ഒരു വൈദ്യവിദ്യാര്‍ഥിയുടെ മുസ്‌ലിം അനുഭവങ്ങള്‍
ഇതു ചില കുറിപ്പുകളാണ്. പരസ്പര ബന്ധമില്ലാത്ത ചില ഏറ്റു പറച്ചിലുകള്‍. പലതും തമ്മില്‍ ഒരു ബന്ധവും കാണില്ല. എങ്കിലും ഒരു മുസ്‌ലിം പ്രൊഫഷണല്‍ വിദ്യാര്‍ഥിയുടെ ഇസ്‌ലാമിക ജീവിതം പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍
ഒന്ന്: ദൈവം
എം.ബി.ബി.എസ് പഠനത്തിന്റെ ആദ്യ വര്‍ഷം ചെന്നെത്തിയത് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. അവിടെ പഠന വസ്തുവായി കാഡാവര്‍ (ഫോര്‍മാലിന്‍ മണമുള്ള മൃത ശരീരങ്ങള്‍ മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണ്ണ ഘടനയിലൂടെ ഓരോ ദിവസവം വഴിനടന്നുകൊണ്ടിരുന്നു.) അതിന്റെ സ്രഷ്ടാവിന്റെ ശില്‍പ ചാരുതയെയോര്‍ത്ത് പലപ്പോഴും തരിച്ചു നിന്നു. ശരീരത്തിന്റെ തൊലി ഭാഗം ഓരോ പാളിയായി അടര്‍ത്തിയെടുക്കുമ്പോഴും പൊട്ടിപ്പോവുന്ന കുഞ്ഞുധമനികളും ഞരമ്പുകളും നോക്കി അത്ഭുതം കൂറി.
രണ്ടാം വര്‍ഷം മുതല്‍ നീണ്ട അഞ്ച് വര്‍ഷം ആശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ നടന്നു ചോദിച്ചും പരിശോധിച്ചും ഓരോരുത്തരുടെ ദുഖങ്ങളില്‍, വേദനകളില്‍ പങ്കാളിയാപ്പോള്‍ മിക്കപ്പോഴും സന്തോഷം വിതറി. മറ്റു ചിലപ്പോള്‍ കണ്ണീരാര്‍ന്ന കൂട്ടക്കരച്ചിലുകള്‍ക്ക് സാക്ഷിയായി. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ എത്ര മരുന്നു വെച്ചിട്ടും ഉറക്കമൊഴിച്ചിട്ടും രക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ അറിയുന്നു എല്ലാം തീരുമാനിക്കുന്നത് മറ്റൊരുത്തനാണെന്ന്.
ദൈവം ഒരു ഉപകരണം കൂടിയാണെന്നറിഞ്ഞത് അവസാന വര്‍ഷ കോഴ്‌സ് സര്‍ജറി കാലത്തിലാണ്. മരുന്ന് ഫലിക്കാതെ വരുമ്പോള്‍, അല്ലെങ്കില്‍ കയ്യില്‍ നിന്നു പോയി എന്നു തോന്നിയാല്‍ രോഗികളുടെ കൂടെയുള്ളവരോട് ഡോക്ടര്‍മാര്‍ പറയും. ഇനി പ്രാര്‍ഥിച്ചോളൂ. ചെയ്യാനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. പെട്ടെന്ന് രോഗി മരിച്ചാല്‍ പറയും ദൈവത്തിന്റെ വിധി. ഡോക്ടര്‍ക്ക് കൈയൊഴിയാനുള്ള ഒരു ഇടമാണ് ദൈവം. . അവിടെ രോഗിയുടെ കൂടെയുളളവരും വീഴുന്നു.
അന്ന് ഒരു നോമ്പ് കാലമായിരുന്നു. ഞാന്‍ ീയര (ീയേെശരമഹ ഴ്യിമരീഹീഴ്യ) ഡിപ്പാര്‍ട്ട്‌മെന്റില്‍ കേസ് പ്രസന്റ് ചെയ്യുകയായിരുന്നു. അതിനിടയില്‍ മാഡത്തിന് ഒരു പ്രസവം അറ്റന്റ് ചെയ്യേണ്ടതിനാല്‍ മാഡം റൂമിലേക്ക് പോയി. ചായ കുടിക്കാന്‍ പുറത്തിറങ്ങി നടന്നുപോകുമ്പോഴാണത് കണ്ടത്.
ചോരയില്‍ കുളിച്ചു കിടക്കുന്ന പ്രിയ സുഹൃത്ത്, തലയോട്ടി പൊട്ടിയിരിക്കുന്നു. ഒരു പ്രണയത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ട അവന്‍ ഹോസ്റ്റലിന്റെ 4ാം നിലയില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. അവനു വേണ്ടി ചോര കൊടുക്കാനായി ബ്ലഡ് ബാങ്കില്‍ നില്‍ക്കുമ്പോഴാണറിഞ്ഞത് അവന്‍ പോയെന്ന്.
ഒരു ഹൈക്ലാസ് ഫാമിലിയിലെ ഏക സന്താനമാണവന്‍. അതു കൊണ്ടു തന്നെയവര്‍ അവനെ നാട്ടിലെ സാധാരണ മദ്രസയിലയച്ചില്ല. ഒരു അധ്യാപകന്‍ വന്ന് നമസ്‌കാരം ഡമണ്‍സ്‌ട്രേഷന്‍ കാണിച്ചു കൊടുത്തു. അതായിരുന്നു അവന്റെ കയ്യിലുള്ള മതപഠനം. അവന് ഖുര്‍ആന്‍ വായിക്കാനറിയില്ലായിരുന്നു. മതത്തിലൊന്നും കാര്യമില്ല, മനുഷ്യന്‍ നന്നായാല്‍ മതി എന്നായിരുന്നു അവന്‍ പറഞ്ഞത്.
അവനെപ്പോലെ ഒരുപാട് ജന്മങ്ങളെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളിലും കാണാം. ഇന്ന് ഹൈക്ലാസ് കുടുംബങ്ങള്‍ക്ക് (പ്രത്യേകിച്ചും ഡോക്ടേഴ്‌സ്, എന്‍ജിനീയേഴ്‌സ്) മക്കളെ മദ്രസയിലേക്കയക്കുന്നതിനു താല്‍പര്യമില്ല. സാധാരണ വിദ്യാര്‍ഥികളുമായി ചേരുന്നത് അവരുടെ സ്റ്റാന്‍ഡേഡിന് നിരക്കുന്നതല്ലത്രെ. ഒരു ബ്രോയ്‌ലര്‍ കോഴിയെ പോലെ വളരുന്ന ഇവര്‍ക്ക് മതവിദ്യാഭ്യാസം മാത്രമല്ല ജിവിതാവബോധം കൂടിയാണ് നഷ്ടപ്പെടുന്നത്.
സ്വാതന്ത്ര്യം
ഏതൊരു വ്യക്തിയുടെയും ജീവിതം സ്വയം തീരുമാനിക്കുന്നതാണ്. അവന്റെ മതകീയമായ അനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുക എന്നത് എത്ര അനുചിതമായ സാഹചര്യത്തിലും സാധിച്ചെടുക്കുകയെന്നത് അവന്റെ കടമയുമാണ്. കേരളത്തില്‍ പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളും മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും അനുഭവിക്കുന്നുണ്ട്. തന്റെ അസ്ഥിത്വത്തെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യം ഇവിടെയെങ്ങും ലഭ്യമാണ്.
ഇതിനിടയിലും പെരുന്നാളുകള്‍ക് ലീവ് തരാത്ത കോളേജുകളും, നോമ്പിന് ഭക്ഷണം തരാത്ത സ്ഥാപനങ്ങളും ഇല്ല എന്ന് പറയുന്നില്ല.
മൂന്ന്
കേരളത്തിലിത്രയും ഇസ്‌ലാമിക സംഘടനകളും അവക്കിത്രയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമുണ്ടെന്ന് മനസ്സിലായത് കാമ്പസിലെ പള്ളിയില്‍ ചെന്നപ്പോഴായിരുന്നു. പലരും വന്നത് തങ്ങളുടെ സംഘടനയിലേക്ക് ആളെ ചേര്‍ക്കാനാണ് എന്നു തോന്നും. എ.പിയും ഇ.കെ.യും ജമാഅത്തും പിന്നെ മുജാഹിദും തബ്‌ലീഗും ഒക്കെയായി ആകെ അലങ്കോലമാണ്. ഖുര്‍ആന്‍ ക്ലാസുകളും പലവിധം.
ഇത്രയും സംഘടനയുടെ ശല്യം സഹിക്കാനാവാതെ പലരും പള്ളിയില്‍ പോക്ക് തന്നെ നിര്‍ത്തി.
തെക്കന്‍ കേരളക്കാരനായ ഒരു സുഹൃത്ത് ചോദിച്ചു. ''എന്താടാ ഈ ഇ.കെ, എ.പി, ഈ മടവൂര്‍, ഈ കെ.എന്‍.എം?''
എല്ലാവരും വിളിയോ വിളി. അവരവര്‍ നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥി കോണ്‍ഫറന്‍സുകളിലേക്ക് ആളെ കൂട്ടലാണ് പ്രധാന ഉദ്ദേശ്യം. സത്യത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയാണോ അതോ സ്വന്തം സംഘടനയുടെ ശക്തി പ്രകടനമോ എന്താണീ കോലാഹലങ്ങളുടെ അര്‍ഥം.
സമൂഹത്തിനോട് പറയാനുള്ളത്
മുഹമ്മദ് സാലി 60 വയസ്സായ പള്ളി ഇമാം ആണ്. പ്രമേഹ ബാധിതനായ സാലിയുടെ കാലടിയില്‍ ഒരു മുറി വന്നതില്‍ പിന്നെ അയാള്‍ക്ക് സ്വന്തം ജോലി ഉപേക്ഷിച്ചു പോകേണ്ടി വന്നു. ഉണങ്ങാത്ത മുറിവ് അയാളെ നടക്കാന്‍ സമ്മതിച്ചില്ല.
സാലിയെ ഞാനാദ്യമായി കാണുന്നത് പുഴുവരിച്ച കാലുമായാണ്. സീനിയര്‍ ഡോക്ടര്‍ അയാളെ പരിചരിക്കാന്‍ എന്നെ ഏല്‍പ്പിച്ചു. ഞാനയാളോട് വിവരങ്ങള്‍ ആരാഞ്ഞു. 3 വര്‍ഷമേ ആയിട്ടുള്ളൂ പ്രമേഹം വന്നിട്ട്. ഡോക്ടര്‍ ഗുളികകളും ഇന്‍സുലിനും കൊടുത്തിരുന്നു. അതിനിടയിലാണ് അയാളുടെ ഭാര്യ പറഞ്ഞത്: ''ഇദ്ദേഹം ഇന്‍സുലിന്‍ വെക്കാറില്ല. മരുന്ന് കുടിക്കാറില്ല.''
ഞാനയാളുടെ കാല് ഡ്രസ് ചെയ്യാന്‍ തുടങ്ങി. ചലം പൈപ്പ് തുറന്നിട്ട പോലെ ചീറ്റി വന്നു. അസഹനീയമായ നാറ്റം. ചലം ഒരു വിധം കളഞ്ഞ്, ഞാനയാളുടെ കാലിലെ ചത്ത കോശങ്ങള്‍ വെട്ടിമാറ്റി. ഒരു എക്‌സ്‌റേ എടുക്കണമെന്ന് പറഞ്ഞു. എക്‌സ്‌റേ റിസള്‍ട്ട് വന്നപ്പോള്‍ പ്രതീക്ഷിച്ചതു പോലെ പഴുപ്പ് എല്ലാം തുരന്നു കയറിയിരുന്നു. ഗത്യന്തരമില്ലാതെ അയാളുടെ പാദം മുറിച്ചു മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ഞാനയാളോട് ചോദിച്ചു, എന്താണ് നിങ്ങള്‍ പ്രമേഹം നിയന്ത്രിക്കാതിരുന്നത്. ഇന്‍സുലിന്‍ വെക്കാതിരുന്നത്? അയാള്‍ ഒരു ഖുര്‍ആന്‍ ആയത്തു കാണിച്ചു തന്നു പറഞ്ഞു. ''അല്ലാഹുവാണെല്ലാം നല്‍കുന്നത.് എന്തിനാണ് ഇനി മരുന്ന്. അവന്‍ തന്നെ എല്ലാം ശരിയാക്കും. ഈ ആയത്ത് എത്രയോ തവണ ഓതിയാല്‍ മതി!''
അയാള്‍ സത്യത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ലേ? രോഗശമനത്തിനായി പ്രാര്‍ഥിക്കുന്നതു പോലെ പ്രധാനമാണ് അതിന്റെ മരുന്നുകള്‍ സേവിക്കലും. ജീവന്‍ രക്ഷിക്കാന്‍ തുറന്നിട്ട മാര്‍ഗങ്ങള്‍ പലതും ഉണ്ടായിരിക്കെ മരുന്നു കഴിക്കാതെ അയാള്‍ ആത്മഹത്യക്ക് തന്നെയല്ലേ ശ്രമിക്കുന്നത്.
ഹറാമായ കള്ള് പോലും ചികിത്സക്കായി ഹലാലാക്കിയ മതമാണ് ഇസ്‌ലാം. ഒരാളുടെ ജീവന്‍ രക്ഷി്ക്കുന്നതിന് എല്ലാ മാര്‍ഗവം സ്വീകരിക്കാം. എന്നതിന്റെ തെളിവല്ലേ ഇത്. പിന്നെന്തിനാണ് മരുന്ന് കഴക്കാതെ സ്വയം ആത്മഹത്യ ചെയ്യുന്നത്?
***
125 കോടിയോളം ജനങ്ങളുള്ള ഇന്ത്യയില്‍ ജനസംഖ്യക്ക് ആനുപാതികമായോ അതിനടുത്തോ ഡോക്ടര്‍മാരില്ല. 125 കോടിയില്‍ 60 കോടിയോളം സ്ത്രീകളാണ്. ഒരു പഞ്ചായത്തില്‍ (30000 പേര്‍ക്ക്) ഒരു ഡോക്ടര്‍ എന്ന അനുപാതം പോലം പാലിക്കാന്‍ ഇന്ത്യയില്‍ ഈയടുത്ത കാലത്തൊന്നും സാധിക്കില്ല.
അത് കൊണ്ട് തന്നെ എല്ലാ ഡോക്ടര്‍മാരും, ആണാകട്ടെ പെണ്ണാകട്ടെ, സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പഠിക്കല്‍ അത്യാവശ്യമാണ്. സ്ത്രീക്ക് പെണ്‍ഡോക്ടര്‍ എന്നോ ആണിന് ആണ്‍ ഡോക്ടര്‍ എന്നോ വേര്‍തിരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല.
പ്രസവം പോലുള്ള കാര്യങ്ങളില്‍ ആണ്‍ ഡോക്ടര്‍മാരും പ്രാവീണ്യം നേടേണ്ടതുണ്ട്. ഒരു മിനിട്ടില്‍ ഒന്നിലധികം പ്രസവങ്ങള്‍ നടക്കുന്ന ഒരു രാജ്യത്ത് ഇതത്യാവശ്യ കാര്യവുമാണ്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പലരും പ്രത്യേകിച്ച് മുസ്‌ലിം സമുദായം മെഡിക്കല്‍ കോളേജുകളില്‍ ആണ്‍ വിദ്യാര്‍ഥി പ്രസവം കൈകാര്യം ചെയ്യുന്നതിനോട് അനിഷ്ടം പ്രകടിപ്പിക്കാറുണ്ട്. ഒരു വിദ്യാര്‍ഥിയും ദുഷ്ടലാക്കോടു കൂടിയല്ല ഇത്തരം അവസ്ഥകളെ സമീപിക്കുന്നത് എന്നു നാം മനസ്സിലാക്കണം.
ഒരു ആണ്‍ ഡോക്ടര്‍ സ്ത്രീയുടെ ലൈംഗികാവയങ്ങള്‍ പരിശോധിക്കുമ്പോള്‍ കൂടെ ഒരു നഴ്‌സോ അറ്റന്‍ഡറോ വേണമെന്നാണ് നിയമം. ഈ നിയമം പരിപൂര്‍ണ്ണമായി അനുസരിച്ചാണ് മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ പരിശോധന നടത്തുന്നത്.
ഒരു ആണ്‍ ഡോക്ടര്‍ (വേണ്ട വിധം ട്രൈനിംഗ് കിട്ടാത്ത) ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യവേ പ്രസവവേദനയുമായി വന്ന രോഗിയെ നോക്കാനാറിയാതെ രോഗി മരിച്ചാല്‍ സമൂഹം കൂടി അതിനുത്തരവാദിയാണ് എന്നത് ഓര്‍മയിലുണ്ടായിരിക്കണം.



Leave A Comment