തിയേറ്ററുകളിലെ ദേശീയ ഗാനം: അടിച്ചേല്‍പിക്കപ്പെടുന്ന ദേശീയത?
qപൗരന്മാരില്‍ ദേശഭക്തിയും രാജ്യസ്‌നേഹവും വളര്‍ത്താന്‍ സിനിമാ ശാലകള്‍ ഓരോ പ്രദര്‍ശനം തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കുന്ന സുപ്രിംകോടതിയുടെ വിധി ഏറെ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവച്ചിരിക്കയാണ്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി സുപ്രിംകോടതിയിലെ ഉന്നത അഭിഭാഷകന്‍ രാജീവ് ധവാന്‍ തുടങ്ങിയ നിയമവിദഗ്ധരും ഹര്‍ഷ് മന്ദര്‍, പ്രതാബ്് ബാനു മഹത്ത തുടങ്ങിയ എഴുത്തുകാരും ബുദ്ധിജീവികളും പ്രസ്തുത വിധി വന്നയുടന്‍ തന്നെ അതിന്റെ നിയമ സാധുതയെയും യുക്തിയെയും ചോദ്യം ചെയ്തു രംഗത്തു വരികയുണ്ടായി. എന്നാല്‍, വിധിയുടെ ഭരണഘടനായുക്തിയും നിയമസാധുതയും സംബന്ധിച്ച ആലോചനകളേക്കാള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട പരാമര്‍ശങ്ങളാണ് പ്രസ്തുത വിധിയില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയും നടത്തിയിരിക്കുന്നത്. ‘തങ്ങള്‍ ഒരു രാജ്യത്താണ് ജീവിക്കുന്നതെന്നും ആ രാജ്യത്തിന്റെ ദേശീയഗാനത്തോട് ആദരവ് കാണിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഓരോ പൗരനും തിരിച്ചറിയാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു. ദേശീയഗാനം ഭരണഘടനാപരമായ രാജ്യസ്‌നേഹത്തിന്റെ (രീിേെശൗേശേീിമഹ ുമൃേശീശോെ) പ്രതീകമാണ്. ദേശീയഗാനത്തോടും ദേശീയപതാകയോടും ആദരവ് പ്രകടിപ്പിക്കുമ്പോള്‍ തെളിയുന്നത് മാതൃരാജ്യത്തോടുള്ള സ്‌നേഹമാണ്. ഇതെന്റെ രാജ്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നണം, എന്റെ മാതൃരാജ്യമാണെന്നും. നിങ്ങള്‍ ആദ്യമായി ഒരിന്ത്യക്കാരനാണ്.’ അതിനാല്‍ തിയേറ്ററുകള്‍ ദേശീയഗാനം കേള്‍പ്പിക്കുകയും ആ സമയത്ത് കതകുകളടച്ച് തിയേറ്ററുകളിലുള്ള മുഴുവന്‍ ആളുകളും എഴുന്നേറ്റു നില്‍ക്കുകയും ചെയ്യേണ്ടത് പവിത്രമായ ഭരണഘടനാ ബാധ്യതയാണെന്നും കോടതി ഓര്‍മപ്പെടുത്തുന്നു. ഇതിനെതിരാവുന്ന രീതിയിലുള്ള വ്യക്തി സ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും സംബന്ധിച്ച ധാരണകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നുമാണ് പ്രസ്തുത വിധിയിലൂടെ കോടതി വ്യക്തമാക്കിയിരിക്കുന്നത്. പൗരന്മാര്‍ക്കിടയില്‍ ദേശസ്‌നേഹവും ധാര്‍മിക ബോധവും വളര്‍ത്താനുതകുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ അനുചിതമായി ഒന്നുമില്ല. എല്ലാവരെയും ദേശസ്‌നേഹമുള്ളവരാക്കാനുതകുന്ന വഴികള്‍ കണ്ടെത്തുന്നത് ശ്ലാഘനീയവുമാണ്. എന്നാല്‍, ഒരു ജഡ്ജിക്കുണ്ടാവുന്ന ദേശഭക്തിയെ സംബന്ധിച്ച വികാരങ്ങള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ അത്യുന്നത നീതിപീഠത്തില്‍ നിന്നുള്ള വിധികളും പ്രസ്താവങ്ങളുമായി വരുന്നതിന്റെ പ്രശ്‌നങ്ങളും അവ സാധാരണ പൗരന്മാരിലുണ്ടാക്കുന്ന ആശങ്കകളും നിരവധിയാണ്. ന്യായ വിചാരത്തിന്റെയും യുക്തിബോധത്തിന്റെയും ഉന്നത സാമൂഹിക സ്ഥാപനങ്ങളായാണ് കോടതികള്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍, സുപ്രിംകോടതിയുടെ പുതിയ വിധി ദേശീയഗാന വിഷയത്തില്‍ മുമ്പ് സ്വീകരിച്ചിരുന്ന നിലപാടുകളോടു വിരുദ്ധവും സിനിമാഹാളുകളില്‍ മാത്രം അവ നിര്‍ബന്ധമാക്കുന്നത് സാമാന്യ യുക്തിയോട് നിരക്കാത്തതുമാണ്. പുറമെ വിധി പുറപ്പെടുവിച്ച് സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിലേറെ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതും യുക്തിസഹമായി സമീപിക്കപ്പെടേണ്ടതുമാണ്. മധ്യപ്രദേശുകാരനായ ശ്യാം നാരായണ്‍ ചൗക്‌സീ ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് വിധി. 2001-ല്‍ ‘കഭീ ഖുഷീ കഭീ ഗം’ എന്ന സിനിമയ്ക്കിടയിലെ ദേശീയഗാന രംഗം വന്ന സമയത്ത് ശ്യാം എഴിന്നേറ്റു നിന്നപ്പോള്‍ പിറകിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഇരുത്തിയതില്‍ ഉണ്ടായ വികാരമാണ് അദ്ദേഹത്തെ ദേശീയഗാനത്തിനുവേണ്ടിയുള്ള കോടതി വിധിക്കായി ഇറങ്ങിപ്പുറപ്പെടാന്‍ പ്രേരിപ്പിച്ചത്. ദേശീയഗാനത്തെ വാണിജ്യ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇദ്ദേഹം രംഗത്ത് വന്നത്. കരണ്‍ ജൗഹര്‍ സംവിധാനം ചെയ്ത പ്രത്യുത സിനിമ നിരോധിക്കാന്‍ മധ്യപ്രദേശ് ഹൈകോടതിയെ അദ്ദേഹം സമീപിക്കുകയും സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ സ്‌റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഹൈകോടതി അന്തിമവിധി സിനിമയ്ക്ക് അനുകൂലമായിരുന്നു. തുടര്‍ന്നാണ് സപ്തംബറില്‍ ശ്യാം സുപ്രിം കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. കടുത്ത രാജ്യഭക്തി ശോഷണവും ദേശസ്‌നേഹ ദൗര്‍ബല്യവും ബാധിച്ചിരിക്കുന്ന ഒരു പ്രത്യേക സാമൂഹിക-രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്നും അതിനെ മറികടക്കാന്‍ അല്‍പം ദേശസ്‌നേഹം ദേശീയ ഗാനത്തിലൂടെ അടിയന്തരമായി കുത്തിവയ്ക്കപ്പെടേണ്ടതുണ്ടെന്നും തോന്നും കോടതി വിധി കേട്ടാല്‍. യഥാര്‍ഥത്തില്‍, ഭക്തിയും സ്‌നേഹവും ആളുകളെ നിര്‍ബന്ധിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണോ? അങ്ങനെയെങ്കില്‍ ദേശീയഗാനമാണോ അതിനുള്ള പോംവഴി? ആണെങ്കില്‍, എന്തുകൊണ്ട് അത് കേവലം തിയേറ്ററുകളിലൊതുക്കുന്നു? മറ്റു പൊതുയിടങ്ങളിലേക്കു കൂടി ഇതു വ്യാപിച്ചു കൂടേ? കോടതികളില്‍ അതു വേണ്ടെന്ന് സുപ്രിംകോടതി തന്നെ എടുത്ത നിലപാടില്‍ എത്രമാത്രം ന്യായമുണ്ട്? സുപ്രിംകോടതിയുടെ വിധിയെ സംബന്ധിച്ച് ഇങ്ങനെ പോകുന്നു ഒരു സാധാരണക്കാരന്റെ ആലോചനകള്‍. ദേശീയഗാന വിവാദങ്ങളും ഭരണഘടനയും consദേശീയഗാനവുമായി ബന്ധപ്പെട്ട കുറേ വിവാദങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിട്ടുണ്ട്. എഴുത്തുകാരനും കവിയുമായ സലില്‍ ചതുര്‍വേദിയെ ഗോവയില്‍ വച്ച് ചിലയാളുകള്‍ കൈയേറ്റം ചെയ്തത് കഴിഞ്ഞ നവംബറിലാണ്. നട്ടെല്ലിന് ക്ഷതമേറ്റതു കാരണം വീല്‍ചെയര്‍ ആശ്രിതനായി കഴിയുന്ന ചതുര്‍വേദി ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തതിനാല്‍ കുപിതരായ ചിലയാളുകള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ രണ്ട് വര്‍ഷം മുന്‍പ്് മുംബൈയില്‍ വച്ച് ചിലയാളുകള്‍ മീഡിയ എക്‌സിക്യൂടിവ് മഹെക് വ്യാസിനെ കൈയേറ്റം ചെയ്ത റിപ്പോര്‍ട്ട് വന്നിരുന്നു. അന്ന്, വ്യാസിന്റെ ദക്ഷിണാഫ്രിക്കന്‍ സുഹൃത്ത് ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതായിരുന്നു അക്രമികളെ പ്രകോപിപ്പിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ട് വന്‍ വിവാദം നടക്കുകയുണ്ടായി. ദേശീയ ശ്രദ്ധ ആകര്‍ശിച്ച പ്രസ്തുത സംഭവത്തിന്റെ കേന്ദ്രസ്ഥാനത്ത് കോട്ടയത്തെ ഒരു സ്‌കൂളായിരുന്നു. എല്ലാ ക്ലാസുകളിലും ദേശീയഗാനം ആലപിക്കാന്‍ ഹെഡ്മാസ്റ്റര്‍ പുറപ്പെടുവിച്ച ഉത്തരവ് മൂന്ന് വിദ്യാര്‍ഥികള്‍ പാലിക്കാന്‍ തയാറായില്ല. ദേശീയഗാനം ആലപിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന് വാദിച്ചവര്‍ ക്രൈസ്തവരിലെ യഹോവ സാക്ഷികള്‍ എന്ന വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഇവരെ സ്‌കൂള്‍ പുറത്താക്കി. തങ്ങളുടെ മതവിശ്വാസ പ്രകാരം ദേശീയഗാനം ആലപിക്കാന്‍ സാധ്യമല്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നപ്പോള്‍ കേരള ഹൈകോടതിയെ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. അവസാനം സുപ്രിംകോടതിയെ സമീപിച്ച കുട്ടികളുടെ പിതാവ് ബിജു ഇമ്മാനുവലിന് അനുകൂലമായി 1986ല്‍ വിധി വന്നു. ഹൈക്കോടതി വിധിതള്ളിക്കൊണ്ട് ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഢി പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യയിലെ നീതിന്യായ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയവും എക്കാലവും പ്രസക്തവുമായ ഒന്നാണ്: ‘സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് സ്വീകരിച്ച വിശ്വാസത്തിന്റെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടത് ഭരണഘടനാലംഘനമാണെന്നും ദേശീയഗാനം ആലപിക്കാന്‍ ഭരണഘടന ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും’ ന്യായവും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചുള്ളതുമായ വിശ്വാസത്തിനു വിരുദ്ധമായി ഏതെങ്കിലും വിദ്യാര്‍ഥിയെ ദേശീയഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 19(1) എ, ആര്‍ട്ടിക്ക്ള്‍ 25 (1) എന്നിവയില്‍ ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങളുടെ ലംഘനവുമാണെന്നും’ കോടതി അന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. 1976ല്‍ ചേര്‍ക്കപ്പെട്ട അനുഛേദ പ്രകാരം 11 കാര്യങ്ങള്‍ മൗലികമായി ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അതിലൊന്നാണ്, ഭരണഘടനയെയും അത് വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും ദേശീയഗാനത്തെയും ദേശീയ പതാകയെയും ആദരിക്കുക എന്നത്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിക്കാനുള്ള യാതൊരു ന്യായവും ഭരണഘടന മുന്നോട്ടു വയ്ക്കുന്നില്ല. രാജ്യസ്‌നേഹവും ദേശഭക്തിയും parദേശഭക്തിയും രാജ്യസ്‌നേഹവും വളരെ കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാറിയിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് കോടതി വിധി വന്നിരിക്കുന്നതെന്ന് പ്രത്യേകം പരിഗണനീയമാണ്. രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നുവെന്ന കോടതിയുടെ പ്രസ്താവം ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ പൗരന്മാര്‍ വിശിഷ്യ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന വിഷയമാണ് തങ്ങളുടെ ദേശീയ അസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍. തങ്ങളുടെ രാജ്യസ്‌നേഹത്തെയും ദേശഭക്തിയെയും സംബന്ധിച്ച് തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംശയങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സ്വത്വ പ്രതിസന്ധിയുടെ പ്രശ്‌നങ്ങള്‍ പല രൂപങ്ങളിലായി നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ പോലും ദേശവിരുദ്ധവും രാജ്യദ്രോഹവുമായി മുദ്രകുത്തപ്പെടാന്‍ തുടങ്ങിയത് ഈ അടുത്താണ്. ഏത് എതിര്‍ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുക എന്ന ഫാസിസ്റ്റ് നയമാണ് ഇതിന് പിന്നില്‍. ദേശസ്‌നേഹത്തിന്റെ പേരില്‍ രാജ്യത്തെ അത്യുന്നത സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യപ്പെടാനിടയായ സാഹചര്യം നാം കണ്ടതാണല്ലോ. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്ക് ദേശസ്‌നേഹം പകരാന്‍ കേന്ദ്ര ഗവണ്‍മെന്റ് കല്‍പ്പിച്ചത് ദേശീയപതാക പറത്താനായിരുന്നു. ജെ.എന്‍.യുവില്‍ തുടങ്ങി രാജ്യത്തെ എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും 207 അടി ഉയരത്തില്‍ ദേശീയ പതാക പാറണമെന്ന് മോദി ഗവ. കല്‍പ്പിക്കുകയുണ്ടായി. ഏതാണ്ട് അതിനോട് സമാനമായ മറ്റൊരു മരുന്നാണ് ദേശഭക്തികൂട്ടാന്‍ സുപ്രിംകോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്തെ ഏതു പൗരനും തന്റെ ദേശക്കൂറും രാജ്യസ്‌നേഹവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ സമീപിക്കാവുന്ന ആശാകേന്ദ്രമായി നിലകൊള്ളേണ്ട നീതിപീഠമാണ് ഇപ്പോള്‍ വ്യക്തികളുടെ ദേശഭക്തിയുടെ കാര്യത്തില്‍ ആശങ്കകളുണര്‍ത്തുന്ന രീതിയിലുള്ള വിധി പ്രസ്താവങ്ങളുമായി രംഗത്തുവന്നിരിക്കുന്നുവെന്നത് ഏറെ ആശങ്കാജനകമാണ്. രാജ്യത്തിന്റെ രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക സംവിധാനങ്ങള്‍ക്ക് പൗരന്മാരുടെ വിശ്വാസമാര്‍ജിക്കാനും നീതിപീഠത്തിനും ന്യായാസനങ്ങള്‍ക്കും പൗരന്മാര്‍ക്കിടയില്‍ സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കാനുമായാല്‍, ദേശസ്‌നേഹവും ദേശഭക്തിയും സ്വാഭാവികമായും വന്നുചേരുന്ന ഘടകങ്ങളാണ്. ദേശഭക്തിക്കുവേണ്ടിയുള്ള ആലോചനകള്‍ കോടതികള്‍ പരിഗണിക്കേണ്ടത് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന ബോധപൂര്‍വമായ പാര്‍ശ്വവത്കരണ ശ്രമങ്ങളില്‍ നിന്നും സാമൂഹിക ബഹിഷ്‌കരണ പ്രവണതകളില്‍ നിന്നുമായിരിക്കട്ടെ. കടപ്പാട്: സുപ്രഭാതം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter