തര്‍ബിയ്യത്തിന്റെ പുതിയകാല അര്‍ത്ഥ പരികല്‍പനകള്‍

madraനിര്‍മാണാത്മകമായ ജ്ഞാനസമ്പാദനത്തിന്റെ നൂതനമായ വഴികള്‍ അന്വേഷിക്കുന്ന സന്ദര്‍ഭത്തില്‍, പാരമ്പര്യ ഇസ്‌ലാം ചെന്നെത്തുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികന്മാര്‍ പരികല്‍പ്പന നടത്തിയ ചില സിദ്ധാന്തങ്ങളിലും പ്രയോഗങ്ങളിലുമാണ്. എന്നാല്‍ ഇസ്‌ലാമിന്റെ സുവര്‍ണ കാലത്ത് ഉയര്‍ത്തിക്കാണിക്കപ്പെട്ട വ്യക്തിത്വം കളങ്കമുക്തമായതും വിജ്ഞാനസമ്പാദനത്തിനും ചിന്തക്കും ഇടം നല്‍കുന്നതുമായ ഒരു ഉദാത്ത മാതൃക സൃഷ്ടിച്ചുകൊണ്ടായിരുന്നു. വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും ഇടയിലെ സൃഷ്ടിപരമായ വാദപ്രതിവാദങ്ങള്‍ക്കും യുക്തിചിന്തക്കും അക്കാലത്ത് പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിനെ സമ്പുഷ്ടമാക്കുകയും ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായി തുടരാനുള്ള ജ്ഞാനബോധം പകര്‍ന്നു നല്‍കുകയും ചെയ്തു. ജ്ഞാനസമ്പാദനം അതിജീവനത്തിനു പുറമെ സൃഷ്ടാവിനെ തിരിച്ചറിയാനുള്ള മാര്‍ഗമാണെന്ന  ചിന്തയും ഇക്കാലത്തു രൂപമെടുത്തു. മതവും ശാസ്ത്രവും തമ്മില്‍  അനാവശ്യമായ സംഘട്ടനം നടന്നുകൊണ്ടിരുന്ന സമയത്ത് പോലും ഇസ്‌ലാമിന്റെ വിദ്യാഭ്യാസ പുരോഗതി ബൃഹത്തും ഗഹനവുമായിരുന്നു. ഇവിടെ ഇസ്‌ലാമിക വിദ്യാഭ്യാസം കടന്നുപോയ ചരിത്രസന്ധികളെ അന്വേഷിക്കുക സംഗതമല്ല. പക്ഷെ, ഇസ്‌ലാമിക ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ തര്‍ബിയത് എന്ന സംജ്ഞ എങ്ങനെയാണ് മാധ്യമമായതെന്ന് മനസിലാക്കല്‍ അനിവാര്യമാണ്(തര്‍ബിയത്തിനെ വിദ്യാഭ്യാസമെന്ന് ഭാഷാന്തരം ചെയ്യുന്നത് അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തും). തര്‍ബിയത് ഒരു വ്യക്തിയെ വളര്‍ത്തുകയും പരിപാലിക്കുകയും ബോധവാനാക്കുകയും ചെയ്യുന്നു. (ഇബ്‌നുമന്‍സൂര്‍ 1414 A.H) മതകീയ പരിസരത്താണ് തര്‍ബിയത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത്. മാനവിക ചരിത്രം തന്നെ തര്‍ബിയത് എന്ന പദത്തിന്റെ വകഭേദമാണ്. ഒരു മാതൃകാമുസ്‌ലിമിന്റെ ജീവിതം തര്‍ബിയത്തിന്റെ ആത്മീയവും താത്വികവുമായ അര്‍ത്ഥതലങ്ങളോട് കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. തര്‍ബിയത്തിന്റെ വിവക്ഷ ധാരാളമായി വിദ്യനുകരുക എന്നതിനപ്പുറം ഒരു മനുഷ്യന്റെ ആത്മീയമായ സര്‍വ്വ ചോദനകളെയും തൃപ്തിപ്പെടുത്തുകയെന്നാണ്. അപ്പോള്‍ മാത്രമേ മുറബ്ബി (തര്‍ബിയത് നടത്തുന്നവന്‍) ആരാണെന്നും അത് എത്രത്തോളം മുസ്‌ലിം വിദ്യാഭ്യാസത്തോട് ബന്ധപ്പെട്ടുകിടക്കുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. വ്യത്യസ്ത മുഖങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി കെട്ടിപ്പടുത്ത ഇസ്‌ലാമിക ജ്ഞാനപരിസരത്തെ വീണ്ടെടുക്കാനും വിദ്യാഭ്യാസ ആഗോളീകരണ കാലത്ത് തര്‍ബിയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മുറബ്ബി ഒരു പ്രശ്‌നമോ? ആദം നബി സ്വര്‍ഗീയ ജീവിതത്തില്‍ നിന്ന് പുറത്തുകടന്ന അതിനിര്‍ണായക നിമിഷത്തില്‍ അല്ലാഹു ഉപയോഗിച്ച റബ്ബ് എന്ന പദപ്രയോഗം- റബ്ബില്‍ നിന്നാണ് മുറബ്ബി ഉത്ഭവിക്കുന്നത്- ഒരു മനുഷ്യന്‍ അടിസ്ഥാനപരമായി മുറബ്ബിയെ തേടിക്കൊണ്ടിരിക്കുന്നു എന്നതിന് ദൃഷ്ടാന്തമാണ്. ഖുര്‍ആനിലെ അധ്യായം 20:121 സൂചിപ്പിക്കുന്നതും ഈ ആശയത്തെയാണ്. മാനവികതയുടെ ധാര്‍മികവും ചരിത്രപരവുമായ നിലനില്‍പ്പിന് ആദം നബി(അ)ന് ഒരു മുറബ്ബിയിലേക്ക് ആവശ്യമുണ്ടായി. അങ്ങനെ തര്‍ബിയത്തിന്റെ തുടക്കം അല്ലാഹു തന്നെ നിര്‍വ്വഹിച്ചതോടെയാണ് ഈ വാദമുഖത്തിന് പ്രാരംഭം കുറിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ സകല ശാഖകളുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നായി തര്‍ബിയത് മാറി. വിദ്യാഭ്യാസത്തിനപ്പുറമുള്ള അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്നവരെ മാനുഷിക കോണില്‍ നിന്നുകൊണ്ട് എങ്ങനെ നിരീക്ഷിക്കാമെന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അല്ലാഹു ഓരോരുത്തരുടെയും മുറബ്ബിയാകുക അചിന്തനീയമായി വരുന്ന ഇത്തരമൊരവസ്ഥയില്‍ വ്യത്യസ്ത ഭാവങ്ങളില്‍ നിന്ന് നാം സ്വയം പരിധി വിടാതെ വ്യതിരിക്തമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. നാം നൂറ്റാണ്ടുകളായി വിദ്യാഭ്യാസ സംബന്ധിയായ ചര്‍ച്ചകളില്‍ മുഴുകുകയും ജ്ഞാനത്തെ പുതിയ രീതിയിലും ഭാവത്തിലും അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്. ആഗോളീകരണ കാലഘട്ടത്തില്‍ വിദ്യാഭ്യാസം ജനപ്രിയ വാര്‍ത്തകളായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ മതങ്ങള്‍ക്കോ ചുറ്റുപാടുകള്‍ക്കോ യാതൊരു സ്വാധീനവുമില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളധികവും യൂനിവേഴ്‌സിറ്റികള്‍, കോളേജുകള്‍, നഴ്‌സറികള്‍  തുടങ്ങിയ വിദ്യാഭ്യാസ സമുച്ചയങ്ങളെ കുറിച്ചാണ്. വിദ്യാഭ്യാസം എങ്ങനെയൊക്കെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ സ്ഥാപനങ്ങള്‍ ചിന്തിക്കുന്നതും അതിനനുസരിച്ചാണവര്‍ പുതിയ ഉപഭോക്താക്കളെ തിരയുന്നതും. വിദ്യാഭ്യാസം തികഞ്ഞ ഒരു കച്ചവടച്ചരക്കായി മാറിയിരിക്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ക്കും പരിശീലനത്തിലും അവിടെ പൂര്‍ണമായ നിരോധനമാണ്.(down and walford 2004) ആധുനിക ലോകത്ത് വിദ്യാഭ്യാസവും തര്‍ബിയത്തും മനുഷ്യനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ട് സംജ്ഞകളാണ്. ഇഖ്‌റഅ് എന്ന ഖുര്‍ആനിന്റെ ആദ്യവെളിപാടിലൂടെയാണ് ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി രൂപംകൊള്ളുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ നിലവിലെ വിദ്യാഭ്യാസ രീതി ഗ്രഹിക്കേണ്ടതുണ്ട്. ആധുനിക വിദ്യാഭ്യാസം ഭൗതിക പുരോഗതിയെ ഉന്നം വെക്കുമ്പോള്‍ ആത്മീയ തലത്തെ പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്. Micheal young(2009), what are schools for ? എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: സ്‌കൂളുകള്‍ രൂപം കൊള്ളുന്നത് മുതലാളിത്ത സമൂഹത്തിലെ തൊഴിലാളികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതില്‍ നിന്ന് സാമൂഹിക നന്മക്കുവേണ്ടിയല്ല  സ്‌കൂളുകള്‍ ഉയിര്‍കൊണ്ടതെന്ന് വ്യക്തമാക്കാനാവും. 1980കളിലും തൊണ്ണൂറുകളിലുമായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്രമേണ വിശ്വാസ്യത  കൈമോശം വന്നു. തുടര്‍ന്ന് ഫണ്ടിംഗ് ഏജന്‍സികളുടെ അജണ്ട നടത്തിപ്പുകാരായി മാത്രം അവ പരിണമിച്ചു. കമ്യൂണിസത്തിന് വേണ്ടിയാണ് കമ്യൂണിസ്റ്റുകാര്‍ സ്‌കൂളുകള്‍ നിര്‍മിച്ചത്(ഇസ്‌റാര്‍ അഹ്മദ് ഖാന്‍). അക്കാലത്ത് തന്നെ നിരവധി വിദ്യാഭ്യാസപ്രേമികള്‍ വിദ്യാഭ്യാസത്തെ സ്ഥാപനവത്ക്കരിക്കന്നതിനെ ശക്തിയുക്തം എതിര്‍ത്തുപോന്നിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്കുള്ള കരിക്കുലം തീരുമാനിക്കുന്നത് പോലും വിദ്യാഭ്യാസ ഏജന്റുമാരാണ്. പ്രദേശങ്ങളുടെ പിന്നാക്കാവസ്ഥയോ ഭൗതികമായ പരിസരങ്ങളോ പരിഗണിക്കാതെയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിദ്യാഭ്യാസ ഇടനിലക്കാര്‍ പതിനെട്ട്,പത്തൊമ്പത് നൂറ്റാണ്ടുകളിലെ ഇടത്തരം വേരുകളുള്ളവരാണ്.(ibid12)നിലവിലെ വിദ്യാഭ്യാസ തത്വങ്ങളനുസരിച്ച് ആധുനിക വിദ്യാഭ്യാസവും സ്ഥാപനങ്ങളുമെല്ലാം  പ്രതിനിധീകരിക്കുന്നത് അറിവിന്റെ കൈമാറ്റത്തെയാണ്. പക്ഷെ, ഈയൊരു ആശയവും തര്‍ബിയത്ത് എന്ന കോണിലൂടെ നോക്കുമ്പോള്‍ വിമര്‍ശനാത്മകമാണ്. കൂടാതെ ആധുനിക വിദ്യാഭ്യാസ സമുച്ചയങ്ങള്‍ ജ്ഞാനപ്രസരണത്തിന് പകരം താഴ്ന്നും ഉയര്‍ന്നും കൊണ്ടിരിക്കുന്ന കമ്പോളത്തിലെ സൂചികയെയാണ് പ്രൊമോട്ട് ചെയ്യുന്നത്. ഇവിടെ നിന്നും പുറത്തു വരുന്ന പ്രൊഡക്റ്റുകള്‍ അത്യുല്‍പാദന ശേഷിയുള്ള ഒരു യന്ത്രമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമാകാന്‍ കഴിയാത്തത് വ്യവസ്ഥയുടെ പ്രതികൂലമായ ഇത്തരം ഘടകങ്ങള്‍ കൊണ്ടാണ്. അവരുടെ അവകാശവാദം നാം അംഗീകരിക്കുകയാണെങ്കില്‍ തന്നെ ഏതുതരം വിദ്യാഭ്യാസത്തെയാണ് ഇക്കൂട്ടര്‍ പ്രസരണം ചെയ്യുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ് (young 2009). നിലവിലെ വിദ്യാഭ്യാസത്തെ താത്വികമായും പ്രായോഗികമാവും വിലയിരുത്തുമ്പോള്‍ ആത്മജ്ഞാനമെന്നും ഭൗതിക ജ്ഞാനമെന്നും അതിനെ വര്‍ഗീകരിക്കാവുന്നതാണ്. മുറബ്ബിയായ അധ്യാപകന്‍ തന്റെ ജീവിതത്തിലുടനീളം വിദ്യാര്‍ത്ഥിയിലേക്ക് കടന്നു ചെല്ലുമ്പോഴാണ് അത് കൂടുതല്‍ ഫലപ്രാപ്തിയിലെത്തുന്നത്. ഇവിടെയാണ് സ്ഥാപനവത്കൃത അറിവും(institutionalised knowledge) ആത്മീയ ജ്ഞാനവും(personalised knowledge) തമ്മിലുള്ള അന്തരം വ്യക്തമാവുന്നത്. ശമ്പള സ്‌കെയില്‍ ഉയരുന്നത് അവിടെ പരിഗണിക്കപ്പെടുന്നേയില്ല. നാം പുസ്തകങ്ങളിലെ നിയതമായ ഭാഗങ്ങള്‍ അന്ധമായി പഠിച്ചെടുക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുഞ്ഞാടുകളെ നിര്‍ബന്ധിക്കുന്നു. സ്വന്തം വ്യക്തിത്വം മറച്ചുപിടിച്ച്, കുറച്ചുനേരം പുറംലോകത്തോട് അകന്നുകഴിയുന്ന ക്ലാസ്‌റൂമില്‍, അധ്യാപകന്‍ കെട്ടിയാടുന്ന വേഷങ്ങള്‍ക്ക് അറിവിന്റെ അന്തസത്ത വിദ്യാര്‍ത്ഥികളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഒരിക്കലും സാധ്യമല്ല. വ്യക്തിത്വം പഠിപ്പിക്കപ്പെടുന്നതാണോ എന്ന ചോദ്യത്തിന് ഗാന്ധി നല്‍കിയ ഉത്തരം അല്ല എന്നായിരുന്നുവത്രേ. പിന്നെ എങ്ങനെയാണ് ഈ വ്യക്തിത്വം നാം പഠിക്കേണ്ടത്? ഉത്തരം വളരെ വ്യക്തം. മുറബ്ബിയിലൂടെ മാത്രമേ വിദ്യാര്‍ത്ഥിയുടെ മനസ്സിനെ ചലനാത്മകമാക്കാനും വ്യക്തിത്വത്തെ രൂപപ്പെടുത്താനും സാധിക്കുകയുള്ളൂ. നിലവിലെ വിദ്യാഭ്യാസ രീതി പ്രയോഗതലത്തില്‍ ഇസ്‌ലാമികമോ അനിസ്‌ലാമികമോ ആവട്ടെ, ഒരിക്കലും മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാസ്തുവിദ്യയുടെ സൗന്ദര്യങ്ങളാണ്. ക്രിയാത്മകതയിലും ഭൗതികതയിലും ആത്മീയതയിലും മതകലാലയങ്ങള്‍ പോലും പിന്നോട്ടടിക്കുന്നു. ഇവിടെ പാശ്ചാത്യവിദ്യാഭ്യാസവും ഇസ്‌ലാമിക വിദ്യാഭ്യാസവും തമ്മിലെ അന്തരം അപ്രത്യക്ഷമായിരിക്കുന്നു. ധാര്‍മിക അടിത്തറ പാകാന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സാധിക്കാതെ വന്നിരിക്കുന്നു. പുസ്തകങ്ങളുടെ ഭൗതിക രൂപങ്ങള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാന്‍ ആരും സന്നദ്ധരല്ല, ഇവിടെ പഠനവും ജീവിതവും പരസ്പരം ബന്ധിതമല്ലാതെ അങ്ങിങ്ങായി പൊങ്ങിക്കിടക്കുകയാണ്. (Gounder, 1994, 151)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter