സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന വിദ്യാഭ്യാസ വിപ്ലവം- ഹകീം ഫൈസി ആദൃശ്ശേരി
faizi01കേരളീയ മുസ്‍ലിം വിദ്യാഭ്യാസ രംഗത്ത് വേറിട്ട വഴി തിരഞ്ഞെടുത്ത് പ്രായോഗികതയുടെ പുതിയ മേല്‍വിലാസം തുറന്ന വാഫി കോഴ്സിന്റെ നിര്‍മ്മിതിയുടെ മസ്തിഷ്കങ്ങളില്‍ പ്രധാനിയും ക്ഷുബ്ധ ചിന്തകളിലൂടെ ഇസ്‍ലാമിക വൈജ്ഞാനിക സാമൂഹ്യ മണ്ഡലങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്യുന്ന പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹക്കീം ഫൈസി ഇസ്‍ലാം ഓണ്‍ വെബിനോട് മനസ്സ് തുറക്കുന്നു. ഇല്ലായ്മകളെ പഴിചാരി സ്വയം നിഷിദ്ധനായി കഴിയുന്നതിനു പകരം നിഷേധിക്കപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള ഉത്ക്കടമായ വാഞ്ഛയും സ്ഥിരോല്‍സാഹവും കൈമുതലാക്കി സ്വപ്നങ്ങള്‍ക്ക്  സാക്ഷാത്ക്കാരത്തിന്റെ ജീവന്‍ പകര്‍ന്ന് മുസ്‍ലിം ഉമ്മത്തിന് പ്രൌഢിയുടെ പുതിയ വഴികള്‍ തുറന്നു നല്കിയ അദ്ദേഹം ജീവിതത്തിന്റെ പിന്നിട്ട ഏടുകളെ ഓര്‍ത്തെടുക്കുന്നതോടൊപ്പം ചിന്തോദ്ദീപകമായ നയസമീപനങ്ങളെയും പ്രകാശിപ്പിക്കുകയാണിവിടെ. മുസ്‍ലിം വിദ്യാഭ്യാസ രംഗത്ത് ഏറെ സ്വീകാര്യത സിദ്ധിച്ച പുതിയൊരു വിദ്യാഭ്യാസ വീഥി തുറന്ന് ക്രിയാത്മക നേതൃത്വം നല്കിക്കൊണ്ടിരിക്കുമ്പോള്‍ വളര്‍ന്നു വന്ന കുട്ടിക്കാലത്തെ പഠന സാഹചര്യം എങ്ങനെ ഓര്‍ത്തെടുക്കുന്നു? 1957 ലായിരുന്നു എന്റെ ജനനം. പൊതുവിദ്യാഭ്യാസ രംഗത്ത് നിന്ന് നാടും സമൂഹവും തീര്‍ത്തും അന്യം നിന്നിരുന്ന ഗ്രാമീണ സാഹചര്യമായിരുന്നു എന്റെ ബാല്യ കാലം. അറബി അക്ഷരമാലയും ഖുര്‍ആന്‍ പാരായണവും പഠിക്കാനും പഠിപ്പിക്കാനും ഓത്തുപള്ളികള്‍ കണിശതയോടെ പ്രവര്‍ത്തിച്ച കാലഘട്ടമായിരുന്നു അത്. സ്വാഭാവികമായും പള്ളി ദര്‍സില്‍ ചേര്‍ന്ന് പ്രാഥമിക മത വിദ്യാഭ്യാസം നടത്തിയെങ്കിലും ചെറുപ്പത്തില്‍ പൊതു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഒട്ടും ലഭിച്ചിരുന്നില്ല. കുട്ടിക്കാലത്ത് സ്ക്കൂളിന്റെ പടി കാണാത്ത ഒരാളായിരുന്നു ഞാന്‍. പള്ളി ദര്‍സില്‍ പഠിക്കുന്ന സമയത്ത് സഹപാഠികളില്‍ നിന്നാണ് മലയാള അക്ഷരമാല പഠിച്ചെടുത്തത്. കേരളത്തിലെ ഇന്നലെകളിലെ ഇസ്‍ലാമിക സാഹചര്യങ്ങളില്‍ നില നിന്ന ഓത്തുപള്ളികള്‍ ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകളാണ്. ഓത്തുപള്ളിയില്‍ നിന്നും പള്ളി ദര്‍സിലേക്കുള്ള ദൂരവും അവ തമ്മിലുള്ള ചേര്‍ച്ചയും എങ്ങനെയാണ് ഗണിച്ചിരുന്നത്? പഴയ കാലത്തെ ഓത്തുപള്ളികളുടെയും പള്ളി ദര്‍സുകളുടെയും സമകാലിക പരിച്ഛേദങ്ങളാണ് ഇന്നത്തെ മദ്രസാ സമ്പ്രദായവും അറബി കോളേജുകളും എന്നു പറയാം. അറബി എഴുത്തും വായനയും അടിസ്ഥാന പരമായ അറിവും നേടി തുടര്‍ പഠനം താല്പര്യപ്പെടുന്നവര്‍ പള്ളി ദര്‍സുകളില്‍ ചേര്‍ന്ന് പഠനം തുടരും. അലിഖിതമായ പാഠ്യപദ്ധതി നിലവിലുണ്ടായിരുന്നെങ്കിലും കൃത്യമായ വ്യവസ്ഥകളോ കാലാവധിയോ നില നിന്നിരുന്നില്ല. ജീവിത സാഹചര്യങ്ങളും പ്രാരാബ്ധങ്ങളുമൊക്കെയായിരുന്നു പലപ്പോഴും പഠന കാലത്തിന്റെ ദൈര്‍ഘ്യവും തുടര്‍ച്ചയുമൊക്കെ തീരുമാനിച്ചിരുന്നത്. ദര്‍സ് പഠനവും ഉപരി പഠനവും കര്‍മ്മ രംഗത്തേക്കുള്ള അരങ്ങേറ്റവും? 8 വര്‍ഷത്തോളം തുടര്‍ന്ന ദര്‍സ് പഠനത്തിന് ശേഷം ഉപരി പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ രണ്ട് വര്‍ഷത്തെ പി ജി പഠനത്തിന് ചേര്‍ന്നു. ജാമിഅ പഠനത്തിനു ശേഷം തിരൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അല്‍ മുബാറക് വാരികയിലാണ് ആദ്യമായി സേവനമാരംഭിക്കുന്നത്. സുന്നി സാഹിത്യ രംഗത്ത് അക്കാലത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അല്‍മുബാറക്കില്‍ മുസ്ത്വഫല്‍ ഫെസി, ഹംസ മൂര്‍ക്കനാട്, കുഞ്ഞി മുഹമ്മദ് മൂര്‍ക്കനാട് തുടങ്ങിയവരുടെ കൂടെയായിരുന്നു പ്രവര്‍ത്തനം. അല്‍മുബാറക്കിലെ സേവനത്തിനു ശേഷം പിന്നീട് ചെന്നെത്തിയത് അബൂദാബിയലായിരുന്നു. 12 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് വളാഞ്ചേരി മര്‍ക്കസിലേക്ക് എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്ന് പറയാം. അബൂദാബി പ്രതിരോധ വകുപ്പില്‍ പള്ളിയുമായി ബന്ധപ്പെട്ട (മുത്വവ്വ) ജോലിയായിരുന്നു. യുദ്ധാനന്തരം ചില പ്രത്യേക സാഹചര്യങ്ങളാല്‍ പ്രതിരോധ വകുപ്പിലെ പല മേഖലയിലും ജോലിക്കാരെ പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നു. അതിന്റെ ഭാഗമായി അവിടുത്തെ സേവനം നിറുത്തേണ്ടി വന്നു. പ്രവാസ ജീവിതത്തിനു ശേഷം വിദ്യാഭ്യാസ സേവന രംഗത്തേക്കാണല്ലോ ചുവട് വെക്കുന്നത്. സമകാലിക വിദ്യാഭ്യാസ രംഗത്ത് കാലികവും അനിവാര്യവുമായ പരിവര്‍ത്തനത്തിന്റെ വഴി തെരഞ്ഞെടുക്കാനും കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ച വാഫി കോഴ്സിന്റെ സൈദ്ധാന്തിക പശ്ചാത്തലം രൂപപ്പെടുത്തിയെടുക്കാനും പ്രവാസ ജീവിതം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടോ ? വാഫി കോഴ്സിന്റെ നയ രൂപീകരണത്തിലും ആസൂത്രണത്തിലും പ്രവാസ ജീവിതം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വൈവിധ്യങ്ങളുടെ ഭാഷകളും സംസ്ക്കാരങ്ങളും സംഗമിക്കുന്ന ഗള്‍ഫ് നാടുകളില്‍ രാഷ്ട്രാന്തരീയ ബന്ധങ്ങളിലൂടെ സ്വതന്ത്രമായ ചിന്തകളുടെയും ആശയങ്ങളുടെയും രചനാത്മകമായ വിനിമയവും നടക്കുന്നുണ്ടെന്നത് സത്യമാണ്. സ്വാഭാവികമായും അത്തരം വിനിമയങ്ങള്‍ ഇത്തരമൊരു പരിഷ്കൃത വിദ്യാഭ്യാസ രീതിയുടെ സൈദ്ധാന്തിക രൂപീകരണത്തിലും പ്രയോഗ യോഗ്യമാക്കുന്നതിലും ഗണനീയമായ പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ട്. മര്‍ക്കസില്‍ സേവനം തുടരുന്നതിനിടയില്‍ വാഫി കോഴ്സിലേക്കുള്ള മാറ്റം സ്വാഭാവികമായ ഒരു പരിണാമമായിരുന്നോ അതോ നേരത്തെ തന്നെ ആവിഷ്ക്കരിച്ച ഒരു പദ്ധതി ആയിരുന്നോ? അത് നേരത്തേ തന്നെ രൂപപ്പെട്ട ഒരു ആശയമായിരുന്നു. മര്‍ക്കസില്‍ ദൌത്യമേറ്റെടുക്കുന്നതിനു മുമ്പ് തന്നെ സിലബസില് മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം വേണമെന്നും മത-ഭൌതിക സമന്വയം സാധ്യമാക്കണമെന്നുമുള്ള വ്യവസ്ഥ വെച്ചിരുന്നു. 1993ല്‍ മര്‍ക്കസില്‍ സേവനമാരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ സിലബസ് പരിഷ്ക്കരണം നടപ്പില്‍ വരുത്തിയിരുന്നു. തുടര്‍ന്നങ്ങോട്ട് പുതിയ പാഠ്യ പദ്ധതിയിലായിരുന്നു കോഴ്സ് നടന്നത്. 2000 ലാണ് വാഫി എന്ന പുതിയ പേര് നല്കപ്പെടുന്നത്. കാലോചിതമായ പരിഷ്ക്കരണങ്ങളിലൂടെ മത ഭൊതിക സമന്വിത വിദ്യാഭ്യാസത്തിന്റെ പുതിയ മേല്‍വിലാസമായി വാഫി കോഴ്സ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. മുസ്‍ലിം കേരളം ഈ മാറ്റങ്ങളെ ഉള്ക്കൊള്ളുകയും ഏറ്റെടുക്കുകയും ചെയ്തു. പരിമിത സീറ്റുകളിലേക്ക് വേണ്ടി പതിന്മടങ്ങ് അപേക്ഷകള്‍ മര്‍ക്കസിലേക്ക് വന്നു തുടങ്ങി. കേരളത്തില്‍ നിലവിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും ഈ പുതിയ വിദ്യാഭ്യാസ പദ്ധതിയിലേക്ക് മാറാനും വാഫി സ്ഥാപനങ്ങളായി അഫിലിയേറ്റ് ചെയ്യാനും മുന്നോട്ട് വന്നു. സമന്വിത വിദ്യാഭ്യാസം എന്ന നവീനമായ ആശയം പ്രയുക്തവല്ക്കരിക്കുന്നതില് പ്രത്യേകമായ ജീവിത സാഹചര്യങ്ങളോ അനുഭവങ്ങളോ സ്വാധീനം ചെലുത്തിയിട്ടുണ്ടോ? ചെറുപ്പത്തില്‍ ഔദ്യോഗികമായി പൊതു വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കപ്പെട്ടത് നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കണമെന്ന ഉത്ക്കടമായ താല്പര്യം ജനിപ്പിക്കാനും ചിന്താപരമായ പ്രചോദനമായി വര്‍ത്തിക്കാനും കാരണമായിട്ടുണ്ടെന്നത് സത്യമാണ്. സ്ക്കൂള്‍ വിദ്യാഭ്യാസം നഷ്ടമായ സാഹചര്യം എന്തായിരുന്നു? വീട്ടില്‍ നിന്ന് അധികം അകലെയല്ലാതെ തന്നെ സ്ക്കൂള്‍ നിലവിലുണ്ടായിരുന്നു എന്റെ നാട്ടില്‍. പക്ഷെ സ്ക്കളില്‍ ചേര്‍ത്താന്‍ വീട്ടുകാര്‍ താല്പര്യമെടുത്തില്ല. പ്രതിഭാധനനായ ഒരു പിതാവിന്റെ പുത്രനാണെന്ന വിചിത്രമായ ന്യായവും പിതാവിന്റെ അസാമാന്യമായ പ്രതിഭാവിലാസവുമായിരുന്നു അതിന് അവര്‍ കാരണമായി കണ്ടത്. ചെറുപ്പത്തില്‍ സ്ക്കൂളിന്റെ പടിവാതില്‍ കാണാത്ത വ്യക്തിത്വമായിരുന്നു എന്റെ പിതാവ് പറമ്പില്‍ കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍. അദ്ദേഹത്തെക്കുറിച്ച് ഡോ. സി. കെ കരീം അദ്ദേഹത്തിന്റെ കേരള മുസ്‍ലിം ഡയരക്ടറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇംഗ്ലീഷ്, തമിഴ്, കന്നട, ഉര്‍ദു തുടങ്ങി എട്ട് ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഇത്തരത്തില്‍ അദ്ഭുത പ്രതിഭയുള്ള ഒരു പണ്ഡിതന്‍ അക്കാലത്ത് വേറെ ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. വാച്ച് റിപ്പയറിംഗ്, മെക്കാനിക്കല്‍ ജോലികള്‍, കാര്‍പെന്ററി തുടങ്ങിയവ വശമുണ്ടായിരുന്ന അദ്ദേഹം ഒരു നിമിഷക്കവി കൂടിയായിരുന്നു. ഹൃദ്യമായ പെരുമാറ്റത്തിലൂടെ പൊതു സ്വീകാര്യനായ ആ പിതാവിന്റെ പാതയില്‍ പുത്രനും സ്വയം വഴി നടന്നുകൊള്ളുമെന്നായിരുന്നു അവര്‍ ചിന്തിച്ചത്. അല്‍ മുബാറക്കില്‍ സേവനം ചെയ്തിരുന്ന കാലത്ത് മത ഭൌതിക വിദ്യാഭ്യാസ സമന്വയത്തെക്കുറിച്ച് സജീവവും ശ്രദ്ധേയവുമായ ഒരു ചര്‍ച്ചക്ക് തുടക്കം കുറിച്ചിരുന്നു. മത വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുന്ന ദീര്‍ഘ കാലയളവില്‍ ഭൊതിക വിദ്യാഭ്യാസം ഔപചാരികമായി തന്നെ സാധ്യമാവുമെന്നും അതിനാവശ്യമായ സിലബസ് പരിഷ്ക്കരണം കാലത്തിന്‍റെ ആവശ്യമാണെന്നും അന്നു തന്നെ ചര്‍ച്ചകളില് മുന്നോട്ട് വെച്ചിരുന്നു. 1980 കളിലാണ് ഈ ചര്‍ച്ച നടക്കുന്നത്. മത ഭൌതിക സമന്വിത വിദ്യാഭ്യാസം സമ കാലിക കേരളീയ മുസ്‍ലിം വിദ്യാലയങ്ങളുടെ ജ്വരമായി മാറിയിരിക്കുന്നു. വൈവിധ്യങ്ങളുടെ ബാഹുല്യങ്ങള്ക്കിടയില്‍ വാഫി കോഴ്സിനെ വേറിട്ടു നിറുത്തുന്ന വസ്തുതയെന്താണ്? കേരളത്തില് മത ഭൌതിക സമന്വിത വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിരവധി പാഠ്യ രീതികള്‍ ലഭ്യമാണ്. നന്നായി ഗൃഹ പാഠം ചെയ്ത് തയ്യറാക്കിയ ഈ കോഴ്സുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയുമാണ്. പാഠ്യ പദ്ധതിയുടെ വിജയ പരാജയത്തിന്റെ മാനദണ്ഡമായി വര്‍ത്തിക്കുന്നത് അതിന്റെ പശ്ചാത്തല പ്രവര്‍ത്തനങ്ങളുടെ സംശുദ്ധിയും നിര്‍വ്വഹണ രംഗത്തെ പ്രകടനവുമാണ്. പ്രമുഖമായ യൂനിവേഴ്സിറ്റികളുടെ കോഴ്സുകള്‍ നേരെ പകര്‍ത്തുന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. പക്ഷേ, അത് ഫലം ചെയ്യില്ല. ഈ അര്‍ത്ഥത്തില്‍ അപ്രാപ്യമായ വിജയ രഹസ്യങ്ങളൊന്നും വാഫി കോഴ്സിനില്ല. സിലബസ് രൂപകല്പന സമയത്ത് വിദേശ യൂനിവേഴ്സിറ്റികളുടേതടക്കം ലഭ്യമായ ധാരാളം പാഠ്യ പദ്ധതികള്‍ ഞങ്ങള്‍ പരിശോധിച്ചു. വാഫി കോഴ്സിന്റെ ഏറ്റവും വലിയ ചൈതന്യം ഒത്തൊരുമയുടെ പ്രവര്‍ത്തനമാണ്. കുഞ്ഞാമു ഫൈസി, വാളക്കുളം മുഹമ്മദ് ദാരിമി, എ.ടി മുഹമ്മദലി ഖാസിമി തുടങ്ങിയ ധിഷണയും കര്‍മ്മോത്സുകതയുമുള്ള പണ്ഡിതന്മാരുടെ കര്‍മ്മ നൈരന്തര്യവും അക്ഷീണമായ മസ്തിഷ്ക്കോദ്ദീപനവും സമര്‍പ്പിച്ച് രൂപ കല്പന ചെയ്ത ഈ കോഴ്സിന്റെ വിജയ മന്ത്രം നിര്‍വ്വഹണ രംഗത്ത് ഞങ്ങള്‍ പുലര്‍ത്തിയ കൃത്യതയും കാര്‍ക്കശ്യവുമായിരുന്നു. തുടക്കം മുതല്‍ പുലര്‍ത്തി പ്പോന്ന കാര്‍ക്കശ്യത്തില്‍ ഒട്ടും വിട്ടു വഴ്ച ചെയ്യാതെയും ദയാ ദാക്ഷിണ്യം കാണിക്കാതെയും പ്രവൃത്തികളില്‍ നിയമ കല്പിതമായ സമയ നിഷ്ട പുലര്‍ത്തി പ്രഭാതം മുതല്‍ പാതിരാവ് വരെ പട്ടാളചിട്ടയോടെ ഈ ടീം വര്‍ക്ക് ഇന്നും തുടര്‍ന്നു വരുന്നു. അന്വേഷണ തൃഷ്ണയും ഉയരങ്ങള്‍ സ്വപ്നം കാണാനുള്ള മനസ്സും സ്വപ്നങ്ങള്‍ കീഴടക്കാനുള്ള വാഞ്ഛയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഭൌതിക വിഭവങ്ങളുടെ ദൌര്‍ലഭ്യതയോ സൌകര്യങ്ങളുടെ പരിമിതികളോ ലക്ഷ്യ സാക്ഷാല്ക്കാരത്തിന് തടസ്സമാവുകയില്ല. വാഫി കോളേജുകള്ക്ക് അംഗീകാരം നല്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള് നിലവിലുണ്ടോ? കൃത്യവും കര്‍ക്കശവുമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. 5 വഫിയ്യ സ്ഥാപനങ്ങളടക്കം മൊത്തം 46 സ്ഥാപനങ്ങളാണ് നിലവില്‍ അംഗീകരിക്കപ്പെട്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ പല സ്ഥാപനങ്ങളുടെയും അഫിലിയേഷന്‍ പിന്‍വലിക്കേണ്ടി വന്നിട്ടുമുണ്ട്. വാഫി കോഴ്സ് പൂര്ത്തിയാക്കി ഇറങ്ങിയ പണ്ഡിതര്‍ ഇന്ന് കര്‍മ്മ രംഗങ്ങളില്‍ സജീവമാണ്. സര്‍വ്വ സ്വീകാര്യത ലഭിച്ച ഈ കോഴ്സിന്റെ സൈദ്ധാന്തികരില്‍ പ്രമുഖന്‍ എന്ന നിലയില്‍ പ്രായോഗിക രംഗത്തെ സാക്ഷാത്കാരത്തിന്‍റെ പ്രതിഫലനം സ്വപ്നങ്ങളോളം യാഥാര്‍ത്ഥ്യമായോ? faizi02 സ്വപ്നങ്ങള്‍ നൂറ് ശതമാനം സാക്ഷാല്‍കൃതമായെന്ന് ഒരിക്കലും പറയില്ല. ഒരു പിതാവിന് തന്‍റെ മകന്‍, ഒരു അദ്ധ്യാപകന‍് തന്‍റെ ശിഷ്യന്‍ എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ഇനിയും ഉയര്‍ന്ന് കാണണമെന്ന തോന്നല്‍ സ്വാഭാവികമായ നിഷ്കളങ്കതയുടെ ഭാഗമാണ്. ഈ അര്‍ത്ഥത്തില്‍ വാഫി കോഴ്സിന്റെ ഉല്പന്നങ്ങള്‍ ഇനിയും മികവ് പുലര്‍ത്തിക്കാണണമെന്നാണ് ആഗ്രഹം. എന്നാലും – അല്‍ ഹംദു ലില്ലാഹ്- പ്രവര്‍ത്തന രംഗത്തും തൊഴില്‍ രംഗത്തും പെരുമാറ്റ രീതിയിലുമൊക്കെയുള്ള ഇവരുടെ പ്രകടനം കര്‍മ്മ രംഗത്ത് കരുത്തോടെ തുടരാന്‍ പ്രചോദനം നല്കുന്ന സന്തോഷദായകമായ അനുഭവമാണ് നല്കുന്നത്. (അഭിമുഖത്തിന്‍റെ ശിഷ്ട ഭാഗം അടുത്ത വാരം പ്രസിദ്ധീകരിക്കുന്നതാണ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter