ധരിച്ച മൊയ്‌ല്ല്യേരുട്ടികള്‍ വന്നു തുടങ്ങും. മുതഅല്ലിമീങ്ങള്‍ക്ക് നാട്ടുകാര്‍ സൗകര്യമൊരുക്കും, വിദ്യഭ്യാസ വര്‍ഷത്തിന് തുടക്കം കുറിച്ച് ഓരോ ശവ്വാലിനും പുതിയ പഠിതാക്കള്‍ വിരുന്നെത്തും,ദര്‍സ് നാടിന്റെ മുഖ മുദ്രയായിരുന്നു. അറബികോളേജുകളുടെ പെരുമഴയാണിന്ന്. ഉന്നത മത കലാലയങ്ങള്‍ പഠിച്ച മുതഅല്ലിമുകള്‍ വീണ്ടും പഠിക്കാനും ബിരുധമെടുക്കാനുമാണ് അറബി ക്കോളേജുകളിലേക്കെത്തുന്നത്.അടുത്ത ശവ്വാലിന് പോകുമ്പോള്‍ കോളേജില്‍ പോവണം, ദര്‍സില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചുവച്ചിട്ടുണ്ടാവും. റമദാനില്‍ ഉറുദി പറഞ്ഞു കിട്ടിയ പണം കൊണ്ട് പുത്തന്‍ വെള്ളക്കുപ്പായവും തുണിയും വാങ്ങി ഒരുങ്ങും കോളേജില്‍ പോവാന്‍... ഇന്നു മത വിദ്യഭ്യാസം തകര്‍ച്ച നേരിട്ടു തുടങ്ങിയിരിക്കുന്നു- വേനലില്‍ വെയിലുകൊണ്ട് നരച്ച ആകാശം ഇടവപ്പാതിക്ക പൊട്ടിയൊലിക്കുമ്പോള്‍ പുള്ളിക്കുടയും ചൂടി കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോവുകയാണ്. മതം വിദ്യഭ്യാസ മല്ലെന്ന് കരുതുന്ന പുതിയ രക്ഷിതാക്കള്‍ , പേരിന് മതം ചേര്‍ത്ത ഭൗതികം മാത്രം പഠിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് മക്കളെ അയക്കുന്ന മാതാപിതാക്കള്‍- മത വിദ്യഭ്യാസം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കു്ന്നു. ശവ്വാല്‍ പിറക്കുമ്പോള്‍ മധുരവും കയ്യിലെടുത്ത് മദ്രസയില്‍ ചേരാന്‍ പോവുന്ന കുരുന്നുകളെ കാണാനില്ല- മത വിദ്യഭ്യാസം മരിക്കുകയാണ്. മദ്രസകളില്‍ കുട്ടികള്‍ വര്‍ഷാവര്‍ഷം കുറഞ്ഞുകൊണ്ടിരിക്കുന്നു. ദര്‍സുകള്‍ നാടു നീങ്ങിയിട്ട് കാലം കുറേയായി. നിങ്ങളുടെ മക്കള്‍ക്കു മതം പഠിപ്പിക്കേണ്ടതു നിങ്ങളുടെ ബാധ്യതയാണ്. ശവ്വാല്‍ പിറന്നു ഇവിടെ വിദ്യഭ്യാസ വര്‍ഷം ആരംഭിക്കുകയായി... വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവുകങ്ങള്‍..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter