ഫ്ളാറ്റുകളിലെ വര്‍ഗീയതയും മുംബൈ മുസ്ലിംകളും
1990 സെപ്റ്റംബറിലാണ് സൈനുല്‍ ആബിദീന്‍ ജുവാലെക്ക് കുവൈത്തില്‍ നിന്ന് 722 ഇന്ത്യക്കാരോടൊത്ത് എം.വി സഫീര്‍ എന്ന കാര്‍ഗോ കപ്പലില്‍ ദുബൈയിലേക്ക് തിരിക്കേണ്ടിവന്നത്. കുവൈത്തില്‍ സദ്ദാം ഹുസൈനിന്റെ ഇടപെടലാണ് അരിഷ്ടിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ പ്രതീക്ഷകളെ ഈയൊരു പലായനത്തിന് നിര്‍ബന്ധിപ്പിച്ചത്. ജുവാലെയായിരുന്നു പല നിര്‍ണായക സമയങ്ങളിലും ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് സംഘാംഗമായ തന്‍വീര്‍ ഖാല്‍ഫായി ഓര്‍ത്തെടുക്കുന്നു. ദുബായില്‍ ഞങ്ങള്‍ കപ്പലിറങ്ങിയത് ബി.ബി.സിയടക്കമുളള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കണ്ടിരുന്നുവെന്നും ജുവാലെയെ ഒരു ഹീറൊയായി ചിത്രീകരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ജുവാലെ ഇന്ന് മുംബൈയില്‍ തെണ്ടിത്തിരിയുകയാണ്, തല ചായ്ക്കാന്‍ ഒരിടം തേടി. ബാന്ദ്രയില്‍ ജുവാലെ ഒരു ഫ്ളാറ്റ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. പണത്തിന് മീതെ ചില പരുന്തുകള്‍ പറക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. ചാക്ക് പണമിറക്കാന്‍ റെഡിയെങ്കില്‍ നേടാന്‍ കഴിയാത്തതൊന്നുമില്ലെന്ന അങ്ങാടി വര്‍ത്തമാനങ്ങളില്‍ കഴമ്പുണ്ടെന്ന വിചാരം തിരുത്തേണ്ടിയിരിക്കുന്നു. ഒരു ഫ്ളാറ്റ് വാങ്ങാന്‍ ജുവാലെ പല തവണ പല വിധേന ശ്രമിച്ചു പോല്‍. ഇതുവരെ കഴിഞ്ഞിട്ടില്ല.
ബ്രോക്കര്‍മാര്‍ പലരെയും ബന്ധപ്പെട്ടു. ഫലത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. ചില ബ്രോക്കര്‍മാര്‍ കാര്യം തുറന്ന് പറഞ്ഞതാണ് ജുവാലെയെ തളര്‍ത്തിയത്. മുസ്ലിംകളുമായി ഫ്ളാറ്റ് ഇടപാട് വേണ്ടെന്ന് സൊസൈറ്റികള്‍ തീരുമാനത്തിലെത്തിയിട്ടുണ്ടെത്രെ. അതിനാല്‍ സാഹസത്തിന് മുതിരാന്‍ ആര്‍ക്കും താല്‍പര്യമില്ലതാനും. അലിഖിതമായ ഈ നിയമത്തെ ലംഘിക്കാന്‍ പോന്ന ആണ്‍കുട്ടികള്‍ കുങ്കുമ-വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിധാതാക്കളുടെ കേന്ദ്രമായ മുംബൈയിലെ ബാന്ദ്രയിലില്ല.
മുംബൈയിലെ ആദ്യത്തെ ഇരയല്ല ജുവാലെ. ഭാരതാംബയുടെ ഉത്ഥാന പതനങ്ങളുടെ ഗ്രാഫ് ക്രമീകരിക്കുന്നതില്‍ നിര്‍ണായ പങ്കുള്ള മുംബൈയിയുടെ നിര്‍ഭാഗ്യകരമായ ഈ വര്‍ഗീയ മനസ്സിന് മുന്നില്‍ കൊലകൊമ്പന്മാര്‍ക്കും വമ്പന്മാര്‍ക്കുമൊക്കെ നമിക്കേണ്ടി വന്നിട്ടുണ്ട്. ഹിന്ദി നടന്‍ ഇംറാന്‍ ഹാശിമിക്ക് മുംബൈയില്‍ ഫ്ളാറ്റ് കിട്ടാതിരിക്കാന്‍ തടസ്സം തന്റെ വിശ്വാസമായിരുന്നു. തുല്യകാരണങ്ങളുടെ ഇരകളായിരുന്നു ഫ്ളാറ്റുകള്‍ നടക്കാന്‍ നടക്കാന്‍ കഴിയാത്തിടത്ത് ഫ്ളാറ്റ് അന്വേഷിച്ച ശബാന ആസ്മിയുും സെയ്ഫ് അലി ഖാനും. വിഷയവുമായി ബന്ധപ്പെട്ട് ഹരജികള്‍ പലതും ഫൈല്‍ ചെയ്തിരുന്നെങ്കിലും സംതൃപ്തമായ പരിഹാരം കണ്ടെത്തുന്നതില്‍ സര്‍കാറും ന്യൂനപക്ഷ കമ്മീഷനും പരാജയപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ജുവാലെ.
കുവൈത്തില്‍ പട്ടിണിയും പരിവട്ടവും നേരിട്ടിരുന്ന ഇന്ത്യന്‍ പൌരന്മാരുടെ കണ്ണീര് തുടക്കാന്‍ ഞാന്‍ മേനി മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഒരാളും എന്നോട് മതമേതെന്ന് ചോദിച്ചില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ മുസ്ലിം ഐഡന്‍റിറ്റിയുടെ പേരില്‍ ക്രൂശിക്കപ്പെടുകയാണെന്ന് ജുവാലെ മനസ്സ് തുറക്കുന്നു.
കാലങ്ങള്‍ക്ക് മുമ്പ് മുന്‍ഗാമികള്‍ കുടിയേറിപ്പാര്‍ത്തതിന്റെ പേരില്‍ രാജ്യങ്ങളില്‍ നരകം സഹിക്കേണ്ടിവന്ന നിരപരാധികള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ജുവാലെയുടേത് അന്യരാജ്യങ്ങളില്‍ നിന്ന് ചേക്കേറിയ കുടുംബമല്ല. വേരുകള്‍ ചോദിച്ചാല്‍ മറാട്ടിയാണെന്ന് സാഭിമാനം പറയുമദ്ദേഹം. മര്‍ച്ചന്റ് നേവിയിലെ പ്രഥമ ക്യാപ്റ്റനാണ് തന്റെ പിതാമഹന്‍ ഫഖീര്‍ മുഹമ്മദ് ജുവാലെ. 1923ല്‍ രാജ്യത്ത് ആരംഭിച്ച പ്രഥമ നാവിക വിദ്യാ കേന്ദ്രത്തിനും പറയാനുണ്ട് പിതാമഹന്റെ പോരിശകള്‍. 1981ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചതും വെറുതെയല്ല.
എന്റെ വല്യുപ്പ ആത്മകഥയെഴുതിയത് ഞാനും കൂടിയുള്‍ക്കൊണ്ട മഹാരാഷ്ട്രയുടെ സ്വന്തം ഭാഷയായ മറാട്ടിയിലാണ്. എന്റെ ജീവന്‍ തുടിക്കുന്ന കോസ്മോപൊളിറ്റന്‍ സിറ്റിയായ ബോംബെ ഇങ്ങനെയൊരു നിഷ്ഠുരത എന്നോട് ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ജുവാലെ നൊന്ത് പറയുന്നു.
സിറ്റിയില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന വൃത്തിഹീനമായ ചേരിപ്രദേശങ്ങള്‍ക്കപ്പുറത്തെവിടെയും കാലങ്ങളായി അവര്‍ക്ക് അനൌദ്യോഗിക വിലക്കേര്‍പെടുത്തിയിരിക്കുകയാണ്. 2002 ലെ കലാപസമയത്ത് ഇംഗ്ളണ്ടിലേക്ക് താമസം മാറ്റിയ സഫര്‍ സറേഷ് വാലാ എന്ന അഹ്മദാബാദിലെ ബിസിനസുകാരന്‍ എഴ് വര്‍ഷം മുമ്പ് മുംബൈയിലെത്തിയിരുന്നു. സമാനമായ അനുഭവമാണ് അദ്ദേഹത്തിനും നേരിടേണ്ടി വന്നത്. ഒഴിഞ്ഞുകിടക്കുന്ന പന്ത്രണ്ട് ഫ്ളാറ്റുകളെ ക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്ക് കിട്ടിയ വിവരം അത് മുസ്ലിംകള്‍ നല്‍കാനുള്ളതല്ലെന്നായിരുന്നു.
2005ല്‍ സെന്റ് സാവിയര്‍ കോളജിലെ ഇസ്ലാമിക് സ്റ്റഡീസ് പ്രൊഫസറായിരുന്ന ഡോ.സീനത്ത് ശൌക്കത്തലി ബാന്ദ്രയിലെ പാലി ഹില്ലിയില്‍ ഒരു വീടന്വേഷിച്ചിരുന്നു. അവിടെ കര്‍ശനമായ നിയമങ്ങളും ഭീഷണിയുമുള്ളതിനാല്‍ ഒരു ബ്രോക്കറും അവരോട് സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. മമ്പ്ര, ഗോവന്ദി, ബാന്ദ്ര, നാഗ്പാട, ഭീണ്ഡി ബസാര്‍, സാവേരി ബസാര്‍, മാഹിം തുടങ്ങിയ പ്രദേശങ്ങള്‍ പൊതുവെ മുസ്ലിം പോക്കറ്റുകളായാണ് അറിയപ്പെടുന്നത്. പക്ഷെ ഇവിടെ സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ലഭ്യമായ വിവരം.
'മുസ്ലിംകള്‍ക്കില്ല'
മുംബൈയിലെ മാധ്യമങ്ങളില്‍ ഫ്ളാറ്റുമായി ബന്ധപ്പെട്ട് വരുന്ന പരസ്യങ്ങള്‍ ഏറെ വിസ്മയകരമാണ്. വിവാഹ പരസ്യങ്ങള്‍ ചെയ്യുന്ന പോലെ യോഗ്യതകളും നിബന്ധനകളും ഏറെയുണ്ട് ഫ്ളാറ്റ് പരസ്യത്തിലും. മതം, ജാതി, നിറം, ജോലി തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പരസ്യങ്ങള്‍ മുസ്ലിംകള്‍ക്കുള്ള കടുത്ത താക്കീതാണ്. ഒരു പ്രോപര്‍ട്ടി വെബ്സൈറ്റില്‍ "നോ മുസ്ലിം" എന്ന തലക്കെട്ടില്‍ ബ്രോക്കര്‍ ചെയ്ത പരസ്യത്തില്‍ മുംബൈ മുസ്ലിംകള്‍ക്ക് പ്രത്യേകിച്ച് ആശ്ചര്യപ്പെടാനൊന്നുമില്ല.
മുസ്ലിംകള്‍ക്ക് ഫ്ളാറ്റുകള്‍ നിഷേധിക്കുന്നതോടൊപ്പം അവരുടെ അസാന്നിധ്യം ഫ്ളാറ്റുകളിലെ സൌകര്യങ്ങളുടെ ഗണത്തില്‍ എണ്ണിയ ബ്രോക്കാരുമുണ്ട് മുംബൈയില്‍. നൈന്റിനയണ്‍ ഏക്കര്‍സ് ഡോട് കോമില്‍ മുമ്പ് വന്ന ഒരു ആഡ് മൂന്ന് ഏക്കര്‍ വിസ്തൃതിയിലുള്ള ഫ്ളാറ്റിന്റെ പ്രകൃതിഭംഗിയും അതുനാതുന സൌകര്യങ്ങളും വിവരിച്ചു കൊണ്ടുള്ളതായിരുന്നു. അതിന്റെയറ്റത്തുമുണ്ടായിരുന്നു നോ മുസ്ലിംസ് എന്ന കമന്റ്. സംഭവം എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുജന പ്രതിഷേധം ആളിക്കത്തിയതിനെത്തുടര്‍ന്ന് പരസ്യം പിന്‍വലിച്ച വെബ്സൈറ്റ് ചെയ്ത തെറ്റില്‍ മാപ് ചോദിച്ചെങ്കിലും മുംബൈയിലെ പൂര്‍വസ്ഥിതിയില്‍ ഒരു മാറ്റവുമില്ല.
Leave A Comment